കല്ലുകൾ തമ്മിൽ ഉരസിയുണ്ടാവുന്ന തീയല്ല

0
242

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം! – 4

മൈന ഉമൈബാൻ

പണ്ട്‌ അക്കരെ മലകളില്‍ രാത്രിയില്‍ തീ പടര്‍ന്നു പിടിക്കുന്നതു കാണാന്‍ രസമുണ്ടായിരുന്നു.

ഇരുട്ടില്‍ ആ വെളിച്ചങ്ങള്‍ മാലകോര്‍ക്കും പോലെയോ പല പല ആകൃതിയലുമൊക്കെ കാണാമായിരുന്നു. ആ കാഴ്‌ച കണ്ട്‌ ഞങ്ങള്‍ ആനന്ദിച്ചു.

കല്ലുകള്‍ തമ്മില്‍ ഉരസിയുണ്ടാവുന്ന തീയല്ലെന്ന്‌ കുറച്ച്‌ വളര്‍ന്നശേഷമാണ്‌ മനസ്സിലാക്കാനായത്‌. ആ കാടിനരികിലൂടെ പോകുന്നവര്‍ എറിയുന്ന ബീഡിക്കുറ്റിയില്‍ നിന്നോ ചിലപ്പോള്‍ മനപ്പൂര്‍വ്വം തീയ്യിടുന്നതോ ആണെന്ന്‌ അമ്മച്ചി പറഞ്ഞു തന്നു. കത്തിയെരിയുന്ന കാട്‌ പിന്നീട്‌ കൈയ്യേറ്റഭൂമികളായി മാറിയിരുന്നു.

അന്നൊക്കെ കാഴ്‌ചയുടെ ആനന്ദത്തെ മാത്രമോര്‍ത്ത്‌ വീടിനു പുറകിലെ മലയ്‌ക്കും തീയിടുന്നതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ട്‌. ഒരിക്കല്‍ അയല്‍വീട്ടിലെ കൂട്ടുകാരോടൊത്ത്‌ തീയിടാനൊരുങ്ങി. അരുത്‌ കുഞ്ഞുങ്ങളെ എന്ന ഐഷാബീ അമ്മച്ചിയുടെ വാക്കുകളായിരുന്നു ഞങ്ങളെ പിന്തിരിപ്പിച്ചത്‌. എന്നിട്ടും പലപ്പോഴും തീ പടര്‍ന്നു പിടിക്കുന്ന മലയെ സങ്കല്‍പിച്ചു. 
ചൂടു കൂടുക മാത്രമായിരിക്കില്ല ഉണ്ടാവുന്നതെന്നും ഇഞ്ചക്കാടും അവിടുത്തെ താമസക്കാരായ കുറുക്കനും പാക്കാനും സര്‍പ്പങ്ങളും പക്ഷികളും അണ്ണാരക്കണ്ണനും കാട്ടുകോഴിയും ഉടുമ്പും അങ്ങനെ എന്തെല്ലാം വെന്തു വെണ്ണീറായി പോകുമെന്നും ഇന്നറിയാം. കുട്ടിയായിരിക്കുമ്പോഴാണെങ്കിലും അങ്ങനെയൊക്കെ ചിന്തിച്ചല്ലോ എന്നോര്‍ത്ത്‌ സങ്കടപ്പെടുന്നു.

ഇപ്പോള്‍ ഗ്യാസടപ്പുകളില്ലാത്ത വീടുകളില്ല. ഗ്യാസ്‌ പണം കൊടുത്ത്‌ വാങ്ങുന്നതായതുകൊണ്ട്‌ ഇപ്പോഴും പലരും സാധാരണ അടുപ്പുതള്‍ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. കാട്ടില്‍ നിന്നോ പറമ്പില്‍ നിന്നോ ശേഖരിക്കുന്ന വിറക്‌ എത്ര ആളിക്കത്തിച്ചാലും വിഷമമില്ല. പലപ്പോഴും പണവുമായി ബന്ധപ്പെടുത്തിയാവും അടുപ്പ്‌ ഉപയോഗിക്കുന്നത്‌. സാധാരണ അടുപ്പുകള്‍ മറ്റടപ്പുകളേക്കാള്‍ പ്രകൃതിക്ക്‌ ചൂടുകൂട്ടുന്നുവെന്ന്‌ പലര്‍ക്കുമറിയില്ല. 
വയനാട്ടിലെ വീട്ടില്‍ അടുക്കളയുടെ മൂലയ്‌്‌്‌ക്ക്‌ രണ്ടുവര്‍ഷത്തിലേറെക്കാലം പരിത്തിന്റെ ഒരു ചൂടാറാപ്പെട്ടിയിരുന്നു. ഒരുപയോഗവുമില്ലാതെ എന്നു പറഞ്ഞു കൂടാ…ശര്‍ക്കരയോ പഞ്ചസാരയോ ഉറുമ്പരിക്കാതിരിക്കാന്‍ പലപ്പോഴും അതിലെടുത്തു വെച്ചു. എന്നാല്‍ ഒരിക്കല്‍ പോലും അതിന്റെ യഥാര്‍ത്ഥ ഉപയോഗമെന്തെന്നറിയാന്‍ മിനക്കെട്ടില്ല. അക്കാലമത്രയും സാധാരണ അടുപ്പില്‍ മണിക്കൂറുകളോളം തീയാളിക്കത്തിച്ച്‌ തന്നെ അരി വെന്തുകൊണ്ടിരുന്നു.

തീരപ്രദേശങ്ങളില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക്‌ ഇടുക്കിയിലെ കുന്നും മലകളുമൊക്കെ കാണുമ്പോള്‍ പേടിയാണ്‌. എല്ലാം കൂടി ഒരു ദിവസം ഇടിഞ്ഞു വീണാലോ എന്ന ഭയം. നിര്‍ത്താതെ പെയ്യുന്ന മഴയും ഉരുള്‍പ്പൊട്ടലുമൊക്കെ ആ പേടിയെ വളര്‍ത്തുന്നുമുണ്ട്‌.

കാഴ്‌ചയ്‌ക്ക്‌ സുന്ദരം. ജീവിക്കാന്‍ കൊള്ളില്ല എന്നൊക്കെ തമാശയായിട്ടെങ്കിലും പറയാറുമുണ്ട്‌. 
ഒരമ്പതുകൊല്ലം കഴിയട്ടെ…കൊച്ചിയും ആലപ്പുഴയും കുട്ടനാടും മിക്കവാറും തീരപ്രദേശങ്ങളും ഭൂപടത്തിലുണ്ടാവില്ലെന്ന്‌ അവരോട്‌ തിരിച്ചും പറയാം.

കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയം ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യന്‍ തീരത്ത്‌ സമുദ്രനിരപ്പ്‌ ഉയരുന്നതിന്റെ തോത്‌ കൂടുകയാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ വര്‍ഷം തോറും 3.1 മില്ലി മീറ്റര്‍ എന്ന തോതിലാണ്‌ സമുദ്രനിരപ്പ്‌ ഉയര്‍ന്നത്‌. രണ്ടായിരം വരെ 1.3 മില്ലീ മീറ്റര്‍ എന്ന തോതിലായിരുന്നു. 2050 തോടെ ഒരുമീറ്റര്‍ ഉയരുമെന്നാണ്‌ സൂചന.

ആഗോളതാപനത്തിന്‌ കാരണം കാര്‍ബണ്‍ഡയോക്‌സയിഡ്‌ അടക്കമുള്ള ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്‌. ഊര്‍ജോത്‌പാദനം, വാഹനഗതാഗതം, ഭക്ഷ്യോത്‌പാദനം തുടങ്ങിയവയാണ്‌ വാതക വ്യാപനത്തിന്‌ മുഖ്യ കാരണം. ഹരിതഗൃഹ വാതകങ്ങളില്‍ ഏറ്റവും അപകടകാരി ‘ചിരിപ്പിക്കുന്ന വാതകം’ എന്നറിയപ്പെടുന്ന നൈട്രസ്‌ ഓകൈ്‌സഡാണ്‌. രാസ വളങ്ങളുടെ പ്രയോഗത്തിലൂടെയാണ്‌ ഈ വാതകം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌. ഹരിത വിപ്ലവം തുടങ്ങിയ അറുപതുകള്‍ മുതലിങ്ങോട്ട്‌്‌്‌ കൃഷിമേഖലയില്‍ നൈട്രോജെനസ്‌ വളങ്ങളുടെ ഉപയോഗം 600 ശതമാനം വര്‍ധിച്ചിട്ടുണ്ട്‌. പ്രധാനമായും യൂറിയ, അമോണിയം സള്‍ഫേറ്റ്‌ തുടങ്ങിയ നൈട്രോജെനസ്‌ വളങ്ങളുടെ ഉപയോഗം മൂലമാണ്‌ നൈട്രസ്‌ ഓകൈ്‌സഡ്‌ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌. ഇതിന്‌ പരിഹാരമായി നിര്‍ദ്ദേശിക്കുന്നത്‌ ജൈവകൃഷിയാണ്‌. ആദ്യവര്‍ഷങ്ങളില്‍ വിളവു കുറഞ്ഞാലും പിന്നീട്‌ മാറ്റമുണ്ടാവുമെന്ന്‌ പഠനങ്ങള്‍ പറയുന്നു. 
(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here