എഴുത്തച്ഛന്റെ പ്രതിവിപ്ലവം

0
947
paadapusthakatil-illatha-charithram

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

ഡോ. ടി എസ് ശ്യാംകുമാർ

രാമനും രാമായണ പാഠങ്ങളും ഹിന്ദുത്വബ്രാഹ്മണ്യരാഷ്ട്രീയത്തെ ബലപ്പെടുത്തുന്ന ഉപാദാനങ്ങളായു൦ ശക്തി സ്രോതസ്സുകളായു൦ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയിൽ എഴുത്തച്ഛൻ്റെ രാമായണ പാഠത്തെയും വിമർശനാത്മകമായി പഠിക്കുക എന്നത് അത്യന്തം ഗൗരവതരമായ രാഷ്ട്രീയദൗത്യമാണ്. രാമ ബിംബത്തിലു൦ രാമായണ പാഠങ്ങളിലും ബഹുസ്വത്തയും നാനാത്വവു൦ കണ്ടെത്തുന്നവർ ആത്യന്തികമായി ഈ രാമപാഠങ്ങൾ സൃഷ്ടിക്കുന്ന ബ്രാഹ്മണ്യ ദാസ്യമനോഭാവത്തെയും ഹിന്ദുത്വത്തിന് ശക്തിപകരുന്ന ബലതന്തുക്കളെയു൦ തിരിച്ചറിയുന്നില്ല. രാമായണ പാഠങ്ങളിലെ ബഹുസ്വരതയെ പരിഹാരമായും ബദൽ ചിന്തകളായും അവതരിപ്പിച്ചു കൊണ്ട് ഹിന്ദുത്വത്തെ നേരിടാമെന്നാണ് സമാന്തര പാതയുടെ വക്താക്കൾ കരുതുന്നത്. ഇവരാകട്ടെ എഴുത്തച്ഛൻ്റെ രാമായണ പാഠ൦ കേരള സമൂഹത്തിൽ സൃഷ്ടിച്ച ബ്രാഹ്മണ്യ മനോഭാവത്തെയും ത്രൈവ൪ണിക ബ്രാഹ്മണലോകബോധത്തെയും തുറന്നുകാട്ടുന്നതിൽ മൗനഘനാബ്ധിഭൂതരായി തുടരുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് എഴുത്തച്ഛൻ്റെ രാമായണം നവോത്ഥാനചിന്തകളുടെയും കീഴാളമായ വിമോചനധാരയുടെയും സ്ത്രീവിമോചനത്തിൻ്റെയു൦ ലിംഗനീതിയുടെയും എതിർപാഠമായി ചരിത്രത്തിൽ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കേണ്ടി വരുന്നത്

എഴുത്തച്ഛൻ്റെ ബ്രാഹ്മണ്യവാദം

അവർണനായ എഴുത്തച്ഛനെ വീണ്ടെടുത്തുകൊണ്ട് ബ്രാഹ്മണ്യ ഹിന്ദുത്വത്തെ നേരിടാമെന്ന വിചാരധാരയുടെ പക്ഷക്കാർ എഴുത്തച്ഛൻ പേർത്തും പേർത്തും ആലപിച്ചുകൊണ്ടിരുന്ന ബ്രാഹ്മണ്യാപദാനങ്ങളെ ചരിത്രത്തിൻ്റെ കണ്ണാടിയിൽ നിന്നും മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ബ്രാഹ്മണ മേധാവി വർഗ്ഗത്തിൻറെ ചിന്തകളുടെ സ്ഫുരണകൾ വ്യക്തമായി ദർശിക്കാവുന്നതാണ്. ബ്രാഹ്മണികമായ സംസ്കാരമാണ് ശ്രേഷ്ഠമെന്നു൦ ബ്രാഹ്മണ പാദങ്ങളിലെ ധൂളികളാണ് ചിത്തശുദ്ധിക്ക് ആധാരമെന്നും എഴുത്തച്ഛൻ മറയില്ലാതെ പ്രസ്താവിക്കുന്നു. –

“കാരണഭൂതൻമാരാംബ്രാഹ്മണരുടെ ചര-
ണാരുണാ൦ബുജലീനപാ൦സു സഞ്ചയം മമ
ചേതോ ദർപ്പണത്തിൻ്റെ മാലിന്യമെല്ലാം തീർത്തു
ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ”

(ബാലകാണ്ഡം)
മനുഷ്യവംശത്തിൽ ശ്രേഷ്ഠ൪ ബ്രാഹ്മണരാണ് എന്നും ബ്രാഹ്മണ്യദാസ്യമാണ് ഉത്തമകർമം എന്നുമാണ് എഴുത്തച്ഛൻ്റെ കിളി പാടുന്നത്. ബ്രാഹ്മണർ ഒഴികെയുള്ള മനുഷ്യരെല്ലാം അഴുക്കു ശരീരങ്ങൾ ആണെന്ന് മടിയില്ലാതെ വ്യക്തമാക്കുന്ന ഈ വരികൾ മനുഷ്യാന്തസ്സിനെ ഹനിക്കുന്നതും കീഴാളശരീരങ്ങളെയും സ്ത്രീ ശരീരങ്ങളെയു൦ ഹീനവൽക്കരിക്കുന്നതുമാണ്.

“വേദത്തിന്നാധാര ഭൂതന്മാരിക്കാണായൊരു
ഭൂദേവ പ്രവരന്മാർ തദ്വരശാപാദികൾ
ധാതൃശങ്കര വിഷ്ണു പ്രമുഖന്മാർക്കും മതം
വേദജ്ഞോത്തമന്മാ൪ മാഹാത്മ്യങ്ങളാ൪ക്കു ചൊല്ലാം”

വേദത്തിൻ്റെ ആധാരഭൂതരായ ബ്രാഹ്മണരുടെ മതം ബ്രഹ്മ വിഷ്ണു മഹേശ്വരൻമാർക്കു൦ അംഗീകൃതമായ ഒന്നാണെന്ന് വ്യക്തമാക്കുന്നതിലൂടെ ‘ബ്രാഹ്മണ്യം’ ഈശ്വരോത്തമമാണെന്നു൦ അല൦ഘനീയമാണെന്നും എഴുത്തച്ഛൻ സ്പഷ്ടീകരിക്കുന്നു. ബ്രാഹ്മണ്യത്തിൻ്റെ സർവാധീശത്വത്തെയാണ് ഈ രാമായണപാഠം ഉറപ്പിക്കുന്നത്. ബ്രാഹ്മണ്യത്തിൻ്റെ അധീശ ബോധത്തെ ഭൂരിപക്ഷം വരുന്ന അടിമജനതകളുടെ മനസ്സിൽ സ്ഥാപിച്ച് ആജീവാനന്തം അവരെ ബ്രാഹ്മണ്യത്തിൻറെ പാദ ദാസരാക്കി തീർക്കുവാൻ മാത്രമേ ഈ വരികളുടെ പാരായണത്തിലൂടെ ഉപകരിക്കൂ. ബ്രാഹ്മണ്യത്തിനെതിരായി ഡോക്ടർ ബി ആർ അംബേദ്കറു൦, നാരായണഗുരുവും , മഹാത്മ അയ്യൻകാളിയും നടത്തിയ വിപ്ലവകരമായ വിമോചന പോരാട്ടങ്ങളുടെ എതിർദിശയിലാണ് എഴുത്തച്ഛൻ്റെ രാമായണ പാഠത്തിൻ്റെ സഞ്ചാരം. “പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ/പാദജന ജ്ഞാനിനാമാദ്യനായുള്ളൊരു ഞാൻ” എന്ന് കുറ്റസമ്മതം നടത്തുമ്പോൾ, തനിക്കധികാരമില്ലാത്ത ഒരു പ്രവർത്തിയാണ് ചെയ്യുന്നതെന്ന സൂചനയാണ് രാമായണം കിളിപ്പാട്ടിൽ ഉള്ളത്. ഇതാകട്ടെ ബ്രാഹ്മണ്യത്തിൻ്റെ ശ്രേഷ്ഠതയെ സ്ഥാപിക്കുകയും കീഴാളമായ വൈജ്ഞാനികതകളെ അധമവൽക്കരിക്കുകയും ചെയ്യുന്നു.
“വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോ൪ത്തു/
ചേതസി സർവ൦ ക്ഷമിച്ചീടുവിൻ കൃപയാലെ”

എന്നുകൂടി കവി കൂട്ടിച്ചേർക്കുമ്പോൾ ബ്രാഹ്മണ്യ രാഷ്ട്രീയം കൂടുതൽ സ്ഫുടമാവുന്നുണ്ട്. എല്ലാ അറിവുകൾക്കും മുകളിലാണ് വേദങ്ങളെന്നും വേദാധികാരികളായ ബ്രാഹ്മണരാണ് ശ്രേഷ്ഠർ എന്നും കവി സ്ഥാപിക്കുന്നു. വേദസംബന്ധിയായ ലോകബോധത്തെ സർവജനീനമായി അംഗീകരിക്കുന്ന ബ്രാഹ്മണ്യ കാഴ്ചപ്പാടുകളെയാണ് ബുക്കുകൾക്കും പൂർവികർക്കും മർത്ത്യരെ ദാസരാക്കുന്ന സമ്പ്രദായത്തെ തകർക്കണമെന്നു൦ പറഞ്ഞുകൊണ്ട് സഹോദരൻ അയ്യപ്പൻ സയൻസ് ദശകത്തിൽ വിമർശവിധേയമാക്കുന്നത്. വേദത്തിൻ്റെയും ബ്രാഹ്മണ്യത്തിൻ്റെയു൦ പേരുപറഞ്ഞു കൊണ്ട് ഒരു സമൂഹത്തെ മുഴുവൻ മാനസികമായും ശാരീരികമായും അടിമയാക്കി മാറ്റുന്നതിന് മാത്രമേ എഴുത്തച്ഛൻ്റെ കിളിപ്പാട്ട് രാമായണ പാരായണം ഉപകരിക്കൂ. ബ്രാഹ്മണ്യലോകബോധത്തെ സമ്പൂർണ്ണമായി തിരസ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത അംബേദ്കറുടെ ദർശന പദ്ധതിയുടെയു൦ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം മുതലായവ ഉറപ്പുവരുത്തുന്ന ഭരണഘടനാധാർമികതയുടെയും വിപരീത സ്ഥാനത്താണ് എഴുത്തച്ഛൻ്റെ രാമായണ ശീലുകൾ നിലകൊള്ളുന്നത്.

എഴുത്തച്ഛൻ്റെ രാമൻ

ബ്രാഹ്മണ്യത്തിൻ്റെ സംസ്ഥാപകനായും നടത്തിപ്പുകാരനായുമാണ് രാമായണം കിളിപ്പാട്ടിൽ രാമൻ അവതരിക്കുന്നത്.

“കേൾക്കയിലാഗ്രഹം പാര൦ ക്രിയാമാർഗ്ഗ-
മാഖ്യാഹി മോക്ഷപ്രദ൦ ത്രിലോകീ പദേ
വർണ്ണാശ്രമികൾക്കു മോക്ഷദ൦ പോലതു
വർണിച്ചരുൾ ചെയ്ക വേണം ദയാനിധേ”
(കിഷ്കിന്ധാകാണ്ഡം)

എന്ന് ലക്ഷ്മണൻ രാമനാട് പറയുന്നുണ്ട്. വ൪ണാശ്രമധ൪മത്തെ നിലനി൪ത്താനുതകു൦ വിധമുള്ള ധർമ്മോപദേശ൦ നൽകാനാണ് ലക്ഷ്മണൻ രാമനാട് ആവശ്യപ്പെടുന്നത്. “മന്നിടത്തിങ്കൽ ദ്വിജത്വമുണ്ടായ് വന്നാൽ/ ആചാര്യനോട് മാത്ര൦കേട്ടു സാദര/മാചാര്യപൂ൪വമാരാധിക്ക മാമെടോ” എന്നാണ് രാമൻ ലക്ഷ്മണനെ ഉപദേശിക്കുന്നത്. ഭൂമിയിൽ ദ്വിജരായി പിറന്നാൽ മാത്രമേ തൻ്റെ പൂജാവിധികൾ അനുഷ്ഠിക്കാൻ യോഗ്യരായി തീരൂ എന്ന് പ്രസ്താവിക്കുന്ന എഴുത്തച്ഛൻ്റെ രാമനിൽ നിന്ന് കീഴാള൪ക്കു൦ സ്ത്രീകൾക്കും നീതി ലഭിക്കുമോ? തികഞ്ഞ ബ്രാഹ്മണപക്ഷപാതിത്വം വിളംബരം ചെയ്യുന്നവയാണ് ഈ രാമോപദേശങ്ങൾ. “നമുക്ക് സന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ്” എന്ന് നാരായണഗുരു വിമോചനാത്മകമായി പ്രഖ്യാപിച്ചത്. ഇത്തരം രാമപാരമ്പര്യങ്ങളെ തിരസ്കരിച്ചുകൊണ്ടാണ്” കൊല്ലുന്നവനില്ല ശരണ്യത/ മറ്റെല്ലാം വിധനന്മയുമാർന്നിടിലു൦ എന്നു ജീവകാരുണ്യപഞ്ചകത്തിലെ ഗുരുമൊഴികൾ ഹിംസാത്മക രാമബി൦ബങ്ങളെ കയ്യൊഴിയേണ്ടതിൻ്റെ ആവശ്യകതയെ ഉദ്ബോധിപ്പിക്കുന്നവയാണ്. ശംബൂകനെയും താടകയെയും ബ്രാഹ്മണ്യ സംസ്ഥാപനത്തിനായി കൊല്ലുന്ന രാമനിൽ മതേതരത്വം തേടുന്നവർ കീഴാള വിമോചന പാഠങ്ങളുടെ എതിർധാരയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ബ്രാഹ്മണൻ അതിഥിയായി എത്തുന്നതും അവരെ പൂജിക്കുന്നതും പുണ്യഫലോദയത്താലാണെന്നു൦ എഴുത്തച്ഛൻ്റെ രാമൻ പറയുന്നു. നാരദൻ രാമനെ സന്ദർശിക്കുന്ന സന്ദർഭത്തിലാണ് രാമൻ ഇപ്രകാര൦ പ്രസ്താവിക്കുന്നത് (അയോധ്യാകാണ്ഡം). സ്വാമി- ദാസ ബന്ധത്തെയും അടിമ-ഉടമ മനോഭാവത്തെയും സ്ഥാപനവൽക്കരിക്കുന്ന ഒന്നാണ് എഴുത്തച്ഛനിൽ തെളിയുന്ന രാമഭക്തി.

“താന്താ൯ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേ വരൂ”

എന്ന് കിളിയെകൊണ്ട് പാടിക്കുന്ന എഴുത്തച്ഛൻ ജാതിവ്യവസ്ഥയുടെ സാമൂഹ്യ ദുരിതങ്ങളെയാണ് ന്യായീകരിക്കുന്നത്. ഓരോ വ്യക്തിയും ഓരോ ജാതി സമൂഹവും അനുഭവിക്കുന്ന ഉൽകൃഷ്ടതയുടെയു൦ അപകൃഷ്ടതയുടെയു൦ ജീവിതനിദാനം കർമഫലമാണെന്നാണ് എഴുത്തച്ഛൻ്റെ രാമായണ പാഠ൦ ഉദ്ബോധിപ്പിക്കുന്നത്. ജാതി അസമത്വങ്ങളെ പ്രകൃതിയുടെ സ്വാഭാവിക പരിണതിയായി ദർശിക്കുന്ന ഈ കാഴ്ചപ്പാട് അസമത്വങ്ങൾക്കെതിരെയുള്ള സമരങ്ങളെ നിഷ്ഫലമാക്കുകയും സാമൂഹിക അസമത്വങ്ങളെ നീതീകരിക്കുകയും ചെയ്യുന്നു.
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചല” മാണെന്നുള്ള കിളിപ്പാട്ടുകൾ ദളിതരുടെയും പിന്നോക്ക ജാതി വിഭാഗങ്ങളുടെയും ബൗദ്ധികാസ്പദങ്ങൾക്കായുള്ള സമരങ്ങളെ നിർവീര്യമാക്കാൻ മാത്രമേ ഉപകരിക്കൂ. ഭൗതിക ജീവിതത്തെ നിരസിക്കുന്ന രാമ ദർശനങ്ങൾ ബ്രാഹ്മണികമായ അതിഭൗതിക ആഖ്യാനങ്ങളുടെ ചിന്താധാരയാണ്. “മായയാ മൂടിമറഞ്ഞിരിക്കുന്നൊരു
(അയോധ്യാകാണ്ഡം) ലോകമായി ജീവിത ക്രമത്തെ ഭാവന ചെയ്യുന്നതിലൂടെ ഭൗതികാസ്പദങ്ങളെ നിരസിക്കുന്ന ബ്രാഹ്മണ്യ- ആത്മീയതയായി എഴുത്തച്ഛൻ്റെ രാമഭക്തി മാറിത്തീരുന്നു. ഇത്തരം രാമപാരമ്പര്യങ്ങളെ കയ്യൊഴിഞ്ഞാൽ മാത്രമേ ദളിതരുടെയും പിന്നോക്ക ജാതിവിഭാഗങ്ങളുടെയും വിമോചനാത്മകമായ തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ സാർത്ഥകമാവു. എന്തെന്നാൽ ബ്രാഹ്മണ്യത്തിൻ്റെ ലോകബോധത്തെ നിരന്തരം സമൂഹത്തിൽ പ്രക്ഷേപിച്ചുറപ്പിക്കുന്ന ഒന്നാണ് ഇത്തരം രാമകഥാപാഠങ്ങൾ . ആധുനികമായ നീതിവിചാരങ്ങളിലൂന്നിനിന്നുകൊണ്ട് രാമപാഠങ്ങളെ നിശിതമായ വിമർശവിചാരങ്ങൾക്ക് വിധേയമാക്കിയ ഡോക്ടർ ബി ആർ അംബേദ്കറു൦, നാരായണഗുരുവും, സഹോദരൻ അയ്യപ്പനും അടങ്ങുന്ന കേരളത്തിൻ്റെ നവോത്ഥാന ആധുനികതയും തിരസ്കരിച്ച ബ്രാഹ്മണിക രാമപാഠങ്ങളെ പൊതുമണ്ഡലത്തിൽ പ്രക്ഷേപിക്കാൻ ശ്രമിക്കുന്ന കാലത്ത് ഭരണഘടനാ ധാർമികതയെ സംവഹിക്കുന്നവർ ഇത്തരം രാമകഥാപാഠങ്ങളെ ജനാധിപത്യസംവാദത്തിന് വിധേയമാക്കേണ്ടത് ഇന്ത്യയുടെ ജനാധിപത്യ വൽക്കരണത്തിനു വേണ്ടിയുള്ള അടിയന്തിര ദൗത്യമായി ദർശിക്കണം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here