(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 20
കാറ്റിന്റെ മരണം
മോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. കോഴിക്കോട്ടെ ഡ്രാമാ തീയറ്ററിലായിരുന്നു അന്ത്യം.
അപ്പച്ചന്റെ പതിവു ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്നത് കേട്ടാണ് സമീറ അങ്ങോട്ട് ചെന്നത്. സമീറയുടെ മുഖം കടലാസ് തുണ്ടുകൾ പോലെ വിവർണ്ണമായി. താനിന്നലെ നാല് മണി വരെ അവിടെയുണ്ടായിരുന്നല്ലോ? പിന്നെപ്പോഴാണദ്ധേഹം മരിച്ചത്? വിസിറ്റേഴ്സ് പുസ്തകത്തിൽ താനെഴുതി ഒപ്പിട്ട പേരിനെക്കുറിച്ചാണപ്പോൾ സമീറ ഓർത്തത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പോലീസിന് പരാതി നൽകി.
ന്യൂസ് റിപ്പോർട്ടർ കൂടുതൽ വിവരങ്ങൾ നൽകിക്കൊണ്ടേയിരുന്നു.
“ അയ്യോ…” സമീറ അറിയാതെ പറഞ്ഞു പോയി.
“ എന്താ?”
അപ്പച്ചൻ ഒഴിഞ്ഞ ചായക്കപ്പു നീട്ടിച്ചോദിച്ചു.
വിറയ്ക്കുന്ന കൈകളോടെ സമീറ ആ കപ്പ് വാങ്ങി അടുക്കളയിലേക്ക് പോയി. കാക്കക്കൂട്ടിൽ മുട്ടയിട്ടു പറന്നു പോകുന്ന കുയിലമ്മയുടെ നെഞ്ചിടിപ്പോടെ അവൾ തലേ ദിവസത്തെ കാര്യങ്ങൾ ഓരോന്നായി കൂട്ടിക്കിഴിച്ചു.
വർഷയുടെ ഫോൺ കോളിന് ശേഷമാണ് താൻ പിന്നെയും കുളക്കരയിലേക്ക് പോയത്. കയ്യിൽ ആ നോട്ടീസുമുണ്ടായിരുന്നു. അതിലേക്കു തന്നെ കുറെ നേരം നോക്കിയിരിക്കുമ്പോഴാണ് കാറ്റിന്റെ മരണമെന്ന പേരിനു താഴെയുള്ള വരയ്ക്കൊരു ചെറിയ രൂപമാറ്റമുള്ള കാര്യം ശ്രദ്ധയിൽ പെട്ടത്. അതൊരു ഡിസൈൻ ആയിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. ആദ്യത്തെ ‘എൻ’ എന്ന അക്ഷരം കണ്ടുപിച്ചപ്പോഴാണ് ഓരോ അക്ഷരങ്ങളും മറനീക്കി തെളിഞ്ഞു വന്നത്.
“Neel,” താനാ പേരു കണ്ടു പിടിച്ചു. അയാൾ ഇത്ര പ്രശസ്തനായിട്ടും താനറിഞ്ഞില്ലല്ലോ എന്ന ചിന്ത സമീറയുടെ ചിന്തകളെ ഒന്നു രണ്ടു നിമിഷം മതിച്ചു. പിന്നെ, പതിയെ കീഴടങ്ങി. എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചുമറിയുന്ന വർഷയെ ഫോണിൽ വിളിക്കാൻ തുടങ്ങിയതാണ്. എന്നാൽ കാറ്റ് വന്നു സമീറയോട് മന്ത്രിച്ചു,
“നീൽ എന്ന ആളുടെ ഡ്രാമാ തീയറ്റർ ഇവിടെയടുത്തുണ്ട്. നമുക്കൊന്ന് പോയി നോക്കിയാലോ?” എന്തോ ഒരു ലീഡ് കിട്ടിയ സന്തോഷമായിരുന്നു സമീറക്ക്. കാറ്റ് പറഞ്ഞു തന്ന വഴികളിലൂടെ സമീറ വേഗത്തിൽ സഞ്ചരിച്ചു. അവിടെയെത്തിയപ്പോൾ അത്ഭുതമാണ് തോന്നിയത്. മതിലുകളിൽ ഷേക്സ്പീറിയൻ ഡ്രാമകളുടെ ചിത്രങ്ങൾ, പേരറിയാത്ത കുറെ ചിത്രങ്ങൾ വേറെയും. ആ ചിത്രങ്ങൾ മിനയുന്ന കഥകൾ. അ കഥകൾ നമ്മെ നയിക്കുന്ന വളഞ്ഞും പുളഞ്ഞുമുള്ള ഇടനാഴികൾ. വീതിയുള്ള മുറികളിലേക്കാണ് അവ നമ്മെ കൊണ്ട് പോകുക. ആ മായാലോകത്തു പെട്ടു സമീറയിങ്ങനെ നടന്നു. അതിനു മുൻപാണ് വിസിറ്റേഴ്സ് പുസ്തകത്തിൽ പേരെഴുതിയത്. ഓരോ ഹോളുകളിൽ ഓരോ സംഘമായി നിന്നു ആളുകൾ നാടകം പരിശീലിക്കുന്നുണ്ടായിരുന്നു. സമീറ നീലിനെ അന്വേഷിച്ചുകൊണ്ടിരുന്നു. അദ്ദേഹമെവിടെയാണെന്ന് ആർക്കുമറിയില്ലായിരുന്നു.
“ ഇവിടെ എവിടെയുമുണ്ടാകാം,” എന്ന ഒരു പയ്യന്റെ ഉത്തരത്തിൽ നിന്നു എവിടെയും എപ്പോഴും പ്രത്യക്ഷപ്പെടാം എന്ന സന്ദേശമാണ് സമീറയ്ക്ക് ലഭിച്ചത്.
ചില നാടക രംഗങ്ങൾ കണ്ടു സമീറയതിൽ മുഴുകി നിന്നു പോയി. ചിലപ്പോൾ അതൊന്നും ശ്രദ്ധിക്കാതെ സമീറ തന്റെ തിരച്ചിൽ തുടർന്നു. നാടകമെന്ന കല ഇത് വരെ ആസ്വദിച്ചിട്ടില്ലാത്തത്തിൽ സമീറയ്ക്കു ഖേദം തോന്നി. ഒടുവിൽ, കാറ്റാണ് നിർദ്ദേശിച്ചത് തിരിച്ചു പോയാലോ എന്ന്. അല്ലെങ്കിൽ താനാ മായാ ലോകത്തു രാത്രി വരെ ചുറ്റിത്തിരിഞ്ഞേനെ.
സമീറ ഓർമ്മകളുടെ പുസ്തകത്തിന്റെ ഓരോ പേജുകളും വീണ്ടും വീണ്ടും മറിച്ചു നോക്കി. അവിടെയെങ്ങുമാ മുഖം സമീറയ്ക്കു കണ്ടെത്താനായില്ല. അപ്പോഴാണ് വർഷയുടെ ഫോൺ വന്നത്.
“നീയൊന്നു…നീയൊന്നു ഇവിടേക്ക് വാ. വേഗം. ഞാൻ ലൊക്കേഷനയച്ചിട്ടുണ്ട് ,” അവളുടെ ശബ്ദം മാറിയിരുന്നു.
“ എന്താ? എന്ത് പറ്റി?”
സമീറയ്ക്ക് ചോദിക്കാതിരിക്കാനായില്ല. അതിനവളുത്തരമൊന്നും പറഞ്ഞില്ല.
അവിടെയെത്തിയപ്പോൾ സമീറ ഞെട്ടിപ്പോയി. അത് നീൽ എന്ന കലാകാരന്റെ വീടായിരുന്നു. സമീറയുടെ മനസ്സിലൊരു ഭാരം രൂപപ്പെട്ടു. തലേ ദിവസത്തെ സംഭവങ്ങൾ സിനിമയിലെ ഒരു ദൃശ്യം പോലെ കണ്ണിനു മുന്നിൽ ആവർത്തിച്ചു കൊണ്ടേയിരുന്നു. താൻ നീലിന്റെ സാമ്രാജ്യത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ‘തലേ ദിവസം താനയാളെ കണ്ടിട്ടേയുണ്ടായിരുന്നില്ല. കണ്ടിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നു എനിക്കറിയില്ല. അയാളെന്നെ കണ്ടിരിക്കുമോ? ഓരോ കോറിഡോറിലും ഒന്ന് രണ്ടു ക്യാമറകൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് സമീറയോർത്തു. ‘അയാളുടെ ആ മാസ്മരിക ലോകത്തേക്കു കടക്കുമ്പോൾ ഞാൻ ഞാനല്ലാതാവുകയായിരുന്നു. അവിടെക്കണ്ട അയാളുടെ നിഴലുകൾ അയാളുടെ കാഴ്ചപ്പാടുകൾ അയാളുടെ ആശയങ്ങൾ…എല്ലാം എന്നെ അയാളെന്ന കലാകാരനിലേക്ക് അടുപ്പിക്കുകയായിരുന്നു. ഒടുവിൽ, അവിടെ നിന്നറങ്ങിയപ്പോൾ ഒരു കാന്തിക ശക്തിയെന്നെ അവിടേക്ക് തിരിച്ചു വലിച്ചു കൊണ്ടിരുന്നു. കാറ്റിന്റെ കൂടെ തിരിച്ചു നടക്കുമ്പോഴും ഒരു മാസ്മരികത എന്നെ വന്നു മൂടിക്കഴിഞ്ഞിരുന്നു.’
പിറ്റേ ദിവസം വൈകുന്നേരം നീലിന്റെ വീട്ടിലെത്തിയപ്പോൾ ആ മാസ്മരികത സമീറ തൊട്ടറിഞ്ഞു. ആ വീട്ടിലെ ഓരോ കോണിലും ചുമരുകളിലും ചെറിയ ദ്വാരങ്ങളുള്ള ഡിസൈനുകളിലും ഓരോ തൂക്കു വിളക്കുകളിലും സമീറയതേ രൂപം കണ്ടു –സമീറ തന്റെ മനസ്സിൽ മിനഞ്ഞെടുത്ത രൂപം.
വർഷ പതിവിന് വിപരീതമായി വളരെ ഡൾ ആയി കാണപ്പെട്ടു. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. മറ്റേതോ ലോകത്തിൽ നിന്നുമിറങ്ങി വരുന്നത് പോലെ അവൾ സമീറയെക്കണ്ടപ്പോൾ അടുത്തേക്കു വന്നു.
“ നമുക്കൊന്ന് കുന്നുവരെ പോയാലോ?” അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. സമീറ നീലിന്റെ വീട്ടിൽ പോയിട്ടില്ലെങ്കിലും വെള്ളാരം കുന്നിൽ പല തവണ പോയിട്ടുണ്ട്. അവിടെ വെച്ചാണല്ലോ താൻ മരിച്ചവരോട് സംസാരിക്കാറുണ്ടായിരുന്നത്.
“ നീൽ, അവൻ പോയി.” അവിടെയെത്തിയതും അവൾ സമീറയെ നോക്കിപ്പറഞ്ഞു.
ഒന്ന് രണ്ടു നിമിഷം സമീറ ആലോചിച്ചു നിന്നു. മണ്ണിലുറങ്ങിക്കിടന്ന ചിന്തകൾക്ക് ചിറകു മുളക്കാൻ കുറച്ചു സമയമെടുത്തു. അവളുമെന്നെപ്പോലെ ഒരു ആരാധികയാകുമോ എന്നാണ് സമീറ ആദ്യം ചിന്തിച്ചത്. പിന്നെയാണ് അവൾ കയ്യിലിറുക്കിപ്പിടിച്ച വിവാഹമോതിരം ശ്രദ്ധിച്ചത്. നീൽ, വർഷയുടെ ഭർത്താവായിരുന്നു. വർഷ, നീലിന്റെ ഭാര്യയായിരുന്നു. കുറ്റബോധം കൊണ്ട് സമീറയുടെ മനസ്സ് കുനിഞ്ഞു. താൻ അവളുടെ അനുവാദമില്ലാതെ എന്തോ കവർന്നെടുത്തുവെന്ന ചിന്ത സമീറയെ വന്നു മൂടി. അതിൽ നിന്നു രക്ഷപ്പെട്ടൻ ശ്രമിക്കുന്നതോറും എന്തോ ഒന്ന് സമീറയെ അതിലേക്കു പിടിച്ചു വലിച്ചു കൊണ്ടിരുന്നു.
“ നീൽ എന്നെ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്നു എനിക്കു പറഞ്ഞു മനസ്സിലാക്കുവാൻ കഴിയില്ല. അവനീ ലോകത്തിലിന്നില്ല എന്നു വിശ്വസിക്കാൻ തന്നെ എനിക്കു പ്രയാസമാണ്,” വർഷ നീലിനെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരുന്നു. വർഷ പറയുന്നതിനേക്കാൾ വർഷയുടെ ചിന്തകളെക്കാൾ തന്റെ മനസ്സ് കരയുന്നുണ്ടെന്നു സമീറയ്ക്കു തോന്നി. ആ അനുഗ്രഹീത കലാകാരന്റെ ശബ്ദമൊന്നു കേൾക്കാൻ സമീറയുടെ മനസ്സ് കൊതിച്ചു. അദ്ദേഹത്തിന്റെ ശബ്ദം മാഞ്ഞു പോകുന്നതിന് മുൻപു അതൊന്നു തിരിച്ചു പിടിക്കാൻ സമീറയുടെ ഹൃദയം വെമ്പി.
“വർഷയ്ക്ക് നീലിന്റെ ശബ്ദം കേൾക്കണമെന്നുണ്ടോ?” എവിടെയാണ് നീൽ? തന്റെ നീൽ ജീവിച്ചിരിപ്പുണ്ടോ എന്ന ഭാവം വർഷയുടെ മുഖത്ത് മിന്നി മറഞ്ഞു. പിന്നെ, പതിയെ വർഷയുടെ ഹൃദയ താളമുയർന്നു—കഞ്ഞിക്കലത്തിലെ മൂടിയിൽ നീരാവി താളം പിടിക്കുന്നത് പോലുള്ള ശബ്ദം പോലെ അതുറക്കെയായി. ഭയമൊരു ക്ഷണിക്കാതെ വന്ന അതിഥിയെപ്പോലെ വർഷയുടെ കണ്ണുകളെ നാനാ ഭാഗത്തേക്കുമോടിച്ചു. അവൾ കൈ കൊണ്ട് ചെവി പൊത്തിയലറി.
വിവിധ ഭാവങ്ങൾ മിന്നിമറയുന്ന വർഷയുടെ മുഖത്തേക്ക് ആട്ടം കണ്ട ഒരാസ്വാദകന്റെ നിർവൃതിയോടെ സമീറ സംസാരിച്ചു തുടങ്ങി. എങ്കിലും പണ്ട് തന്നെ പിടിച്ചു കുലുക്കിയ ആ സംഭവമായിരുന്നു മനസ്സ് നിറയെ,
“വർഷാ, അറിയാത്ത എന്തിനേയും മനുഷ്യനെന്നും ഭയപ്പെട്ടിട്ടിയുള്ളൂ. നീയെന്നങ്ങനെ കാര്യങ്ങൾ ഉൾക്കൊള്ളുമെന്നനെനിക്കറിയില്ല. ഞാൻ പറഞ്ഞത് സത്യമാണ്. നിനക്ക് നിന്റെ പ്രിയതമന്റെ ശബ്ദം കേൾക്കേണ്ടെ?”
“നീൽ.. നീൽ ജീവിച്ചിരിപ്പുണ്ടോ?” വിതുമ്പലിനിടയിലും ഒന്ന് രണ്ട് വാക്കുകൾ സമീറയുടെ അടുത്തക്ക് തെറിച്ചു വീണു.
സമീറയുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ടാകണം വർഷ സമീറയെ ഒരു പാവ കണക്കെ പിടിച്ചു കുലുക്കി അലറിയത്,
“പറ..”
സമീറയ്ക്കാപ്പൊഴും ചിരിയാണ് വന്നത്.
“നഷ്ടപ്പെട്ടതിനെ നമുക്ക് തിരിച്ചു കൊണ്ട് വരാം,” സമീറയുടെ മുഖത്ത് നിഴലികച്ച ദുരൂഹതയെ വർഷ വെറുത്തു. അപ്പോൾ സമീറയെ കുന്നിന് താഴേയ്ക്ക് ഉന്തിയിടാനാണ് വർഷയുടെ മസ്തിഷ്ക്കം അവളോട് കൽപ്പിച്ചത്. ആ ഒരു നിമിഷത്തെ ഉത്തരവ് അവൾ അനുസരിച്ചു.
വർഷ സമീറയെ ശക്തിയോടെ തള്ളിയിട്ടു.
പ്രകൃതിയിലെ തൻറെ കൂട്ടുകാരോടെല്ലാം വിട പറഞ്ഞത് സമീറ കുന്നിലൂടെ തെന്നി നീങ്ങിക്കൊണ്ടിരുന്നു. ആ താളത്തിനൊരു താളമുണ്ടായിരുന്നു. ആ ചലനത്തിനൊരു ഭാവമുണ്ടായിരുന്നു. അത് കരുതലെന്ന ഭാവമായിരുന്നു. അത് കാറ്റിന്റെ താളമായിരുന്നു. സമീറ പതിയെ പുൽത്തകിടിയുടെ മടിയിലേക്ക് കിടത്തപ്പെട്ടു. ഒരു പതിഞ്ഞ സ്വരം സമീറയുടെ കാതിലൂടെ കടന്നു പോയി.
“ സമീറ, നീയത് കണ്ടെത്തണം. ഞാനിതാ മരിച്ചുകൊണ്ടിരിക്കുന്നു.” അത് കാറ്റായിരുന്നു.
അത് കാറ്റിന്റെ മരണമായിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല