വര്‍ഗ്ഗം, കളങ്കം; ഇത്തിള്‍ക്കണ്ണികള്‍ തുറന്നിട്ട വാതായനങ്ങള്‍

0
272
parasite

മുഹമ്മദ് സ്വാലിഹ്

”ഇത്രയൊക്കെ പണം എന്റെ കൈയിലുണ്ടായിരുന്നെങ്കില്‍ ഞാനും മികച്ച വ്യക്തിത്വത്തിനുടമയായേനെ” . ധനികന്റെ വീട്ടിലെ പാതിരാകുടുംബയോഗത്തിനിടയില്‍ മൂണ്‍ ഗ്വാങ് പറയുന്നു.

muhammed swalih
മുഹമ്മദ് സ്വാലിഹ്

പലതരത്തില്‍ ആഘോഷിക്കപ്പെടേണ്ട സിനിമയാണ് ബോണ്‍ ജോങ് ഹൂവിന്റെ പാരസൈറ്റ്. നിരവധി അന്താരാഷ്ട്രമേളകളിലൂടെ കടന്നുവന്ന് ഇപ്പോഴിതാ 92 -ാമത് ഓസ്‌കാറില്‍ നാല് വിഭാഗങ്ങളില്‍ പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നു. മികച്ച ചിത്രം, സംവിധായകന്‍, മികച്ച വിദേശഭാഷാ ചിത്രം, ഒറിജിനല്‍ തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നേടിയത്. മുമ്പ് പാം ഡി ഓറും മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബും ചിത്രം കൈവശപ്പെടുത്തിയിരുന്നു. ആശ്ചര്യകരമായ മറ്റൊരു വസ്തുത 92 വര്‍ഷത്തെ അക്കാദമിയുടെ ചരിത്രത്തില്‍ മറ്റൊരു നോണ്‍-ഇംഗ്ലീഷ് ചിത്രവും ഇതുവരെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിട്ടില്ല എന്നതാണ്. ആ നിലക്ക് ചരിത്രത്തിലിടം നേടുന്നു പാരസൈറ്റും അതുവഴി 92-ാമത് ഓസ്‌കാറും.

റേയെക്കുറിച്ചും പഥേര്‍ പാഞ്ചാലിയെക്കുറിച്ചും മുമ്പെന്നോ വായിച്ച ഒരു ലേഖനത്തില്‍ ഇങ്ങനെയൊരു വാചകം ഉള്ളതായോര്‍ക്കുന്നു, ”ദാരിദ്ര്യം ആരെയും സാത്വികരാക്കുന്നില്ല.” അങ്ങനെ വരുമ്പോള്‍ സമൂഹം നിര്‍ണയിച്ചിട്ടുള്ള ഉന്നതനിലവാരസൂചികകളില്‍ ജീവിക്കുന്നവരെപ്പോലെയാകാന്‍ ഒരുകൂട്ടര്‍ നടത്തുന്ന ശ്രമങ്ങളെ അത്യാഗ്രഹം എന്ന് വിളിച്ച് മാറ്റിനിര്‍ത്താന്‍ സാധിക്കുമോ?

parasite

സിനിമ അവതരിപ്പിക്കുന്നത് രണ്ട് കുടുംബങ്ങളുടെ, അല്ലെങ്കില്‍ രണ്ട് വീടുകളുടെ കഥയാണ്. എന്നാല്‍ സിനിമ പുരോഗമിക്കുമ്പോള്‍ രണ്ട് വീടുകളിലൊന്ന് അപ്രത്യക്ഷമാവുകയും മൂന്നാമതൊരു കുടുംബം ഫ്രെയിമിലേക്ക് വരുകയും ചെയ്യുന്നു. ആദ്യത്തേത് കിം കുടുംബം ആണ്. ചെറിയ ജോലികള്‍ ചെയ്തും മറ്റും മുന്നോട്ടുപോകുന്നുണ്ടെങ്കിലും മാതാവും പിതാവും മകനും മകളുമടങ്ങിയ ഈ കുടുംബത്തിന് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ ഒരിക്കലും സാധിക്കുന്നില്ല. നഗരത്തിലെ ഒരു സെമി ബേസ്‌മെന്റ് അപ്പാര്‍ട്ട്‌മെന്റിലാണ് കിം കുടുംബത്തിന്റെ താമസം. അങ്ങനെയിരിക്കെയാണ് കി വൂ(മകന്‍) സുഹൃത്തായ മിന്‍ ഹ്യുക്കിനെ കാണുന്നത്. മിന്‍ ഗോങ്ഷി(സ്കോളേഴ്സ് റോക്ക്) എന്ന കല്ല് സമ്മാനിക്കുമ്പോഴാണ് അത്യാഗ്രഹത്തിന്റെ വിത്തുകള്‍ കിം കുടുംബത്തില്‍ മുളപൊട്ടുന്നത്. കൊറിയന്‍ വിശ്വാസപ്രകാരം ഗോങ്ഷി അത് സൂക്ഷിക്കുന്ന കുടുംബങ്ങളെ സമ്പന്നമാക്കും. എന്നാലിവിടെ ആ കല്ല് ഇവര്‍ക്ക് സമ്മാനിക്കുന്നത് അത്യാഗ്രഹം കൂടിയാണ്.

Click here for free registration 

മിന്‍ വിദേശത്ത് പഠനത്തിന് പോകാനൊരുങ്ങുകയാണ്. അതുകൊണ്ട് ഇപ്പോള്‍ ഹോംട്യൂഷന്‍ എടുത്തുകൊണ്ടിരിക്കുന്ന പാര്‍ക്ക് ഫാമിലിയിലേക്ക് പകരം കി വൂവിനെ അയക്കാനാണ് തീരുമാനം. പാര്‍ക്ക് ഫാമിലിയിലെ മകളായ ദാ ഹ്യെയെ ആണ് പഠിപ്പിക്കേണ്ടത്. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന കീ വൂ ഇത് അംഗീകരിക്കുന്നു. ആവശ്യമായ രേഖകളൊക്കെ കെട്ടിച്ചമക്കുകയും പാര്‍ക്ക് കുടുംബത്തില്‍ കടന്നുകൂടുകയും ചെയ്യുന്നു. ശേഷം അവന്‍ തന്റെ കുടുംബത്തിലെ ഓരോരുത്തരെയായി പാര്‍ക്ക് കുടുംബത്തിലെ തൊഴിലാളികളാക്കി മാറ്റുന്നുണ്ട്. എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് വെളിപ്പെടുത്തുന്നുമില്ല. പ്രശസ്തയായ ആര്‍ട്ട് തെറാപ്പിസ്റ്റായി നടിച്ചുകൊണ്ടാണ് മകള്‍ (കി ജിയോങ്) അവിടെയെത്തുന്നത്. ഡ്രൈവറായി പിതാവും ഹൗസ്‌കീപ്പര്‍ ആയി മാതാവും എത്തുന്നു. കുറേക്കാലമായി അവിടെ ഹൗസ്‌കീപ്പറായി ജോലിനോക്കുന്ന ചൂങ് സൂക്കിന് ക്ഷയരോഗമാണെന്ന് പാര്‍ക്ക് കുടുംബത്തെ വിശ്വസിപ്പിച്ച് അവരെ അവിടുന്ന് പുറത്തുചാടിച്ചതിന് ശേഷമാണ് മൂണ്‍ ഗ്വാങ് അവിടേക്കെത്തുന്നത്. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് നിര്‍വചനങ്ങളേറെയുണ്ട്.

parasite

ശക്തമായ രാഷ്ട്രീയ നിര്‍വചനങ്ങളുള്ളവയാണ് പാരസൈറ്റിലെ ഓരോ രംഗങ്ങളും. സിനിമയുടെ പേര് തന്നെ നോക്കുക, പാരസൈറ്റ് എന്നാല്‍ ഇത്തിള്‍ക്കണ്ണി എന്നര്‍ത്ഥം. പാര്‍ക്ക് കുടുംബം എന്ന വടവൃക്ഷത്തിന്മേല്‍ പറ്റിപ്പിടിച്ച് ജീവിച്ചുപോകുന്ന ഒരു കുടംബത്തെ സൂചിപ്പിക്കാനാണ് അത്തരമൊരു പേര് പ്രയോഗിച്ചിരിക്കുന്നത് എന്ന് കേവലമായി മനസിലാക്കാം. എന്നാല്‍ കുറച്ചുകൂടി ചിന്തിച്ചാല്‍ ഒരു മനുഷ്യന്റെ തികച്ചും വ്യക്തിപരമായ ജോലികള്‍ പോലും സാമ്പത്തികസ്ഥിതിവ്യത്യാസം കാരണം മറ്റൊരാള്‍ ചെയ്യേണ്ടിവരുക എന്നതില്‍ വലിയ അസമത്വത്തിന്റെ അംശങ്ങളുണ്ട് എന്ന് കാണാം. അതുവഴിയാണ് വേലക്കാരന്‍, ഡ്രൈവര്‍ ഒക്കെത്തന്നെയും പാരസൈറ്റുകളായി മാറുന്നത്. ഗാന്ധിയുടെ ടോള്‍സ്‌റ്റോയ് ഫാമുമായി ബന്ധപ്പെട്ട തത്വങ്ങളൊക്കെ ഇതുമായി ചേര്‍ത്തുവെച്ച് ചര്‍ച്ച ചെയ്യാവുന്നതാണ്.

ആത്മ ഓൺലൈൻ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരേസമയം കിം കുടുംബത്തിന്റെ ഗന്ധം പാര്‍ക്കുകള്‍ക്ക് ഇഷ്ടമില്ലാത്തതാവുകയും അതേസമയം അവരിലൊരാളുടെ അടിവസ്ത്രം പ്രിയപ്പെട്ടതാവുകയും ചെയ്യുന്നത് കാണാന്‍ സാധിക്കും. അതുവഴി പാരസൈറ്റുകള്‍ പിന്നെയും സൃഷ്ടിക്കപ്പെടുകയാണ്. കിം കുടുംബം മാത്രമല്ല, പാര്‍ക്ക് കുടുംബവും പൂര്‍ണമായും മറ്റുചിലതിന്റെ, ചിലരുടെ ഊര്‍ജം വലിച്ചൂറ്റിയാണ് ജീവിക്കുന്നത്. എന്നാല്‍ സാമൂഹികപൊതുബോധം ഇത്തിള്‍ക്കണ്ണികളായി നമ്മളോട് കാണാനാവശ്യപ്പെടുന്നത് കിം കുടുംബത്തെ മാത്രമാണ്. ആ ബോധത്തോടുള്ള യുദ്ധം കൂടിയാണ് പലപ്പോഴും ബോണ്‍ ജോങ് ഹൂവിന്റെ സിനിമ.

parasite

പ്രളയത്തിനുശേഷമുള്ള പ്രഭാതം പാര്‍ക്ക് കുടുംബം കണ്ടത് സ്വന്തം വീട്ടില്‍ നിന്നുതന്നെയാണ്. ആ വെയിലിനെ വളരെ സന്തോഷത്തോടെ നോക്കുന്നുണ്ട് യിയോണ്‍ ക്യോ. എന്നാല്‍ ആ പ്രഭാതം പാര്‍ക്ക് കുടുംബത്തിന് ദുരിതാശ്വാസക്യാമ്പിലായിരുന്നു ചെലവഴിക്കേണ്ടിവന്നത്.

അങ്ങനെ ക്യാമ്പില്‍ വെച്ചാണ് ദാ സോങിന്റെ (പാര്‍ക്ക് കുടുംബത്തിലെ മകന്‍) പിറന്നാളാഘോഷത്തിനുള്ള ക്ഷണം കി ജിയോങിന് ലഭിക്കുന്നത്. ചുറ്റുമുള്ള വിഷയങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമേയല്ല എന്നുകരുതി സ്വന്തം വ്യവഹാരങ്ങളുമായി മുന്നോട്ടുപോകുന്ന പാര്‍ക്കുകളെ ഇന്നും നമുക്ക് ഏറെ കാണാന്‍ സാധിക്കും.

parasite

സിനിമയുടെ അവസാനം ഈ വസ്തുതയെ കൂടുതല്‍ ഊന്നലോടെ, പ്രത്യക്ഷമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്.

രണ്ടുകുടുംബങ്ങളുടെയും ഘടന സമാനമാണ്, എന്നാല്‍ അവരെ വേര്‍തിരിക്കുന്നത് സാമ്പത്തികം എന്ന ചലാംഗം മാത്രമാണ്.

parasite

പ്രളയത്തോടെ സമ്പന്നതയുടെ പ്രതീകമായ ഗോങ്ഷി എന്ന കല്ല് നിരര്‍ത്ഥകതയുടെയും നിരാശയുടെയും പ്രതീകമായി മാറുന്നുണ്ട്. എത്രയൊക്കെ ശ്രമിച്ചിട്ടും സിനിമയുടെ അവസാനം കിം കുടുംബത്തിന്റെ അവസ്ഥ ദുരന്തത്തിലാണ് കലാശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സാമ്പത്തികവളര്‍ച്ചയിലൂടെയും സാമൂഹികസമത്വത്തിലൂടെയും മാത്രമേ സാമൂഹികവികാസം സാധ്യമാവൂ എന്ന ചിന്താധാരയുടെ ചലച്ചിത്രരൂപമാണ് പാരസൈറ്റ് എന്ന് പറയാം.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here