റൊമാന്റിക് എന്‍കൗണ്ടേഴ്സ് ഓഫ് എ സെക്സ് വര്‍ക്കര്‍: നളിനി ജമീല

0
753

ശരണ്യ എം ചാരു

സ്ത്രീയുടെ ശരീരം ഒരു ഭോഗവസ്തു മാത്രമല്ലെന്നും സ്നേഹം പ്രകടിപ്പിക്കാനും പ്രണയം പങ്കുവയ്ക്കാനും മാതൃത്വത്തിന്റെ അമൃതം പൊഴിക്കാനും അനുഭൂതിയുടെ മധുചൊരിയാനും അതിനുകഴിയുമെന്നും ലോകത്തോട് വിളിച്ചു പറയാന്‍ നളിനി ജമീല തന്റെ ആത്മകഥയുടെ രണ്ടാം ഭാഗമായ ‘ റൊമാന്റിക് എന്‍കൗണ്ടേഴ്സ് ഓഫ് എ സെക്സ് വര്‍ക്കര്‍’ എന്ന പുസ്തകത്തിലൂടെ ഒരുങ്ങുന്നു. ആദ്യ പുസ്തകത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയെന്ന നിലയില്‍ തനിക്കു സമൂഹത്തില്‍നിന്നുണ്ടായ അനുഭവങ്ങള്‍ തുറന്നു കാട്ടിയെങ്കില്‍ രണ്ടാമത്തെ പുസ്തകത്തില്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന പുരുഷന്‍മാരെക്കുറിച്ചാണു നളിനി പറയുന്നത്.

നളിനി ജമീല മലയാളി വായനക്കാര്‍ക്ക് അപരിചിതയല്ല. 2005ല്‍ ഇറങ്ങിയ ‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’ എന്ന പുസ്തകത്തിലൂടെയാണു മലാളികള്‍ നളിനി ജമീലയെ അറിയുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇംഗ്ലീഷ് പതിപ്പിറങ്ങി. ജെ. ദേവികയായിരുന്നു വിവര്‍ത്തക. തൃശൂര്‍ ജില്ലയിലെ കൊടകരയ്ക്കു സമീപമുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ്  നളിനി ജമീല കേരളത്തിന്റെ സാംസ്‌കാരിക ഇടത്തിലേക്ക് ആത്മകഥയുമായി നടന്നുകയറിയത്. ഇന്ന് നളിനി ഏവര്‍ക്കും സ്വീകാര്യയാണ്. മറ്റേതു തൊഴിലിനെപ്പോലെയും മാന്യത ലൈംഗികത്തൊഴിലിനും ഉണ്ടെന്നുള്ള ഉറച്ച വിശ്വാസം നളിനി ജമീലയ്ക്കു സ്വന്തം തൊഴിലിനോടുള്ള ആത്മാര്‍ഥതയാണു വെളിവാക്കുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ സാമൂഹികമായ നിലപാടുകളുടെ, ഏറ്റെടുക്കലുകള്‍ക്ക് വിധേയയാകേണ്ടതുണ്ട്. അതു സീതയുടെയോ പാഞ്ചാലിയുടെയോ എന്നതേ പ്രശ്നമുള്ളൂ. സീതയുടെ ജീവിതമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചു പിന്നെ പരാതിപ്പെടരുത് എന്നാണു നളിനി ജമീല തുറന്നു പറയുന്നത്.

കുടുംബം പുലര്‍ത്താനാണ് നളിനിക്ക് ലൈംഗികത ജീവനോപാധിയായി തെരഞ്ഞെടുക്കേണ്ടി വന്നത്. പെട്ടെന്നൊരുനാള്‍ ഭര്‍ത്താവ് അര്‍ബുദ ബാധിതനായി മരണത്തിനു കീഴടങ്ങിയപ്പോള്‍ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമായി ജീവിതത്തെ അഭിമുഖീകരിക്കാന്‍ മറ്റു മാര്‍ഗമില്ലാതെയായി. അങ്ങനെയാണു നളിനി ജമീല എന്ന ലൈംഗികത്തൊഴിലാളിയുടെ ജനനം. തെരുവ് കേന്ദ്രീകൃതമായ ലൈംഗികത്തൊഴിലായിരുന്നതിനാല്‍ രമ്യഹര്‍മ്യങ്ങളിലായിരുന്നില്ല നളിനിക്ക് ശയ്യയൊരുങ്ങിയത്. മാംസദാഹികളായ പുരുഷന്‍മാരെയാണു നളിനിക്കു നേരിടേണ്ടി വന്നത്. സ്നേഹത്തിന്റെ കണികപോലും അവരില്‍നിന്നു ലഭിച്ചിരുന്നില്ല. ശരീരം പിച്ചിച്ചീന്തുകയെന്നതിനപ്പുറം അവരില്‍നിന്നു മറ്റൊന്നും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലായിരുന്നു. പകല്‍ മാന്യതയും ഇരുട്ടില്‍ കാമാര്‍ത്തിയുമായിരുന്നു അവരില്‍ പ്രകടമായിരുന്നതെന്നു നളിനി സാക്ഷ്യപ്പെടുത്തുന്നു. അക്കൂട്ടത്തില്‍ എല്ലാത്തരം ആള്‍ക്കാരുമുണ്ടത്രെ.

ഒരു ലൈംഗികത്തൊഴിലാളിയോട് വ്യവസ്ഥിതി എപ്രകാരം നീതി പുലര്‍ത്തുമെന്നത് ഇക്കാലയളവിലാണു നളിനി തിരിച്ചറിഞ്ഞത്. പോലീസുകാരില്‍നിന്നും ഏല്‍ക്കേണ്ടിവന്ന പീഡനങ്ങള്‍ നളിനി തന്റെ ആദ്യ പുസ്തകത്തില്‍ പ്രത്യേക അധ്യായമായി തന്നെ എഴുതിച്ചേര്‍ത്തിട്ടുണ്ട്. 100 ദിവസംകൊണ്ട് ആറു പതിപ്പുകളാണ് ആദ്യപുസ്തകം അച്ചടിച്ചത്. 13 വര്‍ഷങ്ങള്‍ക്കുശേഷം നളിനി ജമീല പുതിയ പുസ്തകവുമായി രംഗത്തു വരികയാണ്. 63-ാം വയസില്‍ തന്നില്‍ വന്നിട്ടുള്ള മാറ്റങ്ങളും പുതിയതായി നേടിയ തിരിച്ചറിവുകളുമായി നളിനി പഴയ കാലത്തേക്ക് ഓര്‍മകളിലൂടെ ഒരു യാത്ര നടത്തുകയാണ്. തിരിഞ്ഞു നോക്കുമ്പോള്‍ പുരുഷന്‍മാരെക്കുറിച്ചുണ്ടായിരുന്ന നളിനിയുടെ കാഴ്ചപ്പാടുകളില്‍ മാറ്റം വന്നോ? കേരളത്തിലെ പുരുഷന്‍മാര്‍ ഇരട്ട മുഖമുള്ളവരാണെന്നാണു നളിനിയുടെ കാഴ്ചപ്പാട്. രാത്രി ഒന്ന്, പകല്‍ മറ്റൊന്ന്. സെക്സ് എന്തിനെന്നു പോലും ശരിയായി അറിയാത്തവരാണ് ഇവിടുത്തെ പുരുഷന്‍മാര്‍. സെക്സില്‍നിന്ന് എന്താണ് ഇവര്‍ പ്രതീക്ഷിക്കുന്നത്? നളിനി ജമീല ചോദിക്കുന്നു.

കാല്‍പ്പനികമായ സമീപനമല്ല കേരളത്തിലെ പുരുഷന്‍മാര്‍ സെക്സിനോട് വച്ചുപുലര്‍ത്തുന്നത്; വൈകാരിക ശമനത്തിനുള്ള ഭോഗവസ്തുവെന്നതില്‍ കവിഞ്ഞ് സ്ത്രീ അവര്‍ക്ക് ഒന്നുമല്ല. തന്നെ സമീപിച്ചിട്ടുള്ള പുരുഷന്‍മാരെക്കുറിച്ചുള്ള വിവരങ്ങളല്ല, മറിച്ച് പൊതുവായ പുരുഷസമീപനങ്ങളെക്കുറിച്ചാണ് അവര്‍ പറയുന്നത്.

ഒരു സ്ത്രീയെന്ന നിലയില്‍ തന്നെ അമ്മയായി കണ്ടവരുണ്ട്, കാമുകിയായി കണ്ടവരുണ്ട്, സഹോദരിയായി കണ്ടവരുണ്ട്. വെറും ലൈംഗികത്തൊഴിലാളിയായി സമീപിച്ചവരുണ്ട്. താന്‍ ശരീരം പങ്കുവച്ച പുരുഷന്‍മാരില്‍നിന്നുള്ള പ്രതികരണങ്ങളാണ് പുതിയ പുസ്തകത്തിന്റെ പ്രമേയം. കൂടാതെ തനിക്കു നേരിടേണ്ടി വന്ന ജീവിതപ്രതിസന്ധികളും പുസ്തകത്തില്‍ വിഷയമാക്കുന്നുണ്ട്. രേഷ്മ ഭരദ്വാജ് ആണ് പുസത്കം ഇംഗീഷിലേക്കു മൊഴിമാറ്റം നടത്തുന്നത്. പുസ്തകത്തിന്റെ എഴുത്തുപണികള്‍ പൂര്‍ത്തിയായി വരികയാണ്. ഡിസംബറില്‍ പുസ്തകം പുറത്തിറക്കാമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here