ഇരുള്‍

0
167

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 4

രണ്ടും കല്‍പ്പിച്ചുള്ള തീരുമാനമായിരുന്നു അത്. ആഗ്രഹങ്ങളുടെ വേലിയേറ്റങ്ങള്‍ തടവെക്കാനാവാത്ത വെള്ളപ്പാച്ചിലുപോലെയാണ്. അപ്പന്റെയും അമ്മച്ചിയുടെയും കൂര്‍ക്കംവലി കേട്ടുതുടങ്ങിയപ്പോഴാണ് ജോസഫ് വീടുവിട്ടിറങ്ങിയത്. കറുപ്പ് കട്ടപിടിച്ച ഇരുട്ടില്‍ വഴിതെളിക്കാന്‍ ഒരു മിന്നാമിന്നിവെട്ടംപോലുമുണ്ടായിരുന്നില്ല. ആ ഇറങ്ങിപ്പോക്കിന് എല്ലാ വെളിച്ചവും അവന് അലോസരമായി തോന്നി. അതുകൊണ്ടുതന്നെ അവന്‍ കയ്യില്‍ വെളിച്ചമുല്‍പാദിപ്പിക്കുന്ന ഒന്നുംതന്നെ കരുതിയിരുന്നില്ല. അല്ലെങ്കിലും ഏത് പാതിരാത്രിയിലും കണ്ണുംപൂട്ടി നടക്കാന്‍ പാകത്തില്‍ സുപരിചിതമാണ് അവന് കഴുകപ്പാറയിലെ ഓരോ മുക്കും മൂലയും. ചെറിയ ഒരു ചാറ്റല്‍മഴയുള്ളതുകൊണ്ട് പാലം കടക്കുമ്പോള്‍, ആകാശം തോടിനെ ചുംബിക്കുന്ന പ്രണയാര്‍ദ്രശബ്ദം ഒഴിച്ചാല്‍ പരിസരം ശാന്തമാണ്.

കവലയില്‍നിന്ന് ചക്കിടിപ്പാറയിലേക്ക് പോവുന്ന നിരത്തില്‍ രണ്ടു തിരിവ് കഴിഞ്ഞ് വലതുവശത്തെ ഇടവഴി മുന്നോട്ടുപോയാല്‍ കാട്ടുപ്രദേശംപോലെ മൂടിവെച്ച വിശാലമായ ഒഴിഞ്ഞ പറമ്പ്. അതിന്റെ അങ്ങറ്റത്ത് തകരമേഞ്ഞ ഒറ്റമുറി വീടാണ്- അന്നയുടേത്. റാഫേലിന്റെ കാലംതൊട്ടേ ആ പറമ്പ് കുടിയന്മാരുടെ വിഹായസ്സുകേന്ദ്രമാണ്. അന്നൊക്കെ അവന്റെ വാറ്റുതന്നെയാണ് പ്രധാന സേവ. പാട്ടും കൂത്തും ബഹളവുമായി ഒരു കളിയാണവിടെ. കുടിച്ച് കുടിച്ച് തളരുമ്പോള്‍ ചിമ്മിണി വീണ ചേരയെപ്പോലെ പലരും പല വഴികളില്‍ ബോധമില്ലാതെ ഇഴഞ്ഞും നെരങ്ങിയും വീണു കിടക്കും. പകല്‍ സമയങ്ങളില്‍ ഈ വഴിക്ക് ആരും വരാറില്ല. നാട്ടുകാര്‍ക്ക് അത്രയ്ക്കും അറപ്പായിരുന്നു. കള്ളിന്റെയും ഛര്‍ദ്ദിയുടെയും മൂത്രത്തിന്റെയും മലത്തിന്റെയും ഒരുതരം കാറിയ മണമാണ് ആ പറമ്പിന്. നാട്ടുകാര്‍ ആ പറമ്പിനെ പാമ്പുമുക്ക് എന്ന ഓമനപ്പേരില്‍ വിളിച്ചു പോന്നു.

രാത്രിയുടെ സഞ്ചാരങ്ങള്‍ പലപ്പോഴും വിചിത്രവും ക്രൂരവുമാവാറുണ്ട്. എല്ലാ മുഖംമൂടികളും അഴിച്ചിട്ട് മനുഷ്യന്‍ നഗ്‌നനായി ഇറങ്ങി നടക്കുന്നത് ഇരുട്ടിലാണല്ലോ. അതുകൊണ്ടുതന്നെ ഇരുട്ടിന്റെ മുഖം സത്യസന്ധവും നിഗൂഢവുമാണ്. വെളിച്ചമോ ഇരുട്ടോ ഏതാണ് നന്മയെന്നു ചോദിച്ചാല്‍ എന്തുത്തരമാണ് നല്‍കാനാവുക? മനുഷ്യന്‍ അവന്റെ എല്ലാ മുഖംമൂടികളും അഴിച്ചുവെച്ച് ഇരുട്ടില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടുതന്നെ ഇരുട്ടിന്റെ കവചം ഭയമാകുന്നു. പകലില്‍ അവന്‍ എടുത്തണിയുന്ന മുഖംമൂടികളില്‍ സരളവും സുന്ദരനനു മാവുന്നു. പകലിന്റെ ഉടയാട നിര്‍ഭയത്തിന്റെതാവുന്നു. പ്രശ്നം പകലോ രാത്രിയോ അല്ല. ഇരുട്ടോ വെളിച്ചമോ അല്ല. മനുഷ്യനാണ് മനുഷ്യന്‍ മാത്രമാണ്. എത്രയെത്ര മാന്യദേഹങ്ങള്‍ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍. പൊതുസമൂഹത്തിന്റെ നന്മ-തിന്മ വിധിക്കുന്നവര്‍. എല്ലാവരും അണിഞ്ഞതെല്ലാം അഴിച്ചുവെച്ച് തേര്‍വാഴ്ച്ച നടത്തുന്നത് ഈ ഇരുട്ടിലല്ലേ… ഇവിടെ അന്ന പ്രതിഷ്ഠയാണ്. അവരൊക്കെ ഭക്തിയോടെ പ്രാപിക്കാന്‍ അക്ഷമം കാത്തുനില്‍ക്കുന്നവര്‍. ഈ നാട്ടിലെ ഓരോരുത്തരെയും പച്ചയായി അറിയാന്‍ കഴിയുന്ന ദൈവം അന്ന തന്നെയാണ്. അവളുടെ ഒരു ദര്‍ശനത്തിനുവേണ്ടിയെങ്കിലും ഉഴറി നടക്കുന്ന എല്ലാ ഭക്തരെയുംപോലെ ഒരുവന്‍ മാത്രമായിരുന്നില്ല ജോസഫ്. അവന്റെയുള്ളില്‍ തിളച്ചുമറിയുന്ന ലാവയില്‍ തണുത്ത ജലം കൂടിയായിരുന്നു അവള്‍.അന്നയെ അവന്‍ പ്രണയിക്കുന്നു ഗാഢമായി പ്രണയിക്കുന്നു.

അന്നയുടെ വീടിനോട് ചേര്‍ന്നുനിന്ന കുറ്റിക്കാട്ടില്‍ എത്രതവണ ഇതുപോലെ രാത്രികളില്‍ വന്ന് ഒളിഞ്ഞിരുന്നിട്ടുണ്ട്, അവളെയൊന്ന് കാണാന്‍. എല്ലാ ആഘോഷങ്ങളും കഴിഞ്ഞ് ചില ഞരക്കങ്ങള്‍ മാത്രം ബാക്കിയാവുന്ന അര്‍ദ്ധരാത്രികളില്‍ എല്ലാത്തിനും മൂകസാക്ഷിയായി അവനും ഉണ്ടായിരുന്നു. വീടിനു ചുറ്റും കുറ്റിക്കാടുകള്‍ വച്ചുപിടിപ്പിച്ചത് റാഫേലായിരുന്നു. കള്ള് വാറ്റുമ്പോള്‍ പെട്ടെന്ന് പോലീസുകാരുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പെടാതിരിക്കാന്‍വേണ്ടിയുള്ള ഒരു ഒളിമറ. കച്ചറ നിറച്ച് ഒരു കാട്ടുപറമ്പായിതന്നെ പാമ്പുമുക്ക് റാഫേല്‍ പരിപാലിച്ചു. അതൊരു കവചംകൂ ടിയായിരുന്നു. ഒരാള്‍ വലിപ്പത്തിലുള്ള കുറ്റിക്കാടുകള്‍. ഊഴം കാത്തുകിടക്കുന്നവര്‍ക്ക് ഒരൊളിത്താവളമായി. ആരും ആരെയും ചൂഴ്ന്നുനോക്കാതെ ക്ഷമയോടെ കാത്തുകിടക്കാനൊരിടം. അന്നയില്‍ മറ്റുള്ളവര്‍ പ്രാപിക്കുന്നത് ജോസഫിന് ഒരു തെറ്റായി തോന്നിയില്ല. അവന്റെ പ്രണയം അത്ര ശക്തമായിരുന്നു. അവള്‍ ചെയ്യുന്നതെന്തും അവനു ശരി മാത്രമായിരുന്നു.

വീട്ടിലേക്ക് വരുന്ന തന്റെ കസ്റ്റമറെ കതകുതുറന്ന്, അന്ന മന്ദംമന്ദം ചെറുപുഞ്ചിരിയോടെ അകത്തേക്ക് ആനയിക്കുന്നതും എല്ലാം കഴിഞ്ഞ് പാതിവസ്ത്രധാരിയായി അഴിഞ്ഞുവീണ മുടിയിഴകള്‍ മടക്കിക്കുത്തിക്കൊണ്ട് അലസമായി പുറത്തേക്ക് വിടുന്നതും മറയ്ക്ക് പിന്നിലിരുന്ന് ജോസഫ് ആവോളം നോക്കിനില്‍ക്കുമായിരുന്നു. അത് അന്നയുടെ ദര്‍ശനത്തിനുവേണ്ടിയുള്ള അവന്റെ അടങ്ങാത്ത അഭിവാഞ്ജയുടെ ഭാഗമാണ്.

ഇന്നവന്‍ രണ്ടും കല്‍പ്പിച്ചായിരുന്നു വന്നത്. ഏതായാലും അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുക. ഒരുപാട് ദിവസത്തെ കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ സംഭരിച്ചുവെച്ച ധൈര്യവുമായി അവന്‍ അന്നയുടെ വീട്ടിലേക്ക് നടന്നു. വിറയ്ക്കുന്ന കാലുകള്‍ താളംതെറ്റിച്ചുവെങ്കിലും കിടപ്പുമുറിയിലെ അരണ്ടവെളിച്ചം കണ്ടപ്പോള്‍ മറ്റാരോ അവിടെ ഉണ്ടെന്ന ഉറപ്പില്‍ കതകിനുമുട്ടാതെ അവന്‍ കുറ്റിച്ചെടിയിലേക്ക് മറഞ്ഞുനിന്നു. എന്നും ആരെങ്കിലും ഉണ്ടാവുക പതിവാണല്ലോ… നാട്ടുകാരോ അന്യനാട്ടുകാരോ വിലപിടിപ്പുള്ള കാറുകളില്‍ വരുന്ന പ്രമാണിമാരോ… ആരാണെന്നറിയില്ല! ഏതായാലും നാട്ടുകാരനാവാനാണ് സാധ്യത. കാരണം അവിടെയൊന്നും കാറ് പാര്‍ക്ക് ചെയ്തത് അവന്‍ കണ്ടിരുന്നില്ല.

ടെന്‍ഷന്‍ വരുമ്പോള്‍ ബാത്ത്റൂമിലേക്ക് പോവാന്‍ മുട്ടുന്നത് അവന്റെ കൂടെപ്പിറപ്പാണ്. ക്രമാതീതമായി ഉയരുന്ന നെഞ്ചിടിപ്പും അടിവയറ്റീന്ന് ഉണ്ടാവുന്ന കാളലും. അത് സാധാരണ പരീക്ഷ ദിവസങ്ങളിലാണ് പതിവ്. തൂറാന്‍മുട്ടുന്നുണ്ടോ എന്ന് തോന്നും. ബാത്ത്റൂമില്‍നിന്ന് ഇറങ്ങാതെ പിടിച്ചിരുത്തും. അതുകൂടിയായപ്പോള്‍ തുറന്നുവെച്ച ഗ്യാസ് സിലിണ്ടറുപോലെ സംഭരിച്ചുവെച്ച ധൈര്യം മുഴുവന്‍ ആവിയായി ഉയര്‍ന്നുപോയി. അവന്‍ മൂത്രിക്കാന്‍ ഇരുന്നെങ്കിലും ഒരുതുള്ളി മൂത്രംപോലും പുറത്തുവന്നില്ല. അതിനിടയില്‍ അന്ന കതകുതുറന്നു. അഴിഞ്ഞുവീണ സാരിത്തലപ്പ് ബ്ലൗസിന് മുകളിലൂടെ ചുമലിലേക്കിട്ടു. ചുവപ്പ് നിറത്തിലുള്ള ബ്ലൗസായിരുന്നു അവളിട്ടത്. കൈയ്യില്‍ പിടിച്ചിരുന്ന മണ്ണെണ വിളക്കിന്റെ വെളിച്ചത്തില്‍ അവളുടെ മുലകള്‍ ചുവന്നു തുടുത്ത ഒരു കാട്ടു ജീവിയെ പോലെ പുറത്തുചാടാന്‍ വെമ്പി നില്‍ക്കുന്നതു പോലെ തോന്നി.
മെലിഞ്ഞ ശരീരപ്രകൃതമാണ് അന്നയുടേത്. അവളുടെ വയറ് പൂര്‍ണമായും പുറത്താണ്. അഴിഞ്ഞുവീണ മുടിയിഴകള്‍ കെട്ടി ഒപ്പിക്കുന്നതിനിടയില്‍ അവള്‍ പരിസരം അതിസൂക്ഷ്മം വീക്ഷിക്കുന്നു. ഒരുപടികൂടി മുന്നോട്ടുനടന്ന് ചേതിപ്പടിയില്‍ ഇറങ്ങിനിന്ന് വീണ്ടും സൂക്ഷ്മമായി നാലുപാടും കണ്ണോടിച്ച് മുറ്റത്തേക്ക് നീട്ടിത്തുപ്പി അവള്‍ അകത്തേക്ക് നോക്കി. ആരുമില്ല എന്ന ഭാവത്തില്‍ തലയാട്ടി. ഇത്രയുമായപ്പോള്‍ വന്നയാള്‍ ഒരു സാധാരണക്കാരനല്ലെന്ന് ജോസഫ് ഉറപ്പിച്ചു. ഇതിനു മുമ്പൊരിക്കലും ഇതുപോലൊരു രംഗം അവന്‍ കണ്ടിരുന്നില്ല.
പൊത്തില്‍നിന്ന് പെരിച്ചാഴിയെപ്പോലെ രണ്ടുവട്ടം തല പുറത്തേക്കിട്ട്, അയാള്‍ അവിടുന്ന് അതിവേഗം ഇറങ്ങിപ്പോയി. വരാന്തയില്‍ കത്തിച്ചുവെച്ച ചിമ്മിണിവിളക്കിന്റെ വെട്ടം മാത്രമേ അവിടെ വെളിച്ചമായുള്ളൂ. അയാള്‍ ആരാണെന്ന് ഒരുമിന്നായംപോലെയേ അവന്‍ കണ്ടുള്ളൂ. മുറ്റത്തേക്കിറങ്ങിയപ്പോള്‍ പൂര്‍ണമായും ഇരുട്ടയാളെ വിഴുങ്ങിയിരുന്നു. അയാളാരാണെന്നറിയാനുള്ള ജിജ്ഞാസയില്‍ കണ്ണുകള്‍ വികസിപ്പിച്ച് അവന്‍ നോക്കിയെങ്കിലും ഇരുട്ടയാളെയുംകൊണ്ട് വേഗത്തില്‍ യാത്രതിരിച്ചിരുന്നു. കറുത്തനിറത്തിലുള്ള ഗൗണാണെന്ന് തോന്നുന്നു, അയാളുടെ വേഷം. അതിന് വിരിഞ്ഞ ചിറകുപോലെ കൈകളുണ്ട്. ആ വസ്ത്രം അയാളെ പൂര്‍ണമായും മറച്ചിരുന്നതിനാല്‍ ആളാരാണെന്ന് ഏത് വയസ്സുകാരനാണെന്നും ഊഹിക്കാനേ കഴിഞ്ഞിരുന്നില്ല. ഒരു യുവാവ് അല്ലെങ്കില്‍ വൃദ്ധന്‍, ചിലപ്പോള്‍ ഒരു മധ്യവയസ്‌കനും ആവാം. നിറം കറുപ്പോ ബ്രൗണോ വെളുപ്പോ. ഊഹാപോഹങ്ങള്‍ കുറ്റിക്കാട്ടില്‍നിന്നും അവനെ കൊടുവനത്തിലേക്കെത്തിച്ചു. ചിന്തകളെ കീഴടക്കാനാവാതെ സ്വയം തോല്‍വി സമ്മതിച്ച് കൊടുവനത്തില്‍ നിന്നുമവന്‍ തിരിച്ചുവന്നു. അതാരായാലും തനിക്കെന്താ എന്ന മനുഷ്യസഹജമായ സാധാരണബോധത്തിന്റെ തിരിച്ചറിവോടെ എത്രയോ ആളുകള്‍ ഇവിടെ വന്നുപോവുന്നു. അവര്‍ ആരാ എന്താ എന്നൊക്കെ നാമെന്തിനന്വോഷിക്കണം.

ചിത്രീകരണം: ഹാബീല്‍ ഹര്‍ഷദ്

അന്ന മെല്ലേ അകത്തുകടന്ന് കതകുപൂട്ടി വിളക്കണച്ചു. ജോസഫ് ചുറ്റുപാടൊന്നും ആരുമില്ലെന്ന് ഉറപ്പിച്ചതിനുശേഷം അന്നയുടെ വീട്ടിലേക്ക് നടന്നു. ഒരു മഹാപാപം ചെയ്യാന്‍ പോവുന്നു എന്ന മനസ്സിന്റെ ഉദ്ബോധനം അവന്റെ കാലുകളെ തളര്‍ത്തുന്നുങ്കെിലും ആസക്തി അവനെ മുന്നോട്ടേക്കു തന്നെ ആനയിച്ചു. അല്ലെങ്കിലും ഇതൊക്കെ പ്രകൃതിയുടെ ഭാഗമല്ലേ. ഹവ്വയെ ആദം ആദ്യം കണ്ടപ്പോഴും ഇതുപോലെതന്നെയായിരുന്നില്ലേ? മനുഷ്യന്റെ പാപചിന്തകള്‍കൊണ്ടുമാത്രം അവന് വിലക്കപ്പെട്ട കനിയല്ലേ സ്ത്രീകള്‍. ഞാനിതാ ആ വിലക്കപ്പെട്ട കനി തൊടാന്‍ പോവുന്നു. ചിലപ്പോള്‍ ഈ സമൂഹം തന്നെ എനിക്ക് ഭ്രഷ്ട് കല്‍പ്പിച്ചേക്കാം. അല്ലെങ്കിലും സ്വര്‍ഗത്തീന്ന് പുറത്താക്കപ്പെട്ട മനുഷ്യന് അതിലും വലിയ അപചയം മറ്റെന്താണ്. ജോസഫ് തന്റെ പ്രവര്‍ത്തിയെ പലരീതിയില്‍ ന്യായീകരിച്ച് സ്വന്തം തന്നെ ബോധ്യപ്പെടുത്താന്‍ പാടുപെടുകയായിരുന്നു.
കതകിന് മുട്ടിയപാടെ അന്ന വാതില്‍ തുറന്ന് ഒന്നും മിണ്ടാതെ അകത്തേക്ക് തന്നെ തിരിഞ്ഞു
നടന്നു. എന്തു ചെയ്യണമെന്നറിയാതെ വിയര്‍ത്ത് ജോസഫ് അവിടെ തന്നെ നിന്നു.

‘ആരേലും കാണും മുന്‍പ് വേഗം കയറിപ്പോര് ചെറുക്കാ, ഹാ ആ കതകിന്റെ താഴ് ഇട്ടേക്ക്,’ അന്ന പരുക്കമായി പറഞ്ഞു.
‘അകത്ത് ചെന്നിരുന്നോ… ഞാനിപ്പോള്‍ വരാം,’ അന്ന അടുക്കളഭാഗത്തേക്ക് പോയി. സിംഹമടയില്‍പ്പെട്ട മാന്‍പ്പേടയെപ്പോലെ ജോസഫ് അകത്ത് കട്ടിലില്‍ കയറിയിരുന്നു. കുറച്ച് സമയങ്ങള്‍ക്കുശേഷം അന്ന അകത്തുകടന്ന് വാതിലടച്ച് കട്ടിലില്‍ അവനരികില്‍ ചെന്നിരുന്നു. പറയാന്‍ കരുതിവെച്ച വാക്കുകള്‍ മുഴുവനപ്പോള്‍ തൊണ്ടക്കുഴിയില്‍ പെട്ടതുപോലെ ഉഴറിമറിഞ്ഞു.

‘നന്നായി വിയര്‍ക്കുന്നുണ്ടല്ലോ ചെറുക്കാ,’ തന്റെ സാരിത്തലപ്പുകൊണ്ട് അവന്റെ കഴുത്തിലെയും നെറ്റിയിലെയും വിയര്‍പ്പുതുള്ളികള്‍ ഒപ്പിക്കൊണ്ട് അവള്‍ പറഞ്ഞു. എന്തൊക്കെയോ പരവേശങ്ങള്‍ അവനെ ഒറ്റക്കയറില്‍ കെട്ടിയതുപോലെ അതിനിടയില്‍ അവളുടെ ചെറുക്കാ എന്ന വിളിയും അവനെ വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു.

‘ആദ്യം എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാ, പിന്നെ എല്ലാം ശരിയായിക്കോളും…’
അന്ന മൃദുലമായി ചിരിച്ച് അവനടുത്തേക്ക് ഒന്നുകൂടി ഒതുങ്ങിയിരുന്നു. വാക്കുകള്‍ അലക്ഷ്യമായി സഞ്ചരിക്കുന്ന അവന്റെ വായില്‍നിന്നും അറിയാതെ വീണുപോയതായിരുന്നു ആ ചോദ്യം!
‘ആരായിരുന്നു ഇവിടുന്ന് കുറച്ചുമുന്‍പ് ഇറങ്ങിപ്പോയത്?’
അതിനുള്ള മറുപടി അല്‍പ്പം കനത്തതായിരുന്നു ‘ഇവിടെ പലരും വരും പോവും… നീ നിന്റെ കാര്യം സാധിച്ച് പോവാന്‍ നോക്ക്…’ അന്ന അപ്പോള്‍ കോപംകൊണ്ട് ജ്വലിക്കുകയായിരുന്നു. അതോടൊപ്പം മുഖത്ത് നിറഞ്ഞ് തുളുമ്പിയ ഭയവും.
‘എടാ… ചെറുക്കാ… ഈ ദിവസങ്ങള്‍ എനിക്ക് മാസമുറയാ… വരുന്ന കസ്റ്റമര്‍ക്കെല്ലാം അതറിയാം ശരിക്കും നീയെവിടുന്നാ വരുന്നേ?’
ജോസഫിന് ഒന്നും പറയാനുായിരുന്നില്ല അവളും അസ്വസ്ഥമാണ്. ആ ചോദ്യം കുറച്ചൊന്നുമല്ല അവളെ ചൊടുപ്പിച്ചത്. ആ ചോദ്യത്തോളം മറ്റൊന്നും അവള്‍ ഭയക്കുന്നില്ല എന്നതാണ് സത്യം. അതിനുള്ള ഉത്തരം അവളില്‍ വല്ലാത്ത വീര്‍പ്പുമുട്ടലാണ് ഉണ്ടാക്കിയത്. മരണമല്ലാതെ മറ്റെന്തു പ്രതിഫലമാണ് ആ ഉത്തരത്തിനുള്ളത്. അവളില്‍ ആ ചോദ്യം ചോദിച്ച ആളോടുള്ള വെറുപ്പ് ഒരഗ്‌നി ഗോളമായി ഉരുണ്ടുകൂടി. ഇവനൊന്ന് ഇറങ്ങിപ്പോയെങ്കിലെന്നവള്‍ ആഗ്രഹിച്ചു.

‘എടാ ചെക്കാ, വേണേല്‍ അവിടെയും ഇവിടെയുമൊക്കെ തൊട്ടുംപിടിച്ചും വേഗം വെള്ളം വിട്ട് പോവാന്‍ നോക്ക്…’- വിട്ടുമാറാത്ത അസ്വസ്ഥതയില്‍ അവള്‍ കസ്റ്റമറോടുള്ള ഒരു മര്യാദയും കാണിച്ചില്ല.

‘അല്ല… എനിക്കൊരു കാര്യം?’ ജോസഫിന്റെ വാക്കുകള്‍ മുഴുമിപ്പിക്കാന്‍ അവളനുവദിച്ചില്ല. അതിനുമുന്നേ അവള്‍ ഒച്ചയിട്ടു. ‘ചെലക്കാതെ ഇറങ്ങിപ്പോടാ… ഇവിടെ പലരും വന്നുംപോവും… അതിന് നിനക്കെന്താ?’

‘ഒച്ചവെക്കല്ലേ… ഞാന്‍ പറഞ്ഞുവന്നത്…’

‘ചെക്കാ, നീ അധികമിരുന്ന് സംസാരിക്കണ്ട ഇറങ്ങിപ്പോടാ…’

അവള്‍ ഇരുന്ന ഇരുപ്പില്‍നിന്ന് എഴുന്നേറ്റ് അവനോട് പോകാന്‍ പറഞ്ഞു. അവന് പറയാനുള്ളത് കേള്‍ക്കാനുള്ള ക്ഷമപോലും അവളിലെ ഭയം അനുവദിച്ചില്ല. അയാള്‍ ഭയത്തിന്റെ ഒരു തീഗോളമായിരുന്നു. അതില്‍ വെന്തുരുകുകയായിരുന്നു അന്നയപ്പോള്‍.

അവളുടെ ഒച്ച ആ വീടും കടന്ന് പാമ്പുമുക്കുവരെയെത്തി. റാഫേലിന്റെ മരണംതൊട്ടേ അന്നയില്‍ നോട്ടമിട്ടവരായിരുന്നു രാഹുലനും സേവിയറും. റാഫേലിനുശേഷം അവിടുത്തെ പ്രധാന തെമ്മാടികള്‍. ഇപ്പോള്‍ വാറ്റും പാമ്പുമുക്കിന്റെ സകല അധികാരവും അവരുടെ കൈകളിലാണ്. വാറ്റ്, ചൂത്, തല്ല് ഇതാണവരുടെ പ്രധാന പരിപാടികള്‍. ഇവര്‍ക്കൊപ്പം കൂട്ടിന് എന്തിനും പോരുന്ന കുറച്ച് ചെറുപ്പക്കാരും. നാട്ടിലെ പ്രധാന സാത്താന്മാര്‍ ഇവരാണെന്ന് പറയുന്നതില്‍ തെറ്റില്ല. റാഫേലുള്ളപ്പോഴേ രാഹുലന് അന്നയില്‍ ഒരു പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. റാഫേല്‍ അതിലും വലിയ ചെറ്റയായതുകൊണ്ട് അന്നൊക്കെ അവന്‍ അത് പ്രകടിപ്പിക്കാതെ മൂടിവെച്ചു. കാശ് കൊടുത്താല്‍ അന്ന ആരോടും കിടക്കും. പക്ഷേ, രാഹുലനെ കാണുന്നതുതന്നെ അവള്‍ക്കറപ്പായിരുന്നു. തന്റെ ഭര്‍ത്താവിനെക്കാളും വൃത്തികെട്ടവര്‍ ഉണ്ടെങ്കില്‍ അതിവരാണെന്നാണ് അന്നയുടെ വിചാരം.
‘എന്താ ടീ, ഞങ്ങള് തരുന്നതും കാശ് തന്നെയല്ലേ? അല്ലാതെ മാങ്ങാണ്ടിയൊന്നുമല്ലല്ലോ…’ ഒരിക്കല്‍ അവളോട് രാഹുലന്‍ ചോദിച്ചു. അതിന് നല്ല ആട്ടായിരുന്നു അവളുടെ മറുപടി.

‘ഞാന്‍ ആരോടൊത്ത് കിടക്കണം… ആരോടൊത്ത് കിടക്കണ്ട എന്ന് ഞാന്‍ തീരുമാനിക്കും. നിനക്കൊന്നും മെത്ത വിരിക്കാന്‍ എനിക്ക് മനസ്സില്ലടാ…’

‘ഹോ… നിന്നെ ഒരിക്കല്‍ ഞങ്ങളുടെ കയ്യില്‍ കിട്ടും…’ എന്ന ഭീഷണിയും മുഴക്കിയാണ് അന്ന് രാഹുലനും സേവിയറും അവിടുന്ന് ഇറങ്ങിപ്പോയത്.

‘ഒച്ചവെക്കല്ലേ ആരേലും കേള്‍ക്കും…’ ജോസഫ് താണുകേണവളോട് അപേക്ഷിച്ചു. പക്ഷേ, അപ്പോഴത്തെ കോപത്തില്‍ അവന്റെ അപേക്ഷയൊന്നും അവളുടെ ചെവികൊണ്ടില്ല. കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടപ്പോഴാണ് അന്നക്ക് പരിസരബോധം വീണ്ടുകിട്ടിയത്.

‘ഞാന്‍ പറഞ്ഞതല്ലേ ഒച്ചവെക്കല്ലേയെന്ന്…’ ജോസഫ് ദയനീയമായി പറഞ്ഞു. കതകിനപ്പോള്‍ ആരോ തുരുതുരാ മുട്ടുന്നുണ്ടായിരുന്നു. അന്ന കതക് തുറന്നു. മൂക്കറ്റം കള്ളുമോന്തി ആടിയാടി കോലായില്‍ രാഹുലനും സേവിയറും നില്‍ക്കുന്നു.
‘എന്താ… അന്നക്കുട്ടി പ്രശ്നം?’ സേവിയര്‍ ചോദിച്ചു.
‘ആരാ… ആരാടീ… അകത്തുള്ളേ…’ രാഹുലന്‍ പാതിതുറന്ന വാതിലിലൂടെ അന്നയെ തള്ളിമാറ്റി അകത്തു കടന്നു.
‘രാഹുലാ… സേവിയറേ നിങ്ങള് പ്രശ്നമുണ്ടാക്കരുത്’ അന്ന അവരോട് ദേഷ്യപ്പെട്ടു.

‘ഹാ… അതു നല്ല കൂത്ത് ഞങ്ങളാണോടീ പ്രശ്നമുണ്ടാക്കിയേ. നിനക്കൊരു പ്രശ്നം വന്നാ ഞങ്ങളല്ലാതെ മറ്റാരാ ഇടപെടുക. റാഫേലില്ലെന്നു കരുതി നിനക്ക് ആരുമില്ല എന്ന് വിചാരിക്കരുത്. നീ ഞങ്ങടെ സ്വന്തമല്ലേടീ…’ ഒച്ചപ്പാടുകള്‍ നാലുഭാഗത്തേക്കും അതിവേഗം സഞ്ചരിച്ചു. ആളുകള്‍ എവിടെ നിന്നോ ഈയാംപാറ്റകളെപ്പോലെ പൊടിച്ചു പൊടിച്ചു വന്നു. രണ്ട് നാലായി… നാല് എട്ടായി… അങ്ങനെയങ്ങനെ…
‘നന്നായി മൂഞ്ചീട്ട് പൈസ കൊടുക്കാതെ പോവുന്നോടാ… അവനെ പിടിച്ച് വലിച്ച് പുറത്തിടടാ…’ ആരോ ഒരാള്‍ ആക്രോശിച്ചു. ആളുകള്‍ തിക്കിത്തിരഞ്ഞ് അകത്തുകയറി വാതില്‍ പഴുതില്‍ ഒരു പൂച്ചക്കുട്ടിയെപോലെ വിറയലോടെ ഒളിച്ചിരിക്കുകയായിരുന്നു ജോസഫപ്പോള്‍.

ആളുകളവനെ കൂട്ടമായി പിടിച്ച് പുറത്തേക്ക് തള്ളി. തെറിവിളിയോടൊപ്പം രണ്ടുമൂന്ന് അടിയും അവന്റെ പുറത്ത് വീണു. ആളുകള്‍ ഇങ്ങനെയാണ് മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനും കൈകാര്യം ചെയ്യാനും വല്ലാത്ത മിടുക്കായിരിക്കും.
‘ഈ ഉരുവിനെ എന്താ ചെയ്യേണ്ടത്?’

‘എന്തുചെയ്യാന്‍ നാലാള് കാണേണ്ട കവലയില്‍ കെട്ടിയിടാം…’ ആള്‍ക്കൂട്ടം വിധിയെഴുതി. ജോസഫ് അന്നയെ ദയനീയമായൊന്ന് നോക്കി. അവള്‍ കുറ്റംബോധംകൊണ്ട് തലതാഴ്ത്തി.
എന്തായിരിക്കും അവനെന്നോട് പറയാന്‍ നോക്കിയത്? ഇങ്ങനെയൊന്നും ഉണ്ടാകുമെന്ന് കരുതിയതേയില്ല.
‘മാന്യന്മാരെ വഴിതെറ്റിക്കാന്‍ ഒരുമ്പെട്ടോള്‍… ഈ തേവിടിശ്ശിയേയും കെട്ടിയിടണം, ഇവനോടൊപ്പം…’ അതില്‍ ഏതോ സദാചാരവാദി വികാരാധീനനായി.

ജോസഫിനെ അവര്‍ ജാഥയായി കവലയിലേക്ക് നടത്തിച്ചു. തന്റെയുള്ളില്‍ പറയാതെ ബാക്കിവെച്ചത് അവനെ കുത്തിനോവിച്ചു. അത് പറയാന്‍വേണ്ടി മാത്രമായിരുന്നല്ലോ താന്‍ വന്നത്. എത്ര കാലമായി മനസ്സില്‍കൊണ്ടുനടക്കുകയായിരുന്നു അന്നയോടുള്ള പ്രണയം.

ആരായിരിക്കുമയാള്‍? എന്തിനാണ് അയാളെ അന്ന ഇത്രയധികം ഭയക്കുന്നത്? മാസമുറ സമയമായിട്ടും എന്തിനയാള്‍ അന്നയുടെ അടുത്തുവന്നു?

പുറത്തേക്കിറങ്ങുമ്പോള്‍ അവളുടെ മുറിയില്‍നിന്നും ജോസഫിന്റെ കാലില്‍ പറ്റിയ രക്തം. എന്തൊക്കെയോ സംഭവിക്കുന്നു. അല്ലെങ്കില്‍ സംഭവിക്കാന്‍ പോവുന്നു. അവന്റെയുള്ളില്‍ അപ്പോഴും അവളെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു. അതിനിടയില്‍ ആളുകള്‍ അവന്റെ മുണ്ടഴിച്ച് കവലയിലെ വിളക്കുമരത്തിനു മുകളില്‍ അവനെ കെട്ടിയിട്ട് കഴിഞ്ഞിരുന്നു.

 


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here