“ഈദ് മുബാറക്”

0
325
eid-mubarak-nadeer-kadavathur-wp

നദീര്‍ കടവത്തൂര്‍

സമയം ഏഴുമണിയോടടുത്തിട്ടേ ഉള്ളൂ. തക്ബീര്‍ മുഴക്കിക്കൊണ്ട് ആളുകള്‍ ഇടവഴിയിലൂടെ ഒഴുകാന്‍ ആരംഭിച്ചിരിക്കുന്നു. നേരം വൈകിയാല്‍ ഈദ്ഗാഹിന്റെ പുറത്ത് പത്രങ്ങള്‍ വിരിച്ച് അതില്‍ നിന്ന് നമസ്‌കരിക്കേണ്ടത് ഓര്‍ത്തിട്ടാവാം നേരത്തേ തന്നെ എല്ലാവരും പോവുന്നത്. പുതുവസ്ത്രങ്ങളിലെ അത്തറുകളുടെയും സ്‌പ്രേകളുടെയും ഗന്ധം വീടിന്റെ വാതില്‍ക്കല്‍ വരെ എത്തുന്നുണ്ട്. ”ഓടാതെ നടക്ക്” ഏതോ ഒരു ഉമ്മ കുട്ടിയോട് വിളിച്ചു പറഞ്ഞു. കുട്ടികള്‍ അതൊന്നും കേള്‍ക്കാതെ കലപില കൂട്ടുന്നുണ്ട്. സന്തോഷം കൊണ്ടായിരിക്കാം.

എല്ലാവരും കാല്‍നടയായാണ് ഈദ്ഗാഹിലേക്ക് പോവുന്നത്. പ്രായമായ ആളുകളെയും കയറ്റി ഇടക്കിടെ ഓരോ വാഹനങ്ങള്‍ റോഡിലൂടെ പോവുന്നുണ്ട്. നടന്ന് പോവുന്നവരുടെ കൈകളിലെല്ലാം മടക്കിപ്പിടിച്ച മുസ്വല്ലയുണ്ട്. ഈദ്ഗാഹിലേക്കുള്ള വഴിയില്‍ കണ്ടുമുട്ടുന്നവര്‍ ‘ഈദ് മുബാറക്’ പറഞ്ഞ് കൈ കൊടുത്ത് സന്തോഷം പങ്കിടുന്നത് കാണുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. പള്ളിയിലെ കോളാമ്പിയിലൂടെ ഉച്ചത്തില്‍ തക്ബീര്‍ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. കുറച്ചു പ്രായം ചെന്ന ആരോ ആണ് നേതൃത്വം. മൈക്ക് കിട്ടിയ ആവേശത്തില്‍ കുട്ടികള്‍ തൊണ്ടപൊട്ടുന്ന രൂപത്തില്‍ അതേറ്റു ചൊല്ലുന്നുമുണ്ട്. ശബ്ദം കൂടുമ്പോള്‍ മൈക്കിന്റെ ഈളിയിടല്‍ ശബ്ദവും ഇടക്ക് പുറത്തുവരും. അന്തരീക്ഷമാകെ തക്ബീര്‍ ധ്വനികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

കക്ഷത്തില്‍ മടക്കി വെച്ച മുസ്വല്ലയുമായി ലത്തീഫ് മാഷ് വീട്ടിലേക്ക് വന്നു ”ഉപ്പ പോയോ?” മാഷ് ചോദിച്ചു.

”ഇല്ല” ഞാന്‍ മറുപടി പറഞ്ഞു.

”നിന്റെ അസുഖമെന്തായി”

”കുറവുണ്ട്” ഗ്രില്ലിലേക്ക് നീട്ടി വെച്ച കാലിറക്കി വെച്ച് ഞാന്‍ പറഞ്ഞു.

”എന്നാ പോവാം” കയ്യില്‍ പിടിച്ചിരുന്ന പുതിയ ചെരുപ്പ് മുറ്റത്തേക്കിട്ട് ഉപ്പ മാഷോട് പറഞ്ഞു. പരസ്പരം കൈകൊടുത്ത് ഈദുമുബാറക് പറഞ്ഞ് അവരും റോഡിലൂടെ ഇടവഴിയിലേക്കിറങ്ങി. കൂടെ ഉമ്മയും പെങ്ങളും ഇക്കാക്കയുമെല്ലാം ഇറങ്ങി. അവസാനം അനിയന്‍ ഓടിക്കിതച്ചു വന്നു. ”ഗ്രില്‍സ് ങ്ങള്‍ പൂട്ടൂലേ?” കുപ്പായത്തിന്റെ കുടുക്കുകളിട്ട് അവന്‍ ചോദിച്ചു. മറുപടി പറയുന്നതിനു മുമ്പേ അവന്‍ ഓടാന്‍ തുടങ്ങിയിരുന്നു.

ഗ്രില്ല് പൂട്ടി ഞാന്‍ വീണ്ടും കസേരയിലിരുന്ന് കാലുകള്‍ നീട്ടി വെച്ചു. മഞ്ഞപ്പിത്തമാണ്. ഈദ്ഗാഹിലേക്ക് പോയാല്‍ പടരാന്‍ സാധ്യതയുണ്ട്. ആരുമായും ഇടപഴകേണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഒറ്റക്കൊരു റൂമിലാണ് ഇപ്പോള്‍ കിടത്തം. സ്വന്തമായി പ്ലെയിറ്റും ഗ്ലാസുമൊക്കെയാണ്. ഞാന്‍ ഉപയോഗിച്ചത് ആരും ഉപയോഗിക്കുന്നില്ല. സൂക്ഷിക്കണം. അതിനാണ്. മഞ്ഞപ്പിത്തം എളുപ്പം പകരാന്‍ സാധ്യതയുള്ള രോഗമാണ്. മൂര്‍ച്ഛിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം. എന്നാലും ഈദ്ഗാഹിലേക്കു പോവാന്‍ കഴിയാത്തതിന്റെ വിഷമം മാറുന്നില്ല. ആദ്യമായാണ് പെരുന്നാള്‍ ദിവസം വീട്ടിലിരിക്കുന്നത്!, പുതുവസ്ത്രമിടാത്തത്, അത്തറു പൂശാത്തത്.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അനുഭവിച്ച സാമ്യമാര്‍ന്ന വേദന മനസ്സിലേക്ക് കടന്നു വന്നു. റമദാന്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസം. സ്‌കൂള്‍ വിട്ടു വന്ന് അയല്‍വീട്ടിലെ സൈക്കെളുമെടുത്ത് റോഡിലിറങ്ങി. ഓടിച്ചു രസിക്കുന്നതിനിടയില്‍ അനിയന് ഒരാഗ്രഹം. അവനും സൈക്കിളില്‍ കയറണം. പിടിച്ചിരിക്കണമെന്നൊക്കെ പഠിപ്പിച്ച് അവനേയും കൂടെ കൂട്ടി പിന്നിലിരുത്തി. വീടിനു മുന്നിലെ കയറ്റം ചവിട്ടിക്കയറ്റി വളരെ വേഗത്തില്‍ തിരിച്ചിറങ്ങാനായിരുന്നു പ്ലാന്‍. കയറ്റത്തിനു മുകളിലെത്തി മുറുക്കിപ്പിടിക്കാന്‍ അനിയന് മുന്നറിയിപ്പു നല്‍കി സൈക്കിള്‍ മുമ്പോട്ടെടുത്തു. സ്പീഡ് കൂടുന്നതിനു മുമ്പേ ടയറുകളില്‍ എന്തോ കുടുങ്ങിയ ശബ്ദം. പിറകില്‍ നിന്ന് അനിയന്റെ ഉറക്കെയുള്ള കരച്ചിലും. എങ്ങനെയോക്കെയോ സൈക്കിള്‍ റോഡരികില്‍ നിര്‍ത്തി. വീലില്‍ കാലു കുടുങ്ങി അനിയന്‍ ഉറക്കെ ചീറുന്നു. സ്റ്റാന്‍ഡിട്ട് പതുക്കെ അവന്റെ കാല്‍ പുറത്തെടുത്തു. ഭാഗ്യം മുറിഞ്ഞിട്ടൊന്നുമില്ല. എന്തൊക്കെയോ പറഞ്ഞ് അവന്റെ കരച്ചിലടക്കി സൈക്കിള്‍ വേഗം തിരിച്ച് കൊണ്ടു വെച്ചു.

”ഉപ്പയോട് ഒന്നും പറയാന്‍ നില്‍ക്കണ്ട” ഞാന്‍ പറഞ്ഞു.

ഇല്ല എന്ന അര്‍ഥത്തില്‍ അവനും തലയാട്ടി. പക്ഷേ കുറച്ച് നടന്നു തുടങ്ങിയപ്പോഴേക്കും അവന്‍ ഞൊണ്ടാന്‍ തുടങ്ങി. വേദന കൊണ്ട് കണ്ണു നിറഞ്ഞു തുളുമ്പുന്നുമുണ്ട്. ഞാന്‍ ആകെ വിയര്‍ത്തു. ഇനി കാലെങ്ങാനും ഒടിഞ്ഞു കാണുമോ? ഉപ്പയോട് പറയാതിരിക്കാനും വയ്യ. ”തത്കാലം വീടിനടുത്തുള്ള മതിലില്‍ നിന്ന് വീണതാണെന്നു പറയാം” അവനെ സോപ്പിട്ട് കാര്യങ്ങള്‍ പഠിപ്പിച്ചെടുത്തു. ഉപ്പ വന്ന ഉടനെ അവനെയും കൊണ്ട് ഡോക്ടറെ കാണാന്‍ പോയി. കാലിലെ കോറല്‍ കണ്ട ഉടനെ ഡോക്ടര്‍ക്ക് കാര്യം മനസ്സിലായി. ”ഏത് സൈക്കിളിലാണ് കാലു കുടുങ്ങിയത്” ഡോക്ടര്‍ ചോദിച്ചു. അനിയന്റെ മുഖത്ത് സൈക്കിളില്‍ നിന്നും വീണ ചിരി വിടര്‍ന്നു.

വീട്ടില്‍ തിരിച്ചെത്തിയ ഉപ്പ ചീത്തയൊന്നും പറഞ്ഞില്ല. ഡോക്ടര്‍ക്ക് എളുപ്പം കാര്യം മനസ്സിലായതും അനിയന്റെ ഇളിയും പറഞ്ഞ് എല്ലാവരും ചിരിച്ചു. അന്ന് രാത്രി റമദാനിലെ ആദ്യ രാത്രിയാണ്. തറാവീഹെന്ന ആവേശവുമായി ആളുകളാല്‍ പള്ളികള്‍ നിറയുന്ന ദിവസം. വീട്ടില്‍ നിന്ന് മുറ്റത്തേക്കിറങ്ങി നിന്നാല്‍ നീണ്ടു പോവുന്ന ടോര്‍ച്ചു വെളിച്ചങ്ങള്‍ കാണാം. തറാവീഹ് നമസ്‌കാരത്തിലേക്കുള്ള ഒഴുക്കാണ്. വീട്ടില്‍ നിന്ന് എല്ലാവരും പള്ളിയിലേക്ക് പോവാന്‍ ഒരുക്കമായി. ഞാനും ഒരുങ്ങി. അപ്പോഴാണ് ഉപ്പ വിളിക്കുന്നത്. ”ഓന്‍ക്ക് നടക്കാന്‍ പറ്റൂല്ല. അതുകൊണ്ട് ജ്ജ് വരണ്ട. ഓന്‍ക്ക് കൂട്ടായി ഇവടെ നിന്നോ” അനിയനെ ചൂണ്ടി ഉപ്പ പറഞ്ഞു. എനിക്ക് മറുപടി ഒന്നും പറയാനുണ്ടായിരുന്നില്ല. ഞാനും കൂടി വന്നോട്ടേ എന്ന് ആവശ്യപ്പെടാന്‍ പോലും കഴിയാത്ത നിസ്സഹായത. അവര്‍ പോവുന്നത് നോക്കി ഞാന്‍ ഗ്രില്ല് പൂട്ടി. കണ്ണുകള്‍ നിറയാന്‍ തുടങ്ങി. കൂട്ടുകാരെല്ലാം ഇപ്പോള്‍ പള്ളിയില്‍ എത്തിയിട്ടുണ്ടാവും. തറാവീഹ് ആരാണ് കൂടുതല്‍ നമസ്‌കരിക്കുന്നതെന്ന് എണ്ണുവാന്‍ കാത്തിരിക്കുകയാവും. നമസ്‌കാരം തുടങ്ങിയാലും റുകൂഅ് വരെ കൈകെട്ടാതെ സംസാരിച്ചു നില്‍ക്കുന്ന ചില വിരുതര്‍. അവരെ ചീത്ത പറയുന്ന കാരണവന്മാര്‍. പങ്കുവെച്ച് വീതിക്കപ്പെടുന്ന ഈത്തപ്പഴവും പോക്കറ്റില്‍ ഒളിപ്പിച്ച് വെക്കുന്ന പുളിമിഠായിയും. എല്ലാം നഷ്ടമാവും. സങ്കടം അണപൊട്ടിയൊഴുകി. ഞാന്‍ ബെഡ്ഡിലേക്ക് വീണു.

പള്ളിയില്‍ നിന്ന് തക്ബീര്‍ നിലച്ചിരിക്കുന്നു. പെരുന്നാള്‍ നമസ്‌കാരം തുടങ്ങിയിട്ടുണ്ടാവണം. ഏഴും അഞ്ചും തക്ബീര്‍ ചൊല്ലി നമസ്‌കരിക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തേക്കാള്‍ സന്തോഷമുള്ള നമസ്‌കാരം മറ്റൊന്നില്ല. എല്ലാവരുടെയും മുഖത്ത് സന്തോഷം വിടര്‍ന്ന് നിൽക്കും. പുതുമയുടെ ഗന്ധമാണ് ആ സമയത്തിന്. സന്തോഷം കൊണ്ടാവാം നമസ്‌കാരത്തില്‍ ഇമാം മാത്രം ഉറക്കെ ചൊല്ലേണ്ടുന്ന തക്ബീര്‍ ചിലയാളുകള്‍ ഏറ്റു ചൊല്ലുന്നത്. തെളിഞ്ഞ ആകാശമായതിനാല്‍ മഴയെക്കുറിച്ചുള്ള പേടി ഇന്നാരുടെയും മനസ്സില്‍ ഉണ്ടാവണമെന്നില്ല. കത്തിജ്ജ്വലിക്കുന്ന സൂര്യനുമില്ലാത്തതിനാല്‍ ദീര്‍ഘിച്ചു പോവുന്ന ഖുതുബയെക്കുറിച്ച് ആരും പരാതി പറയാനും സാധ്യതയില്ല.

നമസ്‌കാരം ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ടാവണം. നമസ്‌കാരം കഴിഞ്ഞ ഉടനെ കുട്ടികള്‍ ഭൂരിപക്ഷവും എഴുന്നേറ്റു പോകും. ഖുതുബ കേള്‍ക്കാനുള്ള സാവകാശമൊന്നും അവര്‍ക്കുണ്ടാകില്ല. അതിനു മുമ്പ് റഫീഖിന്റെ കടയിലെത്തണം. കട നിറഞ്ഞ് പുറത്തേക്ക് തള്ളിയിരിക്കുന്ന ബലൂണുകളില്‍ നിന്ന് ഏതെങ്കിലുമൊക്കെ വാങ്ങണം. വെളുത്ത തുണിയില്‍ നിരത്തി വെച്ചിരിക്കുന്ന കളിപ്പാട്ടങ്ങള്‍ വിലചോദിച്ച് കയ്യിലെ പൈസക്കനുസരിച്ച് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കണം. കുട്ടികളെക്കൊണ്ട് ബഹളമയമാകും ആ സമയം. കച്ചവടം നിയന്ത്രിക്കാന്‍ നാലഞ്ചു പേരാണ് അന്ന് റഫീഖിന്റെ കടയിലുണ്ടാവുക. ഖുതുബ കൂടി കഴിയുന്നതോടെ ഈ തിരക്ക് ഇരട്ടിയാവും. യുവാക്കളും കൂടി റഫീഖിന്റെ കടയിലേക്കെത്തും. അതാണ് എല്ലാവരുടെയും കേന്ദ്രം. പെരുന്നാള്‍ കഴിഞ്ഞാല്‍ യുവാക്കളധികവും ഈദ് മുബാറക് പറഞ്ഞ് പരസ്പരം ആലിംഗനം ചെയ്യുന്നത് ഈ തിരക്കില്‍ വെച്ചാണ്. എന്നാലും മനസ്സ് നിറഞ്ഞ സന്തോഷമുണ്ടാവും. സുഹൃത്തുക്കളെ, അതും ചിലരെ എപ്പോഴെങ്കിലും മാത്രമാണ് കാണുക, അവരെ സന്തോഷത്തോടെ ഒന്ന് കെട്ടിപ്പിടിച്ച് പുറത്ത് തട്ടാന്‍ കഴിയുന്ന ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങളിലൊന്ന്!. ഒരാളെയും വിടാതെ കെട്ടിപ്പിടിക്കും. ചിലര്‍ നാലും അഞ്ചും തവണ ആലിംഗനം ചെയ്താലും നിര്‍ത്താതെ തുടരും.

പള്ളി കഴിഞ്ഞിറങ്ങുമ്പോള്‍ വിതരണം ചെയ്യുന്ന മിഠായി പിന്‍ ചെയ്ത കാര്‍ഡുകളും പെരുന്നാള്‍ സപ്ലിമെന്റുകളും അപ്പോഴേക്കും റോഡിലും കടത്തിണ്ണയിലും നിറഞ്ഞിട്ടുണ്ടാകും. കൂടെ ചോക്കോബാറിന്റെ കോലുകളും. പല നിറത്തിലുള്ള പായസമൊരുക്കി ചെറുപ്പക്കാര്‍ എല്ലാവരെയും ആനയിക്കും. പള്ളിയിലെ പ്രായം ചെന്ന ആളുകളും ആ പായസത്തിനു വേണ്ടി കൈനീട്ടുന്നുണ്ടാവും. ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും മറന്ന് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങള്‍!.

ഇത്തവണ അതിലൊന്നും പങ്കുചേരാന്‍ കഴിഞ്ഞില്ല. ഒരാളോടും ഈദ്മുബാറക് പറയാന്‍ പോലും പറ്റിയില്ല. വീടിനു മുമ്പിലെ ഇളകിയാടുന്ന വാഴയിലകള്‍, വീണ്ടും വീണ്ടും പൊട്ടിമുളക്കുന്ന കറിവേപ്പില തൈകള്‍, കെ.എസ്.ഇ.ബിക്കാര്‍ മുറിച്ച് വെട്ടിമാറ്റിയ മുരിങ്ങ പിന്നെ പെരുന്നാളിനു വേണ്ടി കഴുകി വൃത്തിയാക്കിയ വീട്ടിലെ പോര്‍ച്ചും. പെരുന്നാള്‍ കാഴ്ചകള്‍ ചുരുങ്ങിയിരിക്കുന്നു. ഈ ചെടികളുടെ മുഖത്തും ഒരു പെരുന്നാള്‍ സന്തോഷമുള്ള പോലെ. ”ഈദ് മുബാറക്” ഞാന്‍ മനസ്സില്‍ അവയോട് മന്ത്രിച്ചു!.

ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഇടവഴിയില്‍ വീണ്ടും ശബ്ദമുയരാന്‍ തുടങ്ങി. എല്ലാവരും തിരിച്ചു വരാന്‍ തുടങ്ങിയിരിക്കുന്നു. പീപ്പി വിളികളും ബലൂണ്‍ പൊട്ടുന്ന ശബ്ദവും കളിത്തോക്കുകളുടെ പൊട്ടലുമുണ്ട് ഇടക്കിടക്ക്. സ്ത്രീകളിങ്ങനെ ഉറക്കെ സംസാരിച്ച് പൊട്ടിച്ചിരിച്ച് ഇടവഴിയിലൂടെ നടക്കുന്നത് പെരുന്നാള്‍ ദിവസങ്ങളില്‍ മാത്രമാണോ ആവോ? ഓരോ വീട്ടിലും കയറി പെരുന്നാള്‍ സ്‌പെഷ്യലൊക്കെ കഴിച്ചാണ് മിക്ക പേരും വീടുകളിലേക്കെത്തുകയുള്ളൂ. ഏതു വീട്ടിലേക്കും ഒരു മുന്നറിയിപ്പുമില്ലാതെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം പെരുന്നാളിനുണ്ട്. ഓരോ വീട്ടുകാരനും വിഭവങ്ങളുമായി അതിഥികളെ കാത്തിരിക്കുകയും ചെയ്യും.

പെങ്ങള്‍ അവളുടെ കൂട്ടുകാരികളുടെ വീട്ടിലേക്കുള്ള സര്‍കീട്ടിലാണ്. അങ്ങോട്ട് പോവണം ഇങ്ങോട്ട് പോവണം എന്നൊക്കെ പറഞ്ഞ് ഭയങ്കര സന്തോഷം. എവിടെ പോവാനും സ്വാതന്ത്ര്യം കിട്ടിയ ഒരു ദിവസം. വീട്ടിലേക്കും അതിഥികള്‍ വരാന്‍ തുടങ്ങി. അയല്‍വാസികളും ഉപ്പയുടെ സുഹൃത്തുക്കളുമൊക്കെ വരുന്നുണ്ട്. ഉപ്പ കൊണ്ടു വന്ന പെരുന്നാള്‍ സപ്ലിമെന്റെടുത്ത് ഞാന്‍ റൂമിലേക്ക് പോയി.

പെരുന്നാള്‍ ദിന സന്ദേശങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് റൂമിന്റെ വാതിലില്‍ ഒരു മുട്ട്. ഞാന്‍ വാതില്‍ തുറന്നു. ഒരു കയ്യില്‍ പ്ലെയിറ്റു നിറയെ പഴം പൊരിയും മറ്റൊരു കയ്യില്‍ ഒരു ഗ്ലാസ് പായസവുമായി ഉമ്മ. പഴം പൊരിയും പായസവും മേശപ്പുറത്ത് വെച്ച് പുഞ്ചിരിച്ചു കൊണ്ട് ഉമ്മ പറഞ്ഞു: ”ഈദ് മുബാറക്!”. വാക്കുകളിടറിയാണെങ്കിലും ഞാനും സന്തോഷത്തില്‍ അഭിവാദ്യം ചെയ്തു ”ഈദ് മുബാറക്”.

മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾകണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ
പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു

മെയിൽ – editor@athmaonline.in, WhtatsApp : 8078816827

LEAVE A REPLY

Please enter your comment!
Please enter your name here