(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 13
മരിച്ചവരുടെ സംഭാഷണങ്ങൾ
“കണ്ണനെ ആരോ കൊന്നതാണ്,” മടിയിൽ മുഖം പൊത്തി പൊട്ടിക്കരയുകയായിരുന്ന ആതിരയെ നോക്കി സമീറ പറഞ്ഞു. പുറത്തു കറണ്ട് കമ്പിയിൽ തൂങ്ങിയാടിയിരുന്ന മായപ്പൊൻമാൻ പോലും ഒരു നിമിഷത്തേക്ക് നിശ്ചലയായി.
തലേ ദിവസം മെസ്സ് ഹോളിൽ വെച്ചു ആതിരയ്ക്ക് ആ ഫോൺ കോൾ വന്നപ്പോൾത്തന്നെ ആതിരയും സമീറയും ജൊവാനും കൂടി ആതിരയുടെ വീട്ടിലെത്തിയതാണ്. ആതിരയുടെ അച്ഛനുമമ്മയും നേരത്തെ മരിച്ചതിനാലും ചെറിയച്ഛനും ചെറിയമ്മയും ടൌണിലെ തറവാട് വിറ്റു പെറുക്കി കൃഷി ചെയ്യുവാനായി ഗ്രാമത്തിൽ വന്നു താമസിച്ചതിനാലുമാകണം വളരെ കുറച്ചു ആളുകളെ ആ മരണ വീട്ടിലുണ്ടായിരുന്നുള്ളൂ. വരാന്തയിലെത്തിയപ്പോൾ ചെറിയച്ഛനും ചെറിയമ്മയും ആരതിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“എന്നാലും.. കണ്ണൻ.. അവനിനി..” ചെറിയച്ഛന്റെ വാചകങ്ങൾ താഴെ മുറിഞ്ഞു വീണു.
“ചേച്ചിയെപ്പോലെ എനിക്കും ഡോക്ടറാകണം,” കഴിഞ്ഞ പ്രാവശ്യവും ആതിര ഹോസ്റ്റലിലേക്ക് പോകാനൊരുങ്ങിയപ്പോൾ ബാഗിൽ മടക്കി വെച്ചിരുന്ന വെള്ളക്കോട്ടുമിട്ട് വളഞ്ഞൊടിഞ്ഞു നിൽക്കുന്ന കോട്ടിന്റെ കൈകളുമാട്ടിയാട്ടി സ്റ്റെതസ്കോപ്പും കഴുത്തിൽത്തൂക്കി കണ്ണൻ പറഞ്ഞതാണ്. അന്ന് താനവനെ സമയം വൈകുന്നുവെന്ന് പറഞ്ഞു വഴക്കു പറഞ്ഞതും ഇനി തന്റെ സാധനങ്ങളെടുക്കുമോ എന്നു ശകാരിച്ചു ചെവി പിടിച്ചു തിരിച്ചതും ആതിരയുടെ മനസ്സിലേക്ക് തികട്ടി വന്നു. അതിനകമ്പടിയെന്നോണം ആതിരയുടെ ഹൃദയം ഒരു മിന്നൽപ്പിണർ കണക്കെ പിടഞ്ഞു.
ചന്ദനത്തിരിയുടെ ഗന്ധം മൂക്കിൽ തുളച്ച് കയറിയപ്പോഴാണ് സമീറ കുറച്ചു ശബ്ദങ്ങൾ കേട്ടത്. ഒരു പതിഞ്ഞ ആ സ്വരം.
“കണ്ണാ , വാ. കുളത്തിലൊരു സ്വർണ്ണ മീനിനെ കാണിച്ചരാം.”
“ചാച്ചച്ചാ.. കൈ പിടിക്ക്. കണ്ണന്റെ മൂക്കില് വെള്ളം കേറി.”
സമീറ ഒരു ഞെട്ടലോടെ ആതിരയെ നോക്കി. ആരുമാ സ്വരം കേട്ട മട്ടില്ല. എല്ലാവരും ആ സങ്കടപ്പുഴയിൽ അങ്ങനെ ഒഴുകിയൊഴുകി നടക്കുകയാണ്.
താൻ കേട്ട കാര്യം ആരോടെങ്കിലും പറയണോ? സമീറയ്ക്കൊരു രൂപവും കിട്ടിയില്ല. നിമിഷം ചെല്ലുന്തോറും ആ വാചകങ്ങൾ തന്റെ മനസ്സിൽ പഴുത്തു വിങ്ങുന്നത് പോലെ സമീറയ്ക്ക് തോന്നി.
‘കാറ്റിനോടു പറയാം,’ അവൾ ആരും കാണാതെ പുറകു വശത്ത് പായല് പിടിച്ച അലക്ക് കല്ലിനോട് ചേർന്ന വെളുത്ത ചാമ്പക്കാ മരത്തിന്റെ താഴെ നിന്നു. അസാധാരണമായതൊന്നും നടക്കാത്തത് പോലെ അണ്ണാൻ കുഞ്ഞുങ്ങൾ ചിലച്ചു കൊണ്ട് പ്ലാവിൻ കൊമ്പിലൂടെ ചാടിക്കളിച്ചു. കാറ്റിനെ അവിടെയെങ്ങും കണ്ടില്ല. കാറ്റിനെ എങ്ങനെ വിളിക്കണമെന്നുമറിയില്ല. ഇനി കണ്ടെത്തിയാൽത്തന്നെ ആരെങ്കിലും കണ്ടാലെന്തു വിചാരിക്കും? മതിലിനപ്പുറത്തെ അല്പം ഉയർന്നു നിൽക്കുന്ന പ്രതലത്തിൽ പണിത വീടിന്റെ ജനവാതിൽ തന്നെത്തന്നെ തുറിച്ചു നോക്കുന്നത് സമീറ കണ്ടു. അതിന് പുറകിൽ നിഴലുകൾ മറയുന്നുണ്ടോയെന്ന് കുറച്ചു നേരം സമീറ നോക്കി നിന്നു. വിരലിലൂടെ അരിച്ചെത്തിയ ഫോണിലെ വൈബ്രേഷൻ സമീറയ്ക്കു ഒരു വാതിൽ തുറന്നു കൊടുത്തു.
‘ഫോണിൽ സംസാരിക്കുന്നതു പോലെ അഭിനയിക്കാം. അപ്പോൾ ആരും സംശയിക്കില്ല,’ സമീറ കയ്യിൽ ഊഞ്ഞാലാടിയിരുന്ന ഫോണിനെയെടുത്തു ചെവിയോടടുപ്പിച്ച് സംസാരിച്ചു തുടങ്ങി,
“ ഞാൻ ചില ശബ്ദങ്ങൾ കേൾക്കുന്നു. എന്ത് ചെയ്യും?”
ഉടനെ കാറ്റിന്റെ മറുപടി വന്നു,
“നിനക്ക് മരിച്ചവരുടെ സംഭാഷണങ്ങൾ കേൾക്കാനുള്ള കഴിവുണ്ട്. പക്ഷേ, അതിനൊരു പരിധിയുണ്ട്. ആ കഴിവ് നീ സൂക്ഷിച്ചുപയോഗിക്കണം.”
സമീറ ആശ്ചര്യത്തോടെ കാറ്റിനെ തിരഞ്ഞു. ഒരു നൂറായിരം ചോദ്യങ്ങൾ അവളുടെ മനസ്സിലേക്കോടി വന്നു. വീടിന്റെ ഉമ്മറത്തു നിന്നു അല്പം മുൻപു മൂക്കിൽ തുളച്ചു കയറിയ ചന്ദനത്തിരിയുടെ മണം സമീറയുടെ മനസ്സിനെ ശ്വാസം മുട്ടിച്ചു.
“ അതെങ്ങനാ? അപ്പോൾ ഞാനെന്തെങ്കിലും പറഞ്ഞാ അവർക്കു കേൾക്കോ? അവർ പറഞ്ഞതെല്ലാമെനിക്ക് കേൾക്കാൻ പറ്റോ?”
“ അവർ ആ സംഭാഷണം നടത്തിയ വ്യക്തിയുടെ സാന്നിധ്യത്തിൽ മാത്രമേ നിനക്ക് ആ സംഭാഷണങ്ങൾ കേൾക്കാൻ പറ്റൂ.”
ഒരു നേരിയ ആശ്വാസം സമീറയെത്തേടി അടുത്തു തന്നെ നിൽപ്പുണ്ടായിരുന്നു.
“ഞാനിപ്പോ എന്താ ചെയ്യാ?”
“നിന്നെ വിലയില്ലാത്തവരെ സഹായിച്ചു സമയം കളഞ്ഞിട്ടു കാര്യമില്ല.”
സമീറയുടെ മനസ്സ് മറ്റെവിടെയോ എത്തിക്കഴിഞ്ഞിരുന്നു. ആതിരയെ താൻ സഹായിച്ചാൽ അവർ തന്നെ സുഹൃത്താക്കുമായിരിക്കും. അങ്ങനെയെങ്കിൽ തന്റെ ഒരുപാട് സുഹൃത്തുക്കളെന്ന സ്വപ്നം പൂവണിയും. തൻറെ ജീവിതത്തിലെ പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യും.
സമീറ പിന്നെ മറ്റൊന്നുമാലോചിച്ചില്ല. ആതിരയെ പോയിക്കണ്ടു.
“കണ്ണന് എന്നെ എന്തിഷ്ടമായിരുന്നു. ഞാൻ ഹോസ്റ്റലിൽ നിന്നു വരുന്ന ദിവസങ്ങളിൽ അവനെന്നെയും കാത്തു കവലയിൽ നിൽക്കും. അവനിഷ്ടപ്പെട്ട നാരങ്ങാ മിഠായി ഒന്ന് രണ്ടെണ്ണം അവൻ സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും. അവന് പാട്ടു കേൾക്കാനിഷ്ടമാണ്. ഇയർ ഫോൺ വെച്ചിട്ട്. അവൻ എത്ര തവണയാണ് എന്നോട് ഈ ഫോൺ ചോദിച്ചിട്ടുള്ളത്. ഞാൻ കൊടുക്കാറില്ല. ഇതെനിക്ക് പിറന്നാൾ സമ്മാനമായി കിട്ടിയതല്ലേ? ഞാനെന്തിനാ കൊടുക്കണേ? എന്നുള്ള ചിന്തയായിരുന്നു. ഇനിക്കപ്പോ?”
ആതിരയുടെ ഹൃദയം ഭൂതകാലത്ത് കറങ്ങിക്കൊണ്ടിരുന്നു. അവിടെ നിന്നു തിരിച്ചു വരാനുള്ള ധൈര്യം ആതിരക്കുണ്ടായിരുന്നില്ല. വർത്തമാന കാലത്ത് ജീവിച്ചാൽ യാഥാർഥ്യങ്ങൾ അംഗീകരിക്കേണ്ടി വരും.
“ ആരാ ചാച്ചച്ചൻ?” അപ്രതീക്ഷിതമായി ആ ചോദ്യം കേട്ടപ്പോൾ ആതിര സമീറയെ അൽപനേരം നോക്കി നിന്നു.
“ അച്ഛനുമമ്മയും ഒരിക്കൽ നടന്നു പോകുമ്പോൾ വണ്ടിയിടിച്ചു മരിച്ചതാണ്. അതിനു ശേഷം ഞങ്ങളെ വളർത്തിയത് ചെറിയച്ഛനും ചെറിയമ്മയുമാണ്.”
“ മോളേ, സമയമായി,” ചെറിയമ്മയാണ്.
ആതിര ധൃതിയിൽ നടന്നു പോയി.
ഓർമ്മകളും ആഗ്രഹങ്ങളും ആശകളും കത്തിയെരിയുന്ന ചിതയിലേക്ക് നോക്കി നിൽക്കുമ്പോൾ സമീറ പിന്നെയും ശബ്ദങ്ങൾ കേട്ടു കൊണ്ടിരുന്നു. പറയാനെന്തോ ബാക്കി വെച്ചതു പോലെ ആ ചിത അവിടെ നിന്നു വിതുമ്പി.
“ചാച്ചച്ചാ, കണ്ണന് ഒരു പമ്പരമുണ്ടാക്കിത്തരോ?”
“ ഈ ചാച്ചച്ചന്റെ ഒരു കാര്യം. അതങ്ങനെയല്ല വരക്കാ.”
“ കണ്ണന്റെ കയ്യിലെ മഷി പോണില്ല ചെറിയമ്മേ.”
പിന്നീട് ആതിരയെക്കണ്ടപ്പോൾ കണ്ണനെ ആരോ കൊന്നതാണെന്ന് പറയാനേ സമീറയ്ക്കു കഴിഞ്ഞുള്ളൂ. അപ്പോഴും ആ ചിരിക്കുന്ന മുഖത്തിനുള്ളിലെ കുട്ടിത്തം അവളെ വരിഞ്ഞു ചുറ്റിക്കഴിഞ്ഞിരുന്നു. ആതിരയുടെ ആ വാചകം സമീറയുടെ മനസ്സിൽ മായാതെ കിടന്നു.
“കണ്ണൻ ചെറിയച്ഛനെ ചാച്ചച്ചാ എന്നാണ് വിളിച്ചിരുന്നത്…”
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല