ന്യൂനകോണുകൾ..!!

1
740
athmaonline-story-ks-ratheesh-thumbnail

കെ എസ് രതീഷ്

ഡോക്ടർ ആർഷ എന്നെ കെട്ടിപ്പിടിക്കുന്നതും അവളുടെ ക്യാബിനിലേക്ക് നിർബന്ധിച്ചു കയറ്റുന്നതും ആശുപത്രി വരാന്തയിലെ സകലരും കണ്ടിരുന്നു. അതുമാത്രമല്ല, ഇപ്പൊ വരാമെന്നു പറഞ്ഞ് ശുചിമുറിയിൽ കയറിയിട്ട് കുറച്ച് നേരമായി. അകത്ത് ബക്കറ്റിലേക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ടെങ്കിലും അവളുടെ വിതുമ്പലുകൾ ഇടയ്ക്കിടെ എനിക്ക് കേൾക്കാം..

എന്റെ അമ്മ, വൈകുന്നേരത്തെ ചായയും കാത്ത് വാർഡിൽ കിടക്കുന്നുണ്ട്. എന്റെ ഈ പാതിചത്ത അവസ്ഥയ്ക്ക് ഇവളും ഒരു കാരണമാണ്. എനിക്കാകെയുള്ളത് അമ്മയും, അമ്മയ്ക്ക് ഞാനും. ഇവരൊക്കെ വലിയ ആളുകൾ, ഞങ്ങള് ഭയന്നു തന്നെ ജീവിക്കണം. നോക്കൂ, ഈ വലതു കൈയിലെ രണ്ട് വിരലുകൾ, ഞാനുണ്ടാക്കിയ സർട്ടിഫിക്കറ്റുകൾ, എന്റെ കവിതകൾ, എല്ലാമെനിക്ക് നഷ്ടമായ ആ നശിച്ച രാത്രിയിലെ സംഭവങ്ങൾ സംവിധാനം ചെയ്തത്, അകത്തിരുന്ന് കരയുന്ന ഡോക്ടറുപെണ്ണിന്റെ വീട്ടുകാരാണ്. ഒരിക്കൽ അവരെയെല്ലാം കൊന്ന്, എന്റെ പ്രതികാരം തീർക്കുന്ന സ്വപ്നങ്ങളാണ് ഞാനീ ജീവിതത്തിൽ ആവർത്തിച്ചു കണ്ടിട്ടുള്ളത്.

ചെമ്മീൻ കയറ്റിവിടുന്ന കമ്പനിയിലെ ഒരു പണിക്കാരിയായിരുന്നു എന്റെ അമ്മ. എനിക്ക് ബി. എഡ് കിട്ടിയപ്പോൾ അമ്മയ്ക്ക് അവിടുത്തെ ഫ്രീസറിന്റെ തണുപ്പത്ത് നിന്നുനിന്ന് വാതവും കിട്ടി. കമ്പനിയുടെ മുതലാളിക്ക് നഗരത്തിൽ ഒരു ഗംഭീര സ്‌കൂളുണ്ട്. അമ്മയ്ക്ക് ഇനി വയ്യെന്നും എനിക്കെന്തങ്കിലും പണി കിട്ടുമോ എന്നും ചിന്തിച്ചതിന്റെ വഴിയാണ്, ആർഷയുടെ സ്‌കൂളിൽ ഞാൻ മലയാളം സാറാകുന്നത്.

സ്കൂളെന്നൊക്കെ ചുമ്മാതെ പറയുന്നതാണ്, കാശൊള്ള വീട്ടിലെ പിള്ളേർക്ക് സുഖിക്കാൻ പറ്റിയൊരു റിസോർട്ട്. ശീതീകരിച്ച മുറികൾ, സ്വിമ്മിംഗ് പൂള്, തീയേറ്ററ്, താമസിക്കാൻ സ്ഥലം. ക്ലാസിൽ പത്തല്ലെങ്കിൽ പതിനഞ്ചു പിള്ളേർ. മാഷുമാരുടെ നാലുമാസത്തെ ശമ്പളം ചേർന്നാൽ ഒരു കുട്ടിയുടെ അരമാസത്തെ ഫീസാവും. മറ്റുമാഷുമാർക്ക് പോലും വലിയ വിലയില്ല, പിന്നെയല്ലേ ഇംഗ്ലീഷ് മീഡിയത്തിലെ മലയാളം സാറിന്. നാലാം ക്ലാസു മുതൽ പന്ത്രണ്ടു വരെ പഠിപ്പിക്കണം, കോട്ടിടണം. ഞാനാണെങ്കിൽ ആ മതിൽക്കെട്ടിനകത്ത് ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും തയാറായിരുന്നു..

“മാഷിതെന്താ കോഫി കുടിക്കാത്തത്..?” സത്യത്തിൽ കോഫി വന്നതോ ഡോക്‌ടറുപെണ്ണ് കരഞ്ഞു തീർത്തിറങ്ങിയതോ ഞാനറിഞ്ഞിരുന്നില്ല. അവളുടെ മുഖമെല്ലാം ചുവന്നു തുടുത്തിട്ടുണ്ട്. ഞാൻ കോഫിക്കപ്പിന്റെ പിടിയിൽ ആകെയുള്ള വിരലുകൾ കയറ്റി ചുണ്ടിലേക്കുയർത്തുമ്പോൾ അല്പമങ്ങ് തൂവിപ്പോയി, അതുകണ്ടിട്ട് അവളുടെ തല വീണ്ടും മേശയിലേക്ക് കുനിഞ്ഞു. സത്യമായിട്ടും ഞാനത് ബോധപൂർവം ചെയ്തതല്ല. ദേ, അവൾ വീണ്ടും ആ മുറിയിൽ ചെന്നിരുന്ന് ബക്കറ്റിൽ വെള്ളം നിറക്കുന്നു..

“മാഷിന്റെ അമ്മയെ നോക്കാൻ ഞാനൊരു സ്റ്റാഫിനെ ഏല്പിച്ചിട്ടുണ്ട്. ബില്ലും സെറ്റിലാക്കി. നാളെ ഡിസ്ചാർജല്ലേ, ഇന്നത്തെ ഡിന്നർ എന്റെ വീട്ടിൽ.. “മറുത്തൊന്നും പറയാൻ സമ്മതിക്കാതെ ആർഷ വേഗത്തിലെഴുന്നേറ്റ് അമ്മയെ കിടത്തിയിരുന്ന വാർഡിലേക്ക്‌ നടന്നു. ഞാനും പിന്നാലെ ചെന്നു. ഈ ഡോക്ടറുപെണ്ണിതെന്തിന്റെ പുറപ്പാടാണ്.? ഇവളുടെ ആരെങ്കിലുമിതു കണ്ടാൽ..? പെട്ടെന്നെന്റെ നടപ്പിന് മുടന്തിനോടൊപ്പം ഭയപ്പെട്ട താളവും വന്നു.

റോഡിലെ ഓടയിൽ വീണ അമ്മയ്ക്ക് കാലിനും മുഖത്തും നല്ല പരിക്കുണ്ടായിരുന്നു. ഫൈവ് സ്റ്റാറാണെന്നൊന്നും നോക്കിയില്ല, ആദ്യം കണ്ടത് ഈ ആശുപത്രി. പക്ഷേ ഇന്ന് ബില്ലു കണ്ടപ്പോൾ വേണ്ടായിരുന്നൂന്നും തോന്നി. ആർഷയുടെ വരവിൽ നേഴ്‌സുമാരുടെ വിനയം ഫിനോയിലായി വാർഡിലാകെ ഒഴുകിപ്പരക്കുന്നു. അമ്മയുടെ മുഖത്ത്, പണയം വച്ച് ബില്ലടയ്ക്കാൻ എന്നെയേല്പിച്ച ആ വളയെക്കുറിച്ചുള്ള ചോദ്യങ്ങൾ. ആർഷ ബെഡിലിരുന്ന് അമ്മയുടെ നാഡി പരിശോധിക്കുന്നു. ഇപ്പോൾ അവരുടെ കണ്ണിൽ ‘ഇതാരാ മോനേന്ന’കൗതുകച്ചോദ്യവുമുണ്ട്. വാർഡിലെ ഡ്യുട്ടിയിലുള്ളവർക്ക് കഴിഞ്ഞ പത്തു ദിവസവും ഞങ്ങളോടില്ലാതിരുന്ന ചിരികൾ നിർമ്മിക്കുന്ന തിരക്ക്..

athmaonline-ks-ratheesh-subesh-padmanabhan-04
ചിത്രം : സുബേഷ് പത്മനാഭൻ

എനിക്ക് കാറോടിക്കാൻ അറിയില്ലെന്നു കേട്ടപ്പോൾ ആർഷയുടെ മുഖത്ത് ചിരി. തിരക്കിട്ട നിരത്തിലേക്ക് ആഡംബര വാഹനം പതിയെ കയറി. നിരത്തിലെ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. ട്രാഫിക്ക് ചുവപ്പ് കത്തി. റോഡിലെല്ലാം ആർഷയുടെ ബന്ധുക്കളെയാണ് ഞാൻ തിരഞ്ഞത്. വണ്ടിയിലേക്ക് ഇരച്ചുകയറുന്ന അവർ, നിരത്തിലിട്ട് മർദ്ദിക്കുന്ന രംഗങ്ങൾ, ആൾക്കൂട്ടത്തിലേക്ക് മുറിവുകളോടെ ഓടിയൊളിക്കുന്ന ഞാൻ. ആ പരിഭ്രമത്തിന് പകരമായി മടിയിലിരുന്ന എന്റെ മുറിയൻ കൈയെടുത്ത് ആർഷ ചുംബിച്ചു. തണുപ്പിലും എനിക്ക് വിയർപ്പ് പൂത്തു.

” വളരെ വൈകിയാണ് മാഷേ ഞാനതെല്ലാം അറിഞ്ഞത്” പിന്നീട് അവളൊന്നും മിണ്ടിയില്ല. പക്ഷേ വണ്ടിയോട് പരുക്കമായ പെരുമാറ്റം. ഞാൻ അതേ സംഘട്ടന രംഗങ്ങൾ ആവർത്തിച്ചു കണ്ടു. ഇത്തവണ, ആർഷയുടെ കഴുത്തിൽ കത്തിവച്ച് ബന്ധുക്കളെ ഭീതിയിൽ നിർത്തി രക്ഷപ്പെടുന്ന പുതിയ രംഗവും ചേർത്തു. എന്നിട്ടും മുന്നിലേക്ക് പോകുന്ന ഓരോ വണ്ടിയിലും എന്റെ കണ്ണുചെന്നു മുട്ടുന്നു. ഇതൊന്നും കൂസാക്കാതെ വണ്ടിക്കുള്ളിലെ തണുപ്പൻ താളത്തിൽ ഒരു പഴയ സിനിമാഗാനം ഇഴഞ്ഞുനടക്കുന്നു..

അന്ന് രാത്രി തമിഴ് നാട്ടിലേക്ക് ഓടിപ്പോയില്ലായിരുന്നുവെങ്കിൽ, ഇന്നു ഞാൻ മലയാളികൾ അറിയുന്ന ഒരു കവിയാകുമായിരുന്നു, ഇല്ലെങ്കിൽ സ്കൂളിലോ കോളേജിലോ അദ്ധ്യാപകൻ.

പതിപ്പുകളിൽ സുന്ദരമായ കവിതകൾ സൃഷ്ടിക്കുന്ന യുവകവിയെ, കവിതകൾ ചൊല്ലുന്ന മാഷിനെ, ആർഷയുടെ വീട്ടുകാർ കൊന്നത് എന്റെ പ്രതീക്ഷകളെയാണ്.

ആർഷ അന്ന് പന്ത്രണ്ടിലായിരുന്നു, മിടുക്കിയും. പ്രൊഫസർ ദമ്പതികളുടെ ഒറ്റ മകൾ, സ്‌കൂൾ മാനേജ്‌മെന്റിലൊക്കെ വലിയ പിടിയുള്ളവർ. അവളെന്നോട് കാണിക്കുന്ന ഇഷ്ടങ്ങൾ വെറും ‘കുട്ടിത്തോന്നലെന്നേ’ എനിക്കും അറിയൂ. പുതിയ ഒരു കവിത പതിപ്പിലേക്ക് അയക്കാനായി പകർത്തി എഴുതുന്ന ഇടവേള സമയത്താണ് അവൾ സ്റ്റാഫ് റൂമിൽ വന്നത്. “ഞാനിത് മാഷിന് പകർത്തിത്തരട്ടെ”. നല്ല കൈപ്പടയുള്ള മിടുക്കിക്കുട്ടിയോട് സമ്മതിക്കുന്നതിന് പ്രയാസമുണ്ടായില്ല. സ്റ്റാഫ്റൂമിൽ, അസൂയപ്പെട്ട നോട്ടങ്ങളും കണ്ടില്ല..

അന്നു രാത്രിയിലെന്റെ വീട്ടിലേക്ക് കയറി വന്നവർക്ക്, മകളെ പ്രണയിക്കുന്ന മാഷിന്റെ കവിത വിരിയുന്ന ആ വിരലുകളും വേണമായിരുന്നു. പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും വാരിയിട്ട് കത്തിച്ചവർക്ക് ജീവനെങ്കിലും വിട്ടുകൊടുക്കാതെ, മുറിഞ്ഞ വിരലുകൾ തോർത്തിൽ പൊതിഞ്ഞ്, ഞാനിറങ്ങി ഓടുകയായിരുന്നു. വഴിയിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിലൂടെ വലിഞ്ഞു കയറിയതും മറക്കാൻ കഴിഞ്ഞിട്ടില്ല. ബന്ധുവീട്ടിൽ കല്യാണവും കൂടിവന്ന അമ്മ, കത്തിക്കരിഞ്ഞ എന്റെ മുറിയും, മുറ്റത്താകെ തുള്ളിയിട്ട രക്തവും നോക്കി, ആ ദിവസങ്ങളിൽ എന്തൊക്കെ ചിന്തിച്ചിട്ടുണ്ടാകും…?

“മാഷിപ്പോൾ കവിത എഴുതാറില്ലേ..?” ആർഷയുടെ വാക്കുകൾക്ക് കോറസായി കടലിന്റെ ഇരമ്പൽ. ബീച്ചിനോട് ചേർന്ന് വണ്ടി നിൽക്കുന്നു. അവൾ ഇറങ്ങി നടന്നു. വണ്ടിയോട് ചേർന്ന് ഞാൻ പതുങ്ങിനിന്നു. ഒന്നുരണ്ട് ചുവട് മുന്നോട്ടുപോയിട്ട് മടങ്ങിവന്നവൾ എന്നെയും കോർത്ത് പിടിച്ചായി നടപ്പ്.അവളുടെ വേഗത്തിന് എന്റെ ഭയവും മുടന്തും തടസം പിടിച്ചു.കാറ്റിന് അവളുടെ മുടിമണം. ചങ്ങമ്പുഴയുടെ ‘മനസ്വിനി’ ചൊല്ലിക്കൊടുത്ത ക്ലാസിൽ ആർഷയുടെ മുടിയെ ഉദാഹരിച്ചിരുന്നത് ഞാനോർത്തു.

“ഒറ്റപ്പത്തിയോടായിരമുടലുകൾ
ചുറ്റുപിണഞ്ഞൊരു മണിനാഗം”

ഭയത്തിന്റെ സർപ്പങ്ങൾ എന്റെ ഉള്ളിൽ പുളഞ്ഞു. ഞാൻ ആർഷയുടെ പിടിവിടുവിച്ചു. അവളുടെ മുഖത്തെ ചിരി മാഞ്ഞു.

കമഴ്ന്നു കിടക്കുന്ന ഒരു വള്ളത്തിൽ ചാരി ആർഷ ഇരുന്നു. കുറച്ചപ്പുറത്ത് ഒരു ചീട്ടുകളി സംഘം. എനിക്കിരിക്കാൻ തോന്നിയില്ല. ചുറ്റും ആശങ്കയോടെ നോക്കുന്ന എന്നെ, അവൾ അടുത്തേക്ക് പിടിച്ചിരുത്തി. കടലൊന്നിളകിയോ.? കാറ്റ് എനിക്കെതിരേ പാഞ്ഞുവരുന്നുണ്ടോ..?

“ഇനിയാരും തല്ലാനും കൊല്ലാനും വരില്ല മാഷേ, നമ്മളെ കണ്ടാൽ ഭാര്യയും ഭർത്താവുമെന്നല്ലേ ദേ അവർക്കും തോന്നൂ…?” ആർഷ ചീട്ടുകളി സംഘത്തെ നോക്കി കൈവീശി. അതിലൊരാൾ ചെവിയിൽ തിരുകിയ ബീഡിയെടുത്ത് ചുണ്ടിൽ വച്ചു. ആ ബീഡിയും ഞങ്ങളുടെ നേർക്ക് ചിരിച്ചു. കടൽ ശാന്തമായിക്കിടക്കുന്നു. കാറ്റിന് പതിഞ്ഞ താളവും തണുപ്പും.എന്റെ ഉള്ളും തണുത്തു.

ആർഷ എന്റെ തോളിലേക്ക് ചാരി. കൈ എന്റെ നെഞ്ചിലേക്ക് വച്ചു. “പതിനാല് വർഷമാണ്..” ഞാൻ ലോറിയുടെ മുകളിലിരുന്ന് കരഞ്ഞ രാത്രിതൊട്ടുള്ള വർഷങ്ങൾ എണ്ണിനോക്കി, കൃത്യമാണ്. നിരത്തിലെ വണ്ടികളുടെ കൂട്ടക്കരച്ചിലിൽ ലോറിയോടിക്കുന്നവർ പോലും എന്റെ കരച്ചിലന്ന് കേട്ടിട്ടുണ്ടാകില്ല..

“എവിടെ ആയിരുന്നു,ഇപ്പോഴെന്താണ്..?” ആർഷയുടെ ചൂണ്ടച്ചോദ്യം എന്റെ ആഴത്തിലേക്ക് വീണു.

വർഷങ്ങൾ അലഞ്ഞുതിരിഞ്ഞു മടങ്ങിവന്നതും, ഇതേ നഗരത്തിലൊരു ഹോട്ടലിന്റെ അടുക്കളയിരുട്ടിൽ പകലുരാവറിയാതെ കാലം കഴിക്കുന്നതും, പറയാനെനിക്ക് തോന്നിയില്ല. പത്തു ദിവസത്തെ ആശുപത്രിവാസം എന്തായാലും നന്നായി, ഇല്ലെങ്കിൽ അരിഞ്ഞുകൂട്ടുന്ന ഉള്ളിമണങ്ങൾ അവൾക്കെന്റെ അടുപ്പുജീവിതം ഒറ്റിക്കൊടുക്കുമായിരുന്നു. ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു. ചിരിയാണ് ഏറ്റവും കരുത്തൻ ഒളിസങ്കേതമെന്ന് ഞാനിപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു..

കടൽ ഉറക്കംത്തൂങ്ങാൻ തുടങ്ങി.കാറ്റിന്റെ കൂർക്കംവലി. ചീട്ടുകളിക്കാർ അരികിലൂടെ തർക്കിച്ചു നടന്നുപോയി. ബീഡിക്കാരന്റെ ചിരിമാത്രം അല്പസമയം അവിടെ നിന്നു..

“ഇന്നിത്തിരി വൈകിയാ..?”

“ഉം” ആർഷ വള്ളത്തിനെ നാണപ്പെട്ട് തടവി,അയാളുടെ കണ്ണിൽ തിളക്കം.

“ഇങ്ങനെ ഒന്നിച്ച് വന്നിരിക്കാൻ ഞാനെന്നേ പറയണ്.?” അയാൾ എന്റെ നേർക്കും ചിരിച്ചു. മറ്റുള്ളവർ അല്പദൂരം പിന്നിട്ടിരിക്കുന്നു. ഒപ്പമെത്താൻ അയാൾ വേഗത്തിൽ നടക്കുന്നു. ഞങ്ങളുടെ ദാമ്പത്യം അയാൾ അംഗീകരിച്ചിട്ടുണ്ടാകും. എനിക്കപ്പോൾ പേടി തോന്നുന്നുണ്ടായിരുന്നില്ല. ഞാനല്പം കൂടെ ചേർന്നിരുന്നു. അവളുടെ മുഖത്ത് കുസൃതിയൊളിപ്പിക്കുന്ന ചിരി.

ആർഷയുടെ ജീവിതത്തിന്റെ വഴിക്കണക്ക് ചോദിക്കണമെന്നെനിക്ക് തോന്നി. കടല വിൽക്കുന്ന ഒരു പയ്യൻ അല്പം ദൂരെ നിന്ന് അതിനോട് അപകട മണി മുഴക്കി.കൂട്ടിക്കിഴിക്കലിന്റെ ബിരുദങ്ങൾ പേരിന്റെ പിന്നിലും മുന്നിലും കൂട്ടിയിട്ട ദമ്പതികളുടെ കണക്കുകൾ തെറ്റാൻ വഴിയില്ല.എന്റെ സർട്ടിഫിക്കറ്റുകൾ കത്തിക്കണമെന്നും കവിത എഴുതുന്ന വിരലെടുക്കണമെന്നും ഇടിയന്മാരോട് ആ രാത്രിക്ക് അവർ പ്രത്യേകം ചട്ടം കെട്ടിയിരുന്നല്ലോ.ഒരിക്കലും മകളിലേക്ക് മടങ്ങിവരാത്ത വിധം, അവളുടെ ഉള്ളിൽ വീണുപോയ പ്രണയത്തിന്റെ അവിഭാജ്യഘടകത്തെ ഹരിച്ചുകളഞ്ഞവർക്ക് തെറ്റില്ലല്ലോ.. പക്ഷേ എന്തോ ഓർത്ത് കണ്ണു നിറഞ്ഞ ആർഷ, തീർത്തും ‘ഭിന്ന’സംഖ്യയുള്ള കണക്കാണ് പറഞ്ഞത്..

athmaonline-ks-ratheesh-subesh-padmanabhan-01
ചിത്രം : സുബേഷ് പത്മനാഭൻ

“രണ്ടാൾക്കും ഗവേഷകരായ ശിഷ്യന്മാരെ കൂട്ടാനുള്ള വാശി മാത്രം. ആദ്യം രണ്ട് കട്ടിലായി. പിന്നീട് രണ്ട് മുറികളിലേക്ക്,അങ്ങനെ വീട്ടിനുള്ളിൽ ഒരു ത്രികോണമുണ്ടായി. ഞാനൊരുന്യൂനകോണായി.മാഷിന് തരാൻ ഒരു കവിത ഞാനും എഴുതിയിരുന്നു. എന്റെ ആദ്യത്തെ കവിത. അവരെപ്പോഴാണ് അത് കണ്ടത്തിയതെന്നറിയില്ല. നാടുവിട്ടുപോയ മാഷിന്റെ കഥ സ്‌കൂളിലും ആരും പറഞ്ഞു കേട്ടില്ല.വേറിട്ട കോണുകളിൽ നിന്ന് അവർ എന്നെ പഠിപ്പിച്ചു, എന്നോട്‌ ഡോക്ടറാകാൻ പറഞ്ഞു, എന്നെ കല്യാണവും കഴിപ്പിച്ചു. അതോടെ ആ ‘കണക്കപ്പിള്ളമാർ’ രണ്ടു വീട്ടിലായി…” ആർഷ ഒട്ടും ശിഷ്ടമില്ലാതെ ജീവിതത്തിന്റെ ലസാഗു കണ്ടു. ചെവി മുറിഞ്ഞ ഒരു നായ ഓടിവന്ന് ആർഷയോട് ചേർന്ന് കിടന്നു, എന്നോടത് ചെറുതായി മുരണ്ടു. അവളതിനെ തലോടി..

ക്ലാസ് കഴിഞ്ഞ്‌ പോകുന്ന ടീച്ചറിനെപ്പോലെ ആർഷ വേഗത്തിലൊരു കണക്കിട്ടു തന്നു.

“ഗവേഷണത്തിന് വന്ന ഒരാളെ അമ്മയെനിക്ക്‌ വരനാക്കിയത് അച്ഛനെ തോല്പിക്കാനായിരിക്കാം, എന്നിട്ടും അതേ വരന്റെയൊപ്പം അമ്മ കിടക്ക പങ്കിട്ടത് ആരോട് തോൽക്കാൻ.?” ആർഷയൊന്നു വിതുമ്പി.നായ അവളെ തലയുയർത്തി നോക്കി, അതവളുടെ വിരലിൽ പലതവണ നക്കി, എന്നിട്ട് അല്പം കൂടെ ചേർന്നുകിടന്നു.ആ രംഗങ്ങളിലേക്ക് പോകും മുൻപ് ആർഷയെന്നെ ഉണർത്തി.

“അന്നാണ് മാഷെനിക്ക് പകർത്തിയെഴുതാൻ തന്ന കവിത സൂക്ഷിച്ചിരുന്ന അമ്മയുടെ ഡയറി ഞാൻ പിടിച്ചുവാങ്ങിയത്, പക്ഷേ അമ്മ എതിർത്തില്ല. അച്ഛന്റെ വീട്ടിലേക്ക് ഞാൻ താമസവും മാറ്റി.” ആ നായ തലയും മുൻ കാലുകളും അവളുടെ മടിയിലേക്ക് കയറ്റിവച്ചു. മുറിഞ്ഞ ചെവിയിൽ അവൾ പതിയെ വിരലോടിക്കുന്നു.

“അച്ഛന്റെ മരണത്തിനൊന്നും അമ്മ വന്നില്ല. അല്ലെങ്കിലും അവരുടെ ബന്ധത്തിന്റെ ദ്വിമാന സമവാക്യം ഞാനെങ്ങനെ നിർവ്വചിക്കാനാണ്. രക്തത്തിൽ രുചികൂടി അച്ഛന്റെ വലതു കൈയാണ് ആദ്യം മുറിക്കേണ്ടി വന്നത്…” ആർഷ എന്റെ വിരലുകളിൽ മുറുക്കെപ്പിടിച്ചു. മുറിച്ചൊതുക്കിയ ആ വാക്കുകളിൽ എനിക്കത്ഭുതം തോന്നി..

“സകല വാരികകളും വായിക്കുമായിരുന്നു, ഏതെങ്കിലുമൊരു വരിക്കു താഴെ മാഷിന്റെ പേരുകാണാൻ..”വിരലറ്റ ഭാഗത്ത് ആർഷ നിറയെ ഉമ്മ വയ്ക്കുകയായിരുന്നു. ചുവരിലൊരു ആണി തറയ്ക്കാൻ വച്ചിരുന്ന പാറക്കഷ്ണമായിരുന്നു, വിരലിൽ ആ പണിചെയ്ത ഇടിയൻ ശില്പിയുടെ ആയുധം. എനിക്കവിടെയപ്പോൾ എന്തൊക്കെയോ മുളക്കുന്നതുപോലെ തോന്നി..

“കവിത വരാറുണ്ട്, എഴുതാൻ ഭയമാണ്.” ആർഷ എന്റെ കണ്ണിലേക്ക് നോക്കി.കവിളിൽ തൊട്ടു. നായ സ്വപ്നത്തിൽ ചിരിച്ചു. അതുകേട്ട് ഞങ്ങളും ചിരിച്ചു. കടൽക്കരയിലെ ചെവിയറ്റ ഒരു നായ കാണുന്ന സ്വപ്‌നങ്ങൾ എന്തായിരിക്കും.?. എനിക്കതിനെക്കുറിച്ച് കവിതയെഴുതാൻ തോന്നി.

ഒരു ചാറ്റൽ മഴ വന്ന് ഞങ്ങളെ നനച്ചു. ഞാൻ കൈനീട്ടി.ആർഷയ്ക്ക് പിന്നാലെ ആ നായയും വരുന്നു. കാറിന്റെ പോക്കും നോക്കി വാലാട്ടിനിൽക്കുന്ന നായയെ കണ്ണാടിയിൽ നിന്ന് മറയുവോളം ഞാനും നോക്കി. അല്പദൂരം കഴിഞ്ഞ് ആ നായ കാറിനെ പിന്തുടരുന്നതുപോലെയുള്ള മുരൾച്ച കേട്ടു. അതു പറയാൻ ആർഷയെ നോക്കുമ്പോൾ അർഥമറിയാത്ത ഒരു ചിരി അവളുടെ ചുണ്ടിലുള്ളതായി എനിക്ക് തോന്നി.

പുസ്തകശാല അടയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു ആ വൃദ്ധൻ. ആർഷയെക്കണ്ട് അയാളുടെ മോണകാട്ടിയ ചിരി.ഒരു ഭാഗത്തെ ലൈറ്റുകൾ മാത്രം പ്രകാശിപ്പിച്ചു. ‘കവിതകൾ’ എന്നെഴുതിയ പച്ചബോർഡിന്റെ താഴെ നിന്ന ആർഷ എനിക്കു നേരേ കൈനീട്ടി. പുസ്തകങ്ങൾക്ക് ഒപ്പം ഒരു ഡയറിയും പല നിറത്തിലുള്ള പേനകളും അവൾ വാങ്ങി. എല്ലാം സമ്മാനപ്പൊതിയിട്ടു. കാറിലേക്ക് അവൾ തന്നെ എടുത്തു വച്ചു. വൃദ്ധൻ കട പൂട്ടുന്നത് വരെ ഞങ്ങൾ കാറിലിരുന്നു.

“ഒടുവിൽ ഈ രണ്ട് വരികളും ചേർത്തുവായിക്കാൻ എനിക്കു കഴിഞ്ഞല്ലോ…” വൃദ്ധനായ കടക്കാരനും കവിയാണോ.? ആർഷ അയാളോട് വീണ്ടും ചിരിച്ചു. അയാൾ പതിയെ നടന്നു വന്ന് അവളുടെ ശിരസ്സിൽ തൊട്ടു. തെരുവിന്റെ ഇരുട്ട് മൂടിയ ഭാഗത്തേക്ക് അയാൾ നടക്കുന്നു.പിന്നെലെ നടക്കുന്ന മറ്റൊരു നായ.
\ “ഇത് ഉറങ്ങാ നഗരത്തിന്റെ ഒറ്റമരകൂട്ടം.”പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ഷോപ്പിംഗ് മാളിനെ നോക്കി ഞാൻ ഒറ്റവരിയിൽ കവിത പറഞ്ഞു.ആർഷ എന്നെ അല്പനേരം അങ്ങനെ നോക്കിനിന്നു. എന്നിട്ട് വിരലുകൾ കൊരുത്ത് നടന്നു.വിരലിൽ വിട്ടുപോയ ഭാഗങ്ങൾ അവളപ്പോഴും ചുംബനങ്ങളിട്ട് പൂരിപ്പിക്കുന്നുണ്ടായിരുന്നു..

തീയേറ്ററിന്റെ തണുപ്പും കിതപ്പും ആസ്വദിച്ച കാലം ഞാൻ മറന്നിരുന്നു. എത്ര വലിയ മാറ്റങ്ങൾ. കാലുകൾ കൊരുത്ത് തല ചരിച്ച് കിടന്നു കാണാനുള്ള സൗകര്യം.തണുപ്പ്, സീനിൽ കാണിക്കുന്നതിന്റെ മണങ്ങൾ. ആർഷയ്ക്ക് എന്നെക്കാൾ നീളമുണ്ട്‌,എന്നിട്ടും നെഞ്ചിലേക്ക് ചുരുണ്ട് കിടക്കുന്നു.

“ഈ സിനിമ മൂന്നാമത്തെ തവണയാണ്, ഉറക്കം കിട്ടാനാണിങ്ങനെ ആവർത്തിച്ചു…” ഈ രാത്രിയെ നഷ്ടമാക്കാൻ ആർഷ ആഗ്രഹിക്കുന്നില്ലെന്ന്, മുറിഞ്ഞ വാക്കുകളിൽ നിന്നെനിക്ക് തോന്നി.

“ഇന്നുമിത് പാതിയിൽ നിർത്തിയോ, ഇപ്പോൾ രണ്ടാളുമുണ്ടല്ലോ..?” തീയേറ്ററിന്റെ ഗേറ്റിലെ വൃദ്ധന്റെ പോക്കറ്റിലേക്ക് ആർഷ എന്തോ തിരുകി..

കാറ് ആർഷയുടെ വീട്ടിലേക്ക് കടന്നപ്പോൾ അപ്പുറത്തെ വീട്ടിലെ വെളിച്ചങ്ങളെല്ലാം കെട്ടു. കൂട്ടിലിട്ടിരുന്ന നായ ആവർത്തിച്ചു കുരയ്ക്കുന്നു. “അമ്മയാണ്…” അവിടേക്ക് നോക്കിയ എന്നോട് ഒറ്റവാക്കിൽ അയൽവീടിന്റെ കഥകഴിക്കാൻ ആർഷയുടെ തിടുക്കം.

ഇനി എനിക്കറിയേണ്ടത് ആ അമ്മ ഗവേഷണത്തിലൂടെ കണ്ടെത്തിയ ‘വരന്റെ’ കാര്യമാണ്. എങ്ങനെ ചോദിക്കുമെന്ന ചിന്തയിൽ ചുവരിലെ വിവാഹ ഫോട്ടോയിലേക്ക് ഞാൻ വെറുതെ നോക്കി നിന്നു…

“ആ ഗവേഷകൻ ഞങ്ങൾ രണ്ടാളെയും വിട്ട് കടല് കടന്നു. ഗവേഷണം തുടരുന്നുണ്ടാകും.”

എന്റെ ചിരിയിലേക്ക് ആർഷ ചേർന്നു നിന്നു.ഞാനെന്തിനാണ് ഇപ്പോൾ ചിരിച്ചത്..?. എന്റെയുള്ളിൽ ചെവിമുറിഞ്ഞ നായ നിന്ന് ഉഗ്രമായി കുരച്ചു..

” അമ്മയോട്..”

“വെറുക്കുകയല്ലേ നമുക്ക് ചെയ്യാൻ കഴിയുന്ന പരമാവധി..” ആർഷ എന്റെ ചോദ്യം പൂർത്തിയാക്കാൻ സമ്മതിച്ചില്ല..

അവളുടെ ഒപ്പം അടുക്കളയിലേക്ക് ഞാനും നടന്നു.എന്റെ പുതിയ രുചിയൻ താളത്തെ ആർഷ നോക്കിയിരുന്നു…

“അടുപ്പിൽ വേകുന്നതും കവിതകളാണ്..” ആർഷ പിന്നിലൂടെ എന്നെ കെട്ടിപ്പിടിച്ചു. ഒരുതവി ദോശമാവ് കല്ലിൽ വീണ് ‘ശീന്ന്’ നാണിച്ചു. കടുകും കറിവേപ്പും എണ്ണയിട്ട് ചമ്മന്തിക്ക് രുചികൂട്ടാൻ ചെന്നു വീഴുമ്പോഴും ആർഷയുടെ ചുണ്ട് എന്റെ കഴുത്തിലെ വിയർപ്പിന്റെ ഉപ്പു നോക്കുകയാണ്..

വലിയ അലമാരയുടെ മുന്നിലേക്ക് എന്നെ വലിച്ചു നിർത്തി.

‘കണക്കില്ലാതായ ഉടുപ്പുകൾ..?’ അച്ഛന്റെ തുണികളാണോന്ന് ആർഷ മനസിലാക്കി

‘ഉം’ അവളുടെ ഉത്തരവും ചേർന്നൊരു കവിതയായോ..?

കുളിമുറിയുടെ വാതിൽ തുറന്നു കിടന്നു. ആർഷയുടെ ‘മൂളി’പ്പാട്ടിട്ട കുളി, കട്ടിലിനോട് ചേർന്ന കണ്ണാടിയിലും എനിക്ക് കാണാം. ഞാനും വാതിലടച്ചില്ല. ചുണ്ടിന് നല്ല വിറയുണ്ടെങ്കിലും ‘മനസ്വിനി’ ചൊല്ലി.

“ചൊക ചൊക ചൊകയൊരു കവിത വിടർന്നു

ചോര തുടിക്കും മമ ഹൃത്തിൽ” വാതിലിനോട് ചേർന്ന് ആർഷ ടൗവലുമായി നിൽക്കുന്നു. ഞാൻ നനവോടെ ഇറങ്ങി നിന്നു. ഇതുവരെ ആരെങ്കിലും എനിക്ക് തല തുവർത്തി തന്നിട്ടുണ്ടോ..?.

അത്താഴത്തിന് മൂന്നുവിരൽ ചേർത്ത് ഞാൻ ദോശ മുറിച്ചില്ല. ആർഷയുടെ ദോശമുറിവുകൾ എന്റെ വായിലിരുന്ന് രുചിച്ചു. തൂവിപ്പോകുന്ന വിധം വെള്ളമെടുത്തില്ല,അവൾ നീട്ടിയ ആ കപ്പ് എന്റെ ചുണ്ടിലേക്ക് ചേർന്നു..

“ഇനിയെന്താണ്…?” ഭാവിയെക്കുറിച്ച എന്റെ ചോദ്യം ആർഷ കേട്ടതായി നടിക്കുന്നില്ല.

അപ്പുറത്തെ ജനാലയിൽ കാണുന്ന പാകത്തിന് കിടപ്പുമുറിയുടെ നടുക്കായി എന്നെ ചേർത്തു നിർത്താനായിരുന്നു അവളുടെ താല്പര്യം. മേശപ്പുറത്ത് പാതിയൊഴിഞ്ഞ മദ്യക്കുപ്പി. പൊട്ടിക്കാത്ത സിഗരറ്റ് പാക്കറ്റ്. ഞാൻ ആർഷയെ നോക്കി. അവളുടെ ശ്രദ്ധ അപ്പുറത്താണ്. മുറിയാകെ ചിതറിക്കിടക്കുന്ന വാരികകളും കവിതാപുസ്തകങ്ങളും. അപ്പുറത്ത് ഒരു മങ്ങിയ ലൈറ്റ് തെളിഞ്ഞു. ആർഷയുടെ ഭാവമാകെ മാറി. പുറത്ത് ഒരു നായുടെ ഓരിയിടൽ..

athmaonline-ks-ratheesh-subesh-padmanabhan-03

“അത്, അമ്മയുടെ കിടപ്പു മുറിയാണ്, അവിടെ നിന്നൊരു നോട്ടമുണ്ട്..” പെട്ടെന്ന് എന്നെ അവിടേക്ക് അവൾ പിടിച്ചുവലിച്ചു. കാലിടറിപ്പോയ ഞാൻ വീഴാനാഞ്ഞു. കെട്ടിപ്പിടിച്ച് എന്റെ ചുണ്ടിലേക്ക് അവളുടെ ചൂണ്ടും ചേർന്നുവരുന്നതല്ലാതെ ചുംബനങ്ങളായില്ല. ചേർത്തുനിർത്തി ആവേശം അഭിനയിക്കുന്നു. അപ്പുറത്തെ നോട്ടത്തിലേക്കാണ് കെട്ടുകാഴ്ച്ചകളെന്നുറപ്പായി. ലൈറ്റണഞ്ഞു.ആർഷയുടെ ആഹ്ലാദച്ചിരി മുറിയാകെ മുഴങ്ങി. അതിന്റെ ആയാസത്തിൽ അവളൊന്നുരണ്ട് തവണ ചുമച്ചു. നായ്ക്കളുടെ കൂട്ട ഓരിയിടൽ. എനിക്ക് ഭയം തോന്നി. ഞാൻ കണ്ണടച്ചങ്ങനെ നിന്നു..

എന്റെ മുഖത്ത് ഉമ്മകളുടെ മഴവില്ല് പൂക്കുന്നു. ചുണ്ടിലൊരു വൈദ്യുതി പ്രവാഹം. നെഞ്ചിലും ചുംബന മഴപെയ്തു. ആ കെട്ടിപ്പിടിത്തത്തിൽ ഞാനൊന്ന് വലിഞ്ഞുമുറുകി. പതിഞ്ഞ നാണിച്ച ചിരിയോടെ ആർഷ കട്ടിലിൽ ചെന്നിരുന്നു. ഞാൻ കണ്ണു തുറന്നു. അവളുടെ മുഖത്ത്, നീണ്ടകാല യുദ്ധത്തിൽ ശത്രുരാജ്യത്തെ കീഴടക്കിയ സന്തോഷം. എന്റെ നോട്ടത്തിൽ നിന്നും മദ്യക്കുപ്പികൾ മറച്ചുപിടിക്കാനായി അവൾ എഴുന്നേറ്റ് നിന്നു..

“ആ വെളിച്ചത്തിൽ ഒന്നു നിർത്തണം എന്നേ എനിക്കുണ്ടായിരുന്നുള്ളൂ..” ആർഷ എന്നോട്‌ കണ്ണു ചിമ്മി. അവളുടെ മൂക്കിന്റെ അറ്റത്ത് വിയർപ്പ് തുള്ളികൾ, കവിളിലൊരാകാശം പൂത്തിറങ്ങി, ആ നക്ഷത്രങ്ങളിലൊന്നിനെ ഞാനപ്പോൾ തൊട്ടു.

” എനിക്ക് മാഷിനോട് അന്നും പ്രണയമുണ്ടായിരുന്നു. “ആർഷയുടെ ചൂടെനിക്കും പകരാൻ തുടങ്ങി.

“ഇനിയെഴുതുമോ..?” കിതപ്പിന്റെ താളത്തിനൊത്ത് ആർഷയുടെ ആ വലിയ ചോദ്യം എന്റെ കണ്ണിലും വീണു..

“ഉം” എനിക്കപ്പോൾ നാണപ്പെട്ട ചെറിയ ഉത്തരമായിരുന്നു, അവളതിന് ഏറ്റവും ഭംഗിയായി ചിരിച്ചു.

“മനസ്വിനി ഉറക്കെ ചൊല്ലൂ, നമ്മുടെ ആ ക്ലാസ് മുറിയായി കരുതൂ..” വരികളൊന്നും ഓർമ്മ വരുന്നില്ല. എന്നിട്ടും അതേ താളത്തിൽ ഏതോ വരികൾ, ഞാൻ ചൊല്ലിക്കൊണ്ടിരുന്നു..

ഇനിയൊരു രഹസ്യം വെളിപ്പെടുത്തട്ടെ, പണയപ്പെട്ടുപോകുമായിരുന്ന അമ്മയുടെ വള, ഞാൻ ആർഷയുടെ കൈയിൽ അണിയിച്ചു. അവളുടെ ആ ശാന്തമായ ഉറക്കവും നോക്കിയിരുന്നാണ് പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ന്യൂനകോണുകൾ’ എന്ന കവിത ഞാനെഴുതിയത്…

athmaonline-ks-ratheesh-subesh-padmanabhan-02
ചിത്രം : സുബേഷ് പത്മനാഭൻ

കെ എസ് രതീഷ് ‌| KS Ratheesh


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. മാഷേ
    വല്ലാതെ നോവിച്ച ഒരു കഥ !
    പാതി വെന്ത ജീവിതം ഒന്നുകൂടെ ഒന്നു രുചിച്ചു നോക്കാനാവില്ലല്ലോ. അപൂർണ്ണമായ കവിത ത്തുണ്ടുകൾ ചുണ്ടുകളെ നോവിക്കുന്നു. അതാവും ചുംബനങ്ങൾ ചുണ്ടിൽ പതിക്കാത്തത് . മനസ്സ് അശാന്തമാക്കാൻ മാഷിനു കഴിഞ്ഞു. അത് മാഷിന്റെ അക്ഷരങ്ങളുടെ വിജയം. ഒരു പാടു കുത്തുകൾ കൂട്ടി ചേർത്ത് ഒരു പൂർണ്ണരൂപമാക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ഒരു വൾ! ജയിക്കണം എനിക്കും. ആ വെളിച്ചത്തിലേക്ക് ഒരിക്കലെങ്കിലും എന്റെ പ്രണയത്തെ നീക്കി നിറുത്തണം ….❤️
    മാഷേ….. അതി ഗംഭീരം❤️

LEAVE A REPLY

Please enter your comment!
Please enter your name here