ചന്ദന എസ് ആനന്ദ്
നിറക്കൂട്ടുള്ള ഇരുണ്ട റാന്തൽ.
പുതുമയേതുമില്ല.
കണ്ടു പഴകിയത്.
ഒരു മൂലയിൽ പൊടി പിടിച്ചു കിടക്കുമ്പോൾ
തുടച്ചു മിനുക്കിയെടുത്തത്.
തിളങ്ങുന്നതല്ല.
പക്ഷെ, പകൽ വെളിച്ചമായിരുന്നു തിരി തെളിച്ചാൽ.
നിറങ്ങൾ ചാലിച്ച മഴവിൽ ചാരുത ചിരികളിൽ കയറി ഇറങ്ങുന്ന രാത്രി വെളിച്ചങ്ങൾ,
ഓർമ്മകൾ.
കൂര ചോർന്നൊലിച്ചപ്പോഴൊക്കെ
മാറ്റി മാറ്റി വച്ചപ്പോൾ പോറലേറ്റിട്ടും,
നിറം മങ്ങിയിട്ടും വലിച്ചെറിയാതിരുന്നു.
പതിയെ ഇരുട്ടിൽ തെളിയാതായ,
ഇന്ന് ഞാൻ എറിഞ്ഞുടച്ച എന്റെ ചില്ലു റാന്തൽ.
ഒന്ന് തുടച്ചും തടവിയും
തിരിയിട്ടു നോക്കാതെ
വലിച്ചെറിഞ്ഞത്.
പെറുക്കി കൂട്ടി വച്ച ഭാഗങ്ങൾ, ശേഷക്രിയക്ക് ആക്കം കൂട്ടുന്ന അന്ധകാരം.
പോകെപ്പോകെ ഇല്ലാതാകുന്ന അവിഭാജ്യ ഘടകങ്ങൾ.
പ്രഭ മങ്ങിയ വരും ഭ്രാന്തമാം നിശീഥിനികൾ.
എങ്കിലും ജീവിതം പൊടുന്നനെ പ്രകാശിക്കുന്നു.
കണ്ണടച്ച് ഞാൻ ഇരുട്ടാക്കുന്നു.
നിശ്ചലമാകുന്നു, ശ്വാസം നിലയ്ക്കുന്നു.
കാഴ്ചയറ്റപോൽ വഴി ചുറ്റപ്പെട്ട ഒരു കരി ദിനം.
ചില ഓർമ്മകൾക്ക്, ചിരികൾക്ക്, വരികൾക്ക്
ഇല്ലാതായത് വെളിച്ചമല്ല
നിറങ്ങളാണ്.
വീണ്ടും സ്മരിക്കുന്നു. .
നിറം മങ്ങിയ, പോറലേറ്റ
എറിഞ്ഞുടച്ച ചില്ലു റാന്തൽ.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, +918078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.