ഡൽഹിയിലെ ഏറ്റവും വലിയ മലയാളി സാംസ്കാരിക മേളയായ മുസ്‌രിസ് കേരള ഫെസ്റ്റിവലിന് നാളെ തുടക്കമാവും. കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളുടെ പൈതൃകങ്ങൾ തിരിച്ചു പിടിക്കലാണ് മുസ്‌രിസ് കേരള ഫെസ്റ്റിവൽ. ജാമിയ മില്ലിയ ഇസ്ലാമിയ മലയാളി വിദ്യാർത്ഥി കൂട്ടായ്മയായ ‘സ്മൃതി’ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഡൽഹി മലയാളികളുടെയും വിദ്യാർത്ഥികളുടെയും ഏറ്റവും ആവേശകരമായ പരിപാടികളിലൊന്നാണിത്. കേരളത്തിന്റെ വൈവിധ്യമായ കലയും സംസ്കാരവും പ്രാദേശിക, ജാതി, മത വേർതിരിവുകളില്ലാതെ ഇടം നൽകുന്ന സ്മൃതി ഡൽഹിയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയിലൊന്നാണ്. 2005 ൽ രൂപീകരിക്കപ്പെട്ട സ്മൃതിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ, സാംസ്കാരിക, സേവന മേഖലകളിൽ നിരവധി പരിപാടികൾ നടന്ന് വരുന്നു
ഫെസ്റ്റിവലിന്റെ മൂന്നാമത്തെ എഡിഷനാണ് നാളെ തുടക്കമാവുന്നത്. രാവിലെ 9 മണിക്ക് എഫ്.ടി.കെ ഓഡിറ്റോറിയത്തിൽ ജാമിയ മില്ലിയ വൈസ് ചാൻസലർ പ്രൊഫ: തലാത് അഹ്‌മദിന്റെ സാന്നിദ്ധ്യത്തിൽ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സച്ചിദാനന്ദൻ ഫെസ്റ്റിവൽ ഉൽഘാടനം ചെയ്യും. ഫുഡ് ഫിയസ്റ്റ കൾച്ചറൽ കാർണിവൽ, ഫിലിം ഫെസ്റ്റിവൽ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്. ഫുഡ് ഫെസ്റ്റിവലിന് കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച വിജയം കണക്കിലെടുത്ത് ഈ വർഷം കൂടുതൽ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. കൂടുതൽ കൗണ്ടറുകളും കേരള കരകൗശലങ്ങളുടെ സ്റ്റാളുകളും ഒരുക്കും.
ഡൽഹിയിലെ മലയാളിയിതര വിദ്യാർത്ഥി സമൂഹത്തിന്റെ മുന്നിൽ കേരള തനിമ വിളിച്ചോതുന്ന ഫെസ്റ്റിൽ നാടൻ പാട്ട്, തിരുവാതിര, മോഹിനിയാട്ടം, ഭരതനാട്യം, ഒപ്പന, വട്ടപ്പാട്ട്, കോൽക്കളി തുടങ്ങിയവക്കൊപ്പം മെഹ്ഫിൽ ഇ സമാ സൂഫി സംഗീത ശിൽപവും നടക്കും. ജാമിയ മില്ലിയ ഫൗണ്ടയിൻ ലോണിലും ഓഡിറ്റോറിയത്തിലുമായി നടക്കുന്ന ഫെസ്റ്റിവൽ ഏപ്രിൽ 12 നാണ് ഫെസ്റ്റിവൽ സമാപിക്കുന്നത്.