മധു.കെ.
തെയ്യങ്ങളെ ഇഷ്ടപ്പെട്ടത് എന്നു മുതലാണെന്ന് കൃത്യമായി പറയാൻ കഴിയില്ല. ഓർമ്മ വച്ച നാൾ മുതൽ മാർച്ച് 4 (കുംഭം 20) ന് കാ ണാറുള്ള ഞങ്ങളുടെ ഗ്രാമത്തിന്റെ “ദേശീയ ഉത്സവമായ ” ആന്തട്ട ഭഗവതി – പരദേവതാ ക്ഷേത്രത്തിലെ തിറകൾ തന്നെയായിരിക്കണം ഈ അനുഷ്ഠാനത്തെ മനസ്സിൽ പ്രതിഷ്ഠിച്ചത്. ആന്തട്ടയല്ലാതെ കുട്ടിക്കാലത്ത്, അച്ഛന്റെകൈവിരൽത്തുമ്പിൽ പിടിച്ച് വീട്ടിനടുത്തുള്ള മറ്റൊരു ക്ഷേത്രമായ മനയടത്തു പറമ്പിലെ ഭഗവതിത്തിറകാണാൻ പോയ ഓർമ്മകളും ഇന്നും മനസ്സിൽ പച്ച പിടിച്ചു നില്ക്കുന്നുണ്ട്. എന്നാൽ അവിടുത്തെ തിറയെക്കാൾ അന്നു മനസ്സിനെ ആകർഷിച്ചത് കുഞ്ഞിക്കണ്ണേട്ടന്റെ കടയിൽ നിന്ന് അച്ഛൻ വാങ്ങിത്തന്ന ‘തേൻകുഴൽ ‘ (ജിലേബി ) ആയിരുന്നു. അന്നും അതിനു ശേഷം കുറെക്കാലവും വർണാഭമായ ഒരു കൗതുകക്കാഴ്ച എന്നതിനപ്പുറമുള്ള ഒരു തലത്തിൽഈ കലാരൂപത്തെ നെഞ്ചിലേറ്റി എന്നു പറയാനാവില്ല.
ശ്രീ.സി.ജി.എൻ.ചേമഞ്ചേരി എഴുതി എൻ.ബി.എസ്.പ്രസിദ്ധീകരിച്ച (പിന്നീട് മാതൃഭൂമി) “മലബാറിലെ തിറയാട്ടങ്ങൾ” എന്ന പുസ്തകമാണ്
യഥാർത്ഥത്തിൽ ഈ അനുഷ്ഠാനത്തെ ഗൗരവമായി കാണാൻ പ്രേരിപ്പിച്ചത്. മുതിർന്നപ്പോൾ കുട്ടുകാരോടൊപ്പം നാട്ടിലെ ഒട്ടുമിക്ക തിറകളും കാണാൻ പോകുമായിരുന്നു. എന്നാൽ അന്നും വടക്കൻ കേരളത്തിലെ തെയ്യങ്ങൾ അപ്രാപ്യമായി തന്നെ നിന്നു. ഒടുവിൽ ഒരു നിമിത്തം പോലെ ആദിമുച്ചിലോടായ കരിവെള്ളൂർ മുച്ചിലോട്ട് 2003 ൽനടന്ന പെരുങ്കളിയാട്ടം കാണാൻ അവസരം ലഭിക്കുകയും ആദ്യമായി തെയ്യം കാണുകയും ചെയ്തു. ഏതോ ഒരു കാഞ്ഞങ്ങാട് – കോഴിക്കോട് ബസ്സിൽ വച്ച ബോർഡ് കണ്ടായിരുന്നു കളിയാട്ട വിവരം മനസ്സിലാക്കിയത്. തുടർന്നുള്ള വർഷങ്ങളിൽ കുറച്ച് പെരുങ്കളിയാട്ടങ്ങൾ കാണാൻ കഴിഞ്ഞു. അതെല്ലാം മുച്ചിലോട്ടു കാവുകളിലായിരുന്നു. അതു കൊണ്ടാവാം ഇന്നും മുച്ചിലോട്ടു ഭഗവതിയുടെ തെയ്യത്തോട് ഒരു പ്രത്യേക മമതയും ആരാധനയും അനുഭവപ്പെടാറുണ്ട്.
2016 ഫെബ്രവരിയിൽ തൃക്കരിപ്പൂർ നടന്ന പെരുങ്കളിയാട്ടം കണ്ടപ്പോഴും ആ അനുഭവത്തിന് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. 2017 തെയ്യം കാണുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞാൽ ഏറെ സന്തോഷകരമായ ഒരു വർഷമാണ്. വൈവിധ്യമാർന്ന ഒട്ടനവധി തെയ്യങ്ങൾ, കാവുകൾ, കോലധാരികൾ, മേളക്കാർ എല്ലാറ്റിലുമുപരി തെയ്യത്തെ ജീവവായുവായി കണ്ട് പരിലാളിക്കുന്ന ധാരാളം തെയ്യപ്രേമികൾ ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു കളിയാട്ടക്കാലമായിരുന്നു കടന്നു പോയത്. കളിയാട്ടങ്ങൾ സമ്മാനിച്ച അമൂല്യമായ നിരവധി സൗഹൃദങ്ങൾ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുകയാണ്. കണ്ണൂരിന്റ ഗ്രാമീണ നിഷ്കളങ്കതയും സഹായതല്പരതയും അനുഭവിച്ചറിഞ്ഞ എത്ര മുഹൂർത്തങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്! ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്കുവരെയുള്ള തെയ്യ പരിജ്ഞാനം കണ്ട് പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്. അതിസാധാരണക്കാരായ നാട്ടുമ്പുറത്തുകാരും മുതിർന്നവരും മാത്രമല്ല വിദ്യാർത്ഥികളും വിദ്യാസമ്പന്നരായ ചെറുപ്പക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പൊതു സമൂഹം ഈ അനുഷ്ഠാനത്തെ എത്രമേൽ ഇഷ്ടപ്പെടുന്നുവെന്നത് നേരിട്ട് തിരിച്ചറിയാൻ ഈ കളിയാട്ടക്കാലത്ത് കഴിഞ്ഞു.
ഈ വർഷത്തെ ഒട്ടുമിക്ക തെയ്യങ്ങളും ഞാനും സുഹൃത്ത് രൺദീപും ഒരുമിച്ചായിരുന്നു കണ്ടത്. ഞങ്ങളടെ അനുഭവ സാക്ഷ്യത്തിൽ നിന്ന് ഒരു കാര്യം ഉറപ്പിച്ചു പറയാം തെയ്യം കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ജനങ്ങൾക്ക് ഒരു സംസ്കാരമല്ല. മറിച്ച് അവരുടെ പ്രാണനാണ്. ജാതി മത വർണ്ണ വർഗ്ഗ ഭേദങ്ങൾക്കപ്പുറം അവരെ അവരാക്കുന്ന അവരുടെ സ്വത്വമാണത്.