കാറ്റിന്റെ മരണം

0
126

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അധ്യായം 8

വാകമര പുസ്തകത്താളുകള്‍

കാടിന്റെ സുരക്ഷിതത്വത്തില്‍ ധൈര്യമായി ചിലക്കുന്ന ചീവീടുകളുടെ അകമ്പടിയോടെ കാലില്‍ പുരണ്ട ചെളി വകവെക്കാതെ മുളങ്കാടുകളുടെ പാട്ടിന് കാതോര്‍ത്ത് കപ്പച്ചെടികളോടും കൃഷ്ണകുടീരത്തോടും സൊറ പറഞ്ഞു വളര്‍ന്നു നില്ക്കുന്ന പുല്‍ത്തകിടികളുടെ ഇടയിലുള്ള അനക്കങ്ങളെ തെല്ലൊരു ഭയത്തോടെ വരവേറ്റു വാടിത്തുടങ്ങിയ കൊച്ചരുവികളെ തലോടിക്കൊണ്ട് സമീറ തന്റെ വീട്ടു മുറ്റത്തെത്തി.

”ഒരോട്ടോ വിളിക്കാന്‍ പറഞ്ഞാ കേക്കില്ല. ചേറിലും ചെളിയിലും ചവിട്ടിക്കേറി വന്നോളും . അണലീം മൂര്‍ക്കനൊക്കെയുള്ള പറമ്പാ,” കരുതലിന്റെ ആദ്യ നാരുകള്‍ തൊട്ടറിഞ്ഞപ്പോള്‍ സമീറയുടെ തൊണ്ടയില്‍ ഗൃഹാതുരത്വം നിറഞ്ഞു.

‘അതിനെങ്ങനാ, വലിയ പെണ്ണായെന്നുള്ള വല്ല വിചാരമുണ്ടാ അവള്‍ക്ക്?” അമ്മച്ചി വിടാനുള്ള ഭാവമില്ലായിരുന്നു. അത് തന്റെ വിവാഹത്തിലേക്കുള്ള പാലമാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഹൃദയത്തില്‍ മുളപൊട്ടിയ സ്‌നേഹത്തെ മറച്ചു വെച്ചു കൊണ്ട് സമീറ അപ്പച്ചനെ നോക്കി. പതിവിലേറെ ഗൗരവം മുഖത്ത് വാരിത്തേച്ചു മുഴുവനായും വെളുത്ത താടി രോമങ്ങളെ തടയിടാതെ വളരാനനുവദിച്ച് കൊണ്ട് പത്രവുമുപേക്ഷിച്ചു യൂ ടൂബിന്റെ ലോകത്ത് മുഴുകിയിരിക്കുകയാണ് കക്ഷി.

‘ഇതില് ഇല്ലാത്തതൊന്നുമില്ല. പശൂനെ വളര്‍ത്തണത് മൊതല് അമേരിക്കന്‍ പ്രസിഡന്റിന്റെ വീട് വരെ ഇതിലൊണ്ട് . ഞങ്ങടെ ചെറുപ്പത്തിലൊക്കെ എന്നാ ആയിരുന്നു?” എന്നൊരു ചോദ്യം കൊണ്ടാണ് അപ്പച്ചന്‍ സമീറയെ വരവേറ്റത്. അടുത്തതായി അപ്പച്ചന്‍ പറയാന്‍ പോകുന്ന സംഭവം മണ്ണണ്ണവിളക്കിന്റെ വെളിച്ചത്തില്‍ വായിച്ചിരുന്ന പുസ്തകങ്ങളെപ്പറ്റിയാണോ അതോ അഞ്ചാറ് ദിവസം കഴിഞ്ഞു കയ്യില്‍ക്കിട്ടുന്ന ദിനപ്പത്രത്തെക്കുറിച്ചാണോ എന്നു മാത്രമേ സമീറയ്ക്ക് സംശയമുണ്ടായിരുന്നുള്ളൂ. അവിടെയെത്തിയപ്പോള്‍ എത്ര വേഗമാണ് അപരിചിതത്വം വിട്ടു മാറിപ്പോയതെന്ന് അത്ഭുതപ്പെട്ടെങ്കിലും ഉള്ളില്‍ പതുങ്ങിയിരിക്കുന്ന അരക്ഷിതത്വം എപ്പോള്‍ വേണമെങ്കിലും മറ നീക്കി പുറത്തു വരാമെന്ന് സമീറയ്ക്കറിയാകുന്നത് കൊണ്ട് അവള്‍ ബാഗുമായി തന്റെ മുറിയിലേക്ക് വേഗത്തില്‍ നടന്നു. ഇവള്‍ക്കിതെന്തു പറ്റി എന്ന ചിന്ത അപ്പച്ചനെ ഒരു നിമിഷം വ്യതിചലിപ്പിച്ചുവെങ്കിലും ‘ഈ കുട്ടിയെ മനസ്സിലായോ? ഇന്ത്യയിലെ പ്രമുഖ നടന്റെ ചിത്രമാണ്,” എന്ന തലക്കെട്ട് അപ്പച്ചനെ ഫോണിലേക്ക് തന്നെ പിടിച്ചു വലിച്ചു.

”കഴിഞ്ഞ ദിവസം അവന്‍ വന്നപ്പോ ഇവിടാ കെടന്നത്. അവന്റെ മുറിയില് നെറയെ പൊടിയല്ലേ?” ബെഡ്ഡില്‍ വലിച്ചിട്ട പുസ്തകങ്ങളും കസേരയില്‍ തൂങ്ങിക്കിടക്കുന്ന മുഷിഞ്ഞ തോര്‍ത്തും നിലത്തു അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കടലാസ് കഷ്ണങ്ങളും നോക്കി നില്‍ക്കവേ തുണിക്കെട്ടുകളുമായി വാതിലിന് മുന്‍പിലൂടെ കടന്നു പോയ അമ്മച്ചിയുടെ ശബ്ദമറിയിച്ചു. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ തന്നെ പുഞ്ചിരിയോടെ വരവേല്‍ക്കുന്ന അച്ചടക്കത്തോടെയിരിക്കുന്ന മുറിയാണ് സമീറക്കിഷ്ടമെന്നതിന്നാല്‍ പോകുന്നതിന് തലേ ദിവസം തന്നെ തുടങ്ങും സമീറയുടെ മുറി വൃത്തിയാക്കല്‍ യജ്ഞം. ഇതിപ്പോ, അതിനെയാണ് തന്റെ ആങ്ങള മുതലെടുത്തിരിക്കുന്നതെന്നറിഞ്ഞപ്പോള്‍ സമീറയുടെ മനസ്സ് നൊന്തു. ‘എല്ലാവരും കണക്കാണ്. സ്വന്തം കാര്യം മാത്രം,’ എന്ന തന്റെ തിയറിയിലേക്ക് ഒരാളുടെ പേര് കൂടി കടന്നു വന്ന മാത്രയില്‍ നെഞ്ചിലേക്ക് ആരോ ഒരു മുളള് തറച്ചു കയറ്റിയത് പോലെ സമീറയ്ക്ക് തോന്നി. അത് പതിയെ കണ്ണുനീരായി ഒഴുകി. അതൊരു ശുഭ സൂചനയായിട്ടാണ് സമീറയുടെ ശരീരം കണ്ടതെന്ന് തോന്നുന്നു. അത് അവരെ അടക്കിപ്പിടിച്ചിരുന്ന സങ്കടങ്ങളെല്ലാം പുറത്തേക്കിരച്ചു കയറി.

വാഷിങ് മെഷീനില്‍ തുണികളലക്കാനിട്ട് മടങ്ങുന്ന അമ്മച്ചി ശബ്ദം കേട്ടു അകത്തേക്ക് വന്നപ്പോള്‍ പൊതുവേ സങ്കടങ്ങളെല്ലാം മനസ്സിലൊതുക്കുന്ന തന്റെ മകള്‍ ബാഗും മുറുകെപ്പിടിച്ചു നിന്നു തേങ്ങുന്നതാണ് കണ്ടത്. നെഞ്ച് പൊട്ടുന്ന വേദനയോടെ അമ്മച്ചി കാര്യമന്വേഷിച്ചു. അമ്മച്ചിയെക്കണ്ടതും ഇലകള്‍ ചുരുങ്ങിപ്പോകുന്ന തൊട്ടാവാടിയെപ്പോലെ സമീറ അമ്മച്ചിയുടെ തോളിലേക്ക് ചാഞ്ഞു.

ചിത്രീകരണം: ഹാബീല്‍ ഹര്‍ഷദ്‌

”എന്താ, എന്താടീ. നീ കാര്യം പറ,” വേവലാതിയും ആവലാതിയും ഒരുമിച്ച് അമ്മച്ചിയുടെ മനസ്സിലേക്ക് തള്ളിക്കയറി. ആ ശബദത്തില്‍ അറുപതു ശതമാനം പരിഭ്രമവും മുപ്പതു ശതമാനം ആധിയും അഞ്ചു ശതമാനം ദുഖവും മൂന്നു ശതമാനം ഭയവും ഒരു ശതമാനം കരുതലും ബാക്കി ഒരു ശതമാനത്തില്‍ നാണിച്ചേട്ടത്തിയുടെ മുഖവും നിറഞ്ഞു നിന്നു. അമ്മച്ചിയുടെ പ്രതികരണത്തില്‍ മുക്കാലും ആളുകളറിഞ്ഞാല്‍ എന്തുണ്ടാകുമെന്ന ചിന്തയാണെന്ന് തിരിച്ചറിഞ്ഞ സമീറയ്ക്ക് വെറി പിടിച്ചു. എന്താണ് മോളുടെ സങ്കടമെന്നറിയാനുള്ള ഒരമ്മയുടെ അവകാശത്തേയും കാര്യം പറഞ്ഞില്ലെങ്കില്‍ ഞാന്‍ നിന്നെ ദഹിപ്പിച്ചു കളയും എന്ന ഭാവത്തോടെയുള്ള അമ്മച്ചിയുടെ കണ്ണുകളെയും നിഷേധിച്ചു കൊണ്ട് സമീറ വാതില്‍ കൊട്ടിയടച്ചു. കാര്യം അത്ര നിസ്സാരമല്ലെന്ന് തിരിച്ചറിഞ്ഞ അമ്മച്ചി കരഞ്ഞു കൊണ്ട് ഫോണില്‍ കുത്തുന്ന അപ്പച്ചന്റെ അടുത്തെത്തി.

”എന്നാടീ, മനുഷ്യനൊന്നു സമാധാനായിട്ട് ഇരിക്കാന്‍ സമ്മതിക്കുകേലെ? പുതിയ ടെക്‌നോളജി കണ്ടു പിടിച്ചിട്ടെന്നാ കര്‍ത്താവേ പുതിയ ഭാര്യയേം കൂടി കണ്ടു പിടിക്കണ്ടായോ?”

”എന്നാപ്പിന്നെ തന്റെ ടെകനോളജിയോട് തന്നെ പറ വന്നു കറിയും ചോറുമുണ്ടാക്കാന്‍. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട,” എന്ന മറുപടിയും സ്വന്തം ലോകമായ അടുക്കളയിലേക്കുള്ള അമ്മച്ചിയുടെ നിലം ചവിട്ടിത്തേച്ചുള്ള നടത്തവും കഴിഞ്ഞു ഒരു ഒന്നൊന്നര മണിക്കൂറിന് ശേഷമാണ് സമീറ അടുക്കളയിലെത്തിയത്. സിങ്കില്‍ കുന്നു കൂടിക്കിടക്കുന്ന പാത്രങ്ങളും കട്ടിങ് ബോര്‍ഡില്‍ പാതി പിളര്‍ന്നു കിടക്കുന്ന തക്കാളിയും വടിക്കാതെ പാടെ അവഗണിക്കപ്പെട്ടതിനു പ്രതിഷേധമെന്നോണം അകത്തേക്കെത്തി നോക്കി വെള്ളത്തില്‍ തല പൂഴ്ത്തിക്കിടക്കുന്ന മൂടിയെ രക്ഷിക്കാനാകാതെ വിലപിക്കുന്ന കുക്കറും നിലത്തു മുട്ടിന് മേല്‍ മുഖം കമിഴ്ത്തി വിലപിക്കുന്ന അമ്മച്ചിയുടെ നിസ്സഹകരണ സമരത്തിന്റെ അപായ സന്ദേശം സമീറയുടെ മസ്തിഷ്‌ക്കത്തെ ഒരു നിമിഷം മുന്നേ അറിയിച്ചു.
”അമ്മച്ചീ..” സമീറ നീട്ടി വിളിച്ചു അമ്മച്ചിയുടെ മടിയിലേക്ക് ചാഞ്ഞു.
”എനിക്കറിയത്തില്ല എന്നാന്ന്. പെട്ടന്ന് ഒറ്റക്കായത് പോലെ. എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കേണമ്മച്ചീ. എനിക്കു പേടിയാകണ് . മരങ്ങളും ചെടികളും ഇലകളും എന്നോടു സംസാരിക്കുന്നത് പോലെ,” കഡാവറിന്റെ കാര്യമോര്‍ത്തപ്പോള്‍ ഭയം വന്നു സമീറയുടെ വാക്കുകള്‍ക്ക് തടയിട്ടു . അത് തന്റെ എഴുത്തുകാരനാണോ? എന്ന ചിന്ത അവളെ വീര്‍പ്പുമുട്ടിച്ചു. ഒരു പൊട്ടിത്തെറി ഭയന്ന് പൊട്ടിക്കരഞ്ഞ സമീറയെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മച്ചി ഒന്ന് പുഞ്ചിരിച്ചു. പിന്നെ, പതിയെ സമീറയുടെ തലയില്‍ തലോടി. സമീറ അമ്മച്ചിയെ കെട്ടിപ്പിടിച്ചു. അമ്മച്ചിയുടെ കണ്ണ് ചെറുതായൊന്ന് നനഞ്ഞതായി സമീറയ്ക്ക് തോന്നി.

അന്ന് അമ്മച്ചി സമീറയ്ക്ക് തട്ടിന്‍ പുറത്തെ വാതിലിന്റെ താക്കോല്‍ കൊടുത്തു. പഴയ മരക്കുതിരയ്ക്കും തത്തക്കൂടിനും പത്രക്കടലാസുകള്‍ക്കുമിടയില്‍ നില്‍ക്കുമ്പോള്‍ ലൂക്കയും താനും കളിച്ചു വളര്‍ന്ന നാളുകളും ഈ ലോകത്ത് താനൊരിക്കല്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ചിരുന്നത് ലൂക്കയെ ആയിരുന്നെന്നുമുള്ള ദൃശ്യത്തുണ്ടുകള്‍ ചേര്‍ന്നു ഒരു ചലിക്കുന്ന ഓര്‍മ്മയായി സമീറയുടെ മുന്നില്‍ നിറഞ്ഞാടി. ലൂക്കാ എഞ്ചിനീയറിങ്ങിന് അഡ്മിഷന്‍ കിട്ടി കോയമ്പത്തൂര് നിന്നു ലീവിന് വന്നപ്പോഴാണ് ഒരു അപരിചിതത്വം അവരുടെ ഇടയില്‍ കിടങ്ങ് തീര്‍ത്തതെന്ന് സമീറ വേദനയോടെ ഓര്‍ത്തു . പൊടിപിടിച്ചു കിടക്കുന്ന റെക്കോര്‍ഡ് പുസ്തകങ്ങള്‍ക്കിടയില്‍ നിന്നു സമീറയ്‌ക്കൊരു മരച്ചട്ടക്കൂടുള്ള പുസ്തകം കിട്ടി.

ആശ്ചര്യത്തോടെ, സമീറ പതിയെ ആ ചട്ട മറിച്ചു. അതിനകത്ത് നിന്നു ചെറിയ കുശുകുശുപ്പുകള്‍ കേട്ടുതുടങ്ങിയപ്പോള്‍ സമീറ ആ കട്ടിയുള്ള കേറ്റലാസുകള്‍ ഓരോന്നായി മറിച്ചു. ആ വാകമര പുസ്തകത്താളുകള്‍ തന്നോടു സംസാരിക്കുകയാണെന്ന് ഒരു ഞെട്ടലോടെ സമീറ മനസ്സിലാക്കി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here