കവിതയുടെ കപ്പൽ സഞ്ചാരങ്ങൾ
ഡോ. രോഷ്നി സ്വപ്ന
വി വി കെ വാലത്ത് എന്ന കവിയെ കുറിച്ച് വിക്കിപീഡിയയിൽ പറയുന്നത് ഇതാണ്
കേരളത്തിൽ ജീവിച്ചിരുന്ന ഒരു ചരിത്രകാരനാണ് വി.വി.കെ. വാലത്ത് (ഡിസംബർ 25, 1919– ഡിസംബർ 31, 2000)
കൃഷ്ണൻ എന്നായിരുന്നു യഥാർത്ഥ പേര്.
നിരവധിചരിത്ര ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം നേടിയിട്ടുണ്ട്.
ഒരു കവിയെ കാലംഅടയാളപ്പെടുത്തി വയ്ക്കുന്നത് ഇങ്ങനെയായിരിക്കാം.
“എഴുതാതിരിക്കാൻ കഴിയുമെങ്കിൽ ഒരുത്തനും കവിത എഴുതരുത്” എന്ന് ഹെർബർട്ട് സ്പെൻസർ എഴുതിയത് ഒരു രചന അനിവാര്യമായ സൃഷ്ടി ആവണം എന്ന് കരുതിയാവണം വി.വി. കെ വാലത്തിന്റെ കവിതകൾ ഇത്തരം അനിവാര്യതകൾ സൃഷ്ടിക്കുകയാണ്, ഇക്കാലത്തും.
ഇടിമുഴക്കം എന്ന സമാഹാരത്തിലെ ആമുഖത്തിൽ
“ദാരിദ്ര്യത്തിൽ ജനിച്ച്
ദാരിദ്ര്യത്തിൽ ജീവിച്ച്
ദാരിദ്ര്യത്തിൽ
വച്ച് ഒരു ദിവസം
കാണാതെ പോയ എൻറെ അച്ഛൻറെ ഓർമയ്ക്ക്” എന്ന് എഴുതിയിട്ടുണ്ട്. ജീവിതത്തിലെ കൈപ്പ് രുചികളിൽ ഓർമ്മകൾ അദ്ദേഹത്തെ കൊണ്ട് വീണ്ടും എഴുതിച്ചു
“ഒരു കൈയിൽ സ്വാതന്ത്ര്യവുമായി
വരാത്ത
ഈശ്വരൻ
ഇന്ത്യക്ക് വേണ്ട”
ഭൂമിയിലെ ഏറ്റവും സാധാരണക്കാരനായ മനുഷ്യനുവേണ്ടി, പുതിയ സാമ്രാജ്യത്വ കാഴ്ചപ്പാടുകളെ പാടെ നിരാകരിക്കുകയായിരുന്നു വാലത്ത്.
തീ കൊളുത്തുക എന്ന കവിതയിൽ .
“രാജ്യം മരവും മണ്ണുമല്ല
രാജ്യം ദൈവവും
മതിലും അല്ല.
മനുഷ്യനല്ലാതെ അതിനൊരു ഭൂമിശാസ്ത്രവും ഇല്ല.
ശുഭാപ്തിവിശ്വാസത്തിന്റെ കള്ള നാണ്യങ്ങളെല്ലാം
മങ്ങിപ്പോയിരിക്കുന്നു.
തീ പ്രളയത്തിന്റെ തിരമാലകൾ
രക്തത്തിൽ ചൂണ്ടു വിരൽ മുക്കിക്കഴിഞ്ഞു.
അർദ്ധരാത്രിയിലെ കൊടുങ്കാറ്റ്!
ഓ
അത് പടിഞ്ഞാറു നിന്ന് തുടങ്ങി അത് കിഴക്കോട്ടു നീങ്ങി.
അല്ല
ഒറ്റപ്പെടുത്തി ഭരിക്കപ്പെട്ട
കപടതന്ത്രത്തിൻറെ
രാഷ്ട്രീയ കതക്കളെയും
തട്ടിത്തകർത്തു കൊണ്ട്
അത് നാലു ദിക്കിനെയും
വലയം ചെയ്തു
കഴിഞ്ഞു.
കവിതയെ ഏറ്റവും ഗൗരവമായ സാമൂഹിക നിരീക്ഷണത്തിന്റെ മാർഗ്ഗമായി വാലത്ത് സ്വീകരിച്ചതിനുള്ള നേർസാക്ഷ്യം തന്നെയാണ് ഈ വരികൾ. ദാരിദ്ര്യവും പട്ടിണിയും കവിതകൾക്ക് അദേഹത്തിന്റെ വിഷയമായി.
തലസ്ഥാനം എന്ന കവിത നോക്കൂ
“പാഴ് കിനാവുകൾ
കണ്ടു മയങ്ങികിടക്കുമ
പ്പാടത്തിൻ നടുക്കതാ
കെട്ടി ഞാന്നൊരു ശവം നിൽക്കുന്നു.
ദുഷ്ടമാം കാവ്യത്തിന്റെയാശ്ചര്യ
ചിഹ്നം പോലെ!”
1930 എഴുതപ്പെട്ട ഈ കവിത സമീപകാല ഇന്ത്യൻ ദാരിദ്ര്യത്തിന്റെ കൂടി തെളിഞ്ഞ യാഥാർഥ്യമാണ്.
1941 പ്രസിദ്ധീകരിച്ച ആർക്കറിയണം എന്ന കവിതയിൽ അദ്ദേഹം എഴുതിയത് അപ്രതീക്ഷിത മരണങ്ങൾ തീർക്കുന്ന ആഘാതങ്ങളെ കുറിച്ചാണ്. വഴിവക്കിലും കാനയിലും പീടികത്തിണ്ണയിലും ഇടനാഴിയിലും അവിടവിടെയായി ചത്തുകിടക്കുന്ന മനുഷ്യരെ കാണുക എന്ന് തലസ്ഥാനനഗരിയിൽ എന്ന കവിതയിൽ വായിക്കാം.
“കഷ്ടം
ഈ മൃതദേഹങ്ങൾ നോക്കിനിൽക്കുന്ന ഞാൻ ആരാണ്?
ദരിദ്രൻ. !
മരിച്ചു കഴിഞ്ഞവൻ!
ദരിദ്രൻ ദരിദ്രൻ മുന്നിൽ
ചിരട്ട നീട്ടുന്നു.
മുങ്ങിച്ചാവുന്നവൻ
മുങ്ങിച്ചാവുന്നവനുമായി കെട്ടിപ്പിണയുന്നു.
വീണ്ടും വീണ്ടും പിടിക്കപ്പെടുന്ന ഒരു കറ്റക്കാരനാണ്
ഞാൻ.
ഭൂമി അവനു ഒരു
കാരാഗ്രഹമാണ്.
എവിടെയായാലും അവൻ ശിക്ഷിക്കപ്പെടും വിധമാണ് അത് അതുണ്ടാക്കിയിട്ടുള്ളത്.
അങ്ങനെ
രണ്ട്
മൃതദേഹങ്ങളുടെ
മുന്നിൽ നിന്ന്
അസംഗതമായി
ഞാൻ എന്തൊക്കെയോ
ചിന്തിച്ചു പോയി.
മാപ്പ് ആക്കുക”
1947ലാണ് ആണ് ഈ കവിത എഴുതപ്പെട്ടത്.
യാഥാർത്ഥ്യ ചിത്രീകരണങ്ങളും വൃത്തഭംഗിയിൽ നിന്നുള്ള വിടുതലും ഭാഷയിലെ മൂർച്ചയും ഈ കവിതയെ വ്യത്യസ്തമാക്കുന്നു.
അക്കാലത്ത് ‘ഗദ്യകവിത ‘എന്ന പരിഹാസത്തിനു പാത്രമായ ഈ കവിതകളുടെ തീക്ഷ്ണത പിന്നീട് വർഷങ്ങൾക്ക് ശേഷം മാത്രമാണ് ആധുനിക കവിതയിലൂടെ അംഗീകരിക്കപ്പെടുന്നത്.
“ഞാൻ
എന്നെ
സൂക്ഷിച്ചു നോക്കി.
എന്റെ ദേഹം
അഴുക്കാണ്.
വിരൂപമാണ്.”
(ഉള്ളിലെ ഒച്ചകൾ)
“വഞ്ചനയുടെ
നീണ്ട ചൂണ്ടലിൽ
കുടുങ്ങിപ്പോയി
ചത്തുപൊങ്ങിയ
മത്സ്യം പോലെ“”
(തലസ്ഥാനം)
“ഒരു
ശിശുവായിരുന്നപ്പോൾ
ചത്തുമലച്ച
അമ്മയുടെ മുലപ്പാൽ
ചപ്പി വലിച്ചു
ഞാൻ വളർന്നു”
(ഇടിമുഴക്കം)
അവർ ഞങ്ങളിൽ ജീവിക്കും, ലുമുംബയുടെ കുരിശ് തുടങ്ങി എത്രയോ കവിതകൾ !!
വി. വി.കെ വാലത്തിന്റെ കവിതകളുടെ ദീർഘമായ പുനർവായന ആവശ്യമുണ്ട്. ഇതൊരു ചുരുക്കം മാത്രം. ചെറിയ ഒരു എത്തിനോട്ടം മാത്രം. ഇങ്ങനെ അല്ലാതെ എങ്ങനെ ഞാൻ കാലത്തെ അറിയും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.