ഉടൽ നഷ്ടപ്പെട്ടവൾ

0
372

കവിത
നിഷ ആന്റണി
ചിത്രീകരണം : സുബേഷ് പത്മനാഭൻ

ഒരു വീട്.
പാതയോരത്ത്
ഉയർന്ന് നില്ക്കുന്നൊരു
വലിയ വീട്.
തേക്കിൻ തടിയിൽ പൊതിഞ്ഞ്
ഇരുനിലയിലും ധാരാളം
ജനാലകളും വാതിലുകളും
ഉള്ള വീട്.

പക്ഷെ മുറിയുടെ
ചെറു ദ്വാരങ്ങളിൽ കൂടിപ്പോലും
കാറ്റ് അകത്തേക്ക് കടന്നു വരാറില്ല.

ഇരുട്ടും മൂത്രച്ചൂരും
ഇറ്റിറ്റ് വീഴുന്ന അകമുറിയിൽ
കൃത്രിമമായൊരു ജീവിതം
തളപ്പിട്ട് വേച്ചും വെന്തും
റാഹേൽ നടക്കവെയാണ്
പോത്തറപ്പുകാരൻ
അച്ചമ്പി ചത്തൊടുങ്ങിയത്.
ഒരു രേഖ.
ഒരു നീണ്ട ആയുർരേഖ .
കാറ്റിൻ്റെ തണുത്ത വിരലായ് വന്ന്
റാഹേലിൻ്റെ ജീവിതത്തിലെ
ചെറിയ ഒടിവുകളിൽ തൊട്ടപ്പോ
റാഹേൽ തണുക്കെ
പതിയെ ഒന്ന് ചിരിച്ചു പോയ്.

ചിത്രീകരണം : സുബേഷ് പത്മനാഭൻ

കെട്ട്യോൻ ചത്ത
പെണ്ണുങ്ങളൊന്നും
ഒച്ചത്തിലങ്ങനെ ചിരിക്കണ്ട.
കടുപ്പത്തിലങ്ങനെ നടക്കണ്ട.
എളുപ്പത്തിലങ്ങനെ തിന്നണ്ട .
പുതിയ ചട്ടേം മുണ്ടുവൊന്നും
ധരിക്കണ്ട എന്ന്
എളേമ്മമാർ പ്രാകും.

എന്നിട്ട്
കെട്ട്യോൻ ചത്ത
പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം
അതു വരെ കേൾക്കാത്ത
ചില സുവിശേഷങ്ങൾ
പരസ്പരം പിറുപിറുത്ത്  നെയ്യും.
അതിനു ശേഷം റാഹേലിനെ
പറഞ്ഞ് പറഞ്ഞ്
വിധവയുടെ വെളുത്ത
മാമോദീസ മുക്കും.

അപ്പോ
റാഹേലിന് ഉള്ള് കനക്കും.
കണ്ണ് വിങ്ങും.
കാത് പൊട്ടും.
നെഞ്ച് നിലവിളിച്ച് തേങ്ങും.
ഇനിയും പെറാത്ത
ജീവിതത്തിൽ
കൃത്യമായൊരു ചിത്രം
ഉടലിൽ വരയ്ക്കാനൊരാൾ
തനിക്കായ് വരുമെന്ന ചിന്തയിൽ
റാഹേൽ പടിവാതിൽ
മെല്ലെ തുറക്കും.

അപ്പോൾ
കാറ്റ്
പിച്ചവെച്ച്
പച്ച മുല്ല പോലെ
അകത്തേക്ക് കയറും.
മനുഷ്യനെ കാണുവാൻ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here