റമദാൻ നിലാവിന്റെ വെട്ടം…

0
392

ഓർമ്മക്കുറിപ്പുകൾ

മഹമൂദ് പെരിങ്ങാടി

നവയ്ത്തു
സൗമ ഗദിൻ
അൻ അദാഇ….

അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും മേഘവർഷമായി വിരുന്നെത്തിയ വ്രതമാസത്തെ വരവേൽക്കാനെന്നോണം ഉമ്മാമ ചൊല്ലി തന്ന വാക്കുകൾ ഞങ്ങൾ ചുറ്റിലും ഇരുന്ന് ഏറ്റുചൊല്ലി.

ഫർള് റമദാനി
ഹാദിഹി സനത്തി…..

നാളത്തെ നോമ്പിന്റെ കരുതൽ..

റമദാൻ നിലാവ് തെളിയുന്ന ഓർമ്മകളിലൂടെ നാം ചെന്നെത്തുക ഒരു കിളിവാതിൽ കീറിലൂടെയെന്ന പോലെ എന്നും വെളിച്ചം തരുന്ന ബാല്യകാല റമദാൻ വിശേഷങ്ങളിലേക്കാണ്. പരസ്പരം മത്സരിച്ച് നോമ്പ് നോറ്റ കുട്ടിക്കാലം. വർണ്ണങ്ങളും, ഗന്ധങ്ങളും, ശബ്ദങ്ങളും എല്ലാം ആ ഓർമ്മകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ആദ്യ കാഴ്ചയിൽ സമപ്രായക്കാരോട്  ചോദിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ.

എത്ര നോമ്പെടുത്തു നീ…?

നമസ്കാരവും ഖുർആൻ പാരായണവും, കളികളും നേരമ്പോക്കുകളുമായി മഗ്‌രിബ് ബാങ്ക് വരെയുള്ള നോമ്പിന്റെ ദൂരം. ജനനിബിഢമായി സജീവമാകുന്ന പള്ളികൾ. റമദാനെ വരവേൽക്കാൻ ചായം പൂശി വൃത്തിയാക്കിയ മസ്ജിദുകൾ, വീടുകൾ…

അന്ന് ഞങ്ങളുടെ നോമ്പ് തുറ അധികവും പള്ളിയിലാണ്. നാരങ്ങ വെള്ളവും കാരക്കയുമാണ് നോമ്പ് തുറക്കാനുള്ള വിഭവം. ഞങ്ങൾ കുട്ടികൾ തന്നെയാണ് അത് തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. മഗ്‌രിബിന്റെ സമയം അടുക്കുന്നതോടെ ഞങ്ങൾ കാരക്ക ചീന്ത് ചുണ്ടോടു ചേർത്ത് എക്കണ്ടി ഉമ്മർക്കയുടെ ഈണത്തിലുള്ള ബാങ്കിനായി ആകാംക്ഷയോടെ കാതോർക്കും.

നോമ്പോർമ്മകളിൽ പ്രധാനം അന്നത്തെ നോമ്പ് തുറ സമയത്തെ രുചിമുകുളങ്ങളാണ്. ഞെരുക്കങ്ങളുടെ ദിനങ്ങളിലും ഞങ്ങളുടെ നാട്ടിൻപുറത്തെ ഇഫ്താറുകൾ വിഭവങ്ങളാൽ  സമ്പന്നമാകാറുണ്ട്. തണയുടെ മുകളിൽ സുപ്ര വിരിച്ച് വിഭവങ്ങൾ നിരത്തി വട്ടത്തിൽ ഇരുന്ന് ഒരുമിച്ചാണ് നോമ്പ്തുറ. അടുക്കളയിൽ തറയിൽ ഇരുന്ന് ഭക്ഷണം കഴിക്കാനായി നിരത്തി ഇട്ടിരുന്ന ചെറിയ പൊക്കത്തിലുള്ള മര പലകകളിൽ  ഇരുന്നാണ് പല വീടുകളിലെയും സ്ത്രീകളുടെ നോമ്പ്തുറ.

രണ്ട് ഘട്ടങ്ങളിലായാണ് ഇഫ്താർ. ചെറിയ നോമ്പ് തുറയും വലിയ നോമ്പ് തുറയും. തറാവീഹ് നമസ്കാരം കഴിഞ്ഞാൽ മുത്തായം. ചിലർ മുത്തായം തരികഞ്ഞിയിൽ  ഒതുക്കും. റമദാനിലെ ഒഴിച്ചു കൂടാനാവാത്ത ഒരു പാനീയമാണത്. ഊറി നിൽക്കുന്ന നെയ്യിൽ പൊരിച്ച ഉള്ളിയും കിസ്‌മീസും ചേർത്തുള്ള  തരികഞ്ഞി മുത്തായത്തിന്റെ വിശിഷ്ട വിഭവമാണ്.
ചില വീടുകളിൽ ജീരക കഞ്ഞിയും സ്ഥിരമായി ഉണ്ടാകാറുണ്ട്.

റമദാൻ രാവുകളിൽ വലതു കയ്യിൽ തരികഞ്ഞിയും ഇടതു കയ്യിൽ ഒരു പാത്രത്തിൽ ഗ്ലാസ്സുകളുമായി നടന്നു നീങ്ങുന്ന ഉപ്പാലക്കണ്ടി അഹമ്മദ്ക്ക പെരിങ്ങാടിയിലെ പാതയോരത്തെ  അന്നത്തെ വിസ്മയ  കാഴ്ചയാണ്. പാത്രത്തിന്  അടിയിലെ കരിയിൽ  നിന്ന് കനൽ എപ്പോഴും  എരിഞ്ഞുകൊണ്ടിരിക്കും.

അത് അദ്ദേഹത്തിന് ജീവിത മാർഗ്ഗം ആണെങ്കിലും കാശിന് അധികമായി ആശ ഇല്ലാത്ത അഹമദ്ക്ക കുട്ടികളായ ഞങ്ങൾക്ക് ഒരു പ്രതിഫലവും വാങ്ങാതെ തരികഞ്ഞി ഗ്ലാസിൽ പകർന്നു തരും. സ്പെഷ്യൽ ചേരുവകളോടെയുള്ള ചൂടുള്ള തരികഞ്ഞി ഞങ്ങൾ ഊതി കുടിക്കുന്നത് അദ്ദേഹം നിർവൃതിയോടെ നോക്കി നിൽക്കും.

അന്നത്തെ റമദാനിന്റെ ദറജയിൽ പ്രധാനപ്പെട്ട ഒന്ന് അത്തായം ബാബമാർ ആയിരുന്നു. നോമ്പെടുക്കാൻ വിശ്വാസികളെ വിളിച്ചുണർത്താൻ നോമ്പിന്റെ തുടക്കത്തിൽ തന്നെ അവർ കൂട്ടമായി മാഹിയിൽ എത്തും. പ്രദേശത്തെ ഓരോ മുസ്‌ലിം വീടും ഉറക്കത്തിൽ നിന്ന് ഉണർന്നിരുന്നത് ഈ ദഫ് മുട്ടും പാട്ടും കേട്ടായിരുന്നു. ഇരുൾ മൂടിയ വഴിയിലൂടെ നടന്ന് സുബ്ഹി ബാങ്കിന് മുമ്പ് ഏതെങ്കിലും വീട്ടിൽ നിന്ന് അത്താഴവും കഴിച്ച് അവർ മടങ്ങും. ഈ യാത്ര പെരുന്നാൾ അമ്പിളി മാനത്ത് തെളിയും വരെ തുടരും. പെരുന്നാൾ ദിവസം എല്ലാ വീടുകളിലും കയറി അവർക്കുള്ള സക്കാത്തും വസ്ത്രങ്ങളും ശേഖരിച്ച് സ്വന്തം ഗ്രാമത്തിലേക്ക് തിരികെ യാത്രയാവും.

മൊബൈലും അലാറവും ഇല്ലാത്ത കാലത്തെ മധുരിക്കുന്ന ഓർമ്മകളാണ് അത്താഴം ബാബമാർ.

ഒരു വൈകുന്നേരം പതിവ് നേരമ്പോക്കുകളുമായി മമ്മിമുക്കിൽ നിൽക്കവേ ഞങ്ങൾക്ക് മുന്നിൽ അത്തായം ബാബ എത്തി. ബാബമാരെ കുറിച്ച് കഥകൾ ഒരുപാട്  കേട്ടിട്ടുണ്ടെങ്കിലും നേരിൽ കാണുന്നത് അന്നാദ്യമാണ്.

ദഫ് മുട്ടി ഒരു പാട്ട് പാടുമോ..?

പച്ച നിറത്തിലുള്ള വലിയ തലപ്പാവും നീളമുള്ള  ജുബ്ബയുമിട്ട ബാബയുടെ ചുറ്റും കൂടി നിന്ന് ഞങ്ങൾ അറിയുന്ന രീതിയിൽ പറഞ്ഞൊപ്പിച്ചു. ബാബയുടെ ചോദ്യം…

നിങ്ങളുടെ കയ്യിൽ പൈസയുണ്ടോ..?

“ഒന്നുമില്ല”

എന്ന് ഞങ്ങൾ കൈകൊണ്ട് ആംഗ്യം കാട്ടി.

ബാബ ചിരിച്ചു. ഇടതു തോളിൽ തൂക്കിയിട്ട തുണി സഞ്ചിയിൽ നിന്ന് വെള്ള നിറത്തിലുള്ള ദഫ് എടുത്ത് ഒന്ന് കുടഞ്ഞു. ചിലങ്കകൾ കിലുങ്ങുന്ന പോലുള്ള മനോഹര ശബ്ദം. പിന്നെ ദഫിൽ രണ്ട് മുട്ട് കൊടുത്ത് പാടി തുടങ്ങി.

“അഹദായവനേ യാ അല്ലാഹ്…
സമദായവനേ യാ അല്ലാഹ്…”

ബാബയുടെ ഘനഗാഭീര്യമായ  ശബ്ദവും ദഫ് മുട്ടിന്റെ താളവും അവിടെ മാസ്മരികമായ ഒരു വലയം തീർത്തു. പാട്ടിന്റെ സുഖലഹരിയിൽ അലിഞ്ഞു ബാബ കത്തി കയറി. സ്വപ്നത്തിന്റെ ചിറകിലേറി ഞങ്ങളും…

അതുവഴി വന്ന കറുത്ത അംബാസഡർ കാർ അത്താഴം ബാബയെ കണ്ടു നിർത്തി. കാറിൽ നിന്ന് ഒരു ഫുൾകൈ ഷർട്ടിട്ട വെളുത്ത കൈ പുറത്തേക്ക് വന്നു. ഉള്ളം കയ്യിൽ ചുരുട്ടി പിടിച്ച നോട്ടുകൾ ബാബയുടെ ജുബ്ബയുടെ കീശയിലേക്ക് നീണ്ടു.

നിനച്ചിരിക്കാതെ കാശ് കിട്ടിയ ബാബയും ഒട്ടും പ്രതീക്ഷിക്കാതെ ബാബയുടെ പാട്ട് മുഴുവൻ  കേട്ട ഞങ്ങളും ഒരുപോലെ സായൂജ്യരായി. റമദാൻ ദിനങ്ങളിൽ മിക്ക  നമസ്കാരത്തിന് ശേഷവും പള്ളികളിൽ ഉറുദി പറയൽ ഉണ്ടാകും.

പുറത്തെ പള്ളിയിലെ ചുമരിൽ ചാരിയിരുന്നു ഞങ്ങൾ കുട്ടികൾ അത് ആസ്വദിക്കും. പള്ളിയിലെ ഉത്തരവാദപ്പെട്ട ഒരാൾ ശ്രോതാക്കളുടെ ഇടയിലൂടെ നടന്ന് നാണയത്തുട്ടുകൾ ശേഖരിക്കും. വീട്ടിൽ നിന്ന് ഉറുദിക്ക് കൊടുക്കാൻ നൽകുന്ന പൈസയിൽ നിന്ന് കുറച്ചു മാറ്റിവെച്ച് നോമ്പ് തുറ വിഭവങ്ങൾ വാങ്ങുന്ന വിദ്വാന്മാർ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഉറുദിക്ക് ശേഷം പിരിച്ചു കിട്ടുന്ന ചെറിയ സംഖ്യ വാങ്ങി ബാഗിലിട്ട് അടുത്ത പള്ളി ലക്ഷ്യമാക്കി മുസ്ലിയാരുകുട്ടി വേഗം നടക്കും.

ഞങ്ങൾ കുട്ടികൾ  തറാവീഹിന് ഉപ്പലത്ത് പള്ളിയിൽ ഒത്തുകൂടും. ആദ്യത്തെ റകഅത്തുകൾ കഴിയുന്നതോടെ ഞങ്ങളുടെ ആവേശം ലേശം തണുക്കും. പിന്നെ പള്ളിയുടെ മൂലയിൽ ചെറിയ കൂട്ടങ്ങളായി സംസാരം തുടങ്ങും. ഇടക്ക് ഞങ്ങളുടെ ശബ്ദത്തിന്റെ താളം തെറ്റുമ്പോൾ കുഞ്ഞി മുസ്ലിയാർ വന്ന് കണ്ണുരുട്ടുന്നതോടെ വീണ്ടും അനുസരണയോടെ നമസ്കാരം തുടരും.

ബാല്യം പോലെ തന്നെ തിരിച്ചു പിടിക്കാൻ കഴിയാത്ത നഷ്ട സ്വപ്നങ്ങളിലൊന്നാണ് ഓർമ്മകൾ കൊണ്ട് താലോലിക്കുന്ന ഓരോ റമദാനും. അന്നത്തെ വ്രതമാസക്കാലം ഓർമ്മയുടെ നനുത്ത കാൻവാസിലെ നിറവാർന്ന ചിത്രമാകുന്നതും അതുകൊണ്ട് തന്നെയാണ്. എണ്ണി തിട്ടപ്പെടുത്താനാവാത്ത പുണ്യങ്ങളുടെ സമൃദ്ധിയുമായി ഒരു റമദാൻ കൂടി നാം വരവേൽക്കുന്നു.

അറിഞ്ഞും അറിയാതെയും ചെയ്തു തീർത്ത പാപത്തിന്റെ കാപട്യങ്ങളെ പശ്ചാത്താപത്തിന്റെ കണ്ണുനീരിൽ അലിയിച്ചു കളയാൻ….

പള്ളികുളത്തിലെ കുളിരുള്ള  വെള്ളത്തിൽ അംഗശുദ്ധി വരുത്തി പ്രാർത്ഥനക്ക് തയ്യാറെടുക്കവേ പള്ളിയിൽ നിന്ന് ഒഴുകിയിറങ്ങിയ ശബ്ദത്തിലൂടെ ബാല്യത്തിന്റെ പടവുകളിൽ ഞാൻ ആദ്യമായി കേട്ട ഉറുദിയുടെ വാചകം ഇങ്ങനെ ആയിരുന്നു.

“തീർച്ചയായും അല്ലാഹു ക്ഷമിക്കുന്നവർക്കൊപ്പമാണ്…”

മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾകണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ
പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു

മെയിൽ – editor@athmaonline.in, WhtatsApp : 8078816827

LEAVE A REPLY

Please enter your comment!
Please enter your name here