ഔട്ട് ഓഫ് സിലബസ്

0
738

ഫോട്ടോ സ്റ്റോറി
സജിത്ത് കുമാർ

പ്രകൃതിയെന്ന വലിയ പാഠ പുസ്തകത്തിലെ വിസ്മയങ്ങളിലേക്ക് ഇറങ്ങി തിരിച്ച ഓരോരുത്തർക്കും, അത് ശാസ്ത്രജ്ഞരോ, പരിസ്ഥിതി പ്രവർത്തകരോ, പ്രകൃതി സ്നേഹികളോ ആയിക്കൊള്ളട്ടെ അവർക്കൊക്കെ പറയാനുണ്ടാവും തങ്ങളെ ആ വഴിയെ നടക്കാൻ പ്രേരിപ്പിച്ച ഏതെങ്കിലും ഒരു വ്യക്തിയെയോ, ഗുരുവിനേയോ അധ്യാപകനേയോ കുറിച്ച്. ഇവിടെയാണ് അധ്യാപകരുടെ പ്രസക്തി, പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ അധ്യാപകരോളം സാധ്യതകളുള്ളവർ വേറെയില്ല. അധ്യാപനമെന്നത് കേവലം അറിവ് കുത്തിനിറക്കൽ മാത്രമല്ല എന്നും, അത് കുട്ടികളെ സാമൂഹികവും, സാസ്കാരികവും പാരിസ്ഥിതികവുമായ ബോധത്തിലേക്ക് ഉയർത്താൻ പര്യപ്തമായതുമാവണം. അപ്പോഴെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കുകയുള്ളു.

ചെറുക്ലാസുകളിൽ തന്നെ തുടങ്ങുന്ന പരിസരപഠനത്തിൽ കുട്ടികളെ യാന്ത്രികമായ പുസ്തകതാളുകളിൽ നിന്ന് കുതറിത്തെറിപ്പിച്ച് പ്രകൃതിയുടെ അത്ഭുതങ്ങളിലേക്ക് കൂട്ടി കൊണ്ടു പോകാൻ അധ്യാപകർക്ക് കഴിയേണ്ടിയിരിക്കുന്നു. മഴ പെയ്യുന്നതും, വിത്ത് മുളക്കുന്നതും, പൂക്കൾ വിരിയുന്നതും അവരെ നമുക്ക് കാണിച്ച് കൊടുക്കാം. ചുറ്റുപാടുകളിലെ ചെടികളെയും പൂക്കളെയും, അതിൽ തേനുണ്ണാൻ വരുന്ന പൂമ്പാറ്റകളെയും കിളികളെയും തുമ്പികളെയുമൊക്കെ കാണിച്ച് അവ ഓരോന്നും പ്രകൃതിക്ക് നൽകുന്ന സംഭാവനകൾ തിരിച്ചറിയാൻ അവരെ സഹായിക്കാം. ജീവികളുടെ പരസ്പരാശ്രയത്വത്തെ കുറിച്ചും, സാമൂഹിക ജീവിതത്തെ കുറിച്ചും കാണാനും അറിയാനും കുട്ടികൾക്ക് അവസരമുണ്ടാക്കാം.

അതിനായി പൂമ്പാറ്റകളുടെ അഭൗമ സൗന്ദര്യം പുഴുവിൽ നിന്ന് പ്യൂപ്പയിലേക്കുള്ള പരിവർത്തനം, അവ വിരിയുന്നതിന്റെ കൗതുകം, എട്ടുകാലി വല നെയ്യുന്നതിന്റെ അത്ഭുതം, എന്നിവ കാണാനും അനുഭവിക്കാനും അവസരമൊരുക്കാം. ഈ അവസരമൊരുക്കൽ ചുറ്റുപാടുമുള്ള ഈ സഹജീവികളോടുള്ള ഇഷ്ടം കൂട്ടും. ഈ ഇഷടം അറിയാതെ കുറെ പച്ചപ്പിന്റെ കൂട്ടുകാരെ വളർത്തും. പ്രകൃതിയുടെ നിലനിൽപ്പാണ് നമ്മുടെ നിലനിൽപ്പ് എന്ന് അവർ തിരിച്ചറിയും. പ്രകൃതിയോടുള്ള ഇഷ്ടം അവരുടെ മനസ്സിൽ ആഴത്തിൽ വേരോടും. അതിനാൽ പ്രിയപ്പെട്ട അധ്യാപകരെ പരിസ്ഥിതി സ്നേഹം കേവലം യാന്ത്രികമായ ദിനാചരണങ്ങളിലും പതിപ്പുകളിലും ഒതുങ്ങിപ്പോകാതെ പ്രകൃതിയുടെ കൗതുകങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ച് നടത്തിക്കൊണ്ട്, പ്രകൃതിയോടുള്ള ഇഷടം ഹൃദയത്തിൽ വളർത്താൻ ശ്രമിക്കാം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here