ഇരുള്‍

0
126

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 16

ഇന്ന് ഡിസംബര്‍ 20. ഇരുപത്തിമൂന്നും ഇരുപത്തിനാലും പള്ളിപ്പെരുന്നാള്‍. ഈ പ്രാവശ്യം കഴുകപ്പാറ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഉത്സവമാണ്. വിദേശികളടക്കം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടി. കവലമുതല്‍ പള്ളിവരെ പലതരം തോരണങ്ങള്‍കൊണ്ടും ലൈറ്റുകള്‍കൊണ്ടും നിരത്തുകള്‍ അലങ്കരിച്ചു. പള്ളിമൊത്തം പലതരം ലൈറ്റുകള്‍ കൊണ്ടും തോരണങ്ങള്‍കൊണ്ടും മോടികൂട്ടി. തെരുവുകച്ചവടക്കാര്‍ അവരവരുടെ സ്ഥാനങ്ങളില്‍ ടെന്റുകെട്ടി കച്ചവടസാധനങ്ങള്‍ നിരത്തിവെച്ചു. ചായക്കടകള്‍, അലുവക്കടകള്‍, പലതരം വര്‍ണത്തിലുള്ള മിഠായി സ്റ്റാളുകള്‍, ഉപ്പിലിട്ടത്, കുട്ടികള്‍ക്കുള്ള ആകാശതൊട്ടിലുകള്‍, ബലൂണ്‍ വില്‍പ്പനക്കാര്‍, പഞ്ഞിമിഠായി വില്‍പ്പനക്കാര്‍, വളക്കച്ചവടക്കാര്‍ എല്ലാവരും അവരവരുടെ കച്ചവടങ്ങളില്‍ വ്യാപൃതരായി. നേര്‍ച്ചയിടാനും ആരാധനാകര്‍മങ്ങള്‍ക്കും ഇപ്പോഴേ ആളുകള്‍ വന്നുതുടങ്ങി. പള്ളിയുടെ ചുറ്റുവട്ടങ്ങളിലായി ബാന്റ് സംഘക്കാരും പാട്ടുസംഘക്കാരും നാടകസംഘക്കാരും അവരവരുടെ ഇടങ്ങളില്‍ പ്രാക്ടീസില്‍ മുഴുകിയിരിക്കുന്നു. നാട് പൂര്‍ണമായും ഉത്സവലഹരിയില്‍ മുഴുകിക്കഴിഞ്ഞിരുന്നു. അപ്പന്റെ നിര്‍ബന്ധത്തിന് വഴങ്ങി ജോസഫ് അന്നുകാലത്തുതന്നെ അന്നയെയും കൂട്ടി ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ ജില്ലാ ആശുപത്രിയിലെത്തിയ അവര്‍ അന്നുതന്നെ അവിടെ അഡ്മിറ്റായി. ഇതിന്റെ പ്രധാനലക്ഷ്യം ജോസഫിനെ കഴുകപ്പാറയില്‍നിന്നും മാറ്റിനിര്‍ത്തുക എന്നത് തന്നെയാണ്.

‘അന്നേ… അച്ചന്‍ പറഞ്ഞതനുസരിച്ച് നിന്റെ പ്രസവംവരെ മാത്രമേ എനിക്ക് ആയുസ്സുണ്ടാവൂ എന്നതാണ്. മരിക്കുന്നതില്‍ എനിക്ക് ഭയമില്ല. പക്ഷേ, ഇതൊക്കെ അറിഞ്ഞിട്ടും നാടിനുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന വ്യാകുലത മാത്രമേ എനിക്കുള്ളൂ…’

‘പ്രിയനേ, അയാളെ എനിക്ക് നന്നായറിയാവുന്നതുകൊണ്ട് പറയുവാ… നമുക്ക് എന്ത് ചെയ്യാനാവും? ഈ നാടിനെ രക്ഷിക്കണമെങ്കില്‍ അയാള്‍ മരിക്കണം. ജനങ്ങള്‍ മുഴുവനും അയാളുടെ പക്ഷത്താണ്. ദൈവത്തിന് അവര്‍ പള്ളികള്‍ പണിയുന്നു. അവര്‍ തന്നെ പിശാചുക്കളെ അവിടെ കുടിയിരുത്തുന്നു. ദൈവത്തിന്റെ പേരുപറഞ്ഞ് പിശാചുക്കള്‍ക്ക് പണിയെടുക്കുന്നവരായല്ലാതെ ഏത് പൗരോഹിത്യമാണ് ഈ ലോകത്തുള്ളത്. അവരാണ് പിശാചുക്കളുടെ ഉറ്റചങ്ങാതിമാര്‍. ദൈവത്തിന്റെ പേര് പറഞ്ഞ് പിശാചിന്റെ വഴിയേ അവര്‍ ദൈവത്തെ നടത്തുന്നു. യേശുവിന്റെ ചരിത്രംപോലും അതിനുദാഹരണമല്ലേ. അവരെല്ലാം യൂദാസിന്റെ അച്ചാരം വാങ്ങിയവരാണ്, ദൈവത്തെ ഒറ്റുകൊടുക്കാന്‍. പള്ളികളും വെളുത്തവസ്ത്രങ്ങളും അവര്‍ക്ക് ഒളിച്ചിരിക്കാനുള്ള ഇടങ്ങളാണ്. പള്ളികളില്‍ പോയവര്‍ പിശാചുക്കളെ കാണുന്നു. തെരുവുകളില്‍ ദൈവത്തെ കല്ലെറിയുന്നു’

‘ശരിയാണ് അന്നേ… ദൈവത്തിന്റെ പേരിലാണ് മനുഷ്യര്‍ ഏറ്റവും കൂടുതല്‍ കബളിക്കപ്പെടുന്നത്.’

‘അതൊക്കെ വിട്ടുകളയാം ജോസഫ്. നമുക്ക് നമ്മുടെ കുഞ്ഞിനെപ്പറ്റി ചിന്തിക്കാം. വരുന്നത് വരുന്നിടത്തുവെച്ച് കാണാം.’

അന്ന വാത്സല്യത്തോടെ ജോസഫിന്റെ കൈകള്‍ പിടിച്ച് തന്റെ ഉദരത്തിലേക്ക് വെച്ചു. ‘ജോസഫ് ഇവന് നമ്മളെന്താ പേരിടുക.’

‘നമുക്കിവന് യേശു എന്ന് പേരിടാം. യേശുവിനല്ലാതെ മറ്റാര്‍ക്കാണ് സത്യത്തെയും അസത്യത്തെയും തിരിച്ചറിയാനാവുക. പൗരോഹിത്യം വിഭജിച്ചുവെച്ച മനുഷ്യര്‍ക്കുവേണ്ടി ശബ്ദിക്കാൻ യേശുവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. കറുപ്പും വെളുപ്പുംപോലെ സത്യവും അസത്യവും വേര്‍തിരിച്ചു നില്‍ക്കുന്നെങ്കിലും മനുഷ്യനവയെ വേര്‍തിരിച്ച് കാണാനേ പറ്റുന്നില്ല. മതപക്ഷത്തല്ല, മനുഷ്യപക്ഷത്താണ് നില്‍ക്കേണ്ടതെന്ന് ഇവനെ പഠിപ്പിക്കണം.

ഇരുപത്തിമൂന്നാം തിയ്യതി വൈകുന്നേരം….

‘അന്നാ… ഞാന്‍ പോവുന്നു…’

‘എങ്ങോട്ടേക്ക്?’

‘കഴുകപ്പാറയിലേക്ക്… എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ എന്നൊന്നുമെനിക്കറിയില്ല. പക്ഷേ, ആ കറുത്ത കുര്‍ബാന നടന്നുകൂടാ തടയണം… അമ്മച്ചി വന്നാല്‍ പുറത്തെവിടെയോ പോയെന്നു പറഞ്ഞാമതി. നീ എതിരൊന്നും പറയരുത്. നമ്മുടെ നാടിനുവേണ്ടി എന്തേലും ചെയ്യണ്ടേ?’

‘ഉം.. ശ്രദ്ധിക്കണേ അയാള്‍ നമ്മളുദ്ദേശിക്കുന്നതിലും ശക്തനാണ്.’

ജോസഫ് ഇറങ്ങാന്‍ നേരത്ത് അന്ന അവന്റെ കൈയില്‍ പിടിച്ചു.

‘ചിലപ്പോള്‍ നിങ്ങളെത്തുമ്പോഴേക്കും ഞാന്‍ ലേബര്‍ റൂമിലായിരിക്കും.’

ജോസഫ് അവളുടെ നെറ്റിയില്‍ ചുംബിച്ചു.
‘കര്‍ത്താവ് കൂടെയുണ്ടാവും. എല്ലാം നല്ലപടിയില്‍ നടക്കും. നീ ധൈര്യമായിരിക്ക്…’

‘അച്ചായാ, ഒരുകാര്യം ചോദിച്ചോട്ടെ?’

‘ഉം?!’

‘അന്ന് ആദ്യമായി നിങ്ങളെന്നെ വീട്ടില്‍ കാണാന്‍ വന്നപ്പോള്‍ എന്തോ പറയാന്‍ നോക്കിയിരുന്നില്ലേ അതെന്താ?’

ജോസഫ് സരളമായൊന്ന് ചിരിച്ചു,

‘അത് നിന്നെ എനിക്കിഷ്ടമാണ്, ഞാന്‍ കെട്ടിക്കോട്ടേ എന്ന് ചോദി
ക്കാന്‍ വന്നതായിരുന്നു.’

‘അന്നേ എന്നോട് പ്രേമമായിരുന്നോ?’

ജോസഫ് അതെ എന്ന് തലയാട്ടി

‘എന്നെ എപ്പോഴാ ആദ്യം കണ്ടത്?

‘തെമ്മാടിപ്പറമ്പില്‍വെച്ച്… റാഫേലിനെ അടക്കാന്‍ വന്നപ്പോള്‍…’

അന്നയും ഒന്ന് സരളമായി ചിരിച്ചു.

‘ഞാന്‍ കരുതി നാട്ടുകാര്‍ പിടിച്ചപ്പോള്‍ രക്ഷപ്പെടാന്‍വേണ്ടി അങ്ങനെ പറഞ്ഞതാണെന്ന്.’

ജോസഫ് അവളെ കെട്ടിപ്പിടിച്ച് നെറുകയില്‍ തുരുതുരാ ഉമ്മവെച്ചു.

ജോസഫ് കഴുകപ്പാറയിലെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. അല്ലെങ്കിലും ഇരുട്ടിലല്ലാതെ അവനവിടെ ചെന്നിറങ്ങാന്‍ പറ്റില്ലല്ലോ. പതിനായിരങ്ങള്‍ പള്ളിയിലേക്ക് ഒഴുകുന്നുണ്ട്. രാത്രിയില്‍ അലങ്കാരങ്ങളുടെയും പല കളര്‍ലൈറ്റുകളുടെയും മനോഹാരിതയില്‍ കഴുകപ്പാറയങ്ങനെ ഒരു മണവാട്ടിപ്പെണ്ണിനെപോലെ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. കുട്ടികളുടെയും പാട്ടുകളുടെയും ആരവങ്ങള്‍ പലപല ശബ്ദങ്ങള്‍. തുടുത്തുനില്‍ക്കുന്ന നിലാവിന് താഴെ പലവര്‍ണത്തില്‍ നക്ഷത്രങ്ങള്‍ ഉദിച്ചതുപോലെ. ആള്‍ക്കൂട്ടത്തിനിടയിലൂടെ നാട്ടുകാരുടെ കണ്ണില്‍പെടാതെ തലതാഴ്ത്തി ജോസഫ് പള്ളിയിലേക്ക് നടന്നു.
പിറകുവശത്തെ മതില്‍ ചാടിക്കടന്ന് കുരിശുപ്പള്ളിക്ക് പിന്നില്‍ അവന്‍ ഒളിച്ചിരുന്നു. കുറച്ചുനേരം എന്തുചെയ്യണമെന്നവന്‍ ആലോചിച്ചുനോക്കി. അച്ചന്‍ വീഴാതെ ഈ നാടിനെ രക്ഷിക്കാനാവില്ല എന്ന ഉറച്ചബോധ്യം അവനുണ്ട്. കുരിശുപള്ളി തുറക്കുന്നതിനുമുന്‍പ് എല്ലാം കഴിയണം. അച്ചനെ കാണണമെങ്കില്‍ പള്ളിക്കുള്ളില്‍ പ്രവേശിക്കണം എങ്ങനെ?. ഒരു മറയില്ലാതെ അത് സാധ്യമല്ല. അവന്‍ കുരിശുപള്ളിയോട് ചേര്‍ന്നുനില്‍ക്കുന്ന ഞാവല്‍മരത്തിന് മുകളിലേക്ക് കയറി അതുവഴി പള്ളിയുടെ രണ്ടാം നിലയുടെ ടെറസില്‍ കയറാം. ജോസഫ് പള്ളിയുടെ രണ്ടാം നിലയിലേക്ക് പ്രവേശിച്ചു. മുകളില്‍ ആരുമുണ്ടായിരുന്നില്ല. തുറന്നിട്ട ജനാലവഴി അച്ചന്റെ മുറിയിലേക്ക് അവന്‍ എത്തിനോക്കി. അച്ചന്‍ അവിടെ ഉണ്ടോ. ഇല്ല.

‘അടുത്തതായി സുവിശേഷപ്രസംഗം. അതിനുവേണ്ടി നമ്മുടെ പ്രിയപ്പെട്ട ഫാദറെ ക്ഷണിക്കുന്നു. പള്ളിഹാളില്‍നിന്നുള്ള പരിപാടിയുടെ ശബ്ദം മുകളില്‍ കേള്‍ക്കാമായിരുന്നു.

‘പ്രിയപ്പെട്ട വിശ്വാസികളെ ഇന്ന് നമ്മള്‍ എല്ലാവരും അനുഗ്രഹീതമായ ഒരുദിവസത്തില്‍ ഒത്തുകൂടിയവരാണ്. കര്‍ത്താവിനോടുള്ള വിശ്വാസത്തിന്റെ ആനന്ദലഹരിയില്‍ വീഞ്ഞുപോലെ മത്തുപിടിച്ചവര്‍. ഈ സദസ്സിനെ ധന്യമാക്കി പലരാജ്യങ്ങളില്‍നിന്നുള്ള വൈദികര്‍ ഇവിടെ സംബന്ധിച്ചിരിക്കുന്നു. അത് ഈ നാടിന്റെ മഹാഭാഗ്യമാണ്. നമ്മുടെയൊക്കെ കളങ്കമറ്റവിശ്വാസത്തിന് ദൈവം തന്ന സമ്മാനം. അവരുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും കാത്തിരിക്കുന്ന വേളയില്‍ ഈ എളിയവന്റെ പ്രസംഗത്തിന് പ്രസക്തി ഇല്ലെന്നറിയാം. അതോടൊപ്പം നാമെല്ലാവരും അക്ഷമം കാത്തിരിക്കുന്ന കുരിശുപള്ളിയുടെ തുറക്കല്‍കര്‍മത്തിലേക്കുള്ള സമയം അടുത്തുകൊണ്ടിരിക്കുകയാണ്. പന്ത്രണ്ട് മണിയോടെ ആ വിശിഷ്ഠ കര്‍മം പത്തോളംവരുന്ന വൈദികരുടെ കരങ്ങളാല്‍ സഫലമാക്കപ്പെടും. അതിനുശേഷം അതിനുള്ളില്‍വെച്ച് അവരുടെ പ്രത്യേക കുര്‍ബാനയും ബലിദാനവും ഉണ്ടായിരിക്കും.’

അച്ചന്റെ പ്രസംഗം തുടര്‍ന്നുകൊണ്ടേയിരുന്നു. ജോസഫ് മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നു. ചുമരില്‍ തൂക്കിയിട്ട അച്ചന്റെ കൈയില്ലാത്ത കറുത്തഗൗണ്‍ അവനെടുത്തണിഞ്ഞു. അതിന്റെ ഒപ്പമുള്ള നീളംകൂടിയ തൊപ്പി തലയിലേക്കിട്ടു. മുഖത്തിന്റെ പാതിയോളം മറയുന്ന തൊപ്പിയില്‍ തന്നെ ആരും തിരിച്ചറിയില്ലെന്നവന്‍ കണ്ണാടിക്കുമുന്നില്‍നിന്ന് ഉറപ്പുവരുത്തി. അടുത്തതായി വടക്കംവീട്ടില്‍ പീലിപ്പോസിന്റെ പ്രിയമാതാവ് സാറാ വടക്കംവീട്ടില്‍ പള്ളിക്കുവേണ്ടി പണി കഴിപ്പിച്ച സ്വര്‍ണക്കുരിശ് കൈമാറലാണ്. അതിനുവേണ്ടി അവരെ വേദിയിലേക്ക് ക്ഷണിക്കുന്നു. അത് സ്വീകരിക്കാന്‍ നമ്മുടെ പ്രിയപ്പെട്ട ഫാദറെയും സ്‌നേഹപൂര്‍വം ആദരപൂര്‍വം ക്ഷണിക്കുന്നു. ജോസഫ് ആരുടെയും കണ്ണില്‍പെടാതെ പള്ളിക്കകത്തേക്ക് പ്രവേശിച്ചു. ആളുകള്‍ മുഴുവന്‍ സ്വര്‍ണക്കുരിശ് കൈമാറ്റത്തില്‍ ദൈവസ്‌ത്രോത്രങ്ങള്‍ ഉരുവിട്ട് ആരാധനാ നിര്‍വൃതിയില്‍ മുഴുകിയിരിക്കുകയാണ്. സാറാമ്മയും മകന്‍ പീലിപ്പോസും സ്വര്‍ണക്കുരിശ് ചുമന്ന് പതിയെ വേദിയിലേക്ക് കടന്നുപിന്നാലെ ഭക്തരും. ഭക്തിയുടെ നിറവില്‍ പള്ളിമുഴുവന്‍ ജനങ്ങള്‍ മതിമറന്ന് കര്‍ത്താവിനെ സ്തുതിച്ചുകൊണ്ടിരിക്കുകയാണ്.
മിന്നലുപോലെയായിരുന്നു ആക്രമണം. ഒരു മിന്നായംപോലെ മാത്രമേ എല്ലാവരും കണ്ടുള്ളൂ. ജനങ്ങള്‍ കുതറിയോടാന്‍ തുടങ്ങി. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്നറിയാതെ ജനങ്ങള്‍ നട്ടംതിരിഞ്ഞു.

‘വേഗം ഹോസ്പിറ്റലിലേക്കെടുക്കെടാ, അംബുലന്‍സ് വിളിക്കൂ…’

‘പിടിയവനെ ആരാണാ മഹാദ്രോഹി?’

ഒരു കറുത്തഗൗണണിഞ്ഞ രൂപം. ആര്‍ക്കും പെട്ടെന്നുള്ള ആക്രമണത്തിന്റെ ആഗാധത്തില്‍ ഒന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പലരും ആത്മീയാനന്ദ നിര്‍വൃതിയില്‍നിന്ന് പതിയെ ഇറങ്ങിവരുന്നേയുള്ളൂ.

ഭൂരിഭാഗം പേരും ഒരുമിന്നായം പോലെയേ കണ്ടിട്ടുള്ളൂ… എല്ലാം മിന്നല്‍ വേഗത്തിലായിരുന്നു. അച്ചൻനിലത്തുവീണ് രക്തത്തില്‍ കുളിച്ച് പിടയുന്നതാണ് പിന്നെ കണ്ടത്. സാറാമ്മയും മകനും വേദിയിലേക്ക് കയറുമ്പോള്‍ പിന്നില്‍നിന്നും കാറ്റുപോലെ അവന്‍ ഓടിവരുന്നത് ചായക്കടക്കാരന്‍ തോമ ഒരു ഞെട്ടലോടെയാണ് നോക്കിനിന്നത്. ആ രൂപത്തെ അയാള്‍ക്ക് മറക്കാന്‍ പറ്റില്ലല്ലോ. അന്ന് കാട്ടുപന്നിയാണെന്ന് കരുതിയത് ഇതേ രൂപമല്ലേ. ആ ആക്രമണം മനസ്സില്‍ തെളിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി പാഞ്ഞുവരുന്ന ആ കറുത്തരൂപത്തെ ഒരു ഞെട്ടലോടെയാണ് രാഹുലനും കണ്ടത്. കുറച്ചുസമയത്തേക്ക് തന്റെ ശരീരമാസകലം തെരുപ്പ് കയറിയതുപോലെ ഉറച്ചുപോയിരുന്നു. റാഫേല്‍ മരണപ്പെട്ട ആ രാത്രി ഈ രൂപം അന്നയുടെ വീട്ടിലേക്ക് കയറിച്ചെല്ലുന്നത് രാഹുലന്‍ കണ്ടിരുന്നു. ആ രൂപത്തെ അര്‍ദ്ധരാത്രികളില്‍ പലയിടങ്ങളില്‍ കണ്ടവര്‍ പലരുമുണ്ട്. എന്തെങ്കിലും പറയാന്‍ വാ തുറക്കും മുന്‍പേ, കൈയില്ലാത്ത കറുത്തഗൗണിട്ട മുഖം, പാതിയും മറഞ്ഞ ആ രൂപം വേദിയില്‍ എത്തിയിരുന്നു. കണ്ണ് ചിമ്മിത്തുറക്കുന്ന വേഗത്തില്‍ സാറാമ്മയുടെ കൈയില്‍നിന്നും പിടിച്ചുവാങ്ങിയ സ്വര്‍ണക്കുരിശ്‌കൊണ്ട് അച്ചന്റെ നെഞ്ചിലും വയറ്റിലുമായി അഞ്ചാറ് കുത്ത് കുത്തിക്കഴിഞ്ഞിരുന്നു. ഒരുനിമിഷത്തെ മൗനത്തിനുശേഷം പള്ളി വീണ്ടും ബഹളത്തിന്റെ പൂരപ്പറമ്പായി. ചിലര്‍ അച്ചനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുചിലര്‍ ആ രൂപത്തെപ്പിടിക്കാനും. ആംബുലന്‍സും ഡോക്ടറും ഞൊടിയിടയില്‍ കഴുകപ്പാറയിലേക്ക് ഓടിയെത്തി. കൂടിയിരുന്ന മഹാജനസമൂഹം പള്ളിയിലേക്കോടി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നുറപ്പുണ്ടായിട്ടും ജോസഫ് ഓടിരക്ഷപ്പെടാന്‍ ശ്രമം നടത്തി. ജനങ്ങള്‍ വട്ടം കൂടിപ്പിടിച്ചവന്റെ മുഖമറ നീക്കി. ‘ജോസഫ്!’. സാത്താനെ എന്തു പാപമാണ് വിശുദ്ധനായ അച്ചന്‍ ചെയ്തത്.

‘തല്ലിക്കൊല്ലെടാ ഈ പിശാചിനെ…’ ഓടിക്കൂടിയ മഹാജനസമൂഹം അവനെ വളഞ്ഞിട്ടു ആക്രമിച്ചു.

ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി യാക്കോബ് മുന്നോട്ട് നടന്നു. അപ്പനെ കണ്ടപാടെ തല്ലുകിട്ടി രക്തത്തില്‍ കുളിച്ച് വീണുകിടക്കുന്ന ജോസഫ് മധുരമായൊന്ന് പുഞ്ചിരിച്ചു. കോപവും സങ്കടവും സഹിക്കവയ്യാതെ യാക്കോബ് അടുത്തുണ്ടായിരുന്ന ഒരു കരിങ്കല്ലെടുത്ത് അവന്റെ മുഖത്തേക്കെറിഞ്ഞു.

ചിത്രീകരണം: മിഥുന്‍ കെ.കെ.

‘എറിഞ്ഞുകൊല്ലെടാ… ഈ സാത്താനെ…’ യാക്കോബ് വിങ്ങിപ്പൊട്ടി, പള്ളിയുടെ പടിയില്‍ തളര്‍ന്നിരുന്ന് മുഖംപൊത്തി പൊട്ടിക്കരഞ്ഞു.

‘എന്തുപാപമാ… അച്ചന്‍ നിന്നോടൊക്കെ ചെയ്തത്? ഒരു നാടിന്റെ വെളിച്ചത്തെ തല്ലിക്കെടുത്താന്‍മാത്രം ക്രൂരനാവാന്‍ ഏതു സാത്താനാടാ നിന്റെയുള്ളില്‍ കുടിയേറിയത്. ഇങ്ങനെ ഒരു മകന്‍ എങ്ങനെയാ കര്‍ത്താവേ എന്റെ മകനായി ജനിച്ചത്?’

‘അച്ചായോ… തീര്‍ന്നെന്നാ തോന്നുന്നത്..’ മാണിച്ചന്‍ വിഷമത്തോടെ യാക്കോബിന്റെ അടുത്ത് വന്നുപറഞ്ഞു.

‘അതേതായാലും നന്നായി. പോലീസ് പിടിച്ചിരുന്നേ വീണ്ടും ഇറങ്ങി വന്നേനെ ഈ സാത്താൻ.’ മാണിച്ചൻഅറിയാതെ വിങ്ങിപ്പോയി

‘എന്നാലും എന്റെ കുട്ടിക്ക് എന്താ പറ്റിപ്പോയത്?’

‘ആരെങ്കിലും ആ സാത്താനെ എടുത്ത് കൊണ്ടുപോയി തെമ്മാടിപ്പറമ്പില്‍ കുഴിവെട്ടി മൂടിയേക്ക്…’

യാക്കോബ് ഒരുവേള ജോസഫിന്റെ മുഖത്തേക്ക് നോക്കി. അവന്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നതുപോലെ യാക്കോബിന് തോന്നി. പെട്ടെന്നുതന്നെ അയാള്‍ മുഖം തിരിച്ചുകളഞ്ഞു.

ജനങ്ങള്‍ കൂട്ടംകൂട്ടമായി പള്ളിക്കുള്ളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു, അവരുടെ പ്രിയപ്പെട്ട അച്ചന്റെ ഭൗതികശരീരം ഒരുനോക്ക് കാണാന്‍. ജോസഫിന്റെ ശവശരീരം നീക്കംചെയ്യാതെ അവിടെതന്നെ ഉണ്ടായിരുന്നു. ജനങ്ങളുടെ തിക്കിലും തിരക്കിലും ചവിട്ടി മെതിച്ചങ്ങനെ.

‘ആരുമില്ലേ ഈ സാത്താനെ കുഴിച്ചുമൂടാന്‍ ”

ഒരു വൃദ്ധന്‍ അവന്റെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പി. ആരും മുന്നോട്ടുവന്നില്ല, അവന്റെ ശവശരീരം അടക്കം ചെയ്യാന്‍.

‘അച്ചായോ… ആശുപത്രീന്നാ ഫോണ്‍…’ മാണിച്ചന്‍ യാക്കോബിനോട് പതുക്കെ പറഞ്ഞു. യാക്കോബ് മാണിച്ചന്റെ മുഖത്തേക്ക് നോക്കി.

‘അന്ന പ്രസവിച്ചു. ആണ്‍കുട്ടി.’

യാക്കോബ് ജോസഫിന്റെ മുഖത്തേക്കു നോക്കി. അവന്റെ മുഖത്തെ ചിരി യാക്കോബിനെ അധികസമയം ആ മുഖത്ത് നോക്കാന്‍ അനുവദിച്ചില്ല. യാക്കോബ് പതിയെ എഴുന്നേറ്റ് ചെന്ന് ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും അവന്റെ കാലുപിടിച്ച് വലിച്ച് സെമിത്തേരിയിലേക്ക് നടന്നു.

‘അച്ചായോ… അവനെ സെമിത്തേരിയില്‍ അടക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.’

ഒരുപറ്റം യുവാക്കള്‍ യാക്കോബിനെ തടഞ്ഞു.

‘മാറി നില്‍ക്കെടാ…

യാക്കോബവരെ ഉന്തിമാറ്റി മുന്നോട്ട് നടന്നു പിന്നാലെ മാണിച്ചനും.
‘അച്ചായാ നമുക്ക് എടുത്ത് കൊണ്ടു പോയിക്കൂടെ?’ നമ്മുടെ മോനല്ലേ

മാണിച്ചൻ വേദനയോടെ ചോദിച്ചു
.
‘സാത്താന്മാര്‍ മനുഷ്യരല്ല മാണിച്ചാ…
അതുകൊണ്ട് മനുഷ്യര്‍ക്ക് നല്‍കുന്ന ഒരു ബഹുമാനവും അവര്‍
ക്ക് നല്‍കിക്കൂടാ.’

യാക്കോബ് അവനെയും വലിച്ച് സെമിത്തേരിയുടെ ഇരുട്ടിലേക്ക് മറഞ്ഞു. സെമിത്തേരിയുടെ അതിര്‍വരമ്പു കഴിഞ്ഞ് താഴെ നില്‍ക്കുന്ന തെമ്മാടിപ്പറമ്പിലേക്ക് അവര്‍ പ്രവേശിച്ചു. റാഫേലിന്റെ കുഴിക്കടുത്തായി യാക്കോബ് തന്നെ ജോസഫിനുവേണ്ടി കുഴിവെട്ടി. ആ തെമ്മാടിപ്പറമ്പിലെ രണ്ടാമത്തെ കുഴി. യാക്കോബും മാണിച്ചനും കൂടി ശരീരം തെമ്മാടിക്കുഴിയിലേക്ക് തള്ളിയിട്ട് കുഴിമൂടി. യാ ക്കോബ് ആ ഇരുട്ടില്‍ കുരിശുപള്ളിക്ക് മുമ്പില്‍ മാതാവിന്റെ കല്ലറക്കു മുമ്പില്‍ ചെന്നിരുന്നു.

‘അച്ചായാ… ആശുപത്രീന്ന് മറിയാമ്മയാ ജോസഫിനെ ചോദിക്കുന്നുണ്ടായിരുന്നു.

മാണിച്ചന്‍ ഫോണ്‍ അച്ചായനു നേരെ നീട്ടി. യാക്കോബ് ഫോണ്‍ വാങ്ങാന്‍ വിസമ്മതിച്ചു. മാണിച്ചന്‍ തന്നെ സംസാരിച്ചു.

‘ഹലോ…

‘ജോസഫെവിടെയാ?’

‘അറിയില്ല.’

‘കുഞ്ഞിനെന്നാ പേര് വെക്കേണ്ടേ?’

‘അച്ചായാ കുഞ്ഞിനെന്നാ പേരുവെക്കേണ്ടതെന്ന് ചോദിക്കുന്നു…

‘സാത്താന്റെ മകനെ സാത്താനെന്നല്ലാതെ എന്താ വിളിക്കുക???

‘ജോസഫ് യേശു എന്നുവെക്കാനാ പറഞ്ഞേ അതു വെക്കട്ടെ?’ മാണിച്ചന്‍ ഒന്നും മിണ്ടിയില്ല.
‘ഹലോ… ഹലോ…’ മാണിച്ചന്‍ ഫോണ്‍ കട്ടാക്കി.

അച്ചന്‍ ഈ നാടിന്റെ പ്രകാശമായിരുന്നു. ആ പ്രകാശം അണഞ്ഞിരിക്കുന്നു. അദ്ദേഹത്തെപ്പോലെ വിശുദ്ധനായ ഒരു മനുഷ്യന്‍ ഇതുവരെ ഈ നാട്ടില്‍ ജീവിച്ചിട്ടില്ല. അച്ചന്റെ നാട്ടിലേക്ക് ബോഡി കൊണ്ടുപോവുക എന്ന സഭയുടെ അഭിപ്രായത്തെ നാട്ടുകാര്‍ എതിര്‍ത്തു. അച്ചന്‍ ഈ നാടിന്റെ വെളിച്ചമാണ്. സൂര്യന്‍ അസ്തമിച്ചാലും വീണ്ടും തിരിച്ചുവരും. ഞങ്ങളുടെ അച്ചന്‍ ഞങ്ങളുടെ വെളിച്ചമാണ് ആ വെളിച്ചം ഞങ്ങള്‍ക്ക് വേണം. ഈ നാടിന്റെ ഏറ്റവും വിശുദ്ധസ്ഥലം, ആ കല്ലറ… അച്ചനെക്കാളും അര്‍ഹന്‍ വേറെ ഒരാള്‍ ഇവിടെയില്ല. ആ കല്ലറ ഞങ്ങള്‍ സന്തോഷത്തോടെ അച്ചനുവേണ്ടി നല്‍കുന്നു. ജനങ്ങള്‍ ഒന്നടങ്കം പറഞ്ഞു. വിശുദ്ധമാതാവിന്റെ അടുത്ത് അച്ചന് അന്ത്യവിശ്രമം. അച്ചന്റെ രക്തസാക്ഷിത്വം കര്‍ത്താവിനുവേണ്ടിയാണ്. ഒരു ദുര്‍നടപ്പുകാരന്‍സാത്താന്റെ കൈകളാല്‍ നിഷ്ഠൂരം കൊല്ലപ്പെട്ടവന്‍. സര്‍വ ആചാരാനുഷ്ഠാനങ്ങളോടുംകൂടി അച്ചന്റെ മൃതശരീരം വിശുദ്ധമാതാവിന്റെ ശവക്കല്ലറയ്ക്കടുത്ത് തന്നെ അടക്കം ചെയ്തു. ആ രാത്രി പിന്നെ അവരുടെ പ്രിയപ്പെട്ട സൈന്യാധിപനാരാണെന്നറിയാതെ വിശേഷ വൈദികന്മാര്‍ നിരാശയോടെ തിരിച്ചുപോയി. രണ്ടു ദിവസത്തിനകം തന്നെ പുതിയ വൈദികന്‍ സ്ഥാനമേറ്റു. ഫാദര്‍ സോളമന്‍ ഡേവിഡ്. തുറക്കപ്പെടാത്ത കുരിശുപ്പള്ളിയുടെ താക്കോല്‍ സഭ അയാളെ ഏല്‍പിച്ചു. തുറക്കപ്പെടാത്ത നിഗൂഢതകളുടെ ആ അറ വീണ്ടും ഇരുട്ടുമൂടിയങ്ങനെ കിടക്കപ്പെട്ടു.

എല്ലാം പഴയപടിയായി. ജനങ്ങള്‍ പ്രാര്‍ത്ഥനക്കുവേണ്ടി കുരിശുപ്ള്ളിയില്‍ എത്തിത്തുടങ്ങി. മാതാവിനോടൊപ്പം അവര്‍ അച്ചനും പുഷ്പങ്ങള്‍ അര്‍പ്പിച്ചു. നേര്‍ച്ചനേര്‍ന്നു പ്രാര്‍ത്ഥിച്ചു. ജനങ്ങള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി അച്ചനെ സമീപിച്ചു. എല്ലാം പഴയ പടി തന്നെ. സത്യവും നന്മയും ജmനങ്ങള്‍ തിരിച്ചറിഞ്ഞതേയില്ല അടയാളങ്ങളിലും മുഖംമൂടികളിലും അവര്‍ വിശ്വാസമര്‍പ്പിച്ചു. ആ തെമ്മാടിപ്പറമ്പില്‍ ഇത്രയും വര്‍ഷമായിട്ടും ആരും കയറിയതേ ഇല്ല. കാടുപിടിച്ച് മൂടപ്പെട്ട രണ്ട് ശവക്കുഴികള്‍ ഇരുട്ടില്‍ അഭിരമിക്കുകയായിരുന്നു.

എട്ട് വര്‍ഷങ്ങള്‍ക്കുേശഷം, തെമ്മാടിപ്പറമ്പില്‍ ആദ്യമായി ഒരാള്‍ പ്രവേശിച്ചു. എട്ടു വയസ്സുള്ള ഒരു ആണ്‍കുട്ടി. ആ രഹസ്യത്തിന്റെ കഥയറിഞ്ഞവന്‍. സത്യത്തെ തിരിച്ചറിഞ്ഞവൻ ജോസഫിന്റെ കുഴിമാടത്തിലെ കാടുകള്‍ അവന്‍ വെട്ടിമാറ്റി. കൈയില്‍ കരുതിയ പനിനീര്‍ പൂച്ചെടികള്‍ അവക്ക് ചുറ്റും വെച്ചു പിടിപ്പിച്ചു. ആരും അറിയാതെ പോയ നന്മയുടെ ആ മഹാപുരുഷനു ചുറ്റും പനിനീര്‍ പൂക്കള്‍ നിഷ് കളങ്കമായി പുഞ്ചിരിച്ചു. ആ കുട്ടി പതിയെ കുരിശുപ്പള്ളിക്കടുത്തേക്ക് നടന്നു ഇരുട്ടിനെ പൂട്ടിയിട്ട ആ മുറിയിലേക്ക് നോക്കി നിന്നു. ഇരുട്ടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ അവന്‍, ആ ഇരുട്ടിലേക്ക് അലിഞ്ഞുചേരാന്‍ വെമ്പല്‍ കൊണ്ടു.
അടുത്തുണ്ടായിരുന്ന ഒരു കരിങ്കല്ലെടുത്ത് അവന്‍ കുരിശുപ്പള്ളിയുടെ താഴില്‍ ശക്തമായി അടിച്ചു. ആ നാട് തിന്.

‘ആരാ..? ആരാ കുരിശുപ്പള്ളിയില്‍?’

പള്ളിയിൽ കുർബാന കഴിഞ്ഞ് തിരിച്ചു പോവാൻ നിന്നവർ ശബ്ദം കേട്ട് അങ്ങോട്ടേക്ക് ഓടി വന്നു.

ആരാ ആരാ കുരിശുപള്ളീല്

അതിനിടയിൽ ആരോ പറഞ്ഞു.

അത് യേശുവാണ്

യോശുവോ!?

അതേന്നേ സാത്താൻ യേശു ദൈവത്തിൻ്റെ പേര് വച്ച സാത്താൻ്റെ സന്തതി.ജോസഫിൻ്റെ മോൻ

നാടിനെ നശിപ്പിക്കാൻ ഒരു സാത്താനെയും ഉണ്ടാക്കിയല്ലേ ആ ധിക്കാരി പോയത്

ജനക്ങ്ങ ൾ ഓടി വരുന്നതിനിടയിൽ ആരൊക്കെയോ കല്ലെറിയുന്നുണ്ട്. ആ ഏഴു വയസ്സുകാരൻ തനിക്കു നേരെ ഉറഞ്ഞു തുള്ളി വരുന്ന ജനത്തെ നോക്കി ഒരു പനനീർ പൂ പോലെ പുഞ്ചിരിച്ചു.

പിടിക്കെടാ അവനെ

അവൻ അവിടുന്ന് ഇറങ്ങി പുറത്തേക്കോടി.
ആളുകൾ അവൻ്റെ പിന്നാലെ ഓടി യേശു അതിവേഗത്തിൽ ഓടി.പിന്നാലെ നാട്ടുകാരും. പുതിയ ഒരു കഥയുടെ വാതായനവും തുറന്ന് ആരവങ്ങളോടെ പിന്നാലെ നാട്ടുകാരും

ശുഭം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here