തമിഴകത്തിന്റെ ‘തല’ തന്റെ അറുപതാം ചിത്രത്തില്‍ പുത്തന്‍ രൂപഭാവത്തില്‍ എത്തുന്നു. ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും നേടിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് നേര്‍കൊണ്ട പാര്‍വ്വെയുടെ ട്രെയിലര്‍ ആദ്യമണിക്കൂറില്‍ കണ്ടത് 80ലക്ഷം പേര്‍. ബിഗ്ബി അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച വയസ്സന്‍ വക്കീലിന്റെ വേഷമാണ് അജിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പക്ഷേ, അജിത് അവതരിപ്പിക്കുമ്പോള്‍ കഥാപാത്രത്തിന്റെ സ്വാഭാവത്തിന് ചില മാറ്റങ്ങള്‍ ഉണ്ടെന്ന് മാത്രം. ശക്തമായ സ്ത്രീപക്ഷ ഉള്ളടക്കം പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുക്കുന്നത് പ്രമുഖ സംവിധായകന്‍ എച്ച് വിനോദ് ആണ്.
ലൈംഗികതൊഴിലാളികളാണെന്നും കൊലപാതകികളാണെന്നും ആരോപിക്കപ്പെട്ട് മൂന്നു പെണ്‍കുട്ടികള്‍ വേട്ടയാടപ്പെടുന്നതും അവര്‍ ശക്തമായ നിയമപോരാട്ടം നടത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
2017- ല്‍ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം പിങ്ക് നേടി. ത്രസിപ്പിക്കുന്ന കോടതിദൃശ്യങ്ങളാണ് സിനിമയുടെ പ്രത്യേകത.
പിങ്കില്‍ തപ്സി പന്നു അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. ‘കോഹിനൂര്‍’ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രദ്ധ തമിഴ്, തെലുങ്ക് കന്നഡ ചിത്രങ്ങളിലൂടെയാണ് കഴിവ് തെളിയിച്ചത്. മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അഭിരാമി വെങ്കടാചലം, അന്ദ്ര തിരായാങ് എന്നിവരാണ് മറ്റ് രണ്ട് പ്രധാന സ്ത്രീകഥാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിദ്യ ബാലന്‍ അതിഥിതാരമായി ചിത്രത്തിലെത്തുന്നുണ്ട്. അജിത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് വിദ്യ ബാലന്. കഴിഞ്ഞമാസം ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ആഗസ്റ്റ് പത്തിന് റിലീസ് ചെയ്യും.