നിറക്കൂട്ടുകളില്ലാതെ…

0
450
nirakkoottukalillathe-bipinchandran

വായന

ബിപിൻ ചന്ദ്രൻ

ജീവിതത്തിൽ ഏറ്റവും കുളിരടിച്ചു പൊങ്ങിപ്പോയ സന്ദർഭങ്ങളിൽ ഒന്നിനെക്കുറിച്ച് പറയാം. ചിമ്മിനി ഡാമിന് അടുത്ത് ജവാൻ ഓഫ് വെള്ളിമലയുടെ ഷൂട്ടിങ് നടക്കുന്ന സമയം . പ്ലേഹൗസ് ആയിരുന്നു നിർമ്മാണം. എന്തോ ആവശ്യത്തിന് മമ്മൂട്ടിയെ കാണാൻ മാർട്ടിൻ പ്രക്കാട്ട് ആ ലൊക്കേഷനിലേക്ക് പോയപ്പോൾ ചുമ്മാ ഒരു കമ്പനിക്ക് എന്നെയും കൂട്ടി. ചെന്നു, മമ്മൂക്കയെ കണ്ടു, മാർട്ടിൻ കാര്യം പറഞ്ഞു, അഞ്ചു മിനിറ്റിൽ ആവശ്യം കഴിഞ്ഞു. സലാം പറഞ്ഞ് പോരാൻ തുടങ്ങുമ്പോൾ മമ്മൂട്ടി മാർട്ടിനോട് പറഞ്ഞു.
” പോയിട്ട് എന്താ അത്യാവശ്യം? രാത്രി ഞാനും കൊച്ചിക്ക് ഉണ്ട്. ഷൂട്ട് കഴിഞ്ഞു പോകാം.”
ആഹാ! ആനന്ദലബ്ധിക്ക് ഇനി എന്തു വേണ്ടൂ.
പലതും പറഞ്ഞിരുന്നു നേരം വൈകിയപ്പോൾ അദ്ദേഹം ചോദിച്ചു.
” നിങ്ങൾ വല്ലതും കഴിച്ചോ?”
” ഇല്ല”
അരികിലിരുന്ന നിർമാതാവ് ആന്റോ ജോസഫിനോട് തമാശ മട്ടിൽ തലൈവർ പറഞ്ഞു.
” ആന്റോ, ഇവർക്ക് കൂടി ഭക്ഷണം എടുക്കാൻ പറയ് .കമ്പനി അങ്ങോട്ട് കുത്തുപാള എടുത്താലും വേണ്ടില്ല . പട്ടിണിയ്ക്കിട്ടെന്ന് നാളെ പരാതി പറയരുതല്ലോ.”
പുള്ളി അത് പറഞ്ഞുതീർന്നതും എൻറെ നാക്കിൽ ഒരു മറുപടി പൊട്ടി.
” ഞങ്ങൾ രണ്ടു ചപ്പാത്തി കഴിച്ചതുകൊണ്ടൊന്നും കമ്പനി കുത്തുപാള എടുക്കില്ല മമ്മൂക്കാ. അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെൽ അങ്ങോട്ട് തെറിക്കട്ടെ.”
പറഞ്ഞു കഴിഞ്ഞപ്പോഴാണ് അങ്ങനെ ചാടിക്കേറി ഡയലോഗ് അടിച്ചത് ഇച്ചിരി ഫൗൾ ആയോ എന്നൊരു സംശയം തോന്നിയത്. വായിൽ നിന്ന് വീണു പോയത് പിന്നെ വാരി എടുക്കാൻ പറ്റില്ലല്ലോ.
രണ്ടു സെക്കൻഡ് മിണ്ടാതെ ഇരുന്നിട്ട് മമ്മൂട്ടി ചോദിച്ചു.
” താൻ ഡെന്നീസ് ജോസഫിനെ കണ്ടിട്ടുണ്ടോ?”
ചപ്പാത്തിയും ഡെന്നീസ് ജോസഫും ആയിട്ടെന്താണ് ബന്ധം എന്ന് ഡൗട്ട് അടിച്ചെങ്കിലും ഞാൻ മറുപടി പറഞ്ഞു.
” ബെസ്റ്റ് ആക്ടർ ലൊക്കേഷനിൽ പുള്ളി വന്നപ്പോൾ കണ്ടിട്ടുണ്ട്.”
ഉടനെ വന്നു മെഗാസ്റ്റാറിന്റെ അടുത്ത ചോദ്യം.
“സംസാരിച്ചിട്ടുണ്ടോ?”
“ഇല്ല മമ്മൂക്കാ. കണ്ടതുതന്നെ ദൂരെ നിന്നാ.”
അപ്പോൾ മമ്മൂട്ടി പറഞ്ഞ വാക്കുകൾ സത്യമാണോ സ്വപ്നമാണോ എന്ന് ഇന്നും എനിക്ക് സന്ദേഹം ഉണ്ട്.
” ഡെന്നീസ് ജോസഫിൻറെ പോലാ തന്റെ വർത്തമാനത്തിന്റെ സ്റ്റൈല്‌ . വർത്തമാനം മാത്രമല്ല കുറേ മാനറിസങ്ങളും അതു പോലാ.”
മമ്മൂക്ക പറഞ്ഞത് കേട്ടിട്ട് എനിക്ക് കുറച്ചുനേരത്തേക്ക് റിലേ കട്ടായി.
ആരാ അത് പറയുന്നത്?
എന്നെ ആരോട് താരതമ്യപ്പെടുത്തിയാണ് അത് പറയുന്നത് ?
ഹോ….. എൻറെ അമ്മച്ചീ……..
അങ്ങേയറ്റത്തെ അഭിമാനവും ഒടുക്കത്തെ സന്തോഷവും എല്ലാംകൂടി ഇരച്ചു കുത്തി വന്നിട്ട് ഞാനാ കാരവാന്റെ മച്ചും തകർത്തു മുകളിലോട്ട് തെറിച്ചു പോകും എന്ന് തോന്നി.

അതേ ആഹ്ലാദത്തോടെ അതേ ആരാധനയോടെ ഞാനെൻറെ കസേരയിൽ ഇരിക്കുകയാണ്. മുന്നിലെ മേശപ്പുറത്ത് ഡെന്നീസ് ജോസഫിൻറെ “നിറക്കൂട്ടുകളില്ലാതെ ” എന്ന ആത്മകഥ.അദ്ദേഹം സഫാരി ചാനലിൽ ഇതേ കാര്യങ്ങൾ സംസാരിച്ച എപ്പിസോഡുകൾ മുഴുവൻ തച്ചിനിരുന്ന് കണ്ടതാണ്. ഇതേ ആത്മകഥ സീരിയലൈസ് ചെയ്തുവന്ന ആഴ്ചപ്പതിപ്പിന്റെ ലക്കങ്ങൾ എല്ലാംതന്നെ കയ്യിലുണ്ട്. എങ്കിലും അത് പുസ്തകരൂപത്തിൽ ഇറങ്ങുമ്പോൾ വാങ്ങാതെ ഇരിക്കുന്നത് എങ്ങനെ. ഒറ്റപ്പിടിയ്ക്കത് വായിക്കാതെ ഇരിക്കുന്നത് എങ്ങനെ. തനിക്ക് സംവിധാനം ചെയ്യാനുള്ള പടം എഴുതിത്തരുമോ എന്ന് പ്രേംനസീർ ചോദിച്ച മനുഷ്യൻറെ ജീവിതമെഴുത്തിനു മുന്നിൽ, എഴുത്തുജീവിതത്തിന് മുന്നിൽ വണ്ടർ വേൾഡിൽ എത്തിയ ആലീസുകുട്ടിയെ പോലെ അന്തം വിട്ട് അമ്പരന്നു നിൽക്കുകയാണ് പഴയൊരു ഫാൻ ബോയ് ഒരിക്കൽകൂടി. ഒന്നോ അരമുറിയോ സിനിമ ചെയ്ത ഹുങ്കിൽ അഹങ്കാരത്തിന്റെ എവറസ്റ്റിൽ സ്ഥിരതാമസമാക്കിയ ചിലരൊക്കെ ഈ പുസ്തകം ഒന്ന് വായിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

nirakkoottukalillathe-mammootty
image courtesy – mathrumbumi

ഡെന്നീസ് ജോസഫ് തിരയിൽ വിരിച്ചിട്ട വിസ്മയങ്ങൾ കണ്ടു പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്തേ വായും പൊളിച്ച് നിന്നിട്ടുള്ളവനാണ് ഞാൻ. സിനിമയുടെ ലോകത്തിലേക്ക് എന്നെ വലിച്ചടുപ്പിച്ചതിൽ അവയ്‌ക്കുള്ള സ്വാധീനം ചില്ലറയൊന്നുമല്ല . കഥയും തിരക്കഥയും കവിതയും കുറിപ്പുകളുമൊക്കെയായി കാളമൂത്രം പോലെ പലതും എഴുതിയിട്ടുണ്ട് ഞാൻ. അതിൽ കരളിനോട് ചേർന്നു നിൽക്കുന്നവ വളരെ കുറച്ചേ കാണാൻ സാധ്യതയുള്ളൂ.എന്തായാലും അതിൽ ഒന്നായിരിക്കും ഡെന്നീസ് ജോസഫിനെക്കുറിച്ച് എഴുതിയ ഹിറ്റുമാനൂരപ്പൻ എന്ന ലേഖനം. ആ ലേഖനം ഉള്ളതുകൊണ്ടാണ് ഇരട്ടച്ചങ്ക്‌ എന്നൊരു പുസ്തകം തന്നെ പുറത്തിറക്കാനുള്ള ധൈര്യം വന്നത്. അദ്ദേഹത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് എഴുതിയത് കൊണ്ട് മാത്രം എത്രയോ പേരുടെ ഇഷ്ടം എനിക്ക് കിട്ടി.

“എത്ര മനോഹരമായ നടക്കാത്ത സ്വപ്നം” എന്ന തകർപ്പൻ പ്രയോഗം ശ്രീനിവാസൻ എന്ന മാസ്റ്റർ റൈറ്ററുടേതാണ്. ഡെന്നീസ് ജോസഫ് എന്ന എഴുത്തുകാരന്റെ ജീവിതം വായിച്ചിട്ട് ഞാൻ കാണുന്ന സുന്ദര സ്വപ്നം എന്താണെന്ന് ഊഹിക്കാമോ?
രജനീകാന്തിനെ പോലൊരു താര നടനോ മണിരത്നത്തിനെ പോലൊരു മുട്ടൻ സംവിധായകനോ പുള്ളിക്കാരൻറെ മുറിയിൽ ചെന്ന് തിരക്കഥ ചോദിച്ചത് പോലെ ഒരു സംഭവമാണെന്ന് കരുതിയാൽ തെറ്റി. അങ്ങനെയൊക്കെയുള്ള മാജിക്കുകൾ നടന്നാൽ മുടിഞ്ഞ സന്തോഷം കൊണ്ട് ഞാൻ ചിലപ്പോൾ ചത്തു പോയെന്നിരിക്കും. ഒരു ഊപ്പ തിരക്കഥാകൃത്ത് അങ്ങനെയൊക്കെ സ്വപ്നം കാണുന്നതിൽ തെറ്റൊന്നുമില്ല. സ്വപ്നത്തിന് ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ. എന്നാലും എൻറെ അൾട്ടിമേറ്റ് ലക്ഷ്യം അതൊന്നുമല്ല.

nirakkoottukalillathe-dennis-joseph
ഡെന്നീസ് ജോസഫ്

” ഒരു മനുഷ്യനോടുള്ള കടപ്പാട് ഇളകി പോകാതെ ജീവിക്കണം എന്നതാണ് എൻറെ ആഗ്രഹം ” എന്നു നിങ്ങൾ എഴുതിയില്ലേ പ്രിയപ്പെട്ട എഴുത്തുകാരാ . അതുതന്നെയാണ് എൻറെയും അങ്ങേയറ്റത്തെ ലക്ഷ്യം. ഒരു മനുഷ്യനോട് അല്ല, നിങ്ങൾ അടക്കം നേരിട്ടും അല്ലാതെയും അറിഞ്ഞും അറിയാതെയും ഉതവിയുടെ ചില്ലകൾ നീട്ടി തണലായി നിന്ന ഒരായിരം മനുഷ്യരോടുള്ള കടപ്പാട് ഇളകിപ്പോകാതെ കഴിയാനാകണം. വീട്ടാക്കടമേ മമ ജന്മമെന്ന കുറ്റബോധമില്ലാതെ പുലരാനാകണം.അത്തരം ഒരു ആഗ്രഹവണ്ടിയുടെ ഇന്ധനടാങ്കിലേക്ക് എത്ര ഊർജ്ജമാണ് നിങ്ങളുടെ പുസ്തകം നിറച്ചു തന്നതെന്ന് പറഞ്ഞറിയിക്കാനാകില്ലല്ലോ.

എന്നെങ്കിലുമൊരിക്കൽ ഒന്ന് നേരിട്ട് കാണാൻ ഇത്തിരി സമയം തരണം ഡെന്നിച്ചായാ. മനസ്സുകൊണ്ടെങ്കിലും ആ കൈ ഒന്ന് നിറുകം തലയിൽ വയ്ക്കണം.ഗുരുത്വ പ്രകടനങ്ങളുടെ അലമ്പ് സീനുകൾ ആവർത്തിക്കാൻ തീരെ താൽപര്യമില്ലാത്ത ഒരാളാണ് ഞാൻ. പക്ഷേ നിങ്ങളെപ്പോലെ ഒരാളുടെ കരുതലിന്റെ കൈ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ എന്നെപ്പോലെ ഒരുത്തന് അത് വലിയ ഉൾബലം നൽകും. ദുർബലമായ എഴുത്തു ശ്രമങ്ങൾക്ക് വലിയ ഉത്തരവാദിത്വബോധവും നൽകും.
പ്രിയപ്പെട്ട ഡെന്നിച്ചായാ, നിങ്ങളെ ഞാൻ ഒന്ന് ഇറുക്കിപ്പിടിച്ചോട്ടെ?

അമിത സ്വാതന്ത്ര്യം കൊണ്ടല്ല കേട്ടോ.പിളർന്ന വായിൽ പതിനാല് ലോകങ്ങൾ കണ്ടൊരമ്മ പണ്ട് കറങ്ങി നിന്നു പോയില്ലേ. അതേപോലെ, നിങ്ങളുടെ പുസ്തകത്തിൽ നിറഞ്ഞു പരന്നു കിടക്കുന്ന അനുഭവ ലോകങ്ങൾ കണ്ടു ഞാൻ തലകറങ്ങിപ്പോയതുകൊണ്ടാണ് അങ്ങനെ ചോദിച്ചത് . കൂടുതലൊന്നും പറയാൻ ആവതില്ലാതെ ഞാനിവിടെ കുഴഞ്ഞു പോകുന്നു.

“പറിച്ചുനട്ടൂ നീ കൃഷ്ണാ
പടരുന്നൊരു വള്ളിയെ
നിനക്കാണിനിയും ഭാരം
പന്തലിട്ടു കൊടുക്കുവാൻ.”

വെറുതെ നടന്നൊരു ചെറുക്കനെ ചലച്ചിത്രത്തിലേക്ക് വശീകരിച്ച് വലിച്ചടുപ്പിച്ചത് നിങ്ങളുടെ മാരകമായ എഴുത്താണ്. അങ്ങനെ വന്നുകയറിയ ഒരുത്തനെ വീഴാതെ താങ്ങേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ് ചേട്ടാ. ഒന്നും നോക്കണ്ട. എന്തും വരട്ടെ.
ചുമ്മാതെന്നെ താങ്ങിപ്പിടിച്ചോ.

NIRAKKOOTTUKALILLATHE

 

LEAVE A REPLY

Please enter your comment!
Please enter your name here