ഒരു ജനതയുടെ ബാനർ

0
679
cs rajesh about banarji athmaonline the arteria

അനുസ്മരണം

സി. എസ്. രാജേഷ്

കാലത്തിലും ദേശത്തിലും അസാമാന്യപ്രതിഭ കൊണ്ട് അടയാളപ്പെടുന്നവരുടെ പെട്ടെന്നുള്ള മാഞ്ഞുപോകൽ എണ്ണമറ്റ മനസ്സുകളിൽ ഹർത്താലിന് തുല്യമായ നിശ്ചലത സൃഷ്ടിക്കുന്നുണ്ട്. ചിലരിലത് ദിവസങ്ങൾ നീളുന്ന സമ്പൂർണ ഹർത്താലായി മാറിത്തീരും. അത്തരത്തിലുള്ള ഒരില്ലാതാകലാണ് ബഹുമാന്യനായ ബാനർജിയുടെ കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. അകാല മരണം എന്ന പ്രയോഗത്തിന് ഇതിലും വലിയ ഉദാഹരണമില്ല. ഇക്കാലത്തിൽ നിന്നല്ല, വരും കാലത്തിൽ നിന്നും വരും തലമുറയിൽ നിന്നുമാണ് കോവിഡ് ഈ അതുല്യ ജന്മത്തെ ഇറുത്തെടുത്തിരിക്കുന്നത്. ഈ മരണം ഉപരിതല കേരളത്തെ എത്രത്തോളം ബാധിച്ചു എന്നറിയില്ല. എന്നാൽ അടിത്തട്ടു കേരളത്തിനുണ്ടായ കനത്ത നെഞ്ചുകഴയ്ക്കൽ അടുത്തകാലത്തൊന്നും മാറുമെന്നു തോന്നുന്നില്ല. കലാഭവൻ മണിയുടെ മരണത്തിന് തുല്യമായ ആഘാതമാണ് സാധാരക്കാരിൽ അതുണ്ടാക്കിയിരിക്കുന്നത്. നിശ്ചയമായും ദശകത്തിന്റെ നഷ്ടങ്ങളിൽ ഒന്ന്.

പരിചയപ്പെടൽ

തൊണ്ണൂറുകളുടെ തുടക്കത്തിലൊരു ദിവസം ദൂരദർശനിൽ കണ്ട നാടൻ പാട്ടിലൂടെയാണ് ബാനർജി എന്ന വ്യക്തിയെ അറിയുന്നതും കാണുന്നതും. പ്രമുഖ നാടൻ പാട്ട് കലാകാരൻ പ്രകാശ് കുട്ടൻ നയിച്ച ഒരു സർക്കാർ പരിപാടിയുടെ ദൃശ്യങ്ങളായിരുന്നു അത്. ഇന്നിപ്പോൾ ഏറെ ശ്രദ്ധ നേടിയിട്ടുള്ള ചില ഗായകരും ഒപ്പമുണ്ടായിരുന്നു. പക്ഷെ കൂട്ടത്തിലെ മെലിഞ്ഞു നീളമുള്ള ഒരു പയ്യന്റെ പാട്ടിന് വല്ലാത്തൊരു കാന്തികത അനുഭവപ്പെട്ടു. പരിപാടി തീരുമ്പോൾ പ്രകാശ് കുട്ടനും സംഘവും എന്നുമാത്രം എഴുതിക്കാണിച്ചതിനാൽ പയ്യന്റെ പേരറിയാൻ കഴിഞ്ഞില്ല. ദിവസങ്ങൾക്കു ശേഷമാണ് ബാനർജി എന്നാണ് ആളിന്റെ പേര് എന്ന് പിടികിട്ടുന്നത്. ചാനലുകൾ പോലും അധികമില്ലാതിരുന്ന ആ കാലത്ത് പിന്നീടാ പയ്യന്റെ പാട്ട് കേൾക്കാൻ സാധിച്ചില്ല. തുടർന്ന് പലസ്ഥലങ്ങളിലൂടെയും പോകുമ്പോൾ ബസ്സിലിരുന്നു കാണുന്ന പ്രോഗ്രാം ബോർഡുകളിൽ ‘ബാനർജി നയിക്കുന്ന നാടൻ പാട്ട് ‘ എന്നെഴുതിക്കണ്ടത് മാത്രം മിച്ചം.

കുറച്ചു വർഷങ്ങൾക്കു ശേഷം തൊട്ടടുത്ത സ്ഥലത്ത് ബാനർജിയുടെ നാടൻ പാട്ടുണ്ട് എന്ന് ഒരു കവി സുഹൃത്ത് അറിയിച്ചതനുസരിച്ച് കേൾക്കാനും കാണാനുമായി അത്യാവേശത്തോടെ പോയി. നിർഭാഗ്യവശാൽ അന്ന് ബാനർജി എത്തിയിരുന്നില്ല. പകരം നയിച്ചത് സുനിൽ മത്തായി. ബാനർജി എന്തോ അസുഖം ബാധിച്ചതിനാൽ വരാതിരുന്നതാണെന്ന് മത്തായി അനൗൺസ് ചെയ്യുന്നതു കേട്ടു. തടിച്ചു കൂടിയ വൻ ജനാവലി നിരാശരായി. ചിലപാട്ടുകൾ പാടുമ്പോൾ ഈ പാട്ട് ഞാനല്ല അവനായിരുന്നു പാടേണ്ടിയിരുന്നത് എന്ന് മത്തായി സങ്കടപ്പെടുന്നതും ശ്രദ്ധിച്ചു. ഒടുവിൽ ഞാനും നിരാശയോടെ തിരിച്ചുപോന്നു.

ഒന്നുരണ്ടു വർഷത്തിനു ശേഷം ഒരു ഹോട്ടലിൽ വെച്ചാണ് ആദ്യമായി കാണുന്നത്. ഞങ്ങൾ ചിലർ കഴിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റൊരു സംഘത്തിനൊപ്പം ഇറങ്ങിപ്പോകുന്നു. അപ്പൊഴും അടുത്തേക്ക് ചെല്ലാനോ പരിചയപ്പെടാനോ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്നവരോട് അസൂയ തോന്നിയ സന്ദർഭം.

പിന്നെയും കുറെ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്തെ ബാനർജിയുടെ താമസ സ്ഥലത്ത് ഒരു സുഹൃത്തിനൊപ്പം ചെല്ലുമ്പോഴാണ് സൗഹൃദം തുടങ്ങുന്നത്. നിലത്ത് വിരിച്ച പായയിൽ ഒരു ബുക്ക് വായിച്ചു കിടക്കുന്നു. പിടിച്ചെഴുന്നേൽക്കാൻ കൈനീട്ടിക്കൊടുത്തു. ആ കൈയ്യിൽ കൈകൊരുത്ത് പൊട്ടിച്ചിരിച്ചുകൊണ്ടെഴുന്നേറ്റു. ആ പിടി പിന്നെ വിട്ടിട്ടില്ല. കാലക്രമേണ കൂടുതൽ ദൃഢപ്പെട്ടുവന്നു. പൊട്ടിച്ചിരികളുടെ എണ്ണവും കൂടിക്കൂടി വന്നു. തീരെ ചെറിയൊരു തമാശ കേട്ടാലും നീണ്ടുനില്ക്കുന്ന പൊട്ടിച്ചിരി. കഴിഞ്ഞയാഴ്ച മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് നാലഞ്ചു ദിവസത്തോളം ഒരു കോവിഡ് ആശുപത്രിയിലായിരുന്നു. അപ്പോഴും എന്നും വിളിച്ചു. ആവും വിധം ധൈര്യം പകർന്നു. വിളിച്ചപ്പോഴെല്ലാം തമാശ പറഞ്ഞു ചിരിപ്പിച്ചു. ടെൻഷനടിക്കാതെ പാട്ടുകേട്ടിരിക്കണം – എന്ന് പറഞ്ഞപ്പോഴാണ് – ലോകരെ മുഴുവൻ പാട്ടുപാടി കേൾപ്പിക്കുന്ന ഒരാളോടാണല്ലോ ഇങ്ങനെ പറയുന്നത് എന്ന കാര്യമോർക്കുന്നത്. ആ ചിന്ത എടുത്തു പറയുമ്പോഴും കേട്ടു നീളൻ ചിരി. നുമോണിയ ബാധിച്ചു എന്ന് ആദർശ് ചിറ്റാർ പറഞ്ഞതിനു ശേഷമാണ് പിറ്റേന്ന് വിളിക്കുന്നത്. നല്ല ചുമയുണ്ടായിരുന്നു. കേട്ടിട്ട് സഹിച്ചില്ല. എനിക്കു ശേഷം വന്നവരെല്ലാം ഡിസ്ചാർജ്ജായി പോയിചേട്ടാന്ന് ആശങ്കപ്പെട്ടു. ചിലരുടെ കാര്യത്തിലിങ്ങനെയാണ് , മാറാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ബോധപൂർവം എന്തോ തമാശ പറഞ്ഞു. ചിരിയും ചുമയും കുഴഞ്ഞാണ് കേട്ടത്. ചുമ കൂടുന്നല്ലോ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് സംസാരമവസാനിപ്പിച്ചു. ആധിതോന്നിത്തുടങ്ങി. പിന്നെ വിളിച്ചില്ല. ആദർശിനെ വിളിച്ച് വിവരമറിഞ്ഞു കൊണ്ടിരുന്നു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയപ്പോൾ ആരോഗ്യമന്ത്രിയുടെയും സാംസ്കാരിക മന്ത്രിയുടെയും ഓഫീസുകളിൽ നിന്നുള്ള ഇടപെടൽ സാധ്യമാക്കി. സംസ്ഥാനത്തിന് വേണ്ടപ്പെട്ട പ്രതിഭയാണെന്ന ബോധ്യവും ശ്രദ്ധയും അതുവഴി അവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവാം. എന്നിട്ടും പക്ഷെ തിരിച്ചുകിട്ടിയില്ല ആളിനെ നമുക്ക്.

ഒറ്റ സിനിമാപ്പാട്ടുപോലും പാടിയിട്ടില്ല. നാടക ഗാനങ്ങളില്ല. ലളിത ഗാനങ്ങളോ വിപ്ലവ ഗാനങ്ങളോ ഭക്തി ഗാനങ്ങളോ പാടിയിട്ടില്ല. നൂറുകണക്കിന് ഗായകർ പാടുന്ന ചില നാടൻ പാട്ടുകൾ ബാനർജിയും പാടി എന്നേയുള്ളൂ. എന്നിട്ടും സി.ജെ.കുട്ടപ്പനും കലാഭവൻ മണിക്കും ശേഷം ഇത്രയ്ക്ക് അഗാധ സ്വാധീനം ഈ ഗായകന് മാത്രം മലയാളിയിലുണ്ടായതെന്താവാം? അത് പാട്ടിനോടുള്ള അദ്ദേഹത്തിന്റെ വേറിട്ട സമീപനം കൊണ്ടാണ്. ഓരോ വരികളോടും പുലർത്തുന്ന നീതിപൂർവ്വമായ അവതരണശ്രദ്ധ കൊണ്ടാണ്. ഏതോ അപ്പനപ്പൂപ്പന്റേത് എന്ന് അനുഭവിപ്പിക്കുന്ന ഏറെ പുരാതനമെന്നു തോന്നിപ്പിക്കുന്ന തൊണ്ടയുടെ പ്രത്യേകതകൊണ്ടുമാണ്. പാട്ടിന്റെ ഉള്ളറിഞ്ഞ് സൂക്ഷ്മമായി ഇടപെടുന്ന ഒരു രീതിയാണ് അദ്ദേഹം പുലർത്തിയത് എന്ന് പാടിയ ഓരോ പാട്ടും ശ്രദ്ധിച്ചാൽ മനസ്സിലാവും.

ഒരു സിനിമാപ്പാട്ടു പഠിക്കലും നാടൻ പാട്ടു പഠിക്കലും ഏറെ വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണ്. ഇതുരണ്ടും ഉടലെടുത്ത പശ്ചാത്തലം തീർത്തും വെവ്വേറെയാണ്. വലിയ കവികളുടേതടക്കം കവിതകൾ തന്നെയായ വരികൾ സിനിമാ ഗാനങ്ങളിലുണ്ടെങ്കിലും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ജീവിത സന്ദർഭങ്ങൾക്ക്‌ വേണ്ടി തയ്യാർ ചെയ്തവയാണവ. നാടൻ പാട്ടുകളുടെ ഉത്ഭവത്തിന്റെ കാരണവും സാഹചര്യവും മറ്റൊന്നാണ്. ഉണ്ടാക്കിയതല്ല ഊറിവന്നതാണത്. അതിന്റെ രാഷ്ട്രീയം മറ്റൊന്നാണ്. അക്ഷരം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ചരിത്രം പകർത്തിവെക്കലാണത്. ആ അർത്ഥത്തിൽ എഴുതപ്പെടാതെ പോയ ചരിത്ര പുസ്തകത്തിന്റെ താളുകളാണ് ഓരോ പാട്ടും. സംഗീതത്തിന്റെ അലമാരിയിലല്ല സാഹിത്യത്തിന്റെ അലമാരിയിലാണ് അവ ഇരിക്കേണ്ടത്.
‘തലമുറ തലമുറ കൈമാറി ‘ എന്ന പ്രയോഗം അന്വർത്ഥമാകുന്ന സംഗതി കൂടിയാണിത്. ‘കൈ’മാറി എന്നത് തിരുത്തേണ്ടിവരും. ഓരോ തലമുറയും കൊരവള്ളിയിൽ നിന്ന് കൊരവള്ളിയിലേക്കാണ് ആ അനുഭവ ലോകം പകർന്നിട്ടുള്ളത്. വേദിയിലെ താളമേളക്കൊഴുപ്പിനിടയിലോ, സദസ്സിലെ ജനക്കൂട്ടച്ചോടുവെയ്പ്പി നിടയിലോ നാടൻ പാട്ടിന്റെ ഈ സൂക്ഷ്മാംശം മറന്നുപോയിട്ടില്ല ബാനർജി എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് മഹാനായ ആ പാട്ടുകാരന്റെ സ്വരമുയരുമ്പോഴെല്ലാം ഏറെ പഴയൊരു കരണ്ടില്ലാക്കാലത്തെ അന്തിക്കൂരാപ്പിന് അതിവിശാലമായിക്കിടക്കുന്ന പാടത്തിന്റെ നടുവരമ്പിൽ നിന്നുകൊണ്ട് ആരോ നൊന്തു പാടുന്നു എന്ന തോന്നൽ കേൾവിക്കാരിലുണ്ടായത്.

കാണാതെ പഠിച്ചാൽ ആർക്കും പാടാവുന്ന ഒന്ന് എന്നതിനപ്പുറം ആ വരികളിലെ കാലത്തെയും ചരിത്രത്തെയും അനുഭവ ലോകത്തെയും അടിമാവസ്ഥയേയും പൂർവ്വികമുഖങ്ങളേയുമെല്ലാം കണ്ടുകണ്ടു പാടിപ്പൊലിപ്പിക്കേണ്ട ഒന്നാണ് നാടൻ പാട്ട് എന്ന വലിയ പാഠമാണ് ബാനർജി മുന്നോട്ട് വെച്ചിട്ടുള്ളത് . കാണാതെ പാടേണ്ടതല്ല കണ്ടുകണ്ട് പാടേണ്ടതാണവ എന്ന സൂക്ഷ്മപാഠം. പുതിയ കാലത്തെ ഒരു പാട്ടും ഉദാഹരണമായി പറയാം. സത്യൻ കോമല്ലൂരിന്റെ താരകപ്പെണ്ണാളേ എന്ന പാട്ട്. നൂറ് കണക്കിന് ഇതര ഗായകർ പാടിവരുന്നതുപോലെയോ, യൂട്യൂബ് ആൽബങ്ങളിൽ നമ്മൾ കേൾക്കുന്നതുപോലെയോ അല്ല സി.ഡി.യിൽ ബാനർജി അത് പാടിയിരിക്കുന്നത്. എനിക്കാ വരികൾ കണ്ടപ്പോൾ അങ്ങനെ പാടാനാണ് തോന്നിയത് എന്ന് അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞു. അതെ, ആളുടെ ആത്മാവിഷ്കാരം അനുകരിക്കാൻ പ്രയാസമാണ്.
തീർച്ചയായും ഇത്രയും ഗൗരവത്തോടെ പാട്ടുകളിലേക്ക് പ്രവേശിക്കുന്ന മറ്റ് ചില ഗായകരും നമുക്കുണ്ട്. അവരെ മറക്കുന്നില്ല.

പാട്ടുകളുടെ കാര്യത്തിൽ പുലർത്തിയ സൂക്ഷ്മത വരയിലും ശില്പത്തിലും പാലിച്ചിട്ടുണ്ട് ബാനർജി. കാരിക്കേച്ചർ വര വലിയ അപകടം പിടിച്ചവര തന്നെയാണ്. ഒരാളിനെ ഏതാണ്ട് വികൃതമാക്കിത്തന്നെ വരയ്ക്കുകയും എന്നാൽ നൂറുശതമാനവും ആ ആൾതന്നെയായി കാഴ്ചക്കാർക്ക് തോന്നുകയും വേണം. കണ്ണോ മൂക്കോ ചെവിയോ ചുണ്ടോ ഒന്നും അങ്ങനെ തന്നെ വരയ്ക്കപ്പെടുന്നില്ല. അവയെല്ലാം തമ്മിലെ അനുപാതവും പാലിക്കപ്പെടുന്നില്ല. എന്നാൽ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയിലെപ്പോലെ തന്നെ ആളെ പ്രതിഫലിപ്പിക്കുകയും മാനെറിസം നഷ്ടമാകാതിരിക്കുകയും വേണം. ഈ വെല്ലുവിളിയിലും ഈസിയായി വിജയിച്ചു ഈ പ്രതിഭ. നമ്മുടെയെല്ലാം കണ്ണുതെള്ളിച്ച എത്ര കാരിക്കേച്ചറുകളാണ് വരച്ചത്. പൊക്കുടൻ ചേട്ടനെ വരച്ചത് ലോക ഹിറ്റായതും കണ്ടു. എന്നെയും വരച്ച് സമ്മാനിച്ചു. തൂവാനവും ചുരുട്ടിപ്പിടിച്ചു നില്ക്കുന്നു. സഞ്ചിനിലത്തുമുട്ടിയിഴയുന്നു. ഏപ്രിലിൽ ഡാനിയേൽ കലൂയ ഓസ്കാർ ജേതാവായപ്പോൾ അദ്ദേഹത്തിന്റെ കാരിക്കേച്ചറും വരച്ചു. ഇടതു കൈമുട്ടിലെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുമ്പോഴാണ് അത് വരക്കുന്നത്. അതായത് ഒരൊറ്റക്കൈവര. ആ സ്വാതന്ത്ര്യമില്ലായ്മ ആ വരയിൽ പ്രതിഫലിച്ചിട്ടുമുണ്ട്.

കുട്ടികൾക്കുള്ള ചിത്രം വരക്കുന്നതിൽ അസാമാന്യ പാടവമാണ് ബാനർജിക്കുള്ളത്. നിരവധി ചിത്രങ്ങളിലൂടെ ആർക്കും അത് ബോധ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾ മാത്രം താമസിക്കുന്ന ഒരു ഗ്രഹം വേറെയുണ്ടോ എന്നു തോന്നിപ്പോകും അതു നോക്കിയിരിക്കുമ്പോൾ . പരിസരവും പ്രകൃതിയുമെല്ലാം കുട്ടിത്തം നിറഞ്ഞത്. ‘അംബേദ്കറും കുട്ടികളും’ എന്നൊരു പ്രോജക്ട് ഇടയ്ക്കാരോ സ്റ്റാർട്ട് ചെയ്തിരുന്നു. അതിനുവേണ്ടിയും ചില വരകൾ തുടങ്ങിയിരുന്നു. വലിയ രാഷ്ട്രീയ – സാമൂഹ്യ പ്രാധാന്യമുള്ള ആ പ്രോജക്ട് മുടങ്ങിയത് ബാനർജിയെ മാത്രമല്ല എന്നെപ്പോലെ പലരെയും വലിയ അളവിൽ നിരാശപ്പെടുത്തി. കൃത്യമായത് നടന്നിരുന്നെങ്കിൽ ഒരു പക്ഷെ ബാനർജിയുടെ ഏറ്റവും വലിയ സാംസ്കാരിക സംഭാവനയായി ചരിത്രമതിനെ വിലയിരുത്തിയേനെ എന്നു തോന്നുന്നു. ഇന്ത്യൻ കുട്ടികളിൽ വേണ്ട അളവിൽ അംബേദ്കറില്ല. കുട്ടികളിലെ അംബേദ്കറില്ലായ്മ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ കൂടുതൽ അപകടപ്പെടുത്തുക തന്നെ ചെയ്യും. അവിടെയാണ് അംബേദ്കർ ചിത്രകഥയുടെ വലിയ പ്രസക്തി. ബാനർജിയുടെ വരയായിരുന്നു കുട്ടിയിന്ത്യക്ക് ഏറ്റവും ഇഷ്ടപ്പെടുമായിരുന്നത് എന്നതാണ് നഷ്ടം. അധ്യാപക സമൂഹം പോലും അംബേദ്കറെന്ന സാമൂഹ്യപാഠപുസ്തകം വായിക്കുന്നില്ല വേണ്ടവണ്ണം. അതുകൊണ്ടാണ് സ്കൂൾ കലോത്സവ ഘോഷയാത്രകളിൽ ഗാന്ധിയും നെഹ്രുവുമടക്കം മറ്റെല്ലാ ദേശീയ നേതാക്കളും ആവർത്തിക്കുമ്പോൾ അംബേദ്കർ രൂപം മാത്രം കാണാത്തത്. ഈ വിഷയത്തിൽ എനിക്കൊരു ഉമ്പ്രിക്കവിതയുണ്ട്.

മകൻ ഓസ്കാറിന് കളിക്കാൻ ക്ലേയിൽ ഒരാപ്പിളുണ്ടാക്കിക്കൊടുത്തിട്ടുണ്ട് ബാനർജി. യഥാർത്ഥ ആപ്പിൾ തോറ്റുപോകുന്ന ഒന്ന്. ഏതുകാര്യത്തിലും ആൾ പുലർത്തുന്ന സൂക്ഷ്മ ശ്രദ്ധയുടെ വമ്പൻ ഉദാഹരണമാണ് ആ കുഞ്ഞാപ്പിൾ.
മകന് ആദ്യം നിശ്ചയിച്ച പേര് രാവൺ എന്നായിരുന്നു. മറ്റുപലരോടുമെന്ന പോലെ എന്നോടും അക്കാര്യം പങ്കുവെച്ചിരുന്നു. കുഞ്ഞിന് രാവൺ എന്ന് പേരിടാൻ തീരുമാനിക്കുമ്പോൾ രാമൻ എന്ന് ഇടാതിരിക്കാനും തീരുമാനിക്കുന്നു എന്നാണല്ലോ അർത്ഥം. ഈയൊരറ്റക്കാര്യത്തിലുണ്ട് ബാനർജിയുടെ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്നാണെന്റെ അഭിപ്രായം. പക്ഷെ, സ്കൂൾ കാലം മുഴുവൻ സഹപാഠികളാലും ചിലപ്പോൾ അധ്യാപകരാലും കുട്ടി വല്ലാതെ കളിയാക്കപ്പെട്ടേക്കാം, ആ തുടർ സംഘർഷം ആളുടെ വ്യക്തിത്വത്തെത്തന്നെ ബാധിച്ചേക്കാം എന്ന അഭിപ്രായമാണ് ഈ വിഷയത്തിൽ ഞാൻ പറഞ്ഞത്. ഇക്കാര്യം തന്നെ പലരും സൂചിപ്പിച്ചിരിക്കാം. അങ്ങനെയാണ് ഒടുവിൽ ‘ഓസ്കാർ’ എന്ന ലോക പേര് മകന് വേണ്ടി കണ്ടുപിടിക്കുന്നത്. എപ്പോഴും ആഗോളമായി മാത്രം ചിന്തിക്കുന്ന ഒരാൾ ഈ പേരിലേക്കെത്തുന്നത് ഒരത്ഭുതകാര്യമല്ല.

വരയിൽ തനിക്കുള്ള പ്രാഗത്ഭ്യം സോഷ്യൽ മീഡിയ വഴി ലോകത്തെ ബോധ്യപ്പെടുത്താൻ ബാനർജിക്ക് കഴിഞ്ഞിട്ടുണ്ട്. ഡിജിറ്റൽ വരയാണോ എന്ന് നമ്മിൽ പലർക്കും സംശയം തോന്നിയ പല അതിശയ വരകളും നേരിട്ട് പേപ്പറിൽ ചെയ്തവ തന്നെയാണ്. അദ്ദേഹത്തിന്റെ എല്ലാ കാരിക്കേച്ചറുകളും ഇതര വരകളും സോഷ്യൽ മീഡിയ ഉത്സവാവേശത്തോടെ കൊണ്ടാടി. എന്നിട്ടും പത്രമാസികാ സ്ഥാപനങ്ങളൊന്നും അദ്ദേഹത്തിലേക്കെത്തിയില്ല. മറ്റ് പലരുടെയും കാര്യത്തിൽ മറിച്ച് സംഭവിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിലൂടെ വര വെളിപ്പെടുത്തിയ പലരും ഇന്ന് പല മാസികകളിലെ ആർടിസ്റ്റുകളായി മാറിയത് നാം കാണുന്നു. ആ അർത്ഥത്തിൽ ബാനർജിയുടെ ശേഷിയെ ഉപയോഗപ്പെടുത്തുന്നതിൽ മലയാളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. ബാനർജിയുടേതല്ല ആ പരാജയം.

ശില്പി എന്ന നിലയിലെ ആളിന്റെ ശേഷിയേയും ഉപയോഗപ്പെടുത്താൻ കേരളത്തിനായിട്ടില്ല. ഒരേയൊരു ശില്പമാണ് ചെയ്യാൻ സാധിച്ചിട്ടുള്ളത്. തിരുവനന്തപുരം കോളിയൂർ-വവ്വാമൂലയിൽ സ്ഥാപിച്ചിട്ടുള്ള അയ്യങ്കാളി പ്രതിമ. വലിയ പ്രത്യേകതയുള്ള വർക്കാണത്. കേരളത്തിലിപ്പോൾ നൂറുകണക്കിന് അയ്യങ്കാളി പ്രതിമകൾ നമ്മൾ കാണുന്നുണ്ട്. മിക്കതും ആ നവോത്ഥാന പ്രധാനിയോട് നീതി പുലർത്തുന്നില്ലെന്ന് അവ ശ്രദ്ധിക്കുന്ന ആർക്കും ബോധ്യം വരും. ആരൊക്കെയോ പണി പഠിച്ചതാണ് പലതും എന്നതുറപ്പാണ്. നാരായണ ഗുരു ശില്പങ്ങൾ അങ്ങനെയല്ല. ആളുമാറാതെ ആത്മാവു ചോരാതെ പ്രതിമ ചെയ്യാൻ കഴിയുന്ന വിദഗ്ധ ശില്പികളെ കണ്ടെത്തി പണിയിച്ചിരിക്കുന്നതാണ് അവയെല്ലാം. അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല സംഘാടകരാരും. മന്നത്തു പദ്മനാഭ പ്രതിമകളും യേശുക്രിസ്തുവിന്റെയും ഇതര ബൈബിൾ വ്യക്തിത്വങ്ങളുടെയും പ്രതിമകളും കേരളത്തിലെമ്പാടും നിലവാരം കാത്തുസൂക്ഷിച്ച് തന്നെയാണ് ചെയ്തിരിക്കുന്നത്. അയ്യങ്കാളി പ്രതിമകൾ മാത്രമാണെന്ന് തോന്നുന്നു വ്യാപകമായി പാളിപ്പോയിട്ടുള്ളത്. ബാനർജിയുടെ അയ്യങ്കാളി പക്ഷെ അങ്ങനെയല്ല. ഉന്നത നിലവാരത്തിലുള്ള ഒരു ശില്പമാണത്. ആളുമാറാത്ത ആത്മാവു ചോരാത്ത സൃഷ്ടി. അതിന്റെ ഉള്ളിലൊരു ഹൃദയം മിടിക്കുന്നതായി നമുക്ക് തോന്നും കണ്ടുനില്ക്കുമ്പോൾ. ആ മഹാത്മാവിന്റെ മനസ്സ് അഥവാ കലുഷിത മാനസികാവസ്ഥ മുഖത്ത് പ്രകടമാകുന്നതാണ് ശില്പിയുടെ ലക്ഷ്യമെന്നത് വ്യക്തമാണ്. അക്കാര്യത്തിലാണ് ശില്പിയെന്ന നിലയിൽ തന്റെ മറ്റൊരു വിജയം ചരിത്രത്തിൽ ബാനർജി രേഖപ്പെടുത്തിയിരിക്കുന്നത്. ആ പ്രതിമയുടെ ‘സന്ധിയില്ലാത്ത സമരോർജ്ജമാളുന്ന നോട്ടം’ കേരളം ശ്രദ്ധിക്കേണ്ട നോട്ടമാണെന്നു കൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ബാനർജിയെന്ന മഹാമനുഷ്യൻ ചെയ്ത ഏക ശില്പമെന്ന നിലയിൽ കൂടുതൽ രാഷ്ട്രീയ പ്രാധാന്യം ആ വവ്വാമൂല പ്രതിമക്ക് വരുന്നുണ്ടിനി. വെളിമ്പ്രദേശത്തുനിന്ന് ഏതെങ്കിലും മുറ്റത്തേക്കോ കെട്ടിടത്തിനുള്ളിലേക്കോ അത് മാറ്റി സ്ഥാപിക്കുകയാണ് ഇനി വേണ്ടത്. റോഡിനോട് വളരെ ചേർന്നു തന്നെയായതിനാൽ എക്കാലവും അവിടെയത് സുരക്ഷിതമാണോ എന്നൊരാശങ്ക ഇപ്പോൾ തോന്നുന്നുണ്ട്.

പാട്ടുകാരനെന്നതിനേക്കാൾ ഒരു ചിത്രകാരനോ ശില്പിയോ ആയി അറിയപ്പെടാനുള്ള ആഗ്രഹം പല വേദികളിലും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. പാട്ടുപോലെതന്നെ ചിത്രത്തിലും ശില്പത്തിലുമുളള അദ്ദേഹത്തിന്റെ ഉയർന്ന ആത്മവിശ്വാസമാണ് ഈ വാക്കുകളിലുള്ളത്. കോവിഡുണ്ടാക്കിയ അടഞ്ഞ ലോകാവസ്ഥ തന്നെയാണ് ആ ആഗ്രഹ സഫലീകരണം സാധ്യമാക്കുന്നതിൽ പ്രധാന തടസ്സമായത് എന്നു കരുതാം നമുക്ക്.

നമ്മിലെ ഏക ക്രൗഡ്പുള്ളറായിരുന്നു ബാനർജി എന്ന് നാടക നടൻ പ്രിയരാജ് ഭരതനിപ്പോൾ വിശേഷിപ്പിച്ചു കണ്ടു. വാസ്തവമാണത്. ഒരിക്കൽ ഞാനും പങ്കെടുത്ത ഒരു സാംസ്കാരിക സമ്മേളനത്തിനു ശേഷം ഒരു ടീമിന്റെ നാടൻ പാട്ട് തുടങ്ങി. ആളുകളിൽ ആവേശമുണ്ടാക്കുന്നതിൽ അവർ പരാജയമായി. പെട്ടെന്നു തന്നെ കേൾവിക്കാരുടെ എണ്ണം തീരെ കുറഞ്ഞു. അഞ്ചാറ് കിലോമീറ്ററിനപ്പുറം ബാനർജിയുടെ പാട്ടുണ്ട് എന്ന വാർത്ത പരന്നതാണ് കാരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊപ്പം അവിടേക്ക് ഞാനും ചെന്നു. വിശാലമായ ഗ്രൗണ്ട്, അതു നിറയെ ആളുകൾ. ഏറ്റവും പുറകിലായി ഞാനും നിന്നു. ബാനർജി സംസാരിച്ചു തുടങ്ങുന്നു. മത്തായിയും ഒപ്പമുണ്ട്. അവർ പാട്ടു തുടങ്ങുകയാണ്. അത്രയും ദൂരെ നിന്നിട്ടും സഞ്ചിയും വേഷവുമൊക്കെക്കൊണ്ടാവാം എന്നെയും ബാനർജി തിരിച്ചറിയുന്നു. രാജേഷേട്ടാന്ന് മൈക്കിലൂടെയൊരു വിളി മുഴങ്ങുന്നു. ഞാനന്തം വിട്ടുനിന്നു. വേദിയിൽ നില്ക്കുമ്പോൾ പരിചയമുള്ളവരെയൊക്കെ തിരിച്ചറിഞ്ഞ് വിളിച്ചഭിവാദ്യം ചെയ്യുന്ന രീതി ആളുടെ മറ്റൊരു പ്രത്യേകതയാണ്. സുതാര്യമായ ഒരു ഹൃദയത്തിൽ നിന്നേ അത്തരം വിളീംപറച്ചിലും പുറപ്പെടൂ. അവർ പാട്ടുതുടങ്ങുന്നു. അവിടെമാകെയൊരു വൈദ്യുതി പ്രവാഹം സംഭവിക്കുന്നു. ഒരു നാട് മുഴുവൻ ഇളകിമറിയുകയാണ്. ആണുങ്ങൾ മാത്രമല്ല അവരുടെ അമ്മമാരും ചുവടുവെക്കുകയാണ്. കോഡ്ലെസ്സ് മൈക്കുമായി ജന മധ്യത്തിലൂടെ നീങ്ങി പെൺകുട്ടികളോടും പാടാനും ആടാനും ആഹ്വാനം ചെയ്യുകയാണ് ബാനർജി. അവരുടെയെല്ലാം ആരാധ്യ വ്യക്തിത്വം അടുത്തു ചെന്നുപറയുമ്പോൾ എങ്ങനെ അതനുസരിക്കാതിരിക്കും. അനേകം പെൺകുട്ടികളും എഴുന്നേറ്റു നിന്നിപ്പോൾ നൃത്തം ചെയ്യുകയാണ്. അവരുടെ ആങ്ങളമാർ വിലക്കുന്നില്ല. അതാണ് ബാനർജി ഓരോ കുടുംബങ്ങളിലും നേടിയിട്ടുള്ള ആധികാരിക സ്വാധീനം . അത്ഭുതകരമായ ആ പരിപാടിയുടെ ഓർമ്മ ഇപ്പോഴുമുള്ളിൽ ഓളമുണ്ടാക്കുന്നു.

ക്രൗഡ് പുള്ളറെന്ന് പ്രിയരാജ് പറഞ്ഞത് വളരെ ശരിയാണ്. മഹാനായ ആ ഗായകന്റെ കരിസ്മ മലയാളത്തിന്റെ നാടൻ പാട്ട് മേഖലയിൽ മറ്റാർക്കെങ്കിലുമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് എന്റെ സത്യസന്ധമായ നിരീക്ഷണം. ഇതിഹാസ ഗായകനെന്ന് ഉറപ്പായും വിളിക്കാവുന്ന തൊണ്ടക്കാരൻ. അദ്ദേഹത്തിന്റെ വിയോഗത്തിന് ആഴ്ചയൊന്നായിട്ടും തളർച്ച മാറാത്ത തേങ്ങൽ മാറാത്ത ആയിരങ്ങളിലൂടെ സോഷ്യൽ മീഡിയ അത് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മകനെപ്പോലെ തന്നെ ബാനർജിയെ കണ്ട , വേദിയിലെ അയാളിൽ നിന്നു പുറപ്പെടും വിദ്യുത് തിരമാലകളിൽ പെട്ട് ചോടുവെച്ച ആയിരങ്ങളായ അമ്മമാർ സോഷ്യൽ മീഡിയക്ക് പുറത്താണ്. ആരാധ്യനായ ആങ്ങളയായി ആളെനോക്കിക്കണ്ട അനേകം പെൺകുട്ടികളുടെ തേങ്ങൽ വെളിപ്പെടാതെയും രേഖപ്പെടുത്തപ്പെടാതെയും പോകുന്നു എന്നതും നമ്മളിപ്പോൾ കൂട്ടിവായിക്കണം. ആഘാതം വളരെ വലുതാണ്. വ്യക്തികളെയല്ല എണ്ണമറ്റ വീടുകളെ മുക്കിക്കളഞ്ഞ, തിരിച്ചിറങ്ങാതെ തങ്ങി നില്ക്കുന്ന വൻ സങ്കടത്തിരകളെയാണ് ആ ഭൂചലനം സൃഷ്ടിച്ചിരിക്കുന്നത്.
അതിനുശേഷമിതുവരെ എന്റമ്മ എന്നെയോ ഞാനമ്മയേയോ ഫോൺ ചെയ്തിട്ടില്ല. കഴിയുന്നില്ല എന്നതാണ് കാര്യം. ഇതുതന്നെയാവാം പല കുടുംബങ്ങളിലെയും അവസ്ഥ എന്ന് തിരിച്ചറിയുന്നു.

അന്ന് വെളുപ്പിന് നാലരക്കു ശേഷം ആദർശ് ചിറ്റാറിന്റെ കോൾ വരുന്നു. ഫോണെടുത്തു നോക്കിയെങ്കിലും പാമ്പിനെ കണ്ട് ഭയന്നപോലെ ആ ബെല്ലുനോക്കിയിരുന്നു. അസമയത്തെ ആ വിളിയുടെ അർത്ഥം ഊഹിച്ചു. ആദർശ് വീണ്ടും വീണ്ടും വിളിച്ചു. എനിക്കത് കേൾക്കാൻ വയ്യ. അതുകൊണ്ടെടുത്തില്ല. പിന്നാലെ ബാനർജിയുടെ ചേട്ടൻ ആസാദിന്റെ വിളിവരുന്നു. പ്രദീപ് പാണ്ടനാടിന്റെ വിളി വരുന്നു. ജിജോ സോമൻ വിളിക്കുന്നു. അനിയൻ സുമേഷിന്റേതടക്കം പലരുടെയും വിളി തുടർന്നു വരുന്നു. പേരില്ലാത്ത നമ്പരുകൾ തെളിയുന്നു. ഒന്നും എടുക്കാൻ തോന്നിയില്ല. ആരെയുമിതുവരെ തിരിച്ചു വിളിക്കാനും കഴിഞ്ഞിട്ടില്ല. എത്ര ദുർബലൻ എന്ന് സ്വയംബോധ്യപ്പെട്ട സന്ദർഭം.

വ്യക്തിനഷ്ടത്തിലുപരി, സംഭവിച്ചിരിക്കുന്ന സാമൂഹ്യ- രാഷ്ട്രീയ നഷ്ടമാണ് എന്നെയും നിങ്ങളെയും ഇത്രക്ക് ഉലച്ചിരിക്കുന്നത്. ഒരു അനുസ്മരണ പരിപാടിയിൽ, എന്നെ മനുഷ്യനാക്കിയ ആൾ എന്നൊരു സുഹൃത്ത് വിശേഷിപ്പിക്കുന്നതു കണ്ടു. തുടക്കു മുകളിൽ കൈലി മടക്കിക്കുത്തി നടന്ന എന്നെ വസ്ത്രമര്യാദ പഠിപ്പിച്ചത് അണ്ണനായിരുന്നു എന്നു വിശദീകരിക്കുന്നത് കേട്ടത്. തതുല്യമായ അനുഭവങ്ങൾ അനേകം ചെറുപ്പക്കാർ കുറിച്ചിരിക്കുന്നു. ഇതൊരു നിസ്സാര ഇടപെടലല്ല. സാമൂഹ്യ പരിഷ്കരണം എന്ന തലക്കെട്ടിന് കീഴിൽത്തന്നെ എഴുതേണ്ട കാര്യമാണിത്.

നവോത്ഥാനമെന്നത് ചരിത്രത്തിൽ നിന്നുപോയ ഒന്നല്ല, വർത്തമാന കാലത്തും പലരിലൂടെയും തുടരുന്ന പ്രക്രിയയാണത് എന്ന് ചരിത്രകാരൻ കെ.കെ.കൊച്ച് ഒരിക്കൽ പറഞ്ഞതാണ് ഞാനിപ്പോൾ ഓർക്കുന്നത്. എത്ര ശരിയാണത്. ഈ വിധം ആരുടെയെല്ലാം ചെറുചെറു നീക്കങ്ങളിലൂടെ അക്കാര്യം സംഭവിച്ചുകൊണ്ടേയിരിക്കുകയാണിവിടെ. മുക്കിൽ നടക്കുന്ന ചെറിയൊരു അടി പോലും ചരിത്രത്തിന്റെ ഭാഗമാണെന്ന് പ്രൊഫ.എം.എൻ.വിജയൻ പറഞ്ഞതും ഓർത്തു പോകുന്നു. ജനങ്ങളിൽ, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ തനിക്കുള്ള സ്വാധീനം തിരിച്ചറിഞ്ഞുള്ള പെരുമാറ്റമായിരുന്നു എപ്പോഴും ബാനർജി നടത്തിയത്. അവരെ പ്രചോദിപ്പിക്കാൻ കാരണമാകുന്ന ഇടപെടലുകൾ. ഇത്രയ്ക്ക് പൊളിറ്റിക്കൽ ക്ലാരിറ്റിയുള്ള മറ്റേതെങ്കിലുമൊരാളെ നാടൻപാട്ടിൽ നിന്ന് ഓർത്തെടുക്കാൻ പെട്ടെന്ന് കഴിയുന്നില്ല.

ബാനർജി പുലർത്തിയ ഡ്രെസ് കോഡിനെപ്പറ്റിയും ചർച്ച ചെയ്യേണ്ടതുണ്ട്. എപ്പോഴും ജീൻസ് ധരിച്ചും ഷർട്ട് ഇൻ ചെയ്തും, ഗംഭീരമായ ഷൂസ് ധരിച്ചും മാത്രമേ അദ്ദേഹത്തെയാരും കണ്ടിട്ടുള്ളൂ. കറുത്ത സ്കിൻ ടോണുകാർ പൊതുവെ ഉപയോഗിക്കാത്ത കടും കളറുകൾ ധീരമായി ബാനർജി ഉപയോഗിച്ചു. അങ്ങനെ പലവേദികളിലായി മഞ്ഞ, പച്ച, ചുവപ്പ്,നീല, കറുപ്പ്, തുടങ്ങിയ ഉടുപ്പുകളോടെ ബാനർജി നിന്നു പാടി. എണ്ണമറ്റ പുതുനാടൻ പാട്ടുകാരെ ഇക്കാര്യം സ്വാധീനിച്ചിട്ടുണ്ടെന്ന് അവരുടെ വേഷവിധാനം നമ്മോടിപ്പോൾ പറയുന്നു. എന്നതുമാത്രമല്ല കൈലിയും ജൂബയും വേദിയിൽ ഉപയോഗിക്കുക എന്ന നാടൻ പാട്ടു സംഘങ്ങളുടെ പൊതു രീതി ബാനർജി അവസാനിപ്പിച്ചു. അദ്ദേഹത്തിന്റെ ‘കനൽ പാട്ടുകൂട്ടം’ വേദിയിലെത്തുന്നത് കാഷ്വൽ ഡ്രെസ്സുകളോടെയാണ്. അവർ കളർഫുള്ളായ വേദികൾ സൃഷ്ടിച്ചു പാടി. ഇതുമൊരു വിപ്ലവം തന്നെയാണ്. ഒരു പക്ഷേ ബാനർജിക്ക് മാത്രം തുടക്കം കുറിക്കാൻ കഴിയുന്നത്. അതിന്റെ തുടർച്ചയാണ് സംഭവിക്കേണ്ടതിനി. വേദിയിലെ ഗായകരെല്ലാരും ചേർന്നു നടത്തുന്ന അങ്ങോട്ടുമിങ്ങോട്ടുമുള്ള ആട്ടം കൂടി അവസാനിപ്പിക്കരുതോ എന്നു ഞാൻ തമാശകലർത്തി ചോദിച്ചിട്ടുണ്ട്. ബോധപൂർവ്വമല്ല, അത്രത്തോളമാ ആട്ടം എല്ലാവരിലും അലിഞ്ഞുചേർന്നിരിക്കുന്നു , അതുകൊണ്ട് ആഗ്രഹിച്ചാലും അത് മാറുമെന്ന് തോന്നുന്നില്ല എന്നായിരുന്നു മറുപടി.

മധു നാരായണൻ എഴുതിയ ‘പാട്ടും പരുന്തക്കെട്ടും’ എന്ന പാട്ടുപോലെയും ഇഞ്ചക്കാട് ബാലചന്ദ്രന്റെ ‘ഗോത്രഗീതങ്ങൾ’ എന്ന പഴയ ആൽബത്തിലെ പല പാട്ടുകൾ പോലെയുമുള്ള രാഷ്ട്രീയ ഗാനങ്ങൾ പാടുന്നതിനെപ്പറ്റി എപ്പോഴും താല്പര്യത്തോടെ സംസാരിച്ചിട്ടുണ്ട്. എസ്.ജോസഫ് , എം.ബി.മനോജ്, രേണുകുമാർ , ബിനു പള്ളിപ്പാട്, വിജില തുടങ്ങിയ കവികളുടെ ചില കവിതകൾ പാട്ടുകളാക്കാനുള്ള പദ്ധതിയും പങ്കുവെച്ചിട്ടുണ്ട്. ‘തോരാ മഴ പോലെഴും പണ്ടത്തെ പോർക്കളമോർമ്മയുണ്ടോ’ എന്ന സത്യൻ കോമല്ലൂരിന്റെ ഈ വിഭാഗത്തിൽ പെടുന്ന പാട്ട് പാടുകയും ചെയ്തു.

ഗിറ്റാർ അടക്കമുള്ള വെസ്റ്റേൺ സംഗീതോപകരണങ്ങൾ ഉപയോഗിച്ച് നാടൻ പാട്ടുകൾ പാടുന്ന ബാൻഡുണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കുറെ വർഷങ്ങൾ കൊണ്ടേ അക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. പക്ഷെ പല കാരണങ്ങളാൽ അത് നടപ്പിലായില്ല. അതിൽ പ്രധാന കാരണം ഫണ്ട് തന്നെയാണെന്നാണ് എന്റെ വിലയിരുത്തൽ. സമൂഹത്തിലെ ഒരു വിഭാഗം മനുഷ്യരെപ്പോലെ ഭൂമിസമ്പത്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അത് പണയപ്പെടുത്തിയെങ്കിലും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഈ മഹാകലാകാരന് സാധിച്ചേനെ. ഇന്ത്യൻ ഭൂമി പക്ഷെ എല്ലാവർക്കും തുല്യമായി വീതിക്കപ്പെട്ടിട്ടുള്ള ഭൂമിയല്ലല്ലോ. ആദ്യ ലോക് ഡൗൺ സമയത്ത് ഒരു മിനി റെക്കോഡിംഗ് സ്റ്റുഡിയോ വീട്ടിൽ തുടങ്ങേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തിരുന്നു. രാജ്യത്തെ മറ്റുപല ഗായകർക്കും അതൊക്കെ സാധിക്കുന്നുണ്ടല്ലോ ഇപ്പോൾ. അതൊക്കെ കാണുമ്പോഴാണ്, ഒരേ രാജ്യത്തെങ്കിലും പല വൻകരകളിൽ താമസിക്കുന്നതുപോലെയുള്ള നിലനില്ക്കുന്ന പരിഹരിക്കപ്പെടാത്ത വൈരുദ്ധ്യം ഉള്ളിൽ തികട്ടിവരുന്നത്.

പുതിയ കാലത്ത് എഴുതപ്പെട്ടിട്ടുള്ള മിക്ക ഗാനങ്ങളും പൈങ്കിളി സ്വഭാവത്തിലുള്ള താണെന്ന വിമർശനം ബാനർജിക്കുണ്ടായിരുന്നു. ദുർബലമായ പ്രണയ ഗാനങ്ങൾ മാത്രമാണുണ്ടാകുന്നത് എന്ന കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ചിലരിപ്പോൾ വിഘ്നേശ്വര ഗാനങ്ങളിലൂടെ പ്രോഗ്രാമുകൾ തുടങ്ങുന്ന രീതിയെയും വിമർശിച്ച് സംസാരിച്ചിട്ടുണ്ട്. ‘അരി അരിയെന്നും തിരി തിരിയെന്നും ‘ എന്നു തുടങ്ങുന്ന പാട്ടിപ്പോൾ പലരും ‘ഹരി ഹരിയെന്നും ‘ എന്ന് തെറ്റിദ്ധരിച്ചോ ബോധപൂർവ്വമോ പാടി പ്രചരിപ്പിക്കുന്ന അവസ്ഥയെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. ‘മേല് കറുത്താണേലും ഞങ്ങടെ ഉള്ള് വെളുത്തിട്ടാ ‘ എന്ന പുതുകാല രചനയിൽ സംഭവിച്ചിട്ടുള്ള രാഷ്ട്രീയ ശരികേട് മറ്റാരേക്കാൾ കൂടുതൽ ബാനർജിയെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട് എന്നതാണ് എന്റെ അനുഭവം. ആ പാട്ട് പാടാറില്ലെന്നും പാടരുതെന്ന് ഒപ്പമുള്ളവരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയമായി ബാനർജി പുലർത്തിയ നിതാന്തജാഗ്രതയാണ് ഈ നിലപാടുകളെല്ലാം വെളിപ്പെടുത്തുന്നത്. പാടാനൊരു പാട്ടു തിരഞ്ഞെടുക്കുമ്പോൾ, പുതുതായൊന്നെഴുതാനിരിക്കുമ്പോൾ ഈ നിലപാടും ജാഗ്രതയും പിന്തുടരാൻ ഇവിടുത്തെ വിശാലമായ നാടൻ പാട്ട് ലോകത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കരുതുകയും ചെയ്യുന്നു. എല്ലാ വാക്കും എല്ലാവരുടേതുമല്ല. അവരവരുടെ ജീവിതാനുഭവങ്ങളോട് തീരെ ബന്ധമില്ലാത്ത വാക്കുകളും ഇമേജുകളും ഉപയോഗിക്കാതിരിക്കാനുള്ള രാഷ്ട്രീയ ബാധ്യത എല്ലാ എഴുത്തുകാർക്കുമുണ്ട്. പൂർവികരുടെ ജീവിതാനുഭങ്ങളെക്കൂടി സ്വന്തം ജീവിതാനുഭവത്തോട് ചേർത്തുപിടിക്കാനുള്ള ഉണർവും തിരിച്ചറിവും ഉണ്ടാകുകയും വേണം. അമ്മൂമ്മയെന്നും അപ്പൂപ്പനുമെന്നാണ് വിളിച്ചിട്ടുള്ളതെങ്കിൽ അങ്ങനെ തന്നെ എഴുതിവെക്കാനും മുത്തശ്ശി – മുത്തശ്ശനെന്ന് എഴുതാതിരിക്കുകയും ചെയ്യുന്നതാണ് ചരിത്രനീതി. ആ നൈതികതയാണ് എപ്പോഴും ഉള്ളിലെരിഞ്ഞു നില്ക്കേണ്ടത്. അത് മറന്നാൽ കള്ളത്തൊണ്ടയിൽ പാടുന്നതു പോലെയുള്ള കുറ്റകൃത്യമാകുക തന്നെ ചെയ്യും. പറയുന്നത് ബാനർജിയെപ്പറ്റിയായതു കൊണ്ടാണ് ഇത്തരം നിരീക്ഷണങ്ങൾ കൂട്ടിചേർക്കാൻ കഴിയുന്നതെന്ന നല്ല ബോധ്യം എനിക്കുണ്ട്.
അനേക വർഷങ്ങളായുള്ള അടുപ്പത്തിനിടയിൽ പാട്ടെഴുതിക്കൊടുക്കാൻ പലതവണ പറഞ്ഞിട്ടും എഴുതിക്കൊടുക്കാൻ ഞാൻ ശ്രദ്ധിച്ചില്ല. പിന്നീടാകട്ടെ എന്ന് വിചാരിച്ച് അക്കാര്യം നീട്ടി വെച്ചു. ഇപ്പോൾ വലിയ വിഷമം ഞാനനുഭവിക്കുന്നു. കഴിഞ്ഞ വർഷം ഇതേ നാളുകളിൽ ഞങ്ങളൊന്നിച്ചൊരു ക്രിയേഷന്റെ പണിപ്പുരയിൽ വലിയ ആനന്ദത്തോടെ ഇടപെടുകയായിരുന്നു. കവി ബിനു പള്ളിപ്പാടും ചിത്രകാരൻ വില്യംസ് പായിപ്പാടും ഒപ്പമുണ്ടായിരുന്നു. പ്ലാൻ ചെയ്തപോലെ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും, ‘നക്ഷത്രപ്പെണ്ണുങ്ങൾ ‘ എന്ന കാൽ നൂറ്റാണ്ട് മുമ്പു ഞാനെഴുതിയ പാട്ട് റിലീസായി. പ്രിയ ബാനർജിയുടെ സ്വരത്തിൽ. തുടർന്നുണ്ടായ ആവേശത്തിൽ മറ്റുചില പഴയ എഴുത്തുകളും ഓർത്തെടുത്തു വൃത്തിയാക്കി. അതിൽ ഒന്നുരണ്ടെണ്ണം പാടാൻ വലിയ ഉത്സാഹം ബാനർജി കാണിച്ചു. പക്ഷെ എന്റെ ഉഴപ്പുകാരണം ഒന്നും സാധ്യമായില്ല.

‘ആമിന’ എന്ന അടുത്ത കാലത്തെഴുതിയ സ്കൂളനുഭവങ്ങളുടെ കവിതക്കു വേണ്ടി വരയ്ക്കാൻ ബാനർജിയെ ഏല്പിച്ചു. ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസ്സ് ടീച്ചർമാരെ വരയ്ക്കണം. അതിൽ 3 പേരെ വരച്ചത് അയച്ചു തന്നു. അപ്പോഴേക്കും ആൾക്ക് മറ്റെന്തോ വലിയ വർക്കുവന്നു. അതൊക്കെ തീർത്തിട്ട് സ്വസ്ഥമായി ബാക്കി ചെയ്താൽ മതി എന്ന് ഞാനും സ്നേഹപ്പെട്ടു. റെക്കോഡിംഗ് കഴിഞ്ഞ ആ കവിതയിനി എന്തുചെയ്യുമെന്നാണ്. ‘ആന’ കവിത വരച്ചു റിലീസ് ചെയ്യാനുള്ള പദ്ധതിയും ഞങ്ങളിട്ടിരുന്നു. ബാനർജി വരയ്ക്കുന്ന അമ്മയാനയും കുട്ടിയാനയും കൊമ്പനാനയും ആ കവിതയോടൊപ്പം ലഭിക്കുന്ന മികച്ച കാഴ്ചാനുഭവമായി മാറിയേനെ.
നടന്നില്ലതും.
വേദന.
വേദന മാത്രം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here