ഇരുള്‍

0
127

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 7

റാഫേലിന്റെ മരണം ഒരു സാധാരണ അപകടമരണമായിരുന്നില്ല അതൊരു കൊലപാതകമായിരുന്നു. ഈ നാട്ടിലെ  മുഴുവനാളുകള്‍ക്കും അറിയാവുന്ന ഒരു രഹസ്യം. പതിവുപോലെ തന്നെ അന്നും വളരെ വൈകിയാണ് റാഫേല്‍ കുടിയില്‍  എത്തിയത്. പാമ്പുമുക്കിലെ സകല കൂത്താട്ടത്തിനുംശേഷം മൂക്കറ്റം മോന്തി വെളിവില്ലാതെ തപ്പിയും തടഞ്ഞും വീണും അവന്‍ വീട്ടിലേക്ക് കയറി. പാമ്പുമുക്കിലെ വാറ്റ് ചാരായംതന്നെയാണ് റാഫേലിന്റെ പ്രധാന വരുമാനമാര്‍ഗം. പേരിന് ഓലമേഞ്ഞ ഒരു ഷെല്‍ട്ടര്‍. നേരം ഇരുട്ടിക്കഴിഞ്ഞാല്‍ കാടുനിറഞ്ഞ ആ പ്രദേശം മുഴുവന്‍ കുടിയന്മാരുടെ വിഹായസു കേന്ദ്രമാണ്. നാട്ടുകാര്‍ക്ക് ഒരു നന്മപോലും പറയാനില്ലാത്ത ലോകചെറ്റയാണ് റാഫേല്‍. അവന്റെ പ്രധാന ശിങ്കിടികളാണ്  രാഹുലനും സേവിയറും. വാറ്റുന്നതും വിളമ്പുന്നതുമെല്ലാം ചെത്തുകാരന്‍ വര്‍ക്കിയാണ്. ആദ്യകാലങ്ങളില്‍ കള്ള് ചെത്താന്‍  പോയിരുന്ന അവന്‍ റാഫേല്‍ വാറ്റ് തുടങ്ങിയപ്പോള്‍ അവനോടൊപ്പം കൂടി.

ഇപ്പോള്‍ വര്‍ക്കി അത്യാവശ്യം നല്ല നിലയിലാണ്. ചെറുതാണേലും ഭംഗിയുള്ള രണ്ടുനില വീട്, ഒരു മോട്ടോര്‍സൈക്കിള്‍,  മകന്‍ ടൗണില്‍ ഹോസ്റ്റലില്‍ നിന്ന് മെക്കാനിക്ക് എഞ്ചിനീയറിങ്പഠിക്കുന്നു. കച്ചോടം റാഫേലിന്റെതാണേലും ലാഭം ശരിക്കും പറഞ്ഞാ വര്‍ക്കിക്കാണ്.  അവന്‍ സ്വന്തം കാര്യത്തില്‍ അഗ്രഗണ്യനാണ്. സമയം പന്ത്രണ്ടു കഴിഞ്ഞാല്‍ പിന്നെ റാഫേലിന് മൂക്കറ്റം കുടിക്കണം.ഷീട്ടിടണം. പോക്കറ്റിലെ കാശു തീര്‍ന്നാല്‍ വര്‍ക്കിയെകൊണ്ട് ക്യാഷ് പിൻവലിപ്പിക്കും . അതിനിടയില്‍ കുറച്ചധികം തുക  വര്‍ക്കിയും വലിക്കും. വര്‍ക്കി കുടുംബത്തെക്കുറിച്ച് നല്ല ബോധമുള്ളവനാണ്. എല്ലാവരെയും കുടിപ്പിച്ച് കിടത്തുമെങ്കിലും ഒരു തുള്ളിപോലും അവന്‍ കുടിക്കില്ല. അവന്‍ അന്തസ്സായി ജീവിക്കുന്നു.

ഒരുവിധം പണിപ്പെട്ടാണ് വര്‍ക്കിയും രാഹുലനും സേവിയറും ചേര്‍ന്ന് റാഫേലിനെ വീടിന്റെ അടുത്തുവരെ കൊണ്ടു ചെന്നാക്കിയത്. അന്ന കണ്ടാല്‍ ആട്ടുകിട്ടുമെന്നറിയാവുന്നതുകൊണ്ടുതന്നെ അവര്‍ അധികമങ്ങോട്ടു പോയില്ല. അന്ന വാതില് തുറക്കുന്നുണ്ടോ എന്ന് രാഹുലന്‍ ഇടയ്ക്കിടക്ക് തിരിഞ്ഞുനോക്കുന്നുണ്ട്, ഒരുനോക്ക് കാണാന്‍.

അവര്‍ തിരികെ ഷെല്‍ട്ടറിലെത്തി അധികസമയമൊന്നും കഴിഞ്ഞിട്ടില്ല, റാഫേലിന്റെ വീട്ടില്‍നിന്ന് അതിശക്തമായ എന്തോ ശബ്ദം കേട്ട് അവര്‍ മൂന്നുപേരും അങ്ങോട്ടേക്കോടി. വാതില്‍ തള്ളിത്തുറന്ന് അകത്ത് കടന്നപ്പോള്‍ ആ കൂരയുടെ ആകെയുള്ള ഒറ്റമുറിക്ക് നടുവില്‍ റാഫേല്‍ വീണുകിടക്കുന്നു. തലഭാഗത്തുനിന്ന് രക്തം ധാരധാരയായി ഒഴുകുന്നുണ്ട്. കണ്ണു മിഴിച്ച് വായിലൂടെ കുടിച്ച ചാരായം ഛര്‍ദ്ദിയായി പുറത്തുവന്നിട്ടുണ്ട്. ഒറ്റനോട്ടത്തില്‍തന്നെ എല്ലാം കഴിഞ്ഞു എന്നവര്‍ ഉറപ്പിച്ചു. എന്തുചെയ്യണമെന്നറിയാതെ അവര്‍ക്ക് പരസ്പരം മുഖത്തോടുമുഖം നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മുറിയുടെ ഏറ്റവും ഇരുട്ടുകൂടിയ മൂലയില്‍ അന്ന തലയ്ക്ക് രണ്ടുകൈകളും പിടിച്ചുകൊണ്ട് ഭ്രാന്തിയെപ്പോലെ കരഞ്ഞിരിപ്പാണ്.

എന്താണ് പറ്റിയതെന്ന മട്ടില്‍ വര്‍ക്കി രണ്ടുമൂന്ന് പ്രാവശ്യം അന്നയെ നോക്കി. അവള്‍ കരയുകയല്ലാതെ ഒരക്ഷരം മിണ്ടിയില്ല. എന്തെങ്കിലും ചോദിക്കണമെന്ന് കരുതിയെങ്കിലും വര്‍ക്കിയുടെ നാവ് പൊന്തിയില്ല. ഇനിവരാന്‍ പോകുന്ന ഭവിഷത്തിനെയും പോലീസ് കേസിനെയും ഓര്‍ത്ത് നടുങ്ങിയിരിക്കുകയാണ് സേവിയറും രാഹുലനും. ശരീരം മുഴുവന്‍  തരിപ്പ് കയറുന്നതുപോലെ. ഇവിടുന്ന് ഇറങ്ങിയോടിയാലോ എന്നുവരെ അവര്‍ ചിന്തിച്ചു. ആളുകള്‍ പതിയെപ്പതിയെ അവിടെ കൂടിവന്നു.

ആളുകള്‍ കൂടുന്നത് കണ്ടപ്പോള്‍ രാഹുലന്‍ ചോര്‍ന്ന ധൈര്യത്തെ വീണ്ടെടുത്ത് റാഫേലിനെ തന്റെ മടിയില്‍ കിടത്തി അറിയാവുന്നപോലെ ശുശ്രൂഷിക്കാന്‍ നോക്കി തട്ടിവിളിച്ചു. സംഭവം കഴിഞ്ഞുവെന്നത് എല്ലാവര്‍ക്കുമറിയാമെങ്കിലും ടൗണിലെ മെഡിക്കല്‍ ഷോപ്പില്‍ ജോലിചെയ്യുന്ന ഈനാശു നീണ്ട പരിശോധനക്കുശേഷം ആള് മരിച്ചു എന്ന് പറഞ്ഞപ്പോഴാണ് എല്ലാവരും ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചു.

മരണം എത്ര വേഗമാണ് മനുഷ്യനെ തട്ടിപ്പറിച്ച് കൊണ്ടുപോവുന്നത്. അരമണിക്കൂര്‍ മുമ്പാണ് ഞങ്ങളവനെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. ഞെട്ടലുമാറാതെ, മരണത്തിന്റെ മാന്ത്രികവേഗതയെ അമ്പരപ്പോടെ വര്‍ക്കി ഓര്‍ത്തു. നാട്ടുകാര്‍ക്കിടയില്‍ ദുരൂഹതയുടെ തീ ആളിക്കത്താന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. അതിശക്തമായ അടി തലക്കു കിട്ടിയതാണ് മരണകാരണമെന്ന് സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. പക്ഷേ, അതിന്റെ കാരണം അറിയണമെങ്കില്‍ അന്ന വാ തുറക്കണം. ആളുകളില്‍ ഒരു വിഭാഗം വര്‍ക്കിയെയും രാഹുലനെയും സേവിയറെയും  സംശയിക്കാതിരുന്നില്ല. ‘പാമ്പുമുക്കില് ഇവര് തമ്മീ ചിലപ്പോ വല്ല കശപിശയും നടന്നുകാണും.’

അതിനെയും തള്ളിക്കൂടാ. രാഹുലനും സേവിയറും അത്ര നല്ലവരൊന്നുമല്ലല്ലോ.

ഉഹാപോഹങ്ങൾ കാറ്റുപോലെ നിഷ്പ്രയാസം പാറി നടന്നു.ദുരൂഹത വിട്ടുമാറാതെ പാമ്പ് മുക്കിനു മുകളിൽ കരിമേഘങ്ങൾ കരിവാളിച്ചു നിന്നു. ആർക്കും ഒരു വ്യക്തതയില്ല. കൊലപാതകമോ? അപകട മരണമോ? സത്യം മനസ്സിലാക്കാമെങ്കിൽ അന്ന വാ തുറക്കണം. സംഭവത്തിൻ്റെ ഒരേ ഒരു ദൃക്‌സാക്ഷി..

സമയം ഇത്രയായിട്ടും അന്ന വാ തുറന്നിട്ടില്ല. കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. ആളുകളുടെ ക്ഷമ സമയം കഴിയുന്തോറും  നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അതോടൊപ്പം അവരുടെ സംശയങ്ങളും വളര്‍ന്നുവന്നു. ആളുകൾ അവരവരുടെതായ നിഗമനങ്ങൾ പറഞ്ഞു തുടങ്ങി.

‘ഇത് കൊലപാതകം തന്നെയാണ്. കാലുതെറ്റി വീണതാണേ ശവം കുമ്പിട്ടു കിടന്ന രീതിയിലാണ് വേണ്ടത്. ഇതുപക്ഷേ മലര്‍ന്നാണ് കിടക്കുന്നത്. പിന്നില്‍നിന്ന് ശക്തമായ അടിയോ മറ്റോ ആയിരിക്കും മരണകാരണം.

‘എന്നാ വൈകിക്കൂടാ. എത്രയും  പെട്ടെന്ന്  പോലീസില്‍  വിവരമറീക്കണം. അല്ലേ… എല്ലാവരും കുടുങ്ങും!’ ആളുകള്‍ പ്രായോഗികമായി തന്നെ ചിന്തിച്ചു തുടങ്ങി.

‘ഏതായാലും അച്ചന്‍ വരട്ടെ അച്ചന്‍ വന്നിട്ട് വേണ്ടപോലെ തീരുമാനിക്കാം.’ ഒരാള്‍ പറഞ്ഞു.

‘അച്ചന്‍ വരാന്‍ ഇത് പള്ളിക്കാര്യമല്ലല്ലോ കൊലപാതകമാ കൊലപാതകം. വേഗം പോലീസില്‍ അറീക്കാന്‍ നോക്ക്,’

മറ്റൊരഭിപ്രായം കൂടി വന്നു. ആളുകള്‍ രണ്ടു ചേരിയായി തിരിയാന്‍ പിന്നെ അധികസമയമൊന്നും വേണ്ടിവന്നില്ല.

അവരില്‍ പുരോഗമനചിന്തക്കാര്‍ പോലീസില്‍ എത്രയും വേഗം വിവരമറിയിക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ചുനിന്നു.

ടൗണുമായി ബന്ധമുള്ളത് ഈനാശുവിനാണ്. ഇതുപോലുള്ള കാര്യങ്ങളില്‍ സമയോജിതമായി ഇടപെടാനുള്ള മിടുക്ക് അവന്റെ പ്രത്യേകതയാണ്.  ഇനാശു  തന്നെ  പോ ലീസില്‍ വിളിച്ചു വിവരമറിയിച്ചു. ടൗണില്‍നിന്നും പോലീസ് ഇവിടെവരെയെത്താന്‍ ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലുമെടുക്കും രാത്രിയായതുകൊണ്ട് കവലയില്‍നിന്ന് കഴുകപ്പാറവരെയുള്ള യാത്ര ദുഃസ്സഹംതന്നെയാണ്. പോരാത്തതിന് രാത്രി പെയ്ത മഴയുടെ വെള്ളവും റോഡില്‍ കിടക്കുന്നുണ്ടാവും. ഏതായാലും അവര്‍ വരട്ടെ അപ്പോഴേക്ക് നമുക്കെല്ലാമൊന്ന് വീട്ടില്‍ പോയി വരാം എന്ന ചിന്തയില്‍ ആളുകള്‍ പതിയെപ്പതിയെ ഒഴിഞ്ഞുതുടങ്ങി. രാഹുലനും വര്‍ക്കിയും സേവിയറും അവിടെതന്നെ നിന്നു. അന്നയുടെ കാര്യത്തില്‍ ഒരു മാറ്റവുമില്ല. അവള്‍ ഇരുന്നയിരിപ്പില്‍ തന്നെയാണ്.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

പോലീസ് എത്തുന്നതിന് തൊട്ടുമുമ്പേ അച്ചന്‍ എത്തിയിരുന്നു. അച്ചന്‍ വന്നതോടെ പാതിസമാധാനമായതുപോലെ  തോന്നി രാഹുലന്. എല്ലാം ഇനി അതിന്റെ മുറക്ക് നടക്കും. അത് അച്ചനിലുള്ള അവരുടെ വിശ്വാസമായിരുന്നു. അച്ചന്‍ വന്നയുടനെ ഒന്നും മിണ്ടാതെ അകത്തുകയറി അന്നയോട്് സംസാരിച്ചു. അന്ന, അച്ചനോടും സംസാരിച്ചു. അക്ഷമരായി കാത്തിരുന്ന അവര്‍ക്കിടയിലേക്ക് അച്ചന്‍ കതകുതുറന്ന് പുറത്തുവന്നു.

‘ഇത് നിങ്ങള് കരുതുംപോലെ ഒരു കൊലപാതകമല്ല. അന്നയെയും റാഫേലിനെയും നമുക്കെല്ലാവര്‍ക്കുമറിയാവുന്നതാണ്. നമ്മുടെ ഇടവകക്കാര്‍. മൂക്കറ്റം കള്ളുമോന്തി വീട്ടില്‍ കയറിവന്ന് അന്നയുമായി വഴക്കിടുന്ന നേരത്ത്, അടിക്കാന്‍ ശ്രമിക്കുന്നതിനിടെ വാതില്‍പ്പടിയില്‍ തലയിടിച്ച് നിലത്ത് മലർന്നടിച്ച് വീണാണ് റാഫേല്‍ മരിച്ചത്. ഇത് വെറും അപകടമരണമാണ്. ഇനിയും ഇതിന്റെ പേരില്‍ ആ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്ത് കീറിമുറിക്കണോ? പാവമായ ആ സ്ത്രീയെ ഈ അവസ്ഥയില്‍ പോലീസ് സ്റ്റേഷനില്‍ കയറ്റി ഇറക്കണോ? പോലീസും കേസും കോടതിയുമായി ആരോരുമില്ലാത്ത ആ പെണ്‍കുട്ടിയെ കഷ്ടപ്പെടുത്തണോ? അതുകൊണ്ട് ഈ സത്യം നിങ്ങളെല്ലാവരും ഉള്‍ക്കൊള്ളണം.’ എല്ലാവരും അച്ചന്റെ വാക്കിനെ മാനിച്ചു. പോസ്റ്റുമോര്‍ട്ടം ആ ഗ്രാമവാസികള്‍ അത്രയും ഭയന്നിരുന്നു എന്നതാണ് സത്യം. ശവശരീരത്തെ കീറിമുറിക്കുന്നതില്‍ അവര്‍ക്കാര്‍ക്കും അത്ര യോജിപ്പില്ല. പോലീസിനെ വിളിച്ചുപോയതിന്റെ കുണ്ഠിതത്തില്‍ അവര്‍ പരസ്പരം മുഖത്തോടുമുഖം നോക്കി.

പാമ്പുപോലെ ഇഴയുന്ന റാഫേല്‍ ഇത്രയും വലിയ വീഴ്ച വീഴുമോ? വര്‍ക്കിക്ക് മാത്രം സംശയം ബാക്കിയായി. നാട്ടുകാര്‍ മുഴുവനും അച്ചന്‍ പറഞ്ഞതുതന്നെ വിശ്വസിച്ചു. ഒരു സത്യക്രിസ്ത്യാനിയുടെ ഏറ്റവും നല്ല ലക്ഷണം വിശ്വാസമാണല്ലോ…  സംശയമേതുമില്ലാത്ത വിശ്വാസം. മതത്തെയും സഭയേയും കര്‍ത്താവിനേയും പുരോഹിതന്മാരെയും വിശ്വസിക്കണം.  ഒടുവില്‍ തന്റെ സംശയത്തെ വിലകുറഞ്ഞ ഒരു മണ്ടത്തരമായി കണ്ട് വര്‍ക്കിയും അച്ചന്റെ വാക്കില്‍ ഉറച്ചുനിന്നു.

അച്ചന്റെ സംസാരം കഴിയുമ്പോഴേക്കും പോലീസ് അവിടെ എത്തിയിരുന്നു. എസ്.ഐയും രണ്ടു കോണ്‍സ്റ്റബിള്‍മാരും.

‘ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ…’ എസ്.ഐ. അച്ചന്റെ അടുത്തുച്ചെന്ന് സ്തുതിയര്‍പ്പിച്ചു.

‘ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ.’

‘അച്ചോ ഇവിടുത്തെ സ്ഥിതിഗതികള്‍..?’

‘നിങ്ങള് കരുതുന്നതുപോലെ അസാധാരണമായി ഒന്നുംതന്നെയില്ല. പിന്നെ ഒരു ധൈര്യത്തിന് വിളിച്ചതാണ് നിങ്ങളെ. മരിച്ചത് റാഫേല്‍ എന്നു പറയുന്ന ഒരു ചെറുപ്പക്കാരനാണ്. അയാളും ഭാര്യ അന്നയും മാത്രമാണിവിടെ താമസിക്കുന്നത്. കള്ളുകുടിച്ച് വന്ന് അവളോട് വഴക്കിടുന്നതിനിടയില്‍ വാതില്‍പ്പടിയില്‍ തലതട്ടിവീണാണ് മരണപ്പെട്ടത്. ആ സമയം ആ കൊച്ചേ ഇവിടെ ഉണ്ടായിരുന്നുള്ളൂ… അവളാണെങ്കില്‍ ആകെ പേടിച്ചിരിക്കയാണ്.

‘എഫ്.ഐ.ആര്‍’

‘അതൊന്നും വേണ്ട സാറേ… ഞാനല്ലേ പറയുന്നേ… ഇനി അതുകൂടി ആ കൊച്ചിന് താങ്ങാനാവില്ല.’

‘അച്ചോ, അതുപിന്നെ വലിയ പ്രശ്‌നമാവും. പുലിവാല് പിടിക്കുക ഞങ്ങളാണ്,’ എസ്.ഐ ഒന്ന് കനപ്പിച്ചുതന്നെ പറഞ്ഞു.

‘കേസായാല്‍ പിന്നെ പോലീസ് സ്റ്റേഷന്‍, കോടതി, അതൊരു ബുദ്ധിമുട്ടല്ലേ സാറേ. ആ കൊച്ചാണേല്‍ തനിച്ചും… ഒരു ദുരന്തം മാറുന്നതിന് മുന്നേ, അത് മറ്റൊരു ദുരന്തമാവും സാറെ… സാറ് ധൈര്യമായി പൊയ്‌ക്കോ ഞാനല്ലേ… പറയുന്നേ എനിക്കത്രയും ഉറപ്പുള്ളതുകൊണ്ടാ… നിങ്ങള് പൊയ്‌ക്കോ.നാട്ടുകാരുടെ അഭിപ്രയവും അതു തന്നെ ”

അച്ചനോടുള്ള ബഹുമാനംകൊണ്ട് മറുത്തൊന്നും പറയാന്‍ അയാള്‍ക്കായില്ല. അച്ചനോട് എന്തുപറയണമെന്നറിയാതെ  പരുങ്ങലിലായ എസ്.ഐയെ കോണ്‍സ്റ്റബിളില്‍ ഒരാള്‍ ഒരു മൂലയിലേക്ക് വിളിച്ചുകൊണ്ടുപോയി സ്വകാര്യം പറഞ്ഞു,

‘വിട്ടുകള സാറേ, ഇതിന്റെ പേരില്‍ ഇനിയൊരു പ്രശ്‌നമൊന്നും വരാന്‍ പോവുന്നില്ല. നമുക്ക് തലവേദനയും കുറയും.’  തിരിച്ചുവന്ന എസ്.ഐ അച്ചനോടുള്ള ബഹുമാനം മുഴുവനും മാനിച്ച്, ‘നിങ്ങള് ഇടപെട്ടതുകൊണ്ട് മാത്രം ഞങ്ങളിതു വിടുന്നു. പിന്നെ അച്ചനറിയാല്ലോ കാര്യങ്ങളെ ഗൗരവം ആരെങ്കിലും ഒരു എതിരഭിപ്രായവും കൊണ്ടുവന്നാപിന്നെ  കല്ലറവരെ കുത്തിപ്പൊളിക്കേണ്ടി വരും.’

‘അതൊക്കെ എനിക്കറിയാമെടോ. ഈ കൂടിയ ജനങ്ങളും അതൊന്നുമിഷ്ടപ്പെടുന്നുമില്ല. പിന്നെ ഞാന്‍ പറഞ്ഞത് എന്റെ മാത്രമഭിപ്രായമല്ല ഈ നാടിന്റെ കൂടിയാണ്. നിങ്ങള് ധൈര്യമായി പൊയ്‌ക്കോളൂ…’ എവിടെയോ സംശയത്തിന്റെ ഒരുതരി എരിഞ്ഞു കത്തുന്നുണ്ടായിരുന്നു, പക്ഷേ, അച്ചന്റെ ഉറപ്പിനുമേല്‍ കെട്ടുപോവുന്ന ശക്തിയേ ആ തിരിക്കുണ്ടായിരുന്നുള്ളൂ. എസ്.ഐ. കോണ്‍സ്റ്റബിളുമാരെയും കൂട്ടി അവിടുന്ന് പുറപ്പെട്ടു. പിന്നാലെ അച്ചനും.

‘കുഴിവെട്ടുകാരനെ വിളിച്ചിട്ടുണ്ട്. നാളെ വൈകുന്നേരത്തേ അവനെത്തുകയുള്ളൂ. ടൗണില്‍ മകളുടെ അടുത്തേക്ക് പോയതാണ്. അതുവരെ നിങ്ങള്‍ ഇവിടെതന്നെ വേണം പോവുന്നതിനിടയില്‍ അവര്‍ മൂന്നുപേരെയും തറപ്പിച്ചു നോക്കിക്കൊണ്ട് അച്ചന്‍ പറഞ്ഞു. അവര്‍ തലയാട്ടി സമ്മതമറിയിച്ചു. അച്ചന്‍ പോയതിനു പിന്നാലെ ആളുകളും പതിയെ അവിടുന്ന്  പിരിഞ്ഞു തുടങ്ങി. വര്‍ക്കിയും രാഹുലനും സേവിയറും മാത്രം ബാക്കിയായി. അപ്പോഴേക്കും നേരം പുലര്‍ന്നു തുടങ്ങിയിരുന്നു.


 

LEAVE A REPLY

Please enter your comment!
Please enter your name here