HomeTHE ARTERIASEQUEL 119കാറ്റിന്റെ മരണം

കാറ്റിന്റെ മരണം

Published on

spot_imgspot_img

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 18

അച്ഛൻ, അമ്മ, കൂട്ടുകാർ

“ഹലോ. ഞാൻ സമീറയാണ്.”

“ആ…മനസ്സിലായി. ഞാൻ സമീറയെ വിളിക്കാനിരിക്കുവാരുന്നു. സമീറയ്‌ക്കെതിരെ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇന്നലത്തെ ലോക്കൽ ചാനലിൽ. അതിപ്പോൾ മറ്റു മാധ്യമങ്ങളേറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.”

കരണ്ട് കമ്പിയിലിരിന്നിരുന്ന ഒരു വണ്ണാത്തിപ്പുള്ളിന്റെ നീണ്ട ചിലമ്പലുകൾ ബസ്സിന്റെ ജനലിലൂടെ സമീറയുടെ ചെവിയിൽ തുളച്ചു കയറി.

“ എന്ത് വാർത്ത?”

“ സമീറ ആ കൂട്ടുകാരിയുടെ അനിയനെ കൊന്നവർക്കെതിരെ മൊഴി കൊടുത്തില്ലേ? അതിനെതിരെയാണ്.”

“ ആതിരയോ?”

“ ആരാണ് പരാതിക്കാരെന്നറിയില്ല. അത് പബ്ലിസിറ്റിക്കു വേണ്ടി കെട്ടിച്ചമച്ചതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വേറൊരു കൂട്ടരും അതിനെ സപ്പോർട്ട് ചെയ്യാൻ രംഗത്തെത്തിയിട്ടുണ്ട്.”

“അതാരാ?”

“കൃത്യമായി അറിയില്ല. സമീറയുടെ കോളേജിന്റെ അടുത്തെവിടെയോ ആണ് അവരുടെ വീട്.”

“ ഒരു വൈദ്യന്റെ കുടുംബമാണോ?”

“ ആ…അതേ. സമീറയ്ക്കവരെ അറിയാമോ?”

“ ഞാനവിടെ പോയിട്ടുണ്ട്,” സമീറ യന്ത്രികമായി ഉത്തരം പറഞ്ഞു.

“എന്തിന്?”

ആ ചോദ്യം കേട്ടപ്പോഴാണ് താനൊരു വലിയ സാധ്യതയിലേക്കുള്ള താഴാണ് തുറന്നതെന്നു സമീറയ്ക്കു ബോധ്യമായത്.

“അത്…ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം.”

“ഡോക്ടറോടും പോലീസിനോടും ഇപ്പോൾ മാധ്യമ പ്രവർത്തകരോടും ഒന്നും ഒളിച്ചു വെക്കരുതെന്നാണ്. ഇതിപ്പോ വലിയൊരു സെൻസേഷണൽ ന്യൂസ് ആകാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട്,” വർഷ തന്റെ പത്രപ്രവർത്തകക്കണ്ണോടെ സമീറയിലെ നിസ്സഹായാവസ്ഥയെ സംസാരിപ്പിക്കാനുള്ള ഒരു ശ്രമം നടത്തി നോക്കി.

“ എനിക്കൊരു കോൾ വരുന്നുണ്ട്. ഞാൻ തിരിച്ചു വിളിക്കാം.”

അത് ശെരിയായിരുന്നു. അല്ലാതെ വർഷ കരുതിയതു പോലെ സാഹചര്യങ്ങളിൽ നിന്നു ഒളിച്ചോടാനുള്ള ഒഴിവു കഴിവായിരുന്നില്ല.

“ നീയിങ്ങു വേഗം വാ. എവിടെയെത്തി?”

“ ഞാനിപ്പോ ബസ്സിറങ്ങി. വീട്ടിലോട്ടു നടക്കാണ്.”

“ നീയൊന്നിങ്ങോട്ട് വേഗം വാ. ഒരു ഓട്ടോ പിടിച്ചോ.”

“ എന്താ അപ്പച്ചാ?”

സമീറ ചോദിച്ചെങ്കിലും കോൾ കട്ടായി. സമീറയുടെ ഹൃദയതാളത്തിനൊത്തു തൊട്ടടുത്തെ അമ്പലത്തിൽ നിന്നും പൂരത്തിന്റെ ചെണ്ടകൊട്ടുയർന്നു.
അപ്പച്ചൻ തന്നെ അത്യാവശ്യമുണ്ടെങ്കിൽ മാത്രമല്ലേ വിളിക്കാറുള്ളൂ? തന്നെയുമല്ല, അപ്പച്ചന്റെ ശബ്ദത്തിൽ ഒരു ധൃതിയുമുണ്ടായിരുന്നു. അമ്മച്ചിയായിരുന്നെങ്കിൽ ഒന്ന് വിരട്ടിയാൽ കാര്യമിങ് പോന്നേനെ. നടക്കുന്നതിനിടയിൽ സമീറയുടെ ചെരിപ്പിനകത്തേക്കു റോഡിനരികിൽ കൂട്ടിയിട്ട മണൽത്തരികൾ കയറുന്നുണ്ടായിരുന്നു. ചെരിപ്പൊന്നു കുടഞ്ഞു കൊണ്ട് സമീറ അമ്മച്ചിയെ ഒന്ന് രണ്ടു പ്രാവശ്യം ഡയൽ ചെയ്തു. അമ്മച്ചി എങ്കേജ്ഡ് ആണ്. അപ്പോ അമ്മച്ചി രാരി ഇളയമ്മയെ വിളിക്കുകയാകും. കാര്യമിത്തിരി ഗൗരവമുള്ളതാണെന്നോർത്തപ്പോൾ സമീറയുടെ മനസ്സൊന്നു പിടഞ്ഞു. അപ്പച്ചനെ ഒന്ന് കൂടി വിളിക്കാമെന്ന് വിചാരിച്ചെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു. ഒരു ഓട്ടോ അത് വഴി കുഴികളെണ്ണി ആടിയാടി വരുന്നത് കണ്ടപ്പോഴാണ് അപ്പച്ചൻ ഓട്ടോയിൽ വരാൻ പറഞ്ഞത് കാര്യം തന്നെ സമീറ ഓർത്തത്‌. ഓട്ടോയ്ക്ക് കൈ കാണിച്ചപ്പോഴാണ് സമീറ നാണിച്ചേട്ടത്തിയെ കണ്ടത്. ഈ അവസ്ഥയിൽ തന്നോടീ പാതകം വേണ്ടായിരുന്നുവെന്നു മനസ്സിൽ വിചാരിച്ചു കൊണ്ട് ഓട്ടോ ഡ്രൈവറെ നോക്കി അയ്യോ…ഓട്ടോയിൽ ആളുണ്ടായിരുന്നോ? അറിഞ്ഞില്ല ചേട്ടാ എന്ന് പറയാതെ പറയുമ്പോഴാണ് നാണിച്ചേട്ടത്തി സീറ്റിന്റെ അരികിലേക്ക് നീങ്ങിയിരുന്നു സമീറയെ ക്ഷണിച്ചത്.

“ ആ…സമീറക്കൊച്ചായിരുന്നോ? പെട്ടന്നങ്ങ് കണ്ടപ്പോ മനസ്സിലായില്ല കേട്ടോ. സാരിയൊക്കെയുടുത്ത് ഇന്നലെ ബസ്സേൽ കേറുന്നത് കണ്ടാരുന്നു.”

കൂട്ടുകാരികളിൽ നിന്ന് പഠിച്ചെടുത്ത ആ പ്ലാസ്റ്റിക് ചിരിയും ചുണ്ടിൽ തേച്ചു നിവൃത്തികേടിനെപ്പഴിച്ചു സമീറ ഓട്ടോയ്‌ക്കകത്തേക്കു കയറി.

“ ഒരു ഫ്രണ്ടിന്റെ ചേച്ചീടെ കല്യാണമുണ്ടായിരുന്നു. തിരുവനന്തപുരത്ത്. എന്നാ ഉണ്ട് വിശേഷം. സുഖം തന്നെയല്ലേ ചേട്ടത്തീ?”

“പിന്നല്ല. അതൊക്കെ ഞാനന്വേഷിച്ചാരുന്നു. നിന്നെ ഇന്നലെ കണ്ടപ്പോഴാ ഓർത്തത്‌ ക്ലാരിക്കലെ ജോസ് നിന്റെ വീട്ടീന്ന് കുറിപ്പൈസ വാങ്ങാൻ പറഞ്ഞത്. അപ്പത്തന്നെ ഞാൻ നിന്റെ വീട്ടീപ്പോയി പൈസ വാങ്ങി ജോസിന് കൊടുത്തു. അമ്മച്ചിയാ പറഞ്ഞത്, നീ കല്യാണത്തിന് പോയ കാര്യം.എങ്ങനുണ്ടാരുന്നു കൊച്ചേ?”


ചിത്രീകരണം: സുബേഷ് പത്മനാഭന്‍

ഫോണിലേക്ക് നോക്കി ചേട്ടത്തിയുടെ വായടപ്പിക്കാനുള്ള സമീറയുടെ നീക്കമൊന്നും പരദൂഷണത്തിന്റെ അടുത്തു വഴിപ്പോവില്ലെന്നു കണ്ടപ്പോ സമീറയ്ക്കു സംസാരം തുടരേണ്ടി വന്നു. വീട്ടിൽ സദാ സമയവും ഓൺലൈൻ ആയ മറ്റൊരു ഫോണുണ്ടല്ലോ. ലൂക്കായുടെ. സമീറ ലൂക്കായുടെ നമ്പർ ഡയൽ ചെയ്തു. പതിവിന് വിപരീതമായി ലൂക്കായുടെ ഫോൺ സ്വിച്ച്ഡ് ഓഫ്‌ ആയിരുന്നുവെന്നറിഞ്ഞപ്പോൾ സമീറയുടെ നെഞ്ചു പാട പടാ മിടിച്ചു. പിന്നെ, ‘പരദൂഷണം’ ചോദിച്ചതൊന്നും സമീറ കേട്ടില്ല.

“കണ്ണങ്ങു മറിയുന്നത് കണ്ടപ്പോ ഞാൻ വിചാരിച്ചു വല്ല അപസ്മാരോമായിരിക്കുമെന്ന്. ഞാനൊണ്ടായത് നന്നായി. അപ്പോത്തന്നെ ആശുപത്രീലെത്തിച്ചു. ഇപ്പത്തെ കൊച്ചുങ്ങളെ കാര്യല്ലേ? കല്യാണത്തിനൊക്കെ പോയി വരല്ലേ? ഒന്നും പറയാനൊക്കുകേലല്ലോ. നമ്മൾ മുതിർന്നവരല്ലേ…” പരദൂഷണത്തിന്റെ വാക്കുകൾ കഥകൾ മെനഞ്ഞു കൊണ്ടേയിരുന്നു.

“ചേച്ചീ ഈ മധുരപലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്ക്. ലൂക്കാ ഉത്തർ പ്രദേശീന്ന് കൊണ്ട് വന്നതാ.”

അത് കേട്ടു പലഹാരങ്ങളുമായി പടിയിറങ്ങുമ്പോഴും ഇനിയെന്തെങ്കിലും പറഞ്ഞു അവിടെ അള്ളിപ്പിടിച്ചു നിൽക്കാനാകുമോ എന്ന ആലോചനയായിരുന്നു ചേട്ടത്തിക്ക്.
നാണിച്ചേട്ടത്തി പോയിക്കഴിഞ്ഞപ്പോൾ സമീറയുടെ വീട്ടിലെ അന്തരീക്ഷം കനത്തു.

“ നീയെന്തു വിചാരിച്ചു? ആളുകളുടെ മുന്നിൽ തലയുയർത്തിപ്പിടിച്ചു നടക്കാൻ വയ്യാതെയായി. ചൈനീസ് മെഡിസിൻ പഠിച്ചത് കാരണം നീയെന്നെപ്പോലെ സമൂഹത്തിനു മുന്നിൽ പരിഹസിക്കപ്പെടരുത് എന്ന് കരുതിയാണ് ഞാൻ നിന്നെ മെഡിസിന് ചേർത്തത്. എന്നിട്ടിപ്പോ എന്തായി? ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേടീ…” മുറിയിൽ തലങ്ങും വിലങ്ങും നടന്നു ശബ്ദമുയർത്തിയ അപ്പച്ചനെ അമ്മച്ചി കണ്ണു കൊണ്ട് വിലക്കി. അപ്പച്ചൻ സ്വിച്ചിട്ടത് പോലെ പുറത്തേക്കിറങ്ങി.

“ മോളേ, നമ്മള് …നമ്മള്…ഇവിടെ ജീവിക്കുമ്പോ നാട്ടുകാരെന്തു പറയും ന്നു കൂടി ആലോചിക്കണ്ടേ? നമ്മടെ വളർത്തു ദോഷമാണെന്നല്ലേ ആൾക്കാരുടെ പറയൂ? നിനക്കു ആ വല്ല വിചാരോമുണ്ടോ?”

സമീറ മടിയിൽ മുഖം പൂഴ്ത്തിയിരുന്നു എല്ലാം കേൾക്കുകയായിരുന്നു. അമ്മച്ചിയുടെ സംസാരം കേട്ടപ്പോൾ മനസ്സിലായി അപ്പച്ചന് പറയാനുള്ളത് തന്നെയാണ് അമ്മച്ചിയും പറയുന്നതെന്ന്. കീരിയും പാമ്പും പോലെ നിന്നിരുന്നവർ ഇക്കാര്യത്തിൽ ഒന്നായിരിക്കുന്നു.

“ അമ്മച്ചീ, എന്താ കാര്യം?”

“ ഇടവകേലെ അച്ചൻ വിളിച്ചിരുന്നു…നിന്റെ പേരിലെന്തോ കേസോ കൂട്ടമോ ഉണ്ടെന്നു പൗലോസ് പറഞ്ഞെന്ന്. അച്ചൻ എല്ലാം അന്വേഷിച്ചറിഞ്ഞിട്ടുണ്ട്. നിനക്ക് സാത്താന്റെ ഉപദ്രവമാണെന്നാ അച്ചൻ പറയുന്നത്. കേട്ടപ്പോൾ ശരിയാണെന്ന് തോന്നി. ഈ മരിച്ചവരുടെ ശബ്ദമൊക്കെ കേൾക്കണേൽ അങ്ങനെന്തെങ്കിലും വേണ്ടേ?”

സമീറയ്ക്കു തല പെരുക്കുന്നത് പോലെ തോന്നി.

“ നമുക്കെന്തായാലും അച്ചനെയൊന്നു പോയിക്കാണാം.”

അമ്മച്ചി പോയിക്കഴിഞ്ഞപ്പോൾ സമീറ ഫോൺ ഓൺ ചെയ്തു വാട്സാപ് ഐക്കണിലമർത്തി. അതിലെ കോളേജ് ബേർഡ്സ് ഗ്രൂപ്പിൽ യൂ വേർ റിമൂവ്ഡ് എന്ന സന്ദേശം തെളിഞ്ഞു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...