(നോവല്‍)
യഹിയാ മുഹമ്മദ്
ഭാഗം 14
‘യാക്കോബച്ചായനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ അച്ചോ…’
‘ഈ ദിവസം ഇയാളിതെവിടെ പോയിക്കിടക്കുന്നാ…’
പള്ളീന്ന് കെട്ടുകഴിഞ്ഞാല്‍ വരന്റെ വീട്ടിലൊരു വിരുന്നേര്‍പ്പാടാക്കുന്നത് നാട്ടുനടപ്പാണ്. ഇതിത്തിരി നാറിയ കേസാണേലും നാട്ടുനടപ്പിനൊരു മുടക്കം വരേണ്ടെന്നു കരുതി അച്ചന്‍ തന്നെയാണ് ഈ ചായ സല്‍കാരം ഏര്‍പ്പാടാക്കിയത്. ചെറുക്കന്റെ നാലഞ്ച് സുഹൃത്തുക്കളും നാട്ടുകാരില്‍ പ്രധാനപ്പെട്ട ചിലരും പിന്നെ വീട്ടുകാരെയും കൂട്ടി ഇരുപതില്‍ താഴെ മാത്രമേ ആളുകള്‍ ഉണ്ടായിരുന്നുള്ളൂ. അന്നയ്ക്ക് കുടുംബമായി ആരുമില്ലാത്തതുകൊണ്ട് ആ വകയില്‍ ആരുമില്ല.
യാക്കോബച്ചായന്റെയും മറിയാമ്മയുടെയും കുടുംബക്കാര്‍ ഇവിടെ ചത്തെന്നറിഞ്ഞാലും ഇങ്ങോട്ടുവരില്ലെന്ന് മുറിച്ചു പറഞ്ഞു. എങ്ങനെ പറയാതിരിക്കും കേളികേട്ട തറവാട്ടുകാരല്ലേ? ചെക്കന്‍ ചെയ്തുവെച്ച തോന്നിവാസം അത്ര നിസാരമാണോ കുടുംബത്തിന്റെ മാനം കളയാന്‍. ഒരു വേശ്യയെ വീട്ടില്‍ കയറ്റി താമസിപ്പിച്ചിരിക്കുന്നു. ഇതിനൊക്കെ ഒപ്പം നില്‍ക്കുന്ന അച്ചായനെ വേണം പറയാന്‍. ഞങ്ങളെ വീട്ടീലാണേ ഇങ്ങനെയെങ്കില്‍ വെട്ടിത്തൂക്കി കായലിലെറിഞ്ഞേനെ… ഇക്കാര്യത്തില്‍ ഒരു നിലക്കും അഡ്ജസറ്റ് ചെയ്യാനാവാത്തത് മറിയാമ്മയുടെ കുടുംബക്കാര്‍ക്കാണ്.
ചെക്കനും പെണ്ണും വീട്ടിലേക്ക് വന്നുകയറി, ഒപ്പം കുറച്ച് സുഹൃത്തുക്കളും. സ്വീകരിക്കാനും ആനയിക്കാനും പറയത്തക്ക ആരുമില്ലാത്തതുകൊണ്ട് ജോസഫ് അന്നയുടെ കൈയുംപിടിച്ച് കോലായിലേക്ക് കയറി. അവന്‍ ചുറ്റും നോക്കുന്നുണ്ടായിരുന്നു. അപ്പനെ പക്ഷേ അവിടെയൊന്നും കണ്ടില്ല. ഒരു മരണവീട്ടില്‍ കയറിച്ചെല്ലുന്ന പ്രതീതിയായിരുന്നു അന്നയ്ക്ക്. ചുറ്റും ചിരിമങ്ങിയ മുഖങ്ങള്‍ മാത്രം. വിഷമത്തോടെ ഓരോ മൂലയില്‍ പാത്തുംപതുങ്ങിയും കവിളില്‍ കൈവെച്ച് ഞങ്ങളെ അമ്പരപ്പോടെ വീക്ഷിക്കുന്ന സ്ത്രീ ജനങ്ങള്‍!
‘യാക്കോബച്ചായനെ കരുതി മാത്രം വന്നതാ… ഇനി എന്തിനാ നമ്മളിവിടെ നില്‍ക്കുന്നേ?’ ചിലര്‍ ഞങ്ങളവിടെ ഇറങ്ങിയപാടെ പുച്ഛത്തോടെ തിരിഞ്ഞുനടന്നു. ജോസഫ് അന്നയുടെ കൈകളില്‍ മുറുക്കിത്തന്നെ പിടിച്ചു. സങ്കടമുണ്ടെങ്കിലും പ്രസന്നമായ അവന്റെ മുഖത്ത് അവള്‍ ഇടയ്ക്കിടെ പാളി നോക്കി. അന്നയ്ക്കും നല്ല വിഷമമുണ്ട്. താന്‍ കാരണമല്ലേ ജോസഫിങ്ങനെ അപമാനിതനായത്. എന്റെ സ്‌നേഹം മുഴുവനും നിനക്കാണ്. പ്രാണനാഥാ എന്റെ ജീവനും. നിനക്കവേണ്ടി മരിക്കാനും ഞാനിനി ഒരുക്കമാണ്. അവള്‍ മനസ്സില്‍ പറഞ്ഞു.
ജോസഫ് അന്നയുടെ കൈയുംപിടിച്ച് അകത്തേക്ക് കടന്നു. നാലുമൂലയിലായിരുന്ന പെങ്ങന്മാര്‍ കാര്‍മേഘം ഇരുണ്ടുകൂടിയ മുഖവുമായി അവരുടെ മുറിയിലേക്ക് കയറി വാതിലടച്ചു. അന്നയുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയി. ജോസഫ് നേര്‍ത്ത പുഞ്ചിരിയോടെ അമ്മയുടെ മുറിയിലേക്ക് കടന്നു. കരഞ്ഞുതളര്‍ന്ന മുഖവുമായി അമ്മ കട്ടിലില്‍ ചെരിഞ്ഞുകിടക്കുകയായിരുന്നു. അവനും അന്നയും അമ്മയുടെ കാലുകളില്‍ തൊട്ടു.
‘തൊട്ടുപോകരുത് ധിക്കാരി,’ അമ്മ പെട്ടെന്നായിരിന്നു പൊട്ടിത്തെറിച്ചത്.
പെട്ടെന്നായിരുന്നു മാണിച്ചന്‍ അവിടേക്ക് വന്നത്.
‘എന്താണ് മറിയാമ്മേ… ഇങ്ങനെ… സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ഇനി അതിന്റെ പേരിലിങ്ങനെ ദണ്ണപ്പെട്ടിരിക്കണോ?’ മറിയാമ്മ ഒന്നുംമിണ്ടാതെ തിരിഞ്ഞുകിടന്ന് ഏങ്ങിയേങ്ങിക്കരഞ്ഞു.
‘വാ… മക്കളെ. നിങ്ങള്‍ മുകളിലേക്ക് ചെല്ല് എല്ലാം ശരിയാവും…’ മാണിച്ചായന്റെ വാക്കുകള്‍ അവര്‍ക്ക് മരുഭൂമിയില്‍ പെയ്ത കുളിര്‍മഴപോലെ ആശ്വാസം നല്‍കി.
‘അച്ചോ… അച്ചോ… അച്ചനൊന്നിവിടെ വന്നേ…’ മുറ്റത്തേക്കോടിക്കിതച്ചുവന്ന വര്‍ക്കി, അച്ചനെ ഒരുഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
‘അച്ചോ, യാക്കോബച്ചായന്‍ പാമ്പുമുക്കിലുണ്ട്. മൂക്കറ്റം കള്ളും കുടിച്ചവിടെ കിടക്കുന്നു.’
‘കര്‍ത്താവേ എന്തൊക്കെയാ ഇവിടെ സംഭവിക്കുന്നത്. മാണിച്ചായനെ വിളിച്ചേ…’
‘എന്താ അച്ചോ…’ മാണിച്ചന്‍ ഓടിവന്നു.
‘നമുക്കൊന്ന് പാമ്പുമുക്ക്‌വരെ പോവണം.’ അച്ചനും വര്‍ക്കിയും മാണിച്ചനും പാമ്പുമുക്കിലേക്ക് പോയി.
സാധാരണശീലമില്ലാത്തതുകൊണ്ടാവും യാക്കോബച്ചായന്‍ വാളുവെച്ച് നിലത്ത് വീണുകിടക്കുന്നു. അച്ചനും കൂട്ടരും യാക്കോബിനെ താങ്ങിപ്പിടിച്ച് ഒരു ബെഞ്ചേലോട്ടിരുത്തി ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്ന് വര്‍ക്കിച്ചന്‍ യാക്കോബിന്റെ തലയിലേക്കൊഴിച്ചു.
‘എന്താ യാക്കോബേ ഇത്. ആ വെളിവില്ലാത്ത ചെക്കനെപോലെ നീയും കന്നംതിരിവ് കാണിക്കാന്‍ തുടങ്ങിയോ? ഇത് പുറത്തറിഞ്ഞാ എന്തായിരിക്കും പുകില്?’
‘അച്ചോ… ഇതൊക്കെ ഞാനെങ്ങനെ സഹിക്കും? അന്നേ… ഞാനച്ചനോട് പറഞ്ഞതല്ലേ ഒന്നു പിന്തിരിപ്പിച്ചു തരാന്‍. ഇതിലും വലിയ മാനഹാനി മറ്റെന്ത് വരാനാ?’
‘യാക്കോബേ… നീ പറയുന്നതുപോലെയല്ലല്ലോ കാര്യങ്ങള്. എട്ടുവീട്ടില്‍ പീലിയും കൂട്ടരും പിന്നെ കുറച്ച് പ്രമാണിമാരും ഇത് വിടാതെ പിടിച്ചിരുന്നല്ലോ. ചെക്കനെ ഞാനാവുന്നത് ഉപദേശിച്ചു. എന്തേലും ആ സാത്താന്റെ മനസ്സില്‍ കേറേണ്ടേ?. അവനൊരു No… പറഞ്ഞിരുന്നേ ഞാനെന്തെങ്കിലും ചെയ്‌തേനേ. അല്ലാതെ ഞാനിതു മുടക്കാൻനിന്നാ അച്ചൻ പക്ഷം പിടിച്ചൂന്ന് നാട്ടുകാര് പറയൂലേ…’
‘ഇനി ഇങ്ങനെ ഞാനെന്തിനാ അച്ചോ ജീവിക്കുന്നേ?’
‘നീ കര്‍ത്താവിന് നിരക്കാത്തതൊന്നും പറയാതെ. എല്ലാത്തിനും അവന്‍ തന്നെ ഒരു വഴി കാണിച്ചുതരും. കുറച്ച് ദിവസം കഴിയുമ്പോള്‍ എല്ലാവരും ഇതൊക്കെ മറക്കും. മാണിച്ചാ… നീ അച്ചായനെയും കൂട്ടി വീട്ടില്‍ ചെല്ല്…’
മൂന്നുപേരും കൂടി യാക്കോബിനെ എഴുന്നേല്‍പ്പിച്ചു.
‘നമ്മളല്ലാതെ ഇതെനി മറ്റാരും അറിയണ്ട.’ അച്ചന്‍ വര്‍ക്കിയെ നോക്കിപ്പറഞ്ഞു.
‘ഇല്ലച്ചോ… അച്ചായന് മോശം വരുന്നതൊന്നും ഞാന്‍ ചെയ്യില്ല. അത്രയ്ക്ക് ദണ്ണം കാണും പാവത്തിന്…’
‘ഇതുംകൂടി പുറത്തറിഞ്ഞാ ഇടവകയ്ക്ക് നാണക്കേടാ. അല്ലെങ്കിലേ ആ പീലി അച്ചായന്റെ പ്രസിഡന്റ് സ്ഥാനത്തില്‍ നോട്ടമിട്ടതാ അവരിതങ്ങാഘോഷിക്കും…’ അച്ചന്‍ പോക്കറ്റീന്ന് കുറച്ച് കാശെടുത്ത് വര്‍ക്കിയുടെ കീശയില്‍ ഇട്ടുകൊടുത്തു.
‘അയ്യോ… ഇതെന്താ അച്ചോ… ഞാന്‍ പുറത്തുപറയില്ലെന്നു പറഞ്ഞാ പറയില്ല…’
‘സാരമില്ലെടാ… വച്ചോ. വര്‍ക്കീ നീയും കൂടി ചെല്ല് ആരും കാണാതെ നോക്കണം. ഞാന്‍ പള്ളിയിലേക്ക് പോകുവാ.’ മാണിച്ചനും വര്‍ക്കിയും തങ്ങളുടെ തോളില്‍ തൂക്കി യാക്കോബിനെയുംകൊണ്ട് നടന്നു.
‘മാണിച്ചാ, നാളെ പത്തുമണിക്കാ പള്ളിപ്പെരുന്നാളിന്റെ കമ്മിറ്റി. യാക്കോബിനെയും കൂട്ടി അവിടെവരെ വന്നേക്കണം. ഈ പ്രാവശ്യം പരിപാടി പൊടിപൊടിക്കേണ്ടതാ വിദേശികളൊക്കെ വരുന്നതല്ലേ?’
‘അച്ചോ… അത് ഡിസംബറിലല്ലേ… എട്ടുപത്ത് മാസം ഇനിയും ബാക്കിയില്ലേ?’
‘അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇപ്പൊഴേ തുടങ്ങണം. ഈ പെരുന്നാള്‍ എല്ലാ തവണത്തെയുംപോലെയല്ല. കുരിശുപള്ളി ലോകമറിയാന്‍ പോവുകയല്ലേ…’ അച്ചനൊന്ന് ഉറക്കെ പൊട്ടിച്ചിരിച്ച് നടന്നുനീങ്ങി.
‘മറിയാമ്മേ… അച്ചായനോട് ഇപ്പോള്‍ ഒന്നും ചോദിക്കണ്ട. നാളെ രാവിലെ വിളിച്ചാമതി. പത്തുമണിക്ക് പള്ളിയില്‍ മീറ്റിങ് ഉണ്ട്.’ മറിയാമ്മ ഒന്നുംമിണ്ടാതെ സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ച് തലയാട്ടി.
‘ഈ മീറ്റിങ് ഇപ്പോള്‍ ഇവിടെ വിളിച്ചുകൂട്ടിയത് ഈ വര്‍ഷത്തെ പള്ളിപ്പെരുന്നാളിന് വേണ്ട ഒരുക്കങ്ങള്‍ കാര്യപരിപാടികള്‍ തീരുമാനിക്കാനാണ്. എല്ലാവരും എത്തിയോ കപ്യാരേ…’
‘ഇല്ല, യാക്കോബച്ചായന്‍ എത്തിയിട്ടില്ല. ഇപ്പം വിളിച്ചപ്പോള്‍ പുറപ്പെട്ടെന്ന് മറിയാമ്മ പറഞ്ഞു.’
‘അച്ചോ… ഇത്രയുമായ സ്ഥിതിക്ക് യാക്കോബച്ചായനെ പള്ളിക്കമ്മിറ്റിയില്‍നിന്ന് പുറത്താക്കണം.’ പീലിച്ചനും കൂട്ടരും പറഞ്ഞു.
‘അതെന്തിന്. കുരിശുവീടും ഈ ഇടവകയുമായുള്ള ബന്ധം അങ്ങനെ അറുത്തുമുറിക്കാന്‍ പറ്റുന്നതാണോ? ചരിത്രം അറിയണം പീലി…’
‘ഹോ… അതൊക്കെ നമുക്ക് നന്നായറിയാമെന്റെ അച്ചോ. ചരിത്രത്തില്‍ മഹാനായിരിക്കും ഇവരുടെയൊക്കെ വല്ല്യപ്പച്ചന്‍ വര്‍ക്കിമാപ്പിള. എഡ്രിക്ക് സായിപ്പിനൊപ്പം ഇവിടെ കാര്യസ്ഥനായി കുടിയേറിയ അയാളുടെ തനിസ്വരൂപം ഞങ്ങളുടെയൊക്കെ വല്ല്യപ്പച്ചന്മാര്‍ പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ട്.’
മരിച്ച് മാതാവിനൊപ്പം അന്ത്യവിശ്രമം കൊള്ളുന്ന ഒരു മഹാനാണദ്ദേഹം. അനാവശ്യചര്‍ച്ചകള്‍ ഇവിടെ വേണ്ട. ഇതൊന്നും ചര്‍ച്ച ചെയ്യാനല്ല ഈ കമ്മിറ്റി ഇവിടെ വിളിച്ചുകൂട്ടിയത്. പെരുന്നാള് കെങ്കേമമാവണം. ഇത്തവണ എല്ലാ തവണത്തെയുംപോലെയല്ല. പല രാജ്യങ്ങളില്‍നിന്നുള്ള വൈദികരും പങ്കെടുക്കുന്നുണ്ട്.’
‘യാക്കോബച്ചായനാണ് പ്രസിഡന്റെങ്കില്‍ ഞങ്ങള്‍ക്ക് സഹകരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാ…’
‘പീലി… നിന്റെ അപ്പന്‍ തോമസ്‌കുര്യന്‍പോലും അദ്ദേഹത്തെ കണ്ടാല്‍ എഴുന്നേറ്റുനിന്ന് മടക്കിക്കുത്തഴിച്ചിടും. പറയാണെങ്കില്‍ ഓരോരുത്തര്‍ക്കും കാണും കുടുംബമഹിമകള്‍…’
‘അച്ചോ, പള്ളിയും ഇടവകയൊന്നും കുരിശുവീട്ടുകാരുടേതല്ലല്ലോ അവരും എല്ലാവരെയുംപോലെ ഇടവകക്കാര്‍ മാത്രം. നാട്ടുരാജാക്കന്മാരുടെ കാലമൊക്കെ കഴിഞ്ഞുപോയി. എന്തുതന്നെ പറഞ്ഞാലും അയാള്‍ ഈ സ്ഥാനത്തീന്ന് ഒഴിയണം.’
‘ഏത് സ്ഥാനത്തീന്നാ പീലി?’
യാക്കോബച്ചായനും മാണിച്ചനും സഭയിലേക്ക് കേറിവന്നു. കൂടിയിരുന്നവരൊക്കെ എഴുന്നേറ്റു നിന്നു. യാക്കോബച്ചായന്‍ അച്ചനടുത്ത് കസേരയില്‍ ചെന്നിരുന്നു.
‘ഏത് സ്ഥാനത്തീന്നാ ഞാന്‍ മാറേണ്ടത് പീലി?’
‘അത്… അതുപിന്നെ… ജോസഫിന്റെ കാര്യം പള്ളിക്കും സഭക്കും നിരക്കുന്നതാണോ?’
‘അല്ല, ഇനി അച്ചന്‍ പറ. ഞാന്‍ ഈ സ്ഥാനത്ത് തുടരണോ?’ അച്ചന്‍ ഒന്നുംമിണ്ടാതെ തലകുനിച്ചിരുന്നു.
‘അച്ചോ, അച്ചന്‍ എന്തായേലും പറ. എനിക്കീ സ്ഥാനമാനങ്ങളൊന്നും വേണ്ട. നാട്ടുകാര്‍ അന്ന് പിടിച്ച് ഈ സ്ഥാനത്തിരുത്തി. ഇന്നവര്‍ ഒഴിയാന്‍ പറയുന്നു. ഞാന്‍ തയ്യാറാണച്ചോ. നിങ്ങള്‍ വേറെ പ്രസിഡന്റിനെ തീരുമാനിച്ചോ…’
ഒരുനിമിഷം ആലോചിച്ച് അച്ചന്‍ സഭയെ നോക്കി പറഞ്ഞു, ‘ജോസഫ് തെറ്റുചെയ്‌തെങ്കില്‍ അതവന്റെ പാപം. അതിന് അച്ചായന്‍ എന്തു പിഴച്ചു. ഓരോരുത്തരുടെയും നന്മയും തിന്മയും അവരവരുടേത് മാത്രമാണ്. ഇവിടെ വ്യക്തികള്‍ക്കാണ് പ്രാധാന്യം. കര്‍ത്താവിന്റെയടുത്തും. ഓരോരുത്തരും തനിച്ചുതന്നെയാണ് കര്‍ത്താവിന്റെ അടുത്തേക്ക് യാത്രയാകുന്നതും. ജോസഫ് ചെയ്ത തെറ്റിന്റെ പേരില്‍ അവന്റെ അപ്പന്റെ മേല്‍ എങ്ങനെയാണ് ആക്ഷന്‍ എടുക്കുന്നത്. അച്ചായന്‍തന്നെ പ്രസിഡന്റായി തുടരും. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ?’
സഭ നിശബ്ദമായി. ആരും ഒന്നും പറഞ്ഞില്ല. ‘ജോസഫ് ചെയ്തത് നമ്മുടെ സഭക്കും ഇടവകയ്ക്കും വീട്ടുകാര്‍ക്കും മാനഹാനി ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനമാണ്. അതുകൊണ്ടു തന്നെ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട ഒരുകാര്യത്തിലും അവനെ ഇടപെടീക്കില്ല.’
‘അത് പോരച്ചോ… അവനും അന്നയും ഈ ഇടവകയ്ക്കുണ്ടാക്കിയ മാനക്കേട് അത്ര വലുതാണ്. അതുകൊണ്ട് ഞങ്ങളുടെയെല്ലാം അഭിപ്രായത്തില്‍ ജോസഫും അന്നയും ഈ പള്ളിപ്പെരുന്നാളിന് വരാന്‍ പാടില്ല. സമ്മതമാണേല്‍ യാക്കോബച്ചായന്‍തന്നെ തുടരട്ടെ. എന്താ പീലി നിന്റെ അഭിപ്രായം?’ മാന്തോട്ടത്തില്‍ ഔസേപ്പച്ചന്‍ പറഞ്ഞുനിര്‍ത്തി.
‘നൂറ് ശതമാനം പിന്തുണയ്ക്കുന്നു.’ പീലിക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവ് സണ്ണി കുര്യനും, പുത്തന്‍വീട്ടില്‍ ഐപ്പും പിന്നെ അവരുടെ ശിങ്കിടികളും ആ അഭിപ്രായത്തെ പിന്താങ്ങി.
അച്ചന്‍ നിസ്സഹായനായി യാക്കോബിനെ നോക്കി.
‘തെറ്റുചെയ്തത് ആരായാലും മുഖംനോക്കാതെ തീരുമാനമെടുക്കണം. പള്ളിക്കും ഇടവകയ്ക്കും പേരുദോഷം വരുത്തിയ ജോസഫിന്റെ നടപടിക്ക് നിങ്ങള്‍ എടുത്ത തീരുമാനത്തെ ഞാനും പിന്താങ്ങുന്നു. ജോസഫും അന്നയും ഈ പെരുന്നാളിന് പങ്കെടുക്കില്ല.’ എല്ലാവരും ആ അഭിപ്രായത്തെ കൈയടിച്ചു പാസാക്കി.
‘എന്നാലിനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.’ അച്ചന്‍ സഭയോടായി പറഞ്ഞു.
‘പെരുന്നാളിന് നമുക്ക് മുമ്പില്‍ പത്തുമാസത്തോളം കാലാവധിയുണ്ട്. ഒന്നും ഒരുകുറവും വരരുത്. എല്ലാ നാടുകളിലും നോട്ടീസും പ്രചാരണങ്ങളും നടക്കണം. കേരളം കണ്ട ഏറ്റവും മികച്ച ഒരു പള്ളിപ്പെരുന്നാളവണം ഇത്. കാരണം എല്ലാവര്‍ക്കുമറിയാലോ, വിദേശത്തുനിന്ന് വരുന്ന പത്തോളം വൈദികരുടെ കാര്‍മികത്വത്തിലാണ് ഇത് നടക്കുക. ചരിത്രത്തില്‍ ആദ്യമായി കുരിശുപള്ളി തുറക്കപ്പെടുന്നു. അവിടെ അവരുടെ നേതൃത്വത്തില്‍ പ്രത്യേക കുര്‍ബാനയും ആരാധനാകര്‍മ്മങ്ങളും ഉണ്ടായിരിക്കും. അലങ്കാരം, കലാപരിപാടികള്‍, കച്ചവടങ്ങള്‍, നേര്‍ച്ചകള്‍ എല്ലാം അതിന്റേതായ രീതിയില്‍ ഓരോ കമ്മിറ്റികള്‍ വേറെവേറെ രൂപപ്പെടുത്തണം.
ഇവിടുത്തെ പാട്ടുസംഘത്തോടൊപ്പം പുറത്തുനിന്നും കുറച്ചുപേരെ ഇറക്കുമതി ചെയ്യണം കവലമുതല്‍ പള്ളിവരെ ലൈറ്റും അലങ്കാരവസ്തുക്കളും നിറയ്ക്കണം. അതിനൊക്കെ പുറമെ ഫണ്ട് സ്വരൂപിക്കാനും പെരുന്നാള് കഴി ഞ്ഞാല്‍ നേര്‍ച്ചയിനത്തില്‍തന്നെ വലിയ ഒരു സംഖ്യ ഒഴിഞ്ഞുവരും.യാക്കോബച്ചായന്റെ നേതൃത്വത്തില്‍ ഓരോന്നിനായി വെവ്വേറെ കമ്മിറ്റികള്‍ രൂപീകരിക്കണം. അതിന്റെ കാര്യങ്ങള്‍ നമുക്ക് അടുത്ത മീറ്റിങില്‍ തീരുമാനിക്കാം. എന്നാല്‍ നമുക്ക് പിരിയാം’ അച്ചന്‍ കമ്മിറ്റി പിരിച്ചുവിട്ടു. ഓരോരുത്തരായി പിരിഞ്ഞുപോയി.
വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് ഒരുമാസം കഴിയാറായി. സാറാമ്മ അന്നയുമായി പതിയെപ്പതിയെ അടുത്തു തുടങ്ങി.
‘ജോസഫേ, നീയെത്ര കാലമായെടാ പള്ളി കുര്‍ബാനൊക്കൊക്കെ കൂടിയിട്ട്. ഞങ്ങള് പള്ളിയിലോട്ട് പോവാ നീയും പോര്’ മറിയാമ്മ ജോസഫിനെ വിളിച്ചു.
‘ഞാന്‍ വരുന്നില്ല… നിങ്ങള് പോയ്ക്കോ’
‘അച്ചായാ അമ്മ വിളിച്ചതല്ലേ നിങ്ങളും പോര്..’
‘അമ്മയ്ക്ക് കാലിന് വയ്യ. നീയും ചെല്ല്. എന്റെ ജീപ്പെടുത്തോ…’ യാക്കോബ് പരുക്കന്‍ശബ്ദത്തിൽ വരാന്തയില്‍ ചാരുകസേരയില്‍ ഇരുന്ന ഇരിപ്പില്‍ പറഞ്ഞു. ഒന്നുംമിണ്ടാതെ ജോസഫ് ചാവിയെടുത്ത് ജീപ്പിലോട്ട് കയറിയിരുന്നു. ഒപ്പം മറിയാമ്മയും അന്നയും.
‘മോള് മുന്നിലിരുന്നോ…’
‘വേണ്ട, അമ്മ മുന്നിലിരുന്നോ.’
‘എന്നാല്‍ നമുക്ക് രണ്ടാള്‍ക്കും പിന്നിലിരിക്കാം…’
കുര്‍ബാന കഴിഞ്ഞ് മടങ്ങുന്നവഴി അച്ചന്‍ വിളിച്ചു, ‘എന്താ ജോസഫേ… നിനക്കീ വഴിയൊക്കെ അറിയോ?’
‘കര്‍ത്താവ് പള്ളീലാണെന്ന വിശ്വാസമൊന്നുമെനിക്കില്ല അച്ചോ…’
‘പ്രത്യേകിച്ച് നിനക്കൊരു മാറ്റമൊന്നുമില്ലല്ലോ. എന്നാലും നീയൊന്ന് കുമ്പസരിച്ചേച്ചും പോ…’
‘അച്ചോ, പാപം ചെയ്തവരല്ലേ കുമ്പസരിക്കേണ്ടത്. അവര്‍ കുമ്പസരിക്കട്ടെ. ഞാന്‍ പാപമൊന്നും ചെയ്തില്ലല്ലോ. അങ്ങനെ വല്ലതും ചെയ്തിട്ടുണ്ടോ അതിന് പ്രായശ്ചിത്തവും ഞാന്‍ ചെയ്തിട്ടുണ്ട്.
‘മോളേ… അവനോട് പറഞ്ഞിട്ട് കാര്യമില്ല. കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ഒന്നുമില്ലേലും ഞാന്‍ വളര്‍ത്തിയ കുട്ടിയല്ലേ നീയും. എല്ലാം നല്ല രീതിയിലാവും മോളേ… കര്‍ത്താവിന്റെ കൃപ നിങ്ങളില്‍ വര്‍ഷിക്കട്ടെ. നീയ്യെങ്കിലുമൊന്ന് കുമ്പസരിച്ച് പോ…’
‘വേണ്ടച്ചോ… അന്ന ചെയ്തുപോയ തെറ്റുകള്‍ അവളുടെ ഭര്‍ത്താവായ ഞാന്‍ പൊറുത്തിരിക്കുന്നു. അതുവഴി കര്‍ത്താവും പൊറുത്തുകൊടുത്തിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പുതുതായി അന്ന ഒരു പാപവും ചെയ്തിട്ടില്ല. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. അച്ചന്‍ ചെല്ല്. കുമ്പസരിക്കാന്‍ മുട്ടിനില്‍ക്കുന്ന വേറെ ആളുകളുണ്ടാവും.’ ജോസഫും അന്നയും നടന്നുനീങ്ങി. പിന്നാലെ മറിയാമ്മയും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല