നോവല്‍
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 1
കാറ്റിന്റെ ചലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന കുന്നിന്‍ പ്രദേശമാണ് സമീറ മരിച്ചവരോട് സംസാരിക്കാനായി ഉപയോഗിച്ചത്. താഴെ പച്ചപ്പരവാതിനി വിരിച്ചതുപോലുള്ള മരങ്ങളുടെ ചില്ലകളിലും ഇലകളിലും തട്ടി ചെറിയ ചലനങ്ങളുണ്ടാക്കി പതിയെ കുന്നിന്‍ മുകളിലേക്ക് ഒഴുകി വരുന്ന ഇളം തെന്നലിന്റെയൊ മരത്തടികളെ വരെ പിടിച്ചുലച്ചു വലിയ ചൂളമടി ശബ്ദവുമായി താണ്ഡവമാടി ഇരച്ചു കയറുന്ന കാറ്റിനെയോ മാത്രമേ നമുക്കറിയൂ. നമ്മുടെ ചിന്തകളേയും ചലനങ്ങളെയും കോശത്തിന്റെ പ്രവര്‍ത്തനങ്ങളേയും അവയ്ക്കു സ്വാധീനിക്കാന്‍ കഴിയുമെന്ന് നിങ്ങളിലാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വ്യത്യസ്ത താളത്തിലും ആകൃതിയിലും ആകാശത്തേക്കു പറന്നുയയരുന്ന പക്ഷിക്കൂട്ടങ്ങളെപ്പോലെ കാറ്റിന്റെ ചലനങ്ങളെ നമുക്കും അറിയാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ?
”പതിയെ കണ്ണുകളടച്ചോളൂ,” സമീറയുടെ നിര്‍ദ്ദേശമനുസരിച്ച് അടഞ്ഞ വര്‍ഷയുടെ കണ്ണുകളിലെ നീര്‍ച്ചാലുകള്‍ പതിയെയാകാന്‍ പിന്നേയും അഞ്ചാറ് നിമിഷങ്ങളെടുത്തു.
”നീല്‍…” വര്‍ഷ കയ്യില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞു.
”വാടിക്കരിഞ്ഞ ഒരു ചെടിയെ തിരിച്ച് കൊണ്ട് വരാന്‍ വര്‍ഷയ്ക്ക് കഴിയോ? ലോകത്ത് നിന്നു അനീതിയും അഴിമതിയും അപ്പാടെ തുടച്ചു നീക്കാന്‍ കഴിയുമോ? അത് പോട്ടെ, വണ്ടി ഓടിക്കുമ്പോള്‍ നിങ്ങളുടെ വാഹനം നിര്‍ത്തിച്ചു കടന്നു പോകുന്ന ബസ്സുകളെ മര്യാദ പഠിപ്പിക്കാനെങ്കിലും നമുക്ക് പറ്റോ?”
വര്‍ഷയുടെ കരച്ചില്‍ ഉറക്കെയായി.
‘മരണത്തിന് മുമ്പില്‍ നാം നിസ്സഹായരാണ്. ചിലപ്പോള്‍ ജീവിതത്തിന് മുന്‍പിലും,’ എന്ന പറഞ്ഞു പഴകിയ തത്വങ്ങള്‍ വര്‍ഷയെ കുത്തിനോവിച്ചു.
”നീല്‍.. എനിക്കെല്ലാമായിരുന്നു. എല്ലാം. അവന്‍.. അവനിനി.. എനിക്കവനെ കാണാന്‍,” വിറയ്ക്കുന്ന ചുണ്ടുകളോടെ വര്‍ഷ വിതുമ്പി.
ദൂരെ രണ്ട് അങ്ങാടിക്കുരുവികള്‍ കാതു തുളയ്ക്കുന്ന ശബ്ദത്തില്‍ ചിലച്ചു കൊണ്ട് അശോക മരത്തില്‍ നിന്നു തെങ്ങിന്‍ മുകളിലേക്കും അവിടുന്ന് തെക്ക് മരത്തിലേക്കും ചേക്കേറി. അതിനു ശേഷം ഒരു നിശ്ശബ്ദത ചുറ്റുംതാളം കെട്ടി നിന്നു. മിക്കപ്പോഴും നിശബ്ദതയാണ് ഉയര്‍ന്ന ശബ്ദത്തെക്കാള്‍ അസഹ്യമായത്. വര്‍ഷയ്ക്കും അങ്ങനെത്തന്നെ തോന്നി. അവള്‍ ചകിതയായി സംസാരിച്ചു തുടങ്ങി,
”നീല്‍ എന്നെ എത്രത്തോളം സ്‌നേഹിച്ചിരുന്നുവെന്നു എനിക്കു പറഞ്ഞു മനസ്സിലാക്കുവാന്‍ കഴിയില്ല. അവനീ ലോകത്തിലിനന്നില്ല എന്നു വിശ്വസിക്കാന്‍ തന്നെ എനിക്കു പ്രയാസമാണ്. അവനെക്കുറിച്ചോര്‍ക്കാത്ത ഒരു നിമിഷവും എന്റെ ജീവതത്തിലുണ്ടായിരുന്നില്ല. അവനെന്നെ ജീവിതത്തെ പ്രണയിക്കുവാന്‍ പഠിപ്പിച്ചു. ഓരോ നിമിഷവും എത്ര സുന്ദരമാണെന്ന് കാണിച്ചു തന്നു. മനസ്സ് തുറന്നു ചിരിക്കാന്‍ പഠിപ്പിച്ചു. ഒരു ഭര്‍ത്താവും തന്റെ ഭാര്യയെ ഇങ്ങനെ പ്രണയിച്ചിട്ടുണ്ടാകില്ല. എന്നിട്ടും നീല്‍ എന്തിന് അത് ചെയ്തു എന്നാണ് എനിക്കു മനസ്സിലാകാത്തത്. അവന് അറിയാമായിരുന്നു. ഞാന്‍ ഒരു നൂറുപ്രാവശ്യം പറഞ്ഞിട്ടുണ്ട്, അവനില്ലാതെ.. അവനീളയതേ എനിക്കു ജീവിക്കാനാകില്ലെന്ന്,” വര്‍ഷ തന്റെ ഇടത്തെ കയ്യിലെ മോതിര വിരലിലെ പച്ചയും റോസും നിറത്തിലുള്ള മോതിരത്തില്‍ കൊത്തിവെക്കപ്പെട്ട നീല്‍ എന്ന അക്ഷരങ്ങളിലൂടെ തന്റെ വിരലുകളോടിച്ചു. അവളുടെ കറുത്ത സ്‌കേര്‍ട്ടിലെ പൂക്കള്‍ വരെ അത് കണ്ടു തലകുനിച്ചു. നീലിന് ഏറ്റവുമിഷ്ടപ്പെട്ട ബ്ലാക് മെറ്റല്‍ കടുകു വള നൊമ്പരത്തോടെ നിരങ്ങി. സമീറയുടെ നീല ഐ ലൈനറും മെറൂണ്‍ നിറത്തിലുള്ള ലിപ്സ്റ്റിക്കും വര്‍ഷയിലൊരു നിമിഷം അപകര്‍ഷതാ ബോധം സൃഷ്ടിച്ചു.
”നീലിനിഷ്ടമല്ലായിരുന്നു ഞാന്‍ മേക്ക് അപ്പ് ഇടാതെ പുറത്തു പോകുന്നത്,” അവളിലെ നഷ്ടബോധം അപകര്‍ഷതയെ തുറിച്ചു നോക്കി.
”വര്‍ഷയ്ക്ക് നീലിന്റെ ശബ്ദം കേള്‍ക്കണമെന്നുണ്ടോ?” എവിടെയാണ് നീല്‍? തന്റെ നീല്‍ ജീവിച്ചിരിപ്പുണ്ടോ എന്ന ഭാവം വര്‍ഷയുടെ മുഖത്ത് മിന്നി മറഞ്ഞു. പിന്നെ, പതിയെ വര്‍ഷയുടെ ഹൃദയ താളമുയര്‍ന്നു-കഞ്ഞിക്കലത്തിലെ മൂടിയില്‍ നീരാവി താളം പിടിക്കുന്നത് പോലുള്ള ശബ്ദം പോലെ അതുറക്കെയായി. ഭയമൊരു ക്ഷണിക്കാതെ വന്ന അതിഥിയെപ്പോലെ വര്‍ഷയുടെ കണ്ണുകളെ നാനാ ഭാഗത്തെക്കുമോടിച്ചു. അവള്‍ കൈ കൊണ്ട് ചെവി പൊത്തിയലറി.
വിവിധ ഭാവങ്ങള്‍ മിന്നിമറയുന്ന വര്‍ഷയുടെ മുഖത്തേക്ക് ആട്ടം കണ്ട ഒരാസ്വാദകന്റെ നിര്‍വൃതിയോടെ സമീറ സംസാരിച്ചു തുടങ്ങി. എങ്കിലും പണ്ട് തന്നെ പിടിച്ചു കുലുക്കിയ ആ സംഭവമായിരുന്നു മനസ്സ് നിറയെ, ”വര്‍ഷാ, അറിയാത്ത എന്തിനേയും മനുഷ്യനെന്നും ഭയപ്പെട്ടിട്ടിയുള്ളൂ. നീയെന്നങ്ങനെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമെന്നനെനിക്കറിയില്ല. ഞാന്‍ പറഞ്ഞത് സത്യമാണ്. നിനക്ക് നിന്റെ പ്രിയതമന്റെ ശബ്ദം കേള്‍ക്കേണ്ടെ?”
”നീല്‍.. നീല്‍ ജീവിച്ചിരിപ്പുണ്ടോ?” വിതുമ്പലിനിടയിലും ഒന്ന് രണ്ട് വാക്കുകള് സമീറയുടെ അടുത്തക്ക് തെറിച്ചു വീണു.
സമീറയുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ടാകണം വര്‍ഷ സമീറയെ ഒരു പാവ കണക്കെ പിടിച്ചു കുലുക്കി അലറിയത്, ”പറ..”
സമീറയ്ക്കാപ്പൊഴും ചിരിയാണ് വന്നത്. നിങ്ങള്‍ക്കെന്ത് തോന്നുന്നു?
മരിച്ചവരോട് സംസാരിക്കാന്‍ പറ്റുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അങ്ങനെ സംസാരിക്കാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും നിങ്ങള്‍ അവരോടു പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനെ വല്ലാതെ ഭയപ്പെടുന്ന ഒരു കൂട്ടം ആളുകളുണ്ടാകും. അതിനെ കച്ചവട വത്ക്കരയിക്കുന്ന മറ്റൊരു കൂട്ടം ജനങ്ങളും. ആ നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു കഴിയുമ്പോള്‍ മാത്രമായിരിക്കും ആളുകള്‍ അതിനെ അംഗീകരിക്കുന്നത്. സൂര്യനേയും ഇടിയെയും മിന്നലിനെയും പോലെ മനുഷ്യര്‍ ആ ശബ്ദങ്ങളെ ഭയപ്പെട്ടു കൊണ്ടേയിരിക്കും. മരിച്ചവരുടെ സംസാര ശകലങ്ങള്‍ എപ്പോഴും എല്ലായിടത്ത് നിന്നും കേള്‍ക്കുമെന്നും അതുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുകയേ നിവൃത്തിയുള്ളൂ എന്നും മനസ്സിലാക്കിക്കഴിഞ്ഞാല്‍ മാത്രമേ അതിനെ നമ്മള്‍ അംഗീകരിക്കുകയുള്ളൂ. അപ്പോഴും ഒരായിരം ചോദ്യങ്ങള്‍ നമ്മുടെ മനസ്സിലവശേഷിക്കും. അവര്‍ പറഞ്ഞു കഴിഞ്ഞ സംഭാഷണങ്ങള്‍ മാത്രമല്ലേ തിരിച്ചു വരൂ? അവര്‍ പുതുതായി എന്തെങ്കിലും പറയുമോ? ജീവിച്ചിരിക്കുന്നവരുടെ ശബ്ദവും മരിച്ചവരുടെ ശബ്ദവും എങ്ങനെ വേര്‍ തിരിച്ചറിയും? നമ്മള്‍ക്ക് പരിചയമുള്ളവരുടെ ശബ്ദം മാത്രമേ നാം കേള്‍ക്കുകയുള്ളോ?
കാറ്റിന്റെ ചലനം-അതായത് വായു കൂടിയ മര്‍ദ്ധത്തില്‍ നിന്നു കുറഞ്ഞ മര്‍ദ്ധത്തിലേക്ക് സഞ്ചരിക്കുന്നത്. അതിനെയാണ് എന്റെ കഥാപാത്രമായ സമീറ മരിച്ചവരോട് സംസാരിക്കുവാനുള്ള യന്ത്രമുണ്ടാക്കുവാനായി ഉപയോഗിക്കുന്നത്. വെളിച്ചത്തെപ്പോലെ വൈദ്യുത കാന്തിക തരംഗങ്ങളല്ല ശബദ്ധമെന്നതും അത് അന്തരീക്ഷത്തില്‍ കേവലം മര്‍ദ്ദവ്യത്യാസം മാത്രമേ സൃഷ്ടിക്കുന്നുള്ളൂ എന്നതൊന്നും എന്റെ കഥാപാത്രത്തിനെ പിന്തിരിപ്പിച്ചില്ല. അന്തരീക്ഷത്തിലെ ചലനം നില്‍ക്കുമ്പോഴാണല്ലോ ശബ്ദ തരംഗ ദൈര്‍ഘ്യവുമില്ലാതാകുന്നത്. ഇല്ലാതാവുന്നതിനെ തിരിച്ചു പിടിക്കുന്നതിലല്ലേ രസം? സമീറ അങ്ങനെയാണ് ചിന്തിച്ചത്.
”നഷ്ടപ്പെട്ടത്തിനെ നമുക്ക് തിരിച്ചു കൊണ്ട് വരാം,” സമീറയുടെ മുഖത്ത് നിഴലികച്ച ദുരൂഹതയെ വര്‍ഷ വെറുത്തു. അപ്പോള്‍ സമീറയെ കുന്നിന് താഴേയ്ക്ക് ഉന്തിയിടാനാണ് വര്‍ഷയുടെ മസ്തിഷ്‌ക്കം അവളോട് കളപ്പിച്ചത്. ആ ഒരു നിമിഷത്തെ കല്പ്പന അവള്‍ അനുസരിച്ചു.
മഞ്ഞിന്‍ പുതപ്പില്‍ മൂടി നിശ്ചലമായി നില്‍ക്കുന്ന തെങ്ങിന്‍ കൂട്ടത്തിന്റെ നടുവിലേക്ക് വായുവില്‍ സൃഷടിക്കപ്പെട്ട ആ പ്രഹരത്തിന്റെ ആഘാതത്തില്‍ സമീറ കാല്‍ തെറ്റി വീണു. സമീറയുടെ നിലവിളി ആ പ്രദേശത്തെ ഭേദിച്ച് മറ്റെങ്ങോ എത്താന്‍ കൊതിച്ചു. വേര്‍തിരിച്ചെടുക്കാനാകാത്ത ഹിമകരണങ്ങളെയും മേഘങ്ങളെയും തൊട്ട് പെട്ടന്നുള്ള പ്രഹരത്തില്‍ പകച്ചു പോയ വൃക്ഷലതാധികളിലൂടെ കടന്നു തണുത്തുറഞ്ഞ വായുവിലൂടെ പോകുമ്പോള്‍ സമീറ എന്തോ തൊട്ടറിഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പു സമീറ അങ്ങനെ ഒരു വീഴ്ചയ്ക്ക് സാക്ഷിയായിട്ടുണ്ട്. അതും ഒരു കുന്നിന്‍ചെരിവ് തന്നെയായിരുന്നു. അന്നും മഞ്ഞു മൂടിയ ഒരു പ്രഭാതമായിരുന്നു. അന്നും താന്‍ ആരോടൊ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പതിയെ ഓര്‍മ്മയുടെ മഞ്ഞിന്‍ പാളികള്‍ നീങ്ങി ഒരു ശബ്ദം സമീറയെ തേടിയെത്തി. അതൊരപേക്ഷയായിരുന്നു, ”സമീറാ, എന്നെ രക്ഷിക്ക്.” എന്നിങ്ങനെയുള്ള ഒരു വാചകമായിരുന്നു. അതിങ്ങനെ ഒരു മൂളല്‍ പോലെ അവിടെ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
ആകാംക്ഷ നിറച്ച ആദ്യ അധ്യായം . മനോഹരമായ കുന്നിൻചരുവും ആ പ്രദേശത്തെ ദൃശ്യഭംഗിയും പ്രിയ എഴുത്തുകാരി നന്നായി വിവരിച്ചിരിക്കുന്നു സമീറയുടെ ചില ചിന്തകൾ വായനക്ക് പുതിയ മാനം നൽക്കുന്നു .ആത്മാക്കൾ സംസാരിക്കുന്നു .. സത്യമാണ് അങ്ങനെയൊന്ന് സംഭവിച്ചാൽ അതിനെ ഇടിമുഴക്കത്തെ ഭയപ്പെട്ടതുപോലെ മനുഷ്യൻ ഭയപ്പെടും അല്ലെങ്കിലും എഴുത്തുകാരി എഴുതിയതുപോലെ അറിയാത്ത എന്തിനെയും മനുഷ്യൻ എന്നും ഭയപ്പെട്ടിട്ടേയുള്ളു .ഇല്ലാതായതിനെ തിരിച്ചു പിടിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. വ്യത്യസ്ഥമായ ഒരു വായനാനുഭവം തന്നതിന് പ്രിയ എഴുത്തുകാരിക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏 ഒരായിരം അഭിനന്ദനങ്ങൾ 🌹🌹