ഇരുള്‍

0
142

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 8

റാഫേലും അന്നയും തമ്മിലുള്ള വിവാഹം ഏതാണ്ട് പത്തുവര്‍ഷംമുമ്പാണ് കഴിഞ്ഞത്. അവന്റെ നോട്ടത്തിലും ഭാവത്തിലും അന്നയുടെ മേലുള്ള ഒരു പ്രത്യേക താല്‍പര്യം പലപ്പോഴായി അച്ചന്റെ ശ്രദ്ധയില്‍ പെട്ടതാണ്. ആള് പരുക്കനാണ്. ചിരിക്ക്  ഇത്രയും പിശുക്കുള്ള ഒരാളെ വേറെ കണ്ടിട്ടില്ല. എങ്കിലും അന്നയെ കാണുമ്പോള്‍ ആ ചുണ്ടുകളൊന്ന് വികസിക്കും. നെഞ്ചൊന്ന് പിടക്കും. ചെറുപ്പം മുതലേ അവനിവിടെയാണ് വളര്‍ന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ഈ അഗതിമന്ദിരത്തില്‍ എത്ര വര്‍ഷമായി അവന്‍ കഴിയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കഴുകപ്പാറയെ വിറപ്പിച്ച ഒരു കാളരാത്രി. മരണത്തിന്റെ സംഹാരനൃത്തം. മൂന്നു ദിവസങ്ങളായി, തുടര്‍ച്ചയായി നിര്‍ത്താതെ പെയ്ത മഴയില്‍ അന്ന് രാത്രി ശക്തമായ ഉരുള്‍പൊട്ടലുായി. പത്തോളം വീടുകള്‍ മണ്ണിനടിയിലായി. പതിനഞ്ചോളമാളുകള്‍ മരണപ്പെട്ടു. നാടിനെ നടുക്കിയ ഏറ്റവും വലിയ ദുരന്തം. അന്നാണ് റാഫേലിന് അവന്റെ സര്‍വസൗഭാഗ്യങ്ങളും നഷ്ടമായത്. അവന്റെ കൊച്ചുവീട് പൂര്‍ണ്ണമായും മണ്ണിനടിയില്‍ പെട്ടു. അച്ഛനും അമ്മയും മരണമടഞ്ഞു. കര്‍ത്താവിന്റെ അപാരമായ കാരുണ്യം എന്നല്ലാതെ എന്തുപറയാന്‍. മണ്ണിനടിയില്‍നിന്നാണേലും അവനെ ജീവനോടെ തിരിച്ചുകിട്ടി. കഷ്ടിച്ച് നാലുവയസ്സ് പ്രായം കാണും അന്നവന്. അന്നുമുതല്‍ അവനും അഗതിമന്ദിരത്തില്‍ ഒരന്തേവാസിയായി. അഗതിമന്ദിരം പള്ളിവകയാണ് അച്ചനാണ്. അത് നോക്കിനടത്തുന്നത്. ആരോരുമില്ലാത്ത കുഞ്ഞുങ്ങള്‍, വൃദ്ധര്‍, വികലാംഗര്‍ അങ്ങനെ അങ്ങനെ നാല്പത്തിയാറോളം പേരുകാണും ഇപ്പോളവിടെ.

പഠിപ്പില്‍ വളരെ മോശമാണ് റാഫേല്‍. സ്‌കൂളില്‍ പോകാന്‍ മടിയായിരുന്നു. അച്ചന്‍ കഷ്ടപ്പെട്ട് അവനെ ഏഴാം ക്ലാസ്സുവരെ പഠിപ്പിച്ചു. ഏഴില്‍ തോറ്റതോടെ പഠിപ്പുനിര്‍ത്തി അഗതിമന്ദിരത്തിലെ കാര്യങ്ങള്‍ നോക്കി അവിടെ തന്നെയങ്ങ് കൂടി. അവന്റെ ഇടപെടല്‍ അച്ചന് വലിയ സഹായമായിരുന്നു. അവിടെയുള്ള എല്ലാവര്‍ക്കും അവനെ വലിയ കാര്യമാണ്. അച്ചനും അവനോട് പ്രത്യേക ഇഷ്ടമുണ്ട്. പറയുന്ന കാര്യങ്ങള്‍ അത്രയും കൃത്യതയോടെയാണവന്‍ ചെയ്തിരുന്നത്.

അങ്ങനെ ഇരിക്കെയാണ് ഒരിക്കല്‍ അഗതിമന്ദിരത്തിലേക്ക് പുതിയ അന്തേവാസികള്‍ വന്നത്. ഒരു മധ്യവയസ്‌കയായ അമ്മയും അവരുടെ മകളും. അമ്മയുടെ പേര് സൂസന്‍. മകള്‍ അന്ന. അന്നയ്ക്ക് പത്തോ പതിനൊന്നോവയസ്സു കാണും. ഊരും കുടിയും നഷ്ടപ്പെട്ട് തൻ്റെയും മകളുടെയും മാനം മാത്രം കെട്ടിപ്പിടിച്ച് മലകയറിയവരായിരുന്നു അവര്‍. ആര് കൈവിട്ടാലും  ഈ ഇടവകയിലെ അച്ചന്‍ കൈവിടില്ല എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു ആ സ്ത്രീക്ക്. അച്ചനെക്കുറിച്ച് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ആ അമ്മയേയും മകളേയും കുറിച്ച് അന്തേവാസികള്‍ക്കറിയാവുന്നതില്‍ കൂടുതലൊന്നും റാഫേലിനുമറിയില്ല. അവന് അവളെക്കുറിച്ച് എല്ലാമറിയണമെന്നു തോന്നി. അന്നയെ കണ്ടപാടെ എന്തോ ഒരു വലിയ അടുപ്പമുള്ളതുപോലെ അവനുതോന്നി. എല്ലാ വിവരങ്ങളും അച്ചനറിയാനാവും. അച്ചന്‍ ഒരാളെക്കുറിച്ച് വിശദമായി കേട്ടതിനുശേഷമേ ഇവിടെ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യാറുള്ളൂ. മണിക്കൂറുകളോളം ആളുകള്‍ പറയുന്നത് വേണേല്‍, അച്ചന്‍ ക്ഷമയോടെ കേട്ടുനില്‍ക്കും. അതുകൊണ്ടുതന്നെയാവും എന്തുപ്രശ്‌നം വരുമ്പോഴും ആളുകള്‍ ആദ്യം അച്ചന്റെ അടുത്ത് ഓടിവരുന്നത്. അതില്‍ കുഞ്ഞെന്നോ വലിയവരെന്നോ തെമ്മാടിയെന്നോ നല്ലവനെന്നോ എന്നൊന്നുമില്ല.  എല്ലാവരെയും കേള്‍ക്കും. ശബ്ദ കോലാഹലങ്ങള്‍ കൊണ്ട് നിറഞ്ഞ ഭൂമിയില്‍ നമ്മെ കേള്‍ക്കാന്‍ ഒരാളുാവുക എന്നത് ഭാഗ്യം തന്നെയല്ലേ. ഈ നാട്ടുകാര്‍ ഭാഗ്യവാന്മാര്‍തന്നെയാണ്. അന്നയേയും അവളുടെ അമ്മ സൂസന്നേയും പറ്റി ചോദിക്കാന്‍ റാഫേല്‍ അച്ചന്റെ അടുത്തേക്ക് മൂന്നാല് പ്രാവശ്യം ചെന്നതാണ്. പക്ഷേ, എന്തോ ചോദിച്ചില്ല.

അന്നയെ അച്ചന്‍ ടൗണിലെ സ്‌കൂളില്‍ ചേര്‍ത്തു. അമ്മയ്ക്ക് അഗതിമന്ദിരത്തില്‍ വൃത്തിയാക്കുന്ന ജോലിയും നല്‍കി. റാഫേലിന് ഇരുപത് വയസ്സായപ്പോള്‍ അച്ചന്‍തന്നെയാണ് അവനെ പുറത്തേക്കു വിട്ടത്. അവന് അവിടെ വിട്ടുപോവാന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല.

‘നീ ഇനി ഇവിടെ നിന്ന് ജീവിതം വെറുതെ കളയരുത്. പുറത്ത് വിശാലമായ ലോകമുണ്ട്. നീ പോയി പഠിച്ചു കുറച്ച് പണമൊക്കെ സമ്പാദിച്ചു വാ… ഒരു കുടുംബമൊക്കെ വേണ്ടേ?’

‘ഞാനെങ്ങും പോവുന്നില്ലച്ചോ… ഞാനിവിടെ തന്നെ കഴിഞ്ഞോളാം…’

‘അവളുടെ പഠിപ്പൊക്കെ കഴിയട്ടെ… സമയമാകുമ്പോള്‍ ഞാന്‍ തന്നെ നടത്തിത്തരാം.’

‘ആരുടെ?’

‘നിന്റെ മനസ്സ് എനിക്കറിയാം കുഞ്ഞേ; അന്ന നല്ലവളാ നിനക്ക് ചേര്‍ന്നവള്‍. ഒരു കുടുംബം നോക്കാനുള്ള പ്രാപ്തി  നിനക്കാവട്ടെ. നീ പോയി ജോലി ചെയ്ത് ഒരു കൊച്ചുകൂരയൊക്കെ ഉണ്ടാക്ക്’

അവന്റെ കണ്ണില്‍നിന്നും ആനന്ദക്കണ്ണീരൊഴുകി. ഉള്ളില്‍ കുളിര്‍മഴപെയ്തപോലെ. സന്തോഷത്തിന്റെ ആധിക്യത്തില്‍ അവനച്ചനെ വാരിപ്പുണര്‍ന്നു.

‘നീ പോയി വാ…’ അവന്റെ തോളില്‍ കൈതട്ടി അച്ചന്‍ അനുഗ്രഹിച്ചു. പതിറ്റാണ്ടുകൾ നീണ്ട പരിശുദ്ധമായ ജീവിതത്തിന് ശേഷം റാഫേൽ ചൂടുപിടിച്ച ജീവിത മദ്ധ്യാഹ്നത്തിലേക്ക് കാലെടുത്തു വെക്കുകയാണ്. പള്ളി, അച്ചൻ, അന്തേവാസികൾ അതായിരുന്നു അവൻ്റെ ലോകം. ഒരു ചെറിയ കഞ്ഞിൻ്റെ ആശ്ചര്യത്തോടെയാണവൻ അന്ന് ഉറങ്ങാൻ കിടന്നത്. റാഫേൽ കഴുകപ്പാറ വിട്ട് പുറത്തൊന്നും അധികം പോയിട്ടുണ്ടായിരുന്നില്ല. അച്ചന് തിരക്കുള്ള ദിവസങ്ങളിൽ ചിലപ്പോൾ സുലൈമാനൊപ്പം സ്ഥാപനത്തിലേക്ക് സാധനമെടുക്കാൻ കോഴിക്കോട് വരെ പോവാറുണ്ട്. അതും ഒറ്റക്കെല്ല.

അനാഥാലയത്തിലേക്ക് സാധനം കൊണ്ടുവരാറ് സുലൈമാനാണ്.അച്ചനവനെ സോളമൻ എന്നാണ് വിളിക്കാറ്.സോളമനും സുലൈമാനും ഒന്നു തന്നെയെന് ഒരു യാത്രയിലാണ് സുലൈമാൻ പറഞ്ഞത്.സുലൈമാനൊപ്പമുള്ള യാത്രകൾ വളരെ രസമായിരുന്നു.കഥ പറഞ്ഞും പാട്ടു പാടിയും കോഴിക്കോടെത്തുന്നതുവരെ മൂപ്പരക്ക് കൊഴുപ്പിക്കും.പേരാമ്പ്ര എങ്ങാണ്ടാണെന്ന് തോനുന്നു മൂപ്പരുടെ വീട് ഒരിക്കൽ പറഞ്ഞിരുന്നു. റാഫേൽ ഓർത്തുനോക്കി.

ആഴക്കടലിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു പ്രതീതിയാണ് തനിച്ചുള്ള യാത്രയെ കുറിച്ച് ചിന്തിച്ചപ്പോൾ റാഫേലിന് തോന്നിയത്. പറ്റുമെങ്കിൽ എങ്ങനെയെങ്കിലും സുലൈമാനെ കണ്ടെത്തണം. എത്ര ഓർക്കാൻ ശ്രമിച്ചിട്ടും അയാളുടെ സ്ഥലം ഓർമ്മയിലേക്ക് വന്നതേയില്ല

രണ്ടു മൂന്ന് ആഴ്ചക്ക് മേലെയായെന്നു തോന്നുന്നു സുലൈമാൻ ഇങ്ങോട്ടു വരാതായിട്ട്. പകരം പുതിയ ഒരു ഡ്രൈവറുണ്ട് സുക്കു .അവനുമായി വലിയ പരിചയമൊന്നുമായിട്ടില്ല. റാഫേലിനെ പതിയെ ഉറക്കം പുതച്ചു തുടങ്ങിയിരുന്നു.അന്തേവാസികളുടെ കൂർക്കംവലിയും ചീവീടിന്റെ ചെവിയടപ്പിക്കുന്ന മൂളലും മാത്രമായി ആ രാത്രി പൂർണ്ണമായും ഉറക്കം വിഴുങ്ങിക്കഴിഞ്ഞിരുന്നു.

രാവിലെ എല്ലാവരോടും യാത്ര പറഞ്ഞ് അവൻ അച്ചനെയും കാത്ത് പള്ളിമുറ്റത്ത് വന്നു നിന്നിരുന്നു. സമയം പത്താവുമ്പോഴേക്കും അച്ചൻ അരമനയിൽ നിന്നും അങ്ങോട്ടു വന്നു.സുക്കു സ്റ്റോറിൽ സാധനം അടക്കി വെക്കുന്ന തിരക്കിലാണ്

“സുക്കു”

അച്ചൻ വിളിച്ചു.

സുക്കു അച്ചൻ്റെ അടുത്തേക്ക് വന്നു.

“എന്തോ അച്ചോ ”

സുക്കു ചെറുപ്പക്കാരനാണ് വയസ്സ് ഇരുപത്തഞ്ചിന് ചോടെയേ കാണൂ. തൻ്റെ പുതു ജീവിതാരംഭം പരിചയപ്പെടാൻ പോവുന്ന വ്യക്തിസമപ്രായക്കാരനായതിൽ

റാഫേലിന് അതിയായ ഉൻമേഷം നൽകി.

കാര്യങ്ങളൊക്കെ ചോദിച്ചറിയാൻ ഏതായാലും സമപ്രായക്കാരൻ തന്നെയാണ് നല്ലത്.

” ആ സുക്കൂ. ഇത് റാഫേൽ പോവുന്ന വഴി ഇവനെ കവലയിലൊന്ന് ഇറക്കിയേക്കണേ”

അച്ചൻ പറഞ്ഞു.

“ശരിയച്ചോ ”

റാഫേലിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ സുക്കു തൻ്റെ പണിയിൽ വ്യാപൃതനായി.

റാഫേലിനെ അത് വല്ലാതെ വിഷമിപ്പിച്ചു.

സുക്കു ഗുഡ്സ് സ്റ്റാർട്ടാക്കി. റാഫേൽ മുൻസീറ്റിൽ കയറിയിരുന്നു. വണ്ടി മുന്നോട്ടു നീങ്ങി. റാഫേലിന് എന്തൊക്കയോ അറിയാനുള്ള ജിക്ഞാസ, സ്വാതന്ത്രം, പുതിയ ലോകം, പുതിയ ജീവിതം ഒരുപാട് സംസാരിക്കണമെന്നു തോന്നി. പക്ഷേ കൂടെയുള്ള ആൾ മൗനിയാണ്. സുലൈമാൻ ഇങ്ങനെയൊന്നുമായിരുന്നില്ല. വയസ്സിന് ഒരുപാട് മൂപ്പു കാണുമെങ്കിലും എത്ര രസായിരുന്നു അയാളോടൊപ്പമുള്ള യാത്രകൾ.

സുലൈമാൻ ഒരു പ്രവാചകനായിരുന്നെന്നും. അദ്ദേഹത്തിന് പക്ഷികളുടെയും മൃഗങ്ങളുടെയും കാറ്റിൻ്റെയുമൊക്കെ സംസാരം വശമായിരുന്നെന്നും സുലൈമാൻ പറഞ്ഞു തന്നു. പുതിയ അറിവ്. മുസ്ലിംകൾ സുലൈമാനെന്നും ക്രിസ്ത്യാനികൾ സോളമൻ ചക്രവർത്തി എന്നും അയാളെ വിളിച്ചു. ഇതുപോലൊരു യാത്രയിൽ മതങ്ങളൊക്കെ ഒന്നു തന്നെയെന്ന് സുലൈമാൻ പഠിപ്പിച്ചു തന്നു.

വണ്ടിയിപ്പോൾ കവലയിലേക്കുള്ള പാതയിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. എനിയിപ്പോൾ രണ്ടു മൂന്ന്കിലോമീറ്ററോളം ചുറ്റും കാടാണ്. ചെറിയ ഒരു ചാറ്റൽ മഴയുമുണ്ട്.സുക്കു ഒരു ബീഡി കത്തിച്ചു. ഇത്ര സമയം ഒരുമിച്ചിരുന്നിട്ടും സുക്കു ഒന്നും സംസാരിച്ചില്ല എന്നത് റാഫേലിന് അതിശയം തോന്നി. ബീഡി വേണോ എന്നെങ്കിലും ചോദിക്കാമായിരുന്നു. എന്തൊരു മനുഷ്യനാണിയിൽ സമപ്രായക്കാരയിട്ടും ശോകമായൊരു യാത്ര

ഇത്രയുമായപ്പോൾ എനി എന്തേലും അങ്ങോട്ടു ചോദിക്കാം എന്ന് കരുതി റാഫേൽ സുലൈമാനെ കുറിച്ച് ചോദിച്ചു.

” സുലൈമാൻ ദുബൈലേക്ക് പോയി?” “പോയി ” എന്ന് സുക്കു മറുപടി പറഞ്ഞു

വീണ്ടും മൗനം.

അപ്പോഴേക്കം വണ്ടി കവലയിൽ എത്തിയിരുന്നു.

കോഴിക്കോട്ടെക്കാണേ ഞാനുമുണ്ടെന്ന് റാഫേലിന് പറയണമെന്നു തോന്നി പക്ഷേ എന്തോ പറയാൻ മനസ്സു വന്നില്ല

റാഫേൽ ഒന്നും മിണ്ടാതെ വണ്ടിയിൽ നിന്നുമിറങ്ങി സുലൈമാനെ കണ്ടെത്തുക എന്ന എക പ്രതീക്ഷയും നഷ്ടപ്പെട്ട അവൻ പിന്നീട് അലച്ചിലായിരുന്നു. കോഴിക്കോട്, അവിടുന്ന് മദ്രാസ് അവസാനം ബാംഗ്ലൂരിൽ എത്തി.

പുറത്ത് അത്ഭുതങ്ങളുടെ ഒരു ലോകമായിരുന്നു അവനെ കാത്തിരുന്നത്. പിടിവിട്ട പട്ടംപോലെ ലക്ഷ്യമില്ലാതെ അവനലഞ്ഞു. എത്രയുംവേഗം ഒരു ജോലി കണ്ടെത്തണം. അന്നയെ കെട്ടണം. സ്വപ്നങ്ങളുടെ പറുദീസ അവനുമുന്‍പില്‍ തുറക്കപ്പെട്ടു. അന്നയെ കാണാത്തതിലുള്ള അടങ്ങാത്ത വേദന അവനെ പൊള്ളിക്കുന്നുണ്ട്. തിരിച്ചുപോയാലോ എന്ന് പലയാവര്‍ത്തി ആഗ്രഹിച്ചെങ്കിലും അച്ചന്റെ വാക്കുകള്‍ റാഫേലിന് ആവേശം നല്‍കി.

ചിത്രീകരണം: മിഥുന്‍ കെ.കെ.

ജോലി തിരഞ്ഞ് അലയുന്നതിനിടയില്‍ റാഫേലിന് ബാഗ്ലൂരിൽ വച്ച് ലഭിച്ച സൗഹൃദങ്ങളാണ് രാഹുലനും സേവിയറും. അന്നുമുതല്‍ സൗഹൃദത്തിന്റെ മധുരം അവന്‍ നുകര്‍ന്നു. ടൗണിലെ ഒരു വിദേശമദ്യഷാപ്പില്‍ സെയില്‍സ്മാൻമാരായിരുന്നു രാഹുലനും സേവിയറും. ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍വെച്ചായിരുന്നു അവര്‍ റാഫേലിനെ പരിചയപ്പെട്ടത്. ടോയിലറ്റ് ഉപയോഗിച്ചതിന് പൈസ നല്‍കാനില്ലാതെ അവിടുത്തെ ചില്ലറക്കാരനോട് വഴക്കിടുകയായിരുന്നു റാഫേലപ്പോള്‍. രാഹുലന്‍ ഇടപെട്ട്  പൈസ നല്‍കിയവനെ സഹായിച്ചു. അങ്ങനെ അവര്‍ പരിചയത്തിലായി പുറം നാട്ടിൽ വച്ച് പരിചയപ്പെട്ട്നാട്ടുകാരാണെന് തിരിച്ചറഞ്ഞപ്പോൾ അവരുടെ ബന്ധം ഗാഢമായ സൗഹൃദമയി തന്റെ കാര്യങ്ങളെല്ലാം അവരോടവന്‍ തുറന്നുപറഞ്ഞു.  ‘അതൊന്നും സാരമില്ലെടാ. നമുക്കൊരു ജോലി ശരിയാക്കാം.’ രാഹുലന്‍ റാഫേലിനെ സമാധാനിപ്പിച്ചു.

രാഹുലനും സേവിയറും അവര്‍ ജോലി ചെയ്യുന്ന മദ്യഷാപ്പില്‍ത്തന്നെ റാഫേലിന് ജോലി ശരിയാക്കി കൊടുത്തു. അവരവിടെ അനധികൃതമായി ഉല്‍പാദിപ്പിക്കുന്ന മദ്യം കമ്പനി ബോട്ടിലുകളില്‍ നിറയ്ക്കുന്ന ജോലിയായിരുന്നു റാഫേലിന്. അച്ചനോട് ടൗണില്‍ ഒരു ഹോട്ടലില്‍ ജോലി ശരിയായി എന്ന് കള്ളവും പറഞ്ഞു.

കവലയോട് ചേര്‍ന്ന് കുറച്ച് ഉള്ളിലായി സ്ഥിതിചെയ്യുന്ന അബ്ക്കാരി വറീതിന്റെ അറുപത് സെന്റ് സ്ഥലത്തുനിന്നും അഞ്ച്  സെന്റ് സ്ഥലം അച്ചനവന് വാങ്ങിക്കൊടുത്തു. വീടുവെക്കാന്‍ സ്ഥലവും നിശ്ചയിച്ചുകൊടുത്തു. അച്ചന്‍ റാഫേലിന്റെ അപ്പനല്ലെങ്കിലും പലപ്പോഴും അയാളുടെ ഇടപെടല്‍ കാണുമ്പോള്‍ അവനുതന്നെ തോന്നിയിട്ടുണ്ട് ശരിക്കും ഇയാളുതന്നെയാണോ തന്റെ അപ്പനെന്ന്. ഒരു പുഞ്ചിരിയോടെ ആ വലിയ തോന്നലിനെ അപ്പോള്‍തന്നെ കാറ്റില്‍ പറത്തിക്കളയും.

‘കിട്ടുന്ന പൈസയ്ക്ക് ആവുമ്പോലെ വീടുപണിയണം. വീടൊന്ന് കേറീട്ട് വേണം നിങ്ങളുടെ വിവാഹം നടത്താന്‍. ഇനി വെച്ചുതാമസിപ്പിച്ച് കൂടാ ആ കൊച്ചിന് ഇപ്പഴാ ഒരിണയുടെ ആവശ്യം.’ അന്നയുടെ അമ്മ മരിച്ച് നാലാംനാള്‍ പള്ളിയില്‍ പോയപ്പോള്‍ അച്ചന്‍ അവനോട് വളരെ ഗൗരവത്തോടെ പറഞ്ഞു.

രാത്രി പന്ത്രണ്ട് മണിക്ക് മൂത്രിക്കാന്‍ എഴുന്നേറ്റതാ… ബാത്ത്‌റൂമില്‍ പോകുന്നവഴി വാതില്‍പ്പടിയില്‍ കാലുതട്ടി വീണതാ മരണകാരണം. രാത്രിയായതുകൊണ്ട് ആരുടെയും ശ്രദ്ധയില്‍പെട്ടില്ല. തല പൊട്ടി രക്തംവാര്‍ന്നാണ് മരിച്ചത്.

റാഫേലെ ആ കുഞ്ഞിന്റെ സങ്കടം കാണാന്‍ കഴിയുന്നില്ല. ഈ മാസം തന്നെ വിവാഹം നടത്തണം’ അവന്‍ സമ്മതം മൂളി. അധ്വാനിച്ചും ബാക്കി കടം വാങ്ങിയും ഒരു മുറിയും അടുക്കളയും ചോരാതെ കെട്ടി എടുത്തു. ആ മാസം തന്നെ പള്ളിയില്‍വെച്ച് അച്ചന്റെ കാര്‍മികത്വത്തില്‍ അവരുടെ മിന്നുകെട്ടും കഴിഞ്ഞു.

ജീവിതത്തിന്റെ സത്പാന്ഥാവില്‍നിന്നും ഒരുപാട് അകലം തെന്നിപ്പോയിരുന്നു അപ്പോഴേക്കും റാഫേല്‍. ടൗണിലെ മദ്യഷാപ്പിലെ ജോലി അവനെ പതിയെപ്പതിയെ മുഴുകുടിയനാക്കിയിരുന്നു. അതിനുപുറമേ ടൗണില്‍നിന്നു കൊണ്ടുവരുന്ന വിദേശമദ്യം അവന്‍ ചെറിയ തോതില്‍ ബ്ലാക്കിനു വിറ്റുതുടങ്ങി. നല്ല ലാഭകരമായ പരിപാടിയായതുകൊണ്ടുതന്നെ ആ ബിസിനസ്സില്‍ പെട്ടെന്നു തന്നെ അവന്‍ പച്ചപിടിച്ചു. പിന്നീട് അവൻ്റെ മാറ്റം മിന്നൽ വേഗത്തിലായിരുന്നു. ഇപ്പോൾ അവനൊരു കേന്ദ്രമാണ്. കുടിയൻമാരക്ക് അവരുടെ ഇഷ്ട ബ്രാൻഡുകൾ എത്തിച്ചു നൽകുന്ന ഇടനിലക്കാരൻ. മദ്യം ടൗണിൽ നിന്നെടുത്ത് നാട്ടിലെത്തിച്ചാൽ കിട്ടുന്ന വരുമാനം അവൻ്റെ ബാംഗ്ലൂർ ശമ്പളത്തേക്കാളും നാലിരട്ടിയായിരുന്നു.അതോടെ ജോലി ഉപേക്ഷിച്ചു.എങ്കിലും അവനു വേണ്ട എല്ലാ ഒത്താശകളുമായി രാഹുലനും സേവിയറുമുണ്ട്.

ഒരു മനുഷ്യൻ കണ്ണ് ചിമ്മിത്തുറക്കുന്ന വേഗത്തിൽ അടിമുടി മാറിപ്പോയതിൻ്റെ അന്ധാളിപ്പിലായിരുന്നു അന്നയും അവനും. ഈ അവസരത്തിൽ അച്ചൻ എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു പോയെങ്കിലും ആദ്യമൊക്കെ അന്നയുടെ നിർബദ്ധത്തിന് വഴങ്ങി അച്ചൻ അവനെ ഉപദേശിച്ചിരുന്നു.പിന്നെ ഒഴിവാക്കി. നന്നാവില്ലന്നുറച്ച ഒരിടയന് കർത്താവു തന്നെ സുവിശേഷമോതീട്ടും കാര്യമില്ല എന്ന ഒരു ലൈനായിരുന്നു അച്ചന് അവൻ്റെ കാര്യത്തിൽ.

ഒരോ ദിവസം കഴിയുന്തോറും റാഫേലിൻ്റെ ബിസ്നസ് വാണം പോലെ ഉയർന്നു കൊണ്ടിരുന്നു.അതോടെ അവൻ്റെ വീട്ടിനോടു ചേർന്നുള്ള ഒഴിഞ്ഞ പറമ്പ് ഒരു വശം വളച്ചുകെട്ടി അവിടെ ഓലമേഞ്ഞ് തട്ടിക്കൂട്ട് സെറ്റപ്പിൽ ഒരു കള്ളുഷാപ്പ് കെട്ടി എടുത്തു.

ഇടവകയിലെ ആദ്യത്തെ കള്ളുഷാപ്പ്.

ബുദ്ധിമാനായിരുന്നു ചെത്തുകാരൻ വർക്കി .ഒരു കാലത്തെ കഴുകപ്പാറയിലെ സഞ്ചരിക്കുന്ന കള്ളുഷാപ്പ്. റാഫേലിൻ്റെ കച്ചോടം പുരോഗമിക്കുന്നതനുസരിച്ച് തൻ്റെ കച്ചോടം ശേഷിക്കുന്നു എന്നു വർക്കി തിരിച്ചറിഞ്ഞു. വിദേശിയോട് മുട്ടി നിൽക്കാൻ ചെത്തിനാവില്ല എന്നു മനസ്സിലാക്കിയ അവൻ സാഹചര്യത്തെ ഒരു കച്ചോടകണ്ണോടെ കണ്ട് റാഫേലിനൊപ്പം പങ്കുകാരനായി.

വാറ്റിലും മിക്സിങ്ങിലും കട്ടക്ക് നിൽക്കുന്ന രണ്ടു പേരാണ്. വർക്കിയും റാഫേലും ചക്കിക്കൊത്ത ചങ്കരൻ എന്നു പറഞ്ഞത് പോലെ അവിടുത്തെ പൂരം എനി പറയേണ്ടതുണ്ടോ?

തെങ്ങിൻ പൂക്കുലയും കശുമാങ്ങയും ശർക്കരയും താതിരിപ്പൂക്കളും ഉപയോഗിച്ച് വർക്കി വാറ്റുന്ന വാറ്റുണ്ടല്ലോ സ്വയമ്പൻ സാധനം.

നാട്ടുകാർ മാത്രമല്ല പുറം നാട്ടുകാരും അവിടേക്കൊഴുകി. അങ്ങിനെ അതികം താമസിയാവാതെ തന്നെ പാമ്പുമുക്ക് പേരുകേട്ട വാറ്റു കേന്ദ്രവുമായി.

നാടുമുഴുവന്‍ കേളികേട്ട വര്‍ക്കിയുടെ വാറ്റുചാരായം കുടിക്കാന്‍ ഒരു ദിവസംപേരാമ്പ്രയിലെ വലിയ മുതലാളിയും പ്രതാപവാനുമായ മാണിക്കോത്ത് അന്ത്രുമാപ്പിള അവിടെയെത്തി. ഭക്ഷണത്തിലായാലും ചാരായത്തിലായാലും രുചിയുടെ വൈഭവങ്ങള്‍ തേടിയുള്ള യാത്ര അയാളുടെ ജീവിതത്തിന്റെ ഭാഗമാണ്. അത് രണ്ടും തേടി ഏത് കുഗ്രാമത്തില്‍ വേണേലും  അയാള്‍ ചെല്ലും. അന്നുവന്ന ആ വിശിഷ്ടാഥിതിക്ക് റാഫേലും വര്‍ക്കിയും ഷാപ്പിലെ സൗകര്യക്കുറവ് മാനിച്ച് റാഫേലിന്റെ  വീട്ടില്‍ കുടിക്കാനുള്ള സൗകര്യം ഏര്‍പ്പാട് ചെയ്തുകൊടുത്തു. അന്ന് അയാള്‍ക്ക് കള്ളൊഴിച്ചു കൊടുത്തത് അന്നയാണ് . അതും വര്‍ക്കിയുടെ തീരുമാനമാണ്. നന്നായി സേവിച്ചാല്‍ മാപ്പിള നല്ല കാശു തരുമെന്നയാള്‍ക്കറിയാമായിരുന്നു. പൂത്തകാശല്ലെ മാപ്ലയുടെ അടുത്ത്

ചാരായവും അതൊഴിച്ചു കൊടുത്ത അന്നയെയും അയാള്‍ക്ക് നന്നായങ്ങ് ബോധിച്ചു. തിരിച്ചുപോവുമ്പോള്‍ നല്ലൊരുതുക ടിപ്പായിത്തന്നെ മാപ്പിള അവള്‍ക്കു നല്‍കി.

വീട്ടിലെത്തിയിട്ടും പശപോലെ അന്ന അയാളുടെ മനസ്സില്‍തന്നെ ഒട്ടിക്കിടപ്പുണ്ടായിരുന്നു. രാത്രി രണ്ടാമത്തെ ബീടരുമായി  ഉറങ്ങാന്‍ കിടന്നപ്പോള്‍ മാപ്പിളക്ക് എന്തെന്നില്ലാത്ത ആവേശം. ഒടുങ്ങാത്ത നിര്‍വൃതി. ഇതുവരെ ഇല്ലാത്ത ലീലാകൃടങ്ങളില്‍ ബീടര്‍ക്കും അതിയായ ആനന്ദലഹരി ഉണ്ടായി. അതുവരെ ഇല്ലാത്ത നിര്‍വൃതിയില്‍ അവര്‍ രണ്ടുകടലുകളായി അലിഞ്ഞുചേരുകയായിരുന്നു. ബീവി ഒരു പിടക്കോഴിയെപ്പോലെ നന്നായി ഒതുങ്ങിക്കൊടുത്തു. ഏതോ ആലസ്യനിര്‍വൃതിയില്‍ അയാള്‍ അവളുടെ ഉടലാകെ ഉറഞ്ഞുപായുകയായിരുന്നു.   പാതിയടഞ്ഞ അയാളുടെ കണ്ണുകളില്‍ അന്നമാത്രമാണ്. കൂടെ കളിക്കുന്നത് ബീവിയാണെങ്കിലും മനസ്സില്‍ നിറയെ അന്നയാണ്. അന്നമാത്രം.

ഇത്രയും ഗാഢമായ കളിയൊന്നും ഇതിനു മുമ്പ് ഉണ്ടായിട്ടേയില്ല. സുഖം പരമാനന്ദസുഖം. ഇത്രയ്ക്കും വ്യത്യസ്തമായ എടുപ്പുകൾ ഇതാദ്യമായിരുന്നു. കല്ല്യാണത്തിന് ശേഷം ഹാജിയാരുടെ വെള്ളം പെട്ടന്ന് പോവല്ലെയെന്ന് അവൾ മനസ്സാ പ്രാർത്ഥിച്ചു പോയ ദിവസം !

ഇന്നലെ രാത്രിയിലെ സംഭവം കൂടിയായപ്പോള്‍ അയാള്‍ക്ക് അന്നയെ എങ്ങനെയെങ്കിലും

പ്രാപിക്കണമെന്ന ആഗ്രഹം ശക്തിയാര്‍ജ്ജിച്ചു. മനസ്സിന്റെ കടിഞ്ഞാണഴിച്ചുപായുന്ന കുതിരകള്‍ മുഴുവനും ഒടുക്കംചെന്ന്  മുട്ടുകുത്തുന്നത് അന്നയുടെ മുന്‍പിലാണ്. ഒരിക്കലെങ്കിലും അന്നയെ പ്രാപിക്കണം അതിനെന്തു വില കൊടുക്കേണ്ടി വന്നാലും ശരി. അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.

ഡ്രൈവറെപ്പോലും കൂട്ടാതെ അന്നുതന്നെ മാപ്പിള കാറോടിച്ച് കഴുകപ്പാറയിലേക്ക് പുറപ്പെട്ടു. ആദ്യം കണ്ടത് വര്‍ക്കിയെയാണ്. സംസാരിച്ചു തുടങ്ങുന്നതിനുമുന്‍പുതന്നെ അയ്യായിരം രൂപയുടെ നോട്ടുകെട്ടെടുത്ത് വര്‍ക്കിയുടെ കൈയില്‍ വെച്ചുകൊടുത്തു. ഒന്നും മനസ്സിലാവാതെ അന്ധാളിച്ചു നിന്നതല്ലാതെ വര്‍ക്കി കാശുവാങ്ങിയില്ല.

‘വാങ്ങിക്കെടാ… നിന്റെ ചാരായം ഞമ്മക്ക് പെരുത്തിഷ്ടായി.’

മാപ്പിളയുടെ വരവിനും പൈസ സല്‍ക്കാരത്തിനും എന്തോ പന്തികേട് വര്‍ക്കിക്ക് തോന്നിയെങ്കിലും പുഞ്ചിരിയാലെ ആ  പൈസ വാങ്ങി തന്റെ മുണ്ടിനിടയില്‍ തിരുകിവെച്ചു.

എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ മാപ്പിളക്ക് ഒരു നിശ്ചയവുമില്ല. എങ്കിലും തല്ലില്ല എന്ന ഉറപ്പില്‍ അയാള്‍  വര്‍ക്കിയോട് കാര്യമവതരിപ്പിച്ചു. കുറച്ചുനേരം വര്‍ക്കി ഒന്നുംപറയാതെ മാപ്പിളയെത്തന്നെ നോക്കിനിന്നു. സംഭവം നല്ല പരിപാടിയാണ്. നന്നായി കാശുണ്ടാക്കാം. റാഫേല്‍ സമ്മതിച്ചാ ഇതുവെച്ച് തനിക്ക് പണം വാരാം. ഒറ്റയടിക്കല്ലേ ഒരുമാസത്തെ ശമ്പളം കൈയില്‍ വന്നത്. ഇതൊരു സുവര്‍ണ്ണാവസരം തന്നെ.

‘ഇങ്ങള് ധൈര്യായി പോയ്‌ക്കോ ഇക്കാര്യം ഞാനേറ്റു,’ മാപ്പിളയുടെ പൊള്ളുന്ന മനസ്സില്‍ ഇത്തിരി തെളിനീരൊഴിച്ച് വര്‍ക്കി അയാളെ യാത്രയാക്കി. ഒരുകുപ്പി വിദേശിയുമെടുത്ത് വാങ്ങി വര്‍ക്കി റാഫേലിനെയും കൂട്ടി ഷാപ്പിൽചെന്നിരുന്നു. വർക്കി തന്നെ ഗ്ലാസെടുത്ത് കുപ്പി പൊട്ടിച്ച് അവന് കുറച്ച് കുറച്ചായ് ഒഴിച്ചു കൊടുത്തു.

കുപ്പി പാതിയും റാഫേല്‍ അകത്താക്കി എന്ന് തോന്നിയപ്പോള്‍ വര്‍ക്കി മെല്ലെ കാര്യമവതരിപ്പിച്ചു. അതിനുമുമ്പ് രണ്ടായിരം രൂപ അവന്റെ കൈയില്‍ വെച്ചുകൊടുത്തു. അതെന്തത്ഭുതം എന്ന മാത്രയിൽ മിഴിച്ച കണ്ണുകളോടെ റാഫേല്‍ വര്‍ക്കിയെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

‘റാഫേല്‍ നീ മനസ്സുവെച്ചാ ഇതുപോലെ എനിയും ഒരുപാട് പണമുണ്ടാക്കാം’ വര്‍ക്കി ഒന്നൂടെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് പറഞ്ഞു.

‘ഞാന്‍ പറയുന്ന കാര്യം നിനക്ക് സമ്മതമാണേല്‍ പ്രശ്‌നമില്ല… ഇല്ലേല്‍, ഇതോടെ ആ വിഷയം വിട്ടേക്കണം… സമ്മതാണോ?’ സമ്മതമെന്നോണം റാഫേല്‍ തലയാട്ടി. അവന്‍ നല്ല ഫിറ്റിലാണ്.

‘ഇന്നലെ വന്ന മാപ്പിളയില്ലെ അയാള്‍ക്ക് അന്നയെ ഒരുരാത്രി വേണോന്ന് കാശ് എത്ര വേണേലും തരാന്ന്’ വര്‍ക്കി ഇത്തിരി ഭയത്തോടെയാണേലും അവന്റെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു.നിനക്ക് സമ്മതമാണേ മതി അല്ലേ പോട്ടെ

കുറച്ചുനേരം അവര്‍ പരസ്പരം ഒന്നും സംസാരിക്കാതെ ഇരുന്നു. ഉള്ളില്‍ കിടന്ന കള്ളൊന്ന് തോക്കി വായിവരെ വന്നു ഒരു ചവര്‍പ്പോടെ റാഫേല്‍ തിരിച്ചെറക്കി തല ബെഞ്ചില്‍ താഴ്ത്തി കിടന്നു. വര്‍ക്കി അക്ഷമനാണേലും ഒന്നും ചോദിച്ചില്ല. എന്തുതന്നെയായാലും അന്ന അവന്റെ ഭാര്യയല്ലേ.

പുതുമോടിയൊക്കെ കഴിഞ്ഞതില്‍ പിന്നെ റാഫേലിന് അന്ന ഒരു ഭാരമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നും  കള്ളുകുടിച്ച് വീട്ടില്‍ചെന്ന് അവളുമായി വഴക്കാണ്. പാവത്തിന് നല്ലോണം തല്ലും കിട്ടാറുണ്ട്. ആരോട് പറയാന്‍. ഉള്ള ഒരു തള്ള ചത്തുംപോയി. ഇപ്പം അച്ചനാണേലും എല്ലാം വിട്ട മട്ടാണ്. എത്രയെന്നാ ഒരാളെ നന്നാക്കാൻ ശ്രമിക്കുക.അച്ചനും ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്നത് ആ കൊച്ച് വീണ്ടും തനിച്ചായി എന്നു പറയാലോ. കാര്യങ്ങളുടെ കിടപ്പും സാഹചര്യവുമറിയുന്നത് കൊണ്ടു തന്നെ വർക്കിക്ക് നേരിയ ഒരു പ്രതീക്ഷയുണ്ട്.

” റാഫേൽ നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല വേണ്ട വിട്ടേക്ക്. മാപ്പിള ഒരാഗ്രഹം പറഞ്ഞു അത്ര മാത്രം പൈസ ഞാനങ്ങു തിരിച്ചു കൊടുത്തേക്കാം. പോട്ടെ പുല്ല്”

റാഫേൽകാലിയായ കുപ്പി ഒന്നൂടി ഏന്തിപ്പിടിച്ച് വായിലേക്ക് ഉറ്റിക്കാന്‍ ശ്രമിച്ചു. ഒന്നും വരുന്നില്ലെന്ന് കണ്ടപ്പോള്‍ ഇത്തിരി കലിപ്പോടെ കുപ്പി ദൂരേക്ക് വലിച്ചെറിഞ്ഞു.

‘പൈസ കിട്ടുവോ?’

‘എത്ര വേണേലും കിട്ടും.’

‘എന്നാ അയാളോട് ഇന്ന് വീട്ടില്‍ കിടന്നോളാന്‍ പറ. എല്ലാം ശരവേഗത്തിലായിരുന്നു.

മറുപടി കിട്ടേണ്ട താമസം വര്‍ക്കി മാപ്പിളയെയും തേടി കവലയിലേക്കോടി. പുതിയ ഒരു കച്ചവടത്തിൻ്റെ തുടക്കം.വര്‍ക്കിയുടെ വരവും കാത്ത് അയാള്‍ കവലയില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു. വര്‍ക്കിയെ കണ്ടപാടെ മാപ്പിള കാറില്‍ നിന്നിറങ്ങി, ഒരു സിഗരറ്റ് കത്തിച്ചു. പോക്കറ്റില്‍നിന്നും മറ്റൊരു സിഗരറ്റെടുത്ത് വര്‍ക്കിക്കു നേരെ നീട്ടി.

‘എന്തായി?’

‘സമ്മതിച്ചു.’ അയാള്‍ കാറിന്റെ പിന്‍ഡോറുതുറന്ന് വര്‍ക്കിയോട് കേറാന്‍ പറഞ്ഞു. കാറിന്റെ വാതില്‍ തുറന്നപാടെ വിലകൂടിയ പെര്‍ഫ്യൂമിന്റെ മനംമയക്കുന്ന ഗന്ധം പുറത്തേക്ക് പരന്നു. ആദ്യമായാണ് വര്‍ക്കി ഇത്രയും വിലപിടിച്ച ഒരു കാറില്‍ കയറുന്നത്.

കാറ് റാഫേലിന്റെ വീടിന്റെ ഇടവഴിവരെ ചെന്നുനിന്നു. അയാള്‍ കാറില്‍നിന്നും ഒരു പെര്‍ഫ്യൂമെടുത്ത് തന്റെ വസ്ത്രത്തില്‍ പൂശി. കണ്ണാടിയില്‍ നോക്കി സ്വയം തൃപ്തിവരുത്തി പുറത്തേക്കിറങ്ങി. മാപ്പിളയെയും വര്‍ക്കിയെയും കണ്ടയുടനെ റാഫേല്‍ വീട്ടില്‍നിന്നും മുറ്റത്തേക്കിറങ്ങി റാഫേല്‍ അവരെ തന്റെ വീട്ടിലെ മുറിയില്‍ കയറ്റി ഇരുത്തി. വര്‍ക്കി സംസാരത്തിനിടയില്‍ തന്റെ അരയില്‍ കരുതിവെച്ച വിലകൂടിയ മദ്യക്കുപ്പി പുറത്തെടുത്തുവെച്ചു. വര്‍ക്കി അന്നയെ വിളിക്കാന്‍ റാഫേലിനോട് കണ്ണുകൊണ്ട ആംഗ്യംകാണിച്ചു. റാഫേല്‍ അടുക്കളയിലേക്ക് നോക്കി നീട്ടിവിളിച്ചു.

‘അന്നേ… മൂന്ന് ഗ്ലാസ്’

അടുക്കളയില്‍നിന്നും മറുപടിയൊന്നും വന്നില്ലെങ്കിലും ഗ്ലാസുമോറുന്ന ശബ്ദം കേട്ടപ്പോള്‍ അന്ന വരുമെന്ന് വര്‍ക്കി ഉറപ്പിച്ചു. പെട്ടെന്നുതന്നെ അന്ന ഗ്ലാസുമായി മുറിയിലേക്ക് വന്നു. അന്നയെ കണ്ടപാതി മാപ്പിളയുടെ ഉള്ളില്‍നിന്നും  എന്തോ പുറത്തേക്ക് നിറഞ്ഞുതൂവി. അയാള്‍ക്ക് ആകമാനം കുളിരുകോരി.

‘മാപ്പിളെ ഇത് റാഫേലിന്റെ ഭാര്യ അന്ന,’ വര്‍ക്കി അന്നയെ മാപ്പിളക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

ഒരു വഷള ചിരിയോടെ മാപ്പിള കിട്ടിയ അവസരം അന്നയെ അടിമുടിയൊന്ന് നോക്കി. അയാള്‍ വിറയ്ക്കുന്ന കൈകളോടെ തന്റെ അരപ്പട്ടയുടെ കള്ളിതുറന്ന്, അതില്‍നിന്നും അധികം വലിപ്പമില്ലാത്ത എന്നാല്‍ കാണാന്‍ ഭംഗിയുള്ള ഒരു സ്വര്‍ണമാല പുറത്തെടുത്ത് അന്നക്ക് നേരെ നീട്ടി.

‘പൊന്ന് നിനക്ക് വല്ലാതെ ചേരും പെണ്ണേ…,’ അയാള്‍ ആര്‍ത്തിയോടെ പറഞ്ഞു. അതിനിടയില്‍ വര്‍ക്കി റാഫേലിനോട് പുറത്തേക്ക് പോവാന്‍ ആംഗ്യം കാണിച്ചു. റാഫേല്‍ പുറത്തുപോയി ഒപ്പം വര്‍ക്കിയും. വര്‍ക്കി ഇറങ്ങുന്നതിനിടയില്‍ മുറിയുടെ കതകുചാരി. അപ്പോഴേക്കും അയാള്‍ ആര്‍ത്തിതീരാത്ത ചെന്നായയെപ്പോലെ അവളെ കയറിപ്പിടിച്ചിരുന്നു. തന്റെ  ഭര്‍ത്താവും ഇതിന് കൂട്ടുനിന്നല്ലോ എന്ന ചിന്ത ഒന്നുകുതിറിമാറാനാവാത്ത വിധം അന്നയുടെ ശരീരത്തെ തളര്‍ത്തിക്കളഞ്ഞു. അയാള്‍ ആഞ്ഞടിക്കുന്ന ഒരു തിരമാലയെപ്പോലെയായിരുന്നു. ഒരുതീരം മുഴുവന്‍ മുക്കിക്കളയാന്‍ ശക്തിയുണ്ടായിരുന്നു അതിന്.

നേരം വളരെ വൈകിയാണ് അയാള്‍ ഇറങ്ങിപ്പോയത്. വരാന്തയില്‍ മൂക്കറ്റം കള്ളുംമോന്തി ബോധമില്ലാതെ വീണുകിടക്കുന്ന തന്റെ ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവള്‍ക്കാദ്യമായി അറപ്പു തോന്നി. എന്തു സുരക്ഷയാണ് ഈ ഭൂമിയില്‍ പെണ്ണിനുള്ളത്? സകലപുരുഷന്മാരെയും വെറുത്ത ഒരു രാത്രി കൂടിയായിരുന്നു കഴിഞ്ഞുപോയത്.  പ്രായപൂര്‍ത്തിയാവുന്നതിനുമുന്‍പ് അച്ഛന്റെ സ്ഥാനത്തുള്ളവന്റെ കാമപേക്കുത്തില്‍നിന്നും മാനവും ചുരുട്ടിപ്പിടിച്ച് അമ്മയ്‌ക്കൊപ്പം എവിടേക്കെന്നില്ലാതെ ഓടിപ്പോവാന്‍ വിധിക്കപ്പെട്ടവള്‍. എല്ലാ കണ്ണുകളും കാമത്തിന്റെ കഴുകന്‍ കണ്ണുകള്‍തന്നെ.  പഠിക്കുമ്പോള്‍ സഹപാഠികളുടെ നോട്ടം. ടൗണില്‍ പുരുഷന്മാരുടെ നോട്ടം. ഇപ്പോള്‍ എല്ലാ സുരക്ഷിതത്വവും ഏറ്റെടുത്ത ഒരാളില്‍ നിന്നുതന്നെ ഇങ്ങനെ ഒരനുഭവമുണ്ടായപ്പോള്‍ എങ്ങനെയാണ് താങ്ങാനാവുക. താന്‍ ജീവനെക്കാളും വില കല്‍പ്പിച്ച് കൊണ്ടുനടന്ന തന്റെ മാനം ഒരുരാത്രി കൊണ്ടല്ലേ അയാള്‍ വിറ്റുകാശാക്കിയത്. വിശന്നുവലഞ്ഞവന്റെ മുന്‍പില്‍ തീന്‍മേശയിലെ വിഭവംപോലെയാണ് പെണ്ണുങ്ങള്‍. അവസരം വരുമ്പോള്‍ ഏതു പുരുഷനും ആര്‍ത്തിയോടെ അത് ഭക്ഷിക്കുക തന്നെ ചെയ്യും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here