(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 23
കത്ത് പറഞ്ഞ കഥ
‘അത് നടന്നു കൂടാ. എന്ത് വിലകൊടുത്തും കാറ്റിനെ രക്ഷിച്ചേ മതിയാകൂ,’ സമീറ മനസ്സിലുറപ്പിച്ചു. എങ്കിലും ഒരു തരം അനിശ്ചിതത്വം മനസ്സിനെ പിടിച്ചു വലിച്ചു.
പ്രകൃതിയെ മനുഷ്യൻ വരുതിയിലാക്കിയതിനു തെളിവായി രാത്രിയിൽ വിളക്കുകൾ തെളിഞ്ഞപ്പോഴേക്കും നിസ്സഹായരായ കൊക്കിൻ കൂട്ടം കൂടണഞ്ഞു കഴിഞ്ഞിരുന്നു. ജനാലക്കമ്പികൾ ഭേധിച്ചു മുറിയിലേക്കു വലിയ ശബ്ദത്തിൽ ഇരച്ചു കയറുന്ന കാറ്റിനൊപ്പം തൻറെ പ്രിയതമാനുണ്ടാകുമോയെന്നു സമീറ ശങ്കിച്ചു.
‘നിന്നെ ഒരിക്കലും വില കുറച്ചു കാണരുത്. മറ്റുള്ളവർ നിന്നെക്കുറിച്ചു ചിന്തിക്കുന്നതല്ല, നീ നിന്നെക്കുറിച്ചു ചിന്തിക്കുന്നതാണ് നീ,’ കാറ്റൊരിക്കൽ പറഞ്ഞത് സമീറയുടെ അരികിൽ ചുറ്റിതിരിഞ്ഞു.
അവിശ്വാസത്തോടെ, സമീറ തൻറെ മേശവലിപ്പിൽ നിന്നു ആ വാകമരപുസ്തകമെടുത്തു ഒന്ന് കൂടി മറിച്ചു നോക്കി. അത് കരയാൻ മറന്ന കുഞ്ഞിനെപ്പോലെ സമീറയെ നിസ്സഹായയായി നോക്കി. അതിലെ ചെറു സുശിരങ്ങളിലൂടെ വിരലുകളോടിക്കുമ്പോൾ അവൾക്ക് തീവണ്ടിയുടെ ഞൊറികളുള്ള ജനൽ ഷട്ടറുകൾ ഓർമ്മ വന്നു. അന്നവർ മതിമറന്നു പാടിയ
‘ തുജെ ദേഖാ തോയെ ജാനാ സനം…’ അവളെറിയാതെ മൂളി. അന്ന് താൻ വാതിലിനരികിലെത്തിയപ്പോൾ കേട്ട ആതിരയുടെ വാക്കുകൾ സമീറയുടെ നെഞ്ചിലൂടെ ഒരു തീവണ്ടിയുടെ ചൂളം വിളിപോലെ പാഞ്ഞുപോയി. താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് സമീറയുടെ മനസ്സ് ഓർമ്മപ്പെടുത്തി.
തന്റെ ഏകാന്തതയെ മുതലെടുത്ത ആതിരയോടുള്ള ദേഷ്യം സമീറയുടെ മനസ്സിനെ തീച്ചൂളയിലാക്കി.
‘നമുക്ക് നാമില്ലെങ്കിൽ മാത്രമേ നാം ഒറ്റയ്ക്കായിപ്പോകൂ,’ കാറ്റൊരിക്കൽ പറഞ്ഞത് സമീറ ഓർത്തു.
വാകമരപുസ്തകം തിരിച്ചു വെക്കുമ്പോൾ കാറ്റിന്റെ മരണമെന്നെഴുതിയ ആ നോട്ടീസ് സമീറയെ ദയനീയമായൊന്നു നോക്കി. കാറ്റിന്റെ വിലപ്പെട്ട വാക്കുകളെല്ലാം അന്ന് നിസ്സാരമായിക്കണ്ടു. ഇന്നു കാറ്റിനെ രക്ഷിക്കേണ്ട ചുമതല തൻറേതാണ്. ഇതവസാനത്തെ അവസരമാണ്. സമീറ തൻറെ ചിന്തകളെ പിടിച്ചു കെട്ടാൻ ഒരു ശ്രമം നടത്തി നോക്കി.
സുഹൃത്തുക്കളുടെ കൂടെയുള്ള ട്രീറ്റുകൾ, മാൾ സന്ദർശനങ്ങൾ , സിനിമ, ഭക്ഷണം, ഉല്ലാസ യാത്രകൾ , സെൽഫികൾ.. എല്ലാം സമീറയുടെ ചുറ്റും വട്ടമിട്ടു പറന്നു കൊണ്ടേയിരുന്നു. താൻ കാറ്റിനോട് സംസാരിക്കുന്നത് കേട്ടു തനിക്ക് വട്ടാണോ എന്നു കൂട്ടുകാരികൾ ചോദിച്ചതോർത്ത് സമീറയുടെ മനസ്സൊന്ന് വിങ്ങി.

‘താനപ്പോൾ ഏറ്റവും കൂടുതൽ ഭയന്നിരുന്നതും അത് തന്നെയല്ലേ? ആരെങ്കിലും താൻ വ്യത്യസ്തയാണോയെന്നു കണ്ടു പിടിക്കുമോയെന്ന്? മറ്റുള്ളവരുടെ സ്നേഹം തനിക്ക് നഷ്ട്പ്പെടുമോയെന്ന്. അവരത് പറഞ്ഞപ്പോൾ സത്യം തുറന്നു പറയാതെ കാര്യങ്ങൾ മറച്ചു പിടിക്കാൻ ശ്രമിച്ചത് താൻ തന്നെയല്ലേ?
“ഞാൻ…ഞാൻ.. ആരോടും സംസാരിച്ചില്ലല്ലോ.” എന്ന തനിക്ക് തന്നെ ഉറപ്പില്ലാത്ത ഒരുത്തരം കൊണ്ടല്ലേ താനതിനെ നേരിട്ടത്? സമീറയുടെ ചിന്തകൾക്ക് കൂടുതൽ വ്യക്തത വന്നു കൊണ്ടിരുന്നു. മറ്റുള്ളവരെപ്പലേയാകാൻ ശ്രമിച്ചിട്ട് കാര്യമില്ല. നീ നീയായിരുന്നാൽ മതി. മറ്റുള്ളവർക്ക് വേണ്ടി മാറേണ്ട ആവശ്യമില്ല. ഇതെല്ലാം പറഞ്ഞു തന്നത് കാറ്റ് തന്നെയാണ്. കാറ്റിനെ എങ്ങനെ രക്ഷിക്കും? അതിനു തന്നെ ആരെങ്കിലും സഹായിക്കുമോ? ആതിര? വർഷ? അപ്പച്ചൻ ? അമ്മച്ചി?
ആതിരയും വർഷയും എന്തിന് തന്നെ ഒറ്റപ്പെടുത്തി? അപ്പച്ചനറിഞ്ഞാൽ പുകിലായിരിക്കും. അമ്മച്ചയറിഞ്ഞാൽ ബഹളവും. ആരുമില്ലെന്ന ചിന്ത ഒരു നിമിഷം സമീറയുടെ മനസ്സിൽ മിന്നിമറഞ്ഞു. പ്രതീക്ഷയോടെ ഒരിക്കൽക്കൂടി സമീറ വാകമരപുസ്തകത്തെ നോക്കി. പിന്നെ, തനിക്ക് താനുണ്ടെങ്കിൽ ഒരിക്കലും ഒറ്റപ്പെട്ടു പോകില്ലെന്ന് മനസ്സിലുറപ്പിച്ചു.
ഒരു തരം അനിശ്ചിതത്വം വന്നു സമീറയുടെ മനസ്സിനെ മൂടി. അത് ചിന്തകൾക്ക് മുകളിൽ ഒരു പാടയായി അവശേഷിച്ചു. കാറ്റില്ലാതെ കാറ്റിനോടു സംസാരിക്കാനാകാതെ മരിച്ചവരോട് സംസാരിക്കുവാനുള്ള കഴിവുകളില്ലാതെ താനെന്തു ചെയ്യും? എങ്ങനെ കാറ്റെവിടെയുണ്ടെന്നറിയും?
നിരാശയുടെ നിഴൽ സമീറയെ കൈ കാണിച്ചു വിളിച്ചു. പിന്നെ പതിയെ അവളെ വിഴുങ്ങി. താൻ ജയിച്ചുവെന്നു കണ്ടപ്പോൾ അത് സമീറയെ താരാട്ടു പാടിയുറാക്കി. സമീറയറിയാതെ അവളുടെ കണ്ണുകളതിനെ പുറന്തള്ളാൻ ശ്രമിച്ചു കൊണ്ടിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന കടലാസുകൾ ചുരുട്ടി കുറച്ചകലെയുള്ള ചവിറ്റു കൊട്ടയിലേക്ക് അവൾ എറിഞ്ഞു കൊണ്ടിരുന്നു. ആ കടലാസുകൾ യാത്രപോലും പറയാനാകാതെ ഒന്നിന് മുകളിൽ ഒന്നായി അച്ചടക്കത്തോടെയിരുന്നു.
‘ബോറിയാസിന്റെ മുൻകോപവും പണത്തോടുള്ള ആർത്തിയും സഫൈറസിന്റെ അത്യാഗ്രഹവും കൂട്ടിമുട്ടുമ്പോൾ എന്താണ് ജയിക്കുന്നതെന്നറിയാൻ കാണികൾ ആകാംശഭരിതരായിരിയ്ക്കുമ്പോൾ അവിടേക്കു കടന്നു വരുന്ന ദയയുടെ ദേവത പരസ്പരം മത്സരിക്കുന്ന വികാരങ്ങളെ ഇല്ലാതാക്കുകയും, അവിടെ സമാധാനത്തിന്റെ കാറ്റ് വീശുകയും ചെയ്യുന്നു. ‘കാറ്റിന്റെ മരണ’മെന്ന നാടകത്തിന്റെ കഥ. അത് തിരുത്തപ്പെട്ടിരിക്കുന്നു. അച്ചൻ തന്ന കടലാസിന്റെ മറു വശത്ത് ഇങ്ങനെ എഴുതിയിരുന്നു.
ആ കത്ത് മുഴുവനായി വായിച്ചു നോക്കാത്തത്തിൽ സമീറയ്ക്ക് കുറ്റബോധം തോന്നി. അത് മാഞ്ഞു അവിടെ പ്രതീക്ഷയുടെ ചെറു നാളം തെളിഞ്ഞു. ഇനിയും വൈകിക്കൂടാ. സമീറ നോട്ടീസിലെ നമ്പർ ഡയൽ ചെയ്തു കഴിഞ്ഞിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല