(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 21
മേഘങ്ങളെറിയുന്ന മഞ്ചാടിക്കുരു
കാറ്റിന്റെ മരണം—സമീറയുടെ മനസ്സ് പിടഞ്ഞു.
അമ്മച്ചിയുടെ പഴയ തുണിക്കട്ടിലിൽ കിടക്കുമ്പോൾ കാണുന്ന ആകാശത്തിന്റെ ചീളിലേക്ക് സമീറ നിരാലംബയായി നോക്കി. ഒന്നനങ്ങിയപ്പോൾ തലയുടെ പുറകിലെ മുറിവിൽ നിന്നുള്ള നീറ്റൽ അവളെ നിശ്ചലയാക്കി. തന്റെ മുറിയിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് അവൾ ആശിച്ചു.
“നീയിനി എന്റെ അടുത്തു വരില്ലെന്നു പറഞ്ഞതു കള്ളമല്ലേ? എന്നെ വിട്ടു പോകാൻ നിനക്കു കഴിയുമോ?” തൊട്ടപ്പുറത്ത് നിന്നു ഒരു ഗത്ഗതം കേട്ടപ്പോൾ പെട്ടന്ന് താനെന്തൊക്കെയാണ് പറയുന്നതെന്ന് സമീറയ്ക്ക് തോന്നിപ്പോയി. വാതിൽക്കൽ അമ്മച്ചിയുടെ നിഴലുകൾ മിന്നിമറഞ്ഞു. ശാരതേച്ചിയും നാണിച്ചേട്ടത്തിയും അവിടെ എവിടെയോ ഉണ്ടെന്ന് തൂണുകൾ സമീറയോട് അടക്കം പറഞ്ഞു. അപ്പച്ചന്റെ മൂർച്ചയുള്ള വാക്കുകളെ സൂക്ഷിക്കണമെന്ന് ചുമരുകൾ സമീറയ്ക്ക് മുന്നറിയിപ്പ് നല്കി.
“നിന്നെ ഇഷ്ടപ്പെടുക എന്നാൽ നിന്റെ ഇഷ്ടങ്ങളേയും അനിഷ്ടങ്ങളെയും ബഹുമാനിക്കുക എന്നതാണ്,’ സമീറ കാറ്റിന്റെ വാചകങ്ങളോരോന്നായി മന്ത്രിച്ചു കൊണ്ടിരുന്നു. എന്നാലെങ്കിലും കാറ്റ് തന്നെത്തേടി വരുമെന്ന് അവൾ പ്രതീക്ഷിച്ചു കാണണം.
താനെന്തിന് തന്റെ പ്രിയതമനെക്കൊന്നു? തന്നെ സ്നേഹിക്കുന്നവർക്കൊന്നും പകരം നൽകുവാൻ തനിക്കായില്ല. എല്ലാവരും തന്നിൽ നിന്നകന്നു പോകുന്നു. എല്ലാം തന്റെ തെറ്റു കൊണ്ടാണ്. സമീറ വിലപിച്ചു.
സമീറയുടെ മനസ്സിലേക്ക് കുളിര് പോലെ നീൽ എന്ന പേര് കടന്നു വന്നു. നീൽ തനിക്കാരയിരുന്നു? കുറ്റബോധത്തിന്റെ ഒരു പാട സമീറയുടെ ഹൃദയത്തെ വന്നു മൂടി. അത് സമീറയെ ശ്വാസം മുട്ടിച്ചു. വർഷയറിയാതെ താനെന്തോ അവളിൽ നിന്നും അപഹരിച്ചത് പോലെ സമീറയ്ക്ക് തോന്നി. എന്തിനായിരിക്കും വർഷ തന്നെ തള്ളിയിട്ടത്? തനിക്ക് നീലിനോട് തോന്നിയ കാന്തികാകർഷണം വർഷ മനസ്സിലാക്കിയിട്ടുണ്ടാകുമോ? ഒരുതരം അരക്ഷിതാവസ്ഥ സമീറയെ പിടി കൂടി. താൻ അന്തരീക്ഷത്തിലിങനെ പറന്നു നടക്കുന്നതായും അങ്ങിങ്ങായി മുൻപു ആ സ്ഥലത്ത് നടന്നിരുന്നവർ, ഇരുന്നിരുന്നവർ, നിന്നിരുന്നവർ.. അങ്ങനെ എല്ലാവരേയും താൻ കാണുന്നതായും സമീറയ്ക്ക് തോന്നി. ഭൂമിയിലെ സമയമെന്ന മറ നീക്കപ്പെട്ടാൽ എല്ലാവരും ഒത്തു കൂടില്ലെ? ഒരാളുടെത്തന്നെ ഒരായിരം ദൃശ്യങ്ങൾ?
വർഷകാലത്തിന്റെ ഒടുക്കത്തോട് കൂടി ചിണുങ്ങി നിന്നിരുന്ന മാനം പൊട്ടിക്കരഞ്ഞു തുടങ്ങി. സമീറ ചിലപ്പോഴെല്ലാം മഴ നനഞ്ഞു കുളത്തിനരികിലേക്ക് നടക്കും. മേഘങ്ങളെറിയുന്ന മഞ്ചാടിക്കുരുപോലെ വെള്ളത്തുള്ളികൾ സമീറയെ ചിരിപ്പിക്കാൻ ശ്രമിക്കും. എന്നാലവ സമീറയുടെ മുഖത്ത് പതിക്കുമ്പോൾ വെള്ളം നിറച്ച ബലൂണുകൾ പോലെ പൊട്ടി അവയ്ക്കകത്തൊളിച്ചിരുന്നിരുന്ന ചുമന്ന നിറം സമീറയുടെ മുഖത്ത് പടർന്നൊലിക്കും.
“ഒരു കൊടയെടുത്ത് പോകെടീ. നിന്റെ മുറിവുണങ്ങണ്ടെ?” അമ്മച്ചി സമീറയെ ആദ്യമൊക്കെ ഉപദേശിക്കാറുണ്ടായിറന്നു. സമീറയുടെ നോട്ടത്തിലെ ശൂന്യത അമ്മച്ചിയെ ഭയപ്പെടുത്തിക്കാണണം. പിന്നെപ്പിന്നെ, അമ്മച്ചി അവളിൽ നിന്നകന്നു. റോസ്സാച്ചെടിക്ക് കൊടുക്കുന്ന ചായപ്പൊടിക്കും മുട്ടത്തോടിനും പകരം കളച്ചെടിക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം സമീറയ്ക്കു കിട്ടിത്തുടങ്ങി. ആ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനു പകരം വെറുക്കുകയാണ് സമീറ ചെയ്തത്. കാരണം, അത് സമീറയ്ക്കു നേടിക്കൊടുത്തത് കൂടുതൽ സമയത്തെയാണ്. ഏകാന്തതയാണ്. ഏകാന്തമായ മനസ്സിലേക്ക് ഭാവനകൾ ഓടി വരുന്നതിനു പകരം അവിടെ കാറ്റിനെക്കുറിച്ചുള്ള ഓർമ്മകൾ തിങ്ങിനിറഞ്ഞു വീർപ്പു മുട്ടി. അത് പതിയെ വീർത്തു പൊട്ടി. അതിൽ നിന്നു ചിന്നിച്ചിതറിയ ചാരത്തുണ്ടങ്ങളെ കയ്യിലൊതുക്കാനാകാതെ സമീറ നിന്നു വെന്തു. ഓരോ കാഴ്ചയിലും അവൾ കാറ്റിന്റെ കാഴ്ചപ്പാടുകളെത്തിരഞ്ഞു. അതിനെ മായ്ച്ചു കളയാൻ അവൾ പുതിയ ചിലന്തിവലകൾ നെയ്തു. അവയിൽ തട്ടിത്തടഞ്ഞു നിന്ന ചിന്തകളെ അവൾ കീറിമുറിക്കുവാനൊരു ശ്രമം നടത്തി നോക്കി. അവയുടെ ഭാരം താങ്ങാനാകാതെ ഓരോ നൂലിഴകളും താഴെ വീണു. അവ കണ്ടെത്താനായി സമീറ അന്തരീക്ഷത്തിൽ തപ്പിത്തടഞ്ഞു.
“ഞാനാണ് എല്ലാത്തിനും കാരണക്കാരി. ഞാനെന്നും ഒരു ഒറ്റപ്പെട്ട കാർമേഘമാണ്,” അവളിലെ കവി മഴത്തുള്ളികളോട് പറഞ്ഞു. അതിനു മറുപടി പറയാറുള്ള ആ പതിഞ്ഞ ശബ്ദത്തിനു വേണ്ടി അവൾ കുളത്തിലും കടവിലും വഴിയിലും തിരഞ്ഞു. ചുമന്ന തുമ്പിയോടും വണ്ണാത്തിപ്പുള്ളിനോടും ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല.
കാറ്റില്ലാതെ എങ്ങനെ മുന്നോട്ടു പോകുമെന്ന് അവൾക്കൊരു നിശ്ചയവുമില്ലായിരുന്നു. നഷ്ടപ്പെട്ടു പോയ നിമിഷങ്ങളിലല്ല കയ്യിലുള്ള നിമിഷത്തിലാണ് ജീവിതമെന്ന പറഞ്ഞു തന്ന തൻറെ പ്രിയതമനെ ഓർത്തു ജീവിതം നഷ്ടപ്പെടുത്തരുതെന്നു സമീറയ്ക്കു തോന്നിത്തുടങ്ങിയെങ്കിലും കാറ്റില്ലാതെ എങ്ങനെ സമാധാനം കണ്ടെത്തുമെന്നു സമീറയ്ക്കറിയില്ലായിരുന്നു.
കുളക്കടവിലെ ആവർത്തിക്കപ്പെടുന്ന ഓളങ്ങൾ കണ്ടപ്പോൾ കാറ്റു പിണങ്ങിപ്പോയത് തന്നെയാണെന്നും തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതൊരിക്കൽ തിരിച്ചു വരുമെന്നും സമീറ ഉറപ്പിച്ചു. മെഴുകുതിരിയുരുകി ഇല്ലാതാകുന്നത് കണ്ടപ്പോൾ കാറ്റ് മറ്റെന്തോ ആയിക്കഴിഞ്ഞുവെന്നു ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നും ആശങ്കപ്പെട്ടു.
ഒരു ദിവസം ആതിരയും ജൊവാനും സമീറയെക്കാണാൻ വീട്ടിൽ വന്നു. അന്നു അമ്മച്ചി പൊട്ടിക്കരഞ്ഞു. അപ്പച്ചൻ സമീറയോട് ദേഷ്യപ്പെട്ടു. നാട്ടുകാരുടേയും കുടുംബക്കാരുടെയും ‘ജീവിതം തുലയ്ക്കുന്ന’ സമീറയെക്കുറിച്ചുള്ള ആവലാതികളെക്കുറിച്ച് അവളന്നാണറിഞ്ഞത്. സമൂഹത്തിന്റെ ശരികളായ ഫസ്റ്റ് ക്ലാസ്സിൽ സഞ്ചരിച്ചു ശീലിച്ച സമീറയ്ക്കു ജനറൽ കമ്പാർട്മെന്റിൽ നിന്നു ചവിട്ടിപ്പുറത്താക്കപ്പെട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ. അത് വരെ ഫസ്റ്റ് ക്ലാസ്സിലെ ഏസിയെപ്പറ്റിയും സീറ്റിനെപ്പറ്റിയും മാത്രമായിരുന്നു ചിന്ത. അപ്പോഴും ഇടയ്ക്ക് താൻ തീവണ്ടിയുടെ ചെയിൻ വലിച്ചുവെന്നു ആളുകൾ പരാതിപ്പെടുമല്ലോയെന്നു സമീറയോർത്തു. ഒഴുക്കിനെതിരെ നീന്തുന്നവരെ വെള്ളത്തിൽ മുക്കിക്കൊല്ലുന്ന സമൂഹത്തെ സമീറ വെറുത്തു തുടങ്ങിയിരുന്നു.
‘എന്തിനുമൊരു കാരണം വേണം. കാറ്റെങ്ങനെ മരിച്ചു? കാറ്റെവിടെ അപ്രത്യക്ഷമായി? എങ്ങനെ അപ്രത്യക്ഷമായി?’ സമീറയുടെ ചിന്തകൾക്ക് വ്യക്തത വരുന്നുണ്ടായിരുന്നു.. കാറ്റ് തന്നെ ഏല്പിച്ച ദൌത്യത്തെക്കുറിച്ച് സമീറയോർത്തു. വല്യപ്പച്ചനെക്കുറിച്ച് കൂടുതലന്വേഷിക്കാനായി തീരുമാനിച്ചുറപ്പിച്ച അന്നാണ് സമീറയുടെ കൂട്ടുകാരികൾ വന്നത്. അന്ന് സമീറയുടെ അമ്മച്ചി കാലങ്ങൾ കൂടി സമീറയുടെ മുറിയിലേക്ക് കടന്നു. മുറിയിൽ സ്ഥാനം തെറ്റിയതും പൊടി പിടിച്ചു കിടക്കുന്നതുമായ ഫർണിച്ചറുകൾ കണ്ടു അമ്മച്ചിയുടെ മുഖം ചുളിഞ്ഞു. പ്യൂപ്പക്കകത്തേക്ക് തിരിച്ചു പോകാനാകാത്ത ചിത്രശലഭത്തെപ്പോലെ സമീറ ഉഴറി. അന്ന് ആതിര പറഞ്ഞ വാക്കുകളുടെ അർത്ഥം മനസ്സിലാകാതെ ഒരന്യഗ്രഹ ജീവിയെപ്പോലെ സമീറ വാസസ്ഥലത്തേക്കു തിരിച്ചു പോകാനാഗ്രഹിച്ചു.
“ ടീ, ഈ ഫോട്ടോസ് നോക്കിയേ,” ആതിര തന്റെ ഇൻസ്റ്റാ അക്കൗണ്ടിലെ പോസ്റ്റുകൾ സമീറയെ കാണിച്ചു. അതിൽ ആതിരയോടൊപ്പം ആ യോ യോ പയ്യനുമുണ്ടായിരുന്നു.
“നീ ആ റൂം ഒഴിയണം. ഷഫ്ലിങ്ങ് ആണ് അടുത്താഴ്ച. നീ ഈ കടലാസിൽ ഒപ്പിട്ടാലേ കീർത്തിക്കു നമ്മുടെ റൂം ചൂസ് ചെയ്യാൻ പറ്റൂ.” ആതിര നീട്ടിയ പേപ്പറിലെ ഉള്ളടക്കം പോലും നോക്കാതെ സമീറ ഒപ്പിട്ടു.
“ ഞങ്ങളിങ്ങോട്ട് വരുന്നുണ്ടെന്നു കേട്ടപ്പോ ഇത് കൂടി തരാൻ പറഞ്ഞു എച്ച് ആർ. ഈ വർഷത്തെ പരീക്ഷ നീ സ്കിപ് ചെയ്യേണ്ടി വരും. അറ്റൻറൻസില്ലല്ലോ.”
“എന്താടീ നിന്റെ ഉദ്ദേശം? നീയിനി തിരിച്ചു വരുന്നില്ലേ?” ജൊവാന്റെ ചോദ്യത്തിനുത്തരമായി അമ്മച്ചി കരഞ്ഞു.
“ മോളേ ഒരു ഡോക്ടറായിക്കാണാനുള്ള ഭാഗ്യമില്ലല്ലോ മക്കളെ,” എന്ന് വിലപിച്ചു. ആതിരയും ജൊവാനും തൻറെ സങ്കടത്തിൽ പങ്കുചേരാനും തന്നെ ആശ്വസിപ്പിക്കാനുമാണ് വന്നതെന്ന് സമീറ ആദ്യം തെറ്റിദ്ധരിച്ചെങ്കിലും കോളേജിൽ നിന്നു തന്നെ പുറത്താക്കാനാണ് അവരുടെ ഉദ്ദേശമെന്നു വൈകാതെ മനസ്സിലായി.
അന്ന് രാത്രിയാണ് അപ്പച്ചന്റെ വാക്കുകളിലെ ലാവയുടെ ചൂട് സമീറ അറിഞ്ഞത്. കാലങ്ങളായി തിളച്ച ദേഷ്യം പുറത്തേക്കു ഒഴുകുകയായിരുന്നു.
“നീയെന്തു വിചാരിച്ചെടീ? ചുമ്മാ അങ്ങ് ആളുകളുടെ കണ്ണിൽപ്പൊടിയിട്ടു ജീവിക്കാമെന്നോ? നാളെ മുതൽ കോളേജിൽ പൊയ്ക്കോണം. ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ വേണ്ടി.” സമീറ അമ്മച്ചിയെ നോക്കിയെങ്കിലും അമ്മച്ചിയെക്കണ്ടില്ല. അമ്മച്ചിയൊരു ഖരമല്ല ദ്രാവകമാണെന്ന് അന്നാണ് സമീറയ്ക്കു ബോധ്യപ്പെട്ടത്. അതിനു സ്വന്തമായ ഒരു ആകാരമില്ലല്ലോ.
“നാളെ പനയ്ക്കലെ അച്ചൻ വരുന്നുണ്ട്. നീ വൈകുന്നേരം റെഡിയായിരുന്നോ.” ഇതിങ്ങനെ വിട്ടാൽ കൊള്ളില്ല. കല്യാണം കഴിക്കാനുള്ള കൊച്ചാണ്. നീയിങ്ങനെ അവളുടെ ഭ്രാന്തിന് തുള്ളിക്കോ. വാകമര പുസ്തകം മേശവിരിപ്പിൽ നിന്നു പുറത്തെടുക്കുമ്പോൾ സമീറയുടെ മുറിയുടെ ചുവരുകളിലൂടെ ആ വാചകങ്ങൾ തുളച്ചു കയറി
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല