ചുവപ്പുകാര്‍ഡ്

3
551

കഥ
മുർഷിദ് മോളൂർ

ആവര്‍ത്തനകാലത്തിനിടക്ക് വേരുണങ്ങിയ ഗുല്‍മോഹറുകളെപ്പോലെ, പലപ്പോഴും അവഗണിക്കപ്പെടാറുള്ളത് ശീലമായതുകൊണ്ട് എനിക്കിപ്പോഴുമൊരു മാറ്റവുമില്ല. എന്തിനും കൂടെ നില്‍ക്കുന്നൊരു കാലം വരാനുണ്ടെന്ന് വെളിപാടുകിട്ടിയ ജനറേഷനാണ് എന്‍റേത്. അതുകൊണ്ട് ഞാന്‍ പറയുന്നതൊക്കെയും അമ്മക്ക് പുതിയകുട്ടികളുടെ വെറും ഭ്രാന്തെന്ന് മാര്‍ക്കിടാനും എളുപ്പമാണ്.

ഒരുക്കങ്ങള്‍ തീരാത്ത റിഹേഴ്സല്‍ സെഷനാണ് ജീവിതമെന്ന് ഞാന്‍ പറയും. തലമുറകളുടെ ശാപവാക്കുകളേറ്റ് പരിക്ഷീണിതനായ പാരമ്പര്യദൈവത്തിന്‍റെ ചിത്രം പറിച്ചെടുത്ത്, ഞാന്‍ പുതിയൊരു ഫോട്ടോ വെച്ചു. അന്ന് രാത്രി ഞാന്‍ പാമ്പുകളെ സ്വപ്നം കണ്ടു. പരാതിക്കാരിയുടെ ന്യായമായ ആവശ്യത്തെ കേള്‍ക്കാന്‍ പോലും മനസ്സില്ലാത്തൊരു കോടതി വരാന്തയിലാണ് ഞാനിക്കുന്നതെന്ന് മനസ്സിലായി. ചുറ്റും കാഴ്ച്ചക്കാരായി നിന്നിരുന്നവരധികവുമിപ്പോള്‍ എന്‍റെ കൂടെ വന്നിരുന്നിട്ടുണ്ട്. കാര്യമവതരിപ്പിക്കാനുള്ള വാക്പരിചയമില്ലെങ്കിലും, പറയ് പറയ് എന്നവരെല്ലാവരുമെന്നെ നോക്കി പറയുന്നുമുണ്ട്.

ഞാനുണരുമ്പോഴേക്ക് അച്ഛന്‍ ജോലിക്ക് പോയിട്ടുണ്ടാവും. അടുത്തത് എണീക്കേണ്ടത് ഞാനാണ്, പിന്നെ അനിയന്‍. ആണായി പിറന്നാല്‍ മതിയായിരുന്നുവെന്ന് തോന്നും, അവനങ്ങനെ കിടന്നുറങ്ങുന്നതുകാണുമ്പോള്‍. മുറ്റമടിച്ചു കഴിഞ്ഞാല്‍ എനിക്കു കുളിക്കാമെന്നാണ് അമ്മയുടെ നിയമം. അതിനിടക്ക് അവനെങ്ങാനുമെണീറ്റാല്‍ അവനാണാദ്യം, പിന്നെ ഞാന്‍. നിന്‍റെ കുളി കഴിഞ്ഞിറങ്ങുന്നതുവരെ അവന്‍ പുറത്തു കാത്തുനില്‍ക്കുന്നത് ശരിയല്ലെന്നതാണ് കാരണം. അനര്‍ഹമായതെല്ലാം നേടിയെടുക്കുന്ന എല്ലാവരോടുമുള്ള ദേഷ്യം എനിക്കവനോടുണ്ട്.

സ്നേഹമെന്നാല്‍ ഇങ്ങനെ വേണ്ടാത്തതൊക്കെ പഠിപ്പിക്കുന്നതല്ലയെന്നും, നല്ല അടികിട്ടാത്തതിന്‍റെ കുറവ് അവനിപ്പേള്‍ തന്നെ കാണുന്നുണ്ടെന്നും ഞാനമ്മയോട് പറഞ്ഞു. അന്നും കുറ്റം മുഴുവനെനിക്കായിരുന്നു. അവനു മാത്രമല്ല, അവന്‍ വാങ്ങിക്കൊണ്ടുവന്ന പട്ടിക്കുപോലും അവനുള്ള പോലെ സ്വാതന്ത്ര്യമുണ്ട് വീട്ടില്‍. പട്ടിക്കു പേരിടാന്‍ വേണ്ടി അമ്മയെല്ലാവരോടും വിളിച്ചുചോദിച്ചു. ഞാനൊരു പേരു പറഞ്ഞുകൊടുത്തത് അവരാരും ശ്രദ്ധിച്ചതുപോലുമില്ല. ഞാനതിനെ എനിക്കിഷ്ടപ്പെട്ട പേരുവിളിച്ചു, എബാക്ക. പക്ഷെ, പട്ടിയും അവരുടെ ടീമിലാണ്. ഞാനതിനെ വിളിച്ചപ്പോഴൊക്കെ, എബാക്ക എന്‍റെ പേരൊന്നുമല്ലെന്ന ഭാവത്തിലതങ്ങനെ നടക്കുന്നു.

അമ്മമ്മയുടെ മരണശേഷം വീട്ടില്‍ ഞാനൊറ്റക്കു വളരുന്നൊരു ചെടിപോലെയായിട്ടുണ്ടെന്ന് എനിക്കു മനസ്സിലായി. പകുതി മാത്രം എഴുതപ്പെട്ട മനോഹര ഗാനം പോലെയാണല്ലോ ഇടയ്ക്കു മരിച്ചുപോയവരുടെ കാര്യം. ശേഷം സംഭവിക്കാനിരുന്നതെല്ലാം അവര്‍ക്കും നമുക്കും നഷ്ടംതന്നെയാണ്. ഓര്‍മ്മകളില്‍ മാത്രം ചിരിക്കാന്‍ കഴിയുന്ന നിസ്സഹായതയിലേക്കാണ് എല്ലാവരും വളരുന്നത്. ഞാനില്ലാതെയായതിനു ശേഷമുള്ള കാര്യങ്ങളൊന്നും അറിയാന്‍ എനിക്കു താല്‍പര്യമില്ലാത്തതുകൊണ്ട്, മരണപ്പെട്ടവരെല്ലാം രക്ഷപ്പെട്ടവരാണെന്ന് ഞാന്‍ സമാധാനിക്കുന്നു. അമ്മമ്മയുടെ മരണം മാത്രം എനിക്കങ്ങനെ തോന്നിയതുമില്ല.

അടിക്കാനോങ്ങി നില്‍ക്കുന്ന അമ്മയെ, വേണ്ട കുട്ടീ എന്നുപറഞ്ഞു തടഞ്ഞുവെക്കാന്‍ അവരിനി വരില്ലയെന്ന സത്യം എനിക്കിഷ്ടമില്ലാത്തതുകൊണ്ടുതന്നെ. അടിക്കുന്നത് അച്ഛനാണെങ്കില്‍ അമ്മയും ഓടി വരാറുണ്ട്. പക്ഷെ, ഇനി മതിയെന്നു പറയാനാണ് അമ്മ വരുന്നത്. അമ്മമ്മയുണ്ടെങ്കില്‍ വേണ്ടടാ എന്ന് പറയുമായിരുന്നു.

ഇന്നലെക്കൂടി അച്ഛനെന്നെ അടിച്ചു, വേദനിച്ചു കരയുന്നത് വരെ അമ്മ ഒരക്ഷരം മിണ്ടിയില്ല.
ڇനിനക്കറിയാത്തതൊന്നുമല്ലല്ലോ.. ഒരു പേപ്പറില്‍ പൊതിഞ്ഞു കൊണ്ടുവരായിരുന്നില്ലേڈ

അമ്മ പറയുന്നതൊക്കെ എനിക്കു മനസ്സിലാവുന്നുണ്ട്. പക്ഷെ അതങ്ങനെയല്ലല്ലോ. വേണ്ടാത്തതെന്ന് തോന്നിയതെല്ലാം അവസാനിപ്പിക്കാന്‍ ബാധ്യതയുള്ള തലമുറയിലെ ഒരംഗം കൂടിയല്ലേ ഞാന്‍. ഞാന്‍ മിണ്ടാതങ്ങനെയിരുന്നു.

നടുവേദനിക്കുന്നുണ്ട്, അടിവയറ്റിനുള്ളില്‍ ഏഴുദിവസങ്ങളുടെ ഞരക്കവും മൂളലുമുണ്ട്. ചൂടുവെള്ളം നിറച്ച വാട്ടര്‍ബോട്ടില്‍ വയറ്റത്തുവെച്ച് ഞാനങ്ങനെ കിടന്നു. ആലോചനകളില്‍ ഇരുട്ടുകയറിയാല്‍ പിന്നെ പകലുകളെല്ലാം വെറുതെയാണ്.
അമ്മയും കൂടെവന്നു കിടന്നിട്ടുണ്ട്. ലോക്ക് ചെയ്യാന്‍ അനുവാദമില്ലാത്ത എന്‍റെ മുറിയിലേക്ക് നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മ കിടക്കാന്‍ വരുന്നത്. ഇന്നിനി സ്വപ്നം കണ്ടാലും പേടിയില്ല, അമ്മയുണ്ടല്ലോ. പാമ്പുകളെ സ്വപ്നം കാണുന്ന പെണ്‍കുട്ടികളെപ്പറ്റി ചിലപ്പോള്‍ അമ്പലപ്പറമ്പിലെ ഉമ്മൂദയുടെ തത്തമ്മക്ക് കുറേ പറയാനുണ്ടാവും. തത്തമ്മ പണിയെടുക്കുന്നു, ഉമ്മൂദ പണം വാങ്ങുന്നു. വരുന്നവരെ മുഴുവന്‍ ചിരിപ്പിച്ചിരുത്താനറിയാമവര്‍ക്ക്.

അടി വാങ്ങിയത് ചെയ്യാത്ത കുറ്റത്തിനാണെങ്കില്‍ പോലും എനിക്കമ്മയുടെ മുഖത്തു നോക്കാന്‍ പോലും കുറേസമയം വേണം. ആളുകളെല്ലാം ഓരോ തരമാണ്, കാര്യം നടന്നു കാണാന്‍ ചിരിക്കാനും കരയാനുമൊരുങ്ങി നില്‍ക്കുന്നവര്‍.

കൂടെ അമ്മയുള്ളത് കൊണ്ട് ഞാനന്ന് തല പുതപ്പിന് പുറത്തേക്ക് വെച്ചു. അല്ലെങ്കില്‍ അവസാനത്തെ ലൈറ്റണയും മുമ്പേ ഞാനുറങ്ങാറാണ് പതിവ്. ഇല്ലെങ്കില്‍, പുറത്തെ പട്ടികളുടെ കരച്ചിലും, കാറ്റിലെ ജനല്‍ശബ്ദങ്ങളും, പറമ്പില്‍ തേങ്ങ വീഴുന്നതും, ദുരെ റോഡില്‍ വണ്ടി പോകുന്നതുമെല്ലാം പേടിയാണ്. സ്വപ്നം കണ്ടുണര്‍ന്നാല്‍ പിന്നെയൊന്നുറങ്ങിക്കിട്ടാന്‍ വേണ്ടിയുള്ള പ്രയാസങ്ങളാരറിയാനാണ്.
ഇരുട്ടുന്നതിന് മുമ്പേ വീട്ടിലെത്തണമെന്ന തറവാട്ടു നിയമം ശീലിച്ചതുകൊണ്ട്, രാത്രിയെ എനിക്കത്രക്ക് പേടിയാണ്.

അമ്മയെന്‍റെ അടുത്തു വന്നുകിടന്നു. അടുക്കളപ്പാത്രങ്ങളുടെ നനവ്, സോപ്പിന്‍റെ മണം, ടൈബര്‍ബാമിന്‍റെ തണുപ്പ്.. അച്ഛനിനി അമ്മയെയും വഴക്ക് പറഞ്ഞിട്ടുണ്ടാവുമോ.
ഇരുട്ടിന്‍റെ പുതപ്പിനകത്ത് വീടുറങ്ങുകയാണ്. വീടിനുമെന്നെപ്പോലെ ഇരുട്ട് പേടിയാണെങ്കിലതെന്തു ചെയ്യും. നക്ഷത്രങ്ങളെല്ലാം പുറത്തുതന്നെയുണ്ടെന്ന ആശ്വാസത്തിലങ്ങനെയിരിക്കുന്നതാണെങ്കിലോ.
څഎന്താണമ്മാچ

അമ്മയൊന്നും മിണ്ടുന്നില്ല. ഫോണിലേക്ക് മെസേജുകളെത്തുന്ന ശബ്ദം. അപ്പുറത്തെ മുറയില്‍ നിന്ന് അച്ഛന്‍റെ കൂര്‍ക്കംവലി. ഉറങ്ങാതെ കിടക്കുന്ന അമ്മയുടെ ശ്വാസഗതികള്‍.
څഉറങ്ങിയില്ലേ നീ സമയമൊരുപാടായിچ
څനാളെ നേരത്തെ എണീക്കണമെനിക്ക്.. പന്തുകളിയുടെ ഫൈനലാണچ്
څഅമ്മ കളികാണാനൊക്കെ തുടങ്ങിയോ..چ
څഅല്ല, അച്ഛനെണീക്കും. ചായ വേണ്ടി വരുംچ

അച്ഛന്‍ മറഡോണയുടെ ടീമാണെന്നെനിക്കറിയാം. ആരോടെങ്കിലും ബെറ്റുവെച്ചിട്ടുണ്ടാവും.
അച്ഛന്‍റെ ബ്രഷ്, പുറത്തെ ലൈറ്റ്, പിന്നെ ഇടക്കിടക്ക് ചായ.. ഫിംഗര്‍പ്രിന്‍റ് സെക്യൂരിറ്റിക്കാലത്തേക്ക് നേരത്തെയെത്തിവരാണിവര്‍. അമ്മയുടെ കൈ തട്ടിയാല്‍ മാത്രം ഉപയാഗിക്കാവുന്ന ഉപകരണങ്ങള്‍. മരിക്കുന്നതിന് മുമ്പ് സ്വന്തമായി ഇതെല്ലാമൊന്ന് ചെയ്തുനോക്കണമെന്ന് ആലോചിക്കുക പോലും ചെയ്യാത്തവര്‍.

അമ്മയുടെ ശബ്ദത്തില്‍ പരാതിയയൊന്നുമില്ലായിരുന്നു. എന്നാലും എനിക്കു സങ്കടം വന്നു. വര്‍ഷങ്ങളായി ഒരേ കാര്യം തന്നെ ചെയ്യേണ്ടിവരുന്നവര്‍.. ലോകമിങ്ങനെയാണെന്ന് വിശ്വസിക്കേണ്ടിവന്നവര്‍. ഉമ്മൂദയുടെ തത്തയെപ്പോലെ കൂട്ടിലങ്ങനെ ജീവിക്കുന്നവര്‍. സമ്മതത്തോടെ മാത്രം പുറത്തിറങ്ങുന്നവര്‍.

څഅടുക്കളയിലെ സ്വിച്ച് ബോര്‍ഡില്‍ ഞാന്‍ നാളെയൊരു ചാര്‍ട്ടെഴുതിവെക്കാം..چ
ഒന്നാമത്തെ സ്വിച്ച് പുറത്തെ ലൈറ്റ്, വലിയ സ്വിച്ച് മോട്ടോര്‍, ബ്രഷ് വാതിലിനു മുകളിലെ കുട്ടയില്‍ ചുവന്നത്..

അമ്മ ചിരിച്ചു. എന്‍റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. ചിലപ്പോള്‍ അങ്ങനെയൊക്കെ അമ്മയും ആഗ്രഹിച്ചുകാണുമായിരിക്കും. അച്ഛന് വേണമെങ്കില്‍ പിന്നെയുമുറങ്ങാം. ഉണരുമ്പോഴേക്ക് ഭക്ഷണമാക്കി വെക്കേണ്ടത് അമ്മയാണല്ലോ..

എങ്ങനെയായിരിക്കും ആളുകള്‍ ഈ നിയമങ്ങള്‍ പഠിച്ചിട്ടുണ്ടാവുക. ആജീവനാന്തം, ഈ ഉത്തരവാദിത്തങ്ങളെല്ലാം തലയില്‍വെക്കാന്‍ മാത്രം ആരാണീ പെണ്ണുങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടാവുക. ഞാനമ്മയെ കെട്ടിപ്പിടിച്ചങ്ങനെ കിടന്നു. സമയം ഒരുപാടായിട്ടുണ്ട്. ഹോസ്റ്റലില്‍ താമസിക്കുന്ന കൂട്ടുകാര്‍ ചിലരിപ്പോള്‍ ഗവര്‍മെന്‍റ് ഹോസ്പിറ്റലിനടുത്ത ചായക്കടയിലേക്ക് നടന്നിട്ടുണ്ടാവും. സമയം ബാധിക്കാത്ത ജീവിതം എനിക്കിപ്പോഴും വെറും ആഗ്രഹം മാത്രമാണ്. ആണ്‍കുട്ടികള്‍ ചിലര്‍ ഇതെല്ലാം പറഞ്ഞ് ഞങ്ങളെ കളിയാക്കാറുപോലുമുണ്ട്. ഒരൊറ്റ ചവിട്ടിന് പൊട്ടിച്ചെടുക്കാവുന്നതല്ല ഇതെല്ലാമെന്നറിഞ്ഞതിനു ശേഷം, ഞാന്‍ വീണ്ടും പഴയ ശീലങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. സ്വപ്നത്തില്‍ നിന്ന് ആ പാമ്പുകള്‍ പുറത്തേക്കിഴഞ്ഞിറങ്ങി. കണ്ണടച്ചാല്‍ സ്വപ്നമായും, ഉണര്‍ന്നിരിക്കുമ്പോള്‍ വാക്കുകളായും ചുറ്റുമിരിക്കുന്ന ചിലര്‍.

څപീയാ..چ
അമ്മയും അമ്മവീട്ടുകാരും മാത്രമാണെന്നെയിങ്ങനെ വിളിക്കുന്നത്. പേരിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ ഞാനെപ്പോഴും കേള്‍ക്കാറുണ്ട്. അച്ഛന്‍റെ വാശി ജയിക്കാതിരിക്കില്ലല്ലോ. ഇങ്ങനെ വിധേയപ്പെടലുകള്‍ കാരണം പിറക്കാതെ പോയ ആഗ്രഹങ്ങളുടെ ശ്മശാനം കൂടിയാണ് ഈ ഭൂമി എന്നു പറയുന്നതില്‍ ഒരു തെറ്റുമില്ല.
സമയമേറെ കഴിഞ്ഞിട്ടും മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ചേച്ചിയേയും അനിയത്തിയേയും കണ്ട് ദേഷ്യം പിടിച്ച ഒരമ്മയുടെ കഥ പണ്ട് അമ്മമ്മ പറഞ്ഞുതന്നിട്ടുണ്ട്. വടിയെടുത്ത് അമ്മ വന്നപ്പേള്‍ രണ്ടുപേരും പോയി മാളത്തിലൊളിച്ചുവത്രെ. രണ്ടു പുറ്റുകളുണ്ടായി. താഴേക്കാവും മേലേക്കാവുമുണ്ടായതങ്ങനെയാണെന്നാണ്.. അസമയത്ത് പുറത്തിറങ്ങിയാല്‍ പാമ്പുകൂടുമെന്നും കേട്ടിട്ടുണ്ട്, ആദ്യമെനിക്കിതൊക്കെ തമാശയായിരുന്നു. ക്ലാസിലൊരുകുട്ടി വന്ന് അവളുടെ കഥ പറഞ്ഞതോടെ എനിക്കും പേടിയായി. രക്തത്തിന്‍റെ മണം പാമ്പുകളെ വിളിക്കുമെന്ന് ടീച്ചറും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ പറമ്പിലൂടെയുള്ള കറക്കം നിര്‍ത്തിയത്. തുമ്പികളും പൂമ്പാറ്റകളുമെല്ലാം എന്‍റേതല്ലാതായി, എന്‍റെ ചെടികളെല്ലാവരും ഒറ്റക്ക് വളരാനും പഠിച്ചു.

അമ്മയിപ്പോഴും ഉറങ്ങിയിട്ടില്ല. ചിലപ്പോഴൊക്കെ അടി വാങ്ങുന്നതിനേക്കാള്‍ പ്രയാസം, അതിനു ശേഷമുള്ള വിശദികരണം കേട്ടുനില്‍ക്കലാണെന്നതിനാല്‍ ഞാന്‍ വേഗം ഉറങ്ങാനൊരുങ്ങി. അമ്മ വെറുതെയിങ്ങനെ വന്ന് കിടക്കാനൊരു സാധ്യതയുമില്ലയെന്നെനിക്കറിയാമായിരുന്നു. എന്തോ പറയാനുണ്ടാവും. ഞാനെന്‍റെ കാര്യങ്ങളധികവും അമ്മയോട് പറയാറുണ്ടെങ്കിലും അമ്മ കൂടുതലൊന്നുമെന്നോട് പങ്കുവെക്കാറില്ല. എല്ലാം മനസ്സിലടക്കിപ്പിടിക്കാനുള്ള ശക്തിയെനിക്ക് ദൈവം തന്നിട്ടുണ്ടെന്ന് പറയും.

എന്‍റെ മുഖത്തേക്ക് നോക്കാതെ അമ്മ പറയാന്‍ തുടങ്ങി.
എന്‍റെ കല്ല്യണം കഴിഞ്ഞ്, നാലു മാസങ്ങള്‍ക്ക് ശേഷമാണെന്നു തോന്നുന്നു പന്തുകളി തുടങ്ങി. അന്ന് ഈ നാട്ടില്‍ തറവാട്ടിലും പിന്നെ മരിച്ചുപോയ ചന്ദ്രേട്ടന്‍റെ വീട്ടിലും മാത്രമേ ടി.വിയുള്ളൂ. അവരുടെ ടീച്ചര്‍ ഭാര്യയുടെ സ്വാഭാവമെല്ലാവര്‍ക്കുമറിയുന്നത് കൊണ്ട് ആരുമതികമങ്ങോട്ട് പോവാറില്ല. പിന്നെയുള്ളത് ഇവിടെയാണ്. വൈകുന്നേരമാവുമ്പോഴേക്കും ഇവിടെ ആളുവന്നു തുടങ്ങും. അവരെയെല്ലാം സ്വീകരിക്കാന്‍ നില്‍ക്കുന്ന നിന്‍റെ അച്ഛനും. കളി തുടങ്ങിയാല്‍ ബഹളവും കൂവലുമായി. ചിലപ്പോഴൊക്കെ അടിപിടിയുമുണ്ടാകും. വരുന്നവര്‍ക്കൊക്കെ ചായയിട്ടു കൊടുക്കലായിരുന്നു എന്‍റെ പണി. ഓരോരുത്തര്‍ക്കും ഓരോ തരം ചായ വേണ്ടിവരും. ചിലര്‍ക്ക് ചില്ലു ഗ്ലാസു തന്നെ വേണം.

നിന്‍റച്ഛന്‍റെ അന്നത്തെ ഉത്സാഹം കണ്ട് എനിക്ക് ചിലപ്പോള്‍ ഭ്രാന്തുപിടിക്കും.. വീട്ടില്‍ ആളുകള്‍ വരുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം അമ്മമ്മക്കും ഇഷ്ടമായിരുന്നു.
അപരിചിതരായ കുറേ ആളുകള്‍. ഞാനുണ്ടാക്കിയ ചായയെപ്പറ്റി അവര്‍ അച്ഛനോട് പറയുന്നത് അകത്തിരുന്നാല്‍ കേള്‍ക്കാമായിരുന്നു.

അമ്മ പഴയ കഥകള്‍ പറയാന്‍ കണ്ടൊരു നേരം..
എല്ലാം സഹിക്കാമായിരുന്നു. പക്ഷെ ഉറക്കമൊഴിക്കുന്നത് കഷ്ടമാണ്.. കളിക്കാലം കഴിയാറപ്പോഴേക്ക് എനിക്ക് മാസമുറയായി. നമ്മള്‍ അനുഭവിക്കുന്നത് വേറൊരാള്‍ക്കും പറഞ്ഞാല്‍ പോലും മനസ്സിലാവില്ലല്ലോ. പിന്നെ അടുക്കളയില്‍ കയറുന്നത് അമ്മമ്മക്ക് ഇഷ്ടമല്ല. ഞാനോരോടുമൊന്നും പറഞ്ഞില്ല. ഒന്നുരണ്ടു ദിവസം കഴിഞ്ഞ് കാര്യമറിഞ്ഞപ്പോള്‍ പിറ്റേന്ന് അമ്മമ്മയെന്നെ വഴക്കു പറഞ്ഞു. എന്നെ മാത്രമല്ല, നിന്‍റച്ഛനേയും.

അന്നു ഞാന്‍ പുറത്തെ മുറിയിലാണ് കിടന്നത്. ഉപയോഗിക്കാതെ കിടക്കുന്ന പത്തായത്തിനകത്ത് എലികളേടുന്ന ശബ്ദം.. കീറത്തുണികളുടെ മണം.. മാറാല കെട്ടിയ ചുമരുകള്‍, ചിതലുപിടിച്ച ജനാലയും വാതിലും. എന്‍റെ വീട്ടില്‍ ഞങ്ങളാരുമങ്ങനെ മാറിക്കിടക്കാറില്ല.

കളിയുടെ അവസാനത്തെ ദിവസമായി. നിവൃത്തിയില്ലാതെ നിന്‍റച്ഛന്‍ അടുക്കളയില്‍ കയറി.
നിനക്കിതൊക്കെയറിയുമെങ്കില്‍ ആ കുട്ടിക്കിത്തിരി സൗര്യം കൊടുത്തൂടെയെന്ന് അമ്മമ്മ കളിയാക്കി. വന്നവര്‍ക്കൊക്കെ കാര്യം പിടകിട്ടിയെന്നെനിക്ക് തോന്നി. ചായക്കെന്താണൊരു മാറ്റമെന്ന് ചിലരൊക്കെ അന്വേഷിച്ചു.
അവസാനത്തെ കളിയും കഴിഞ്ഞ് നിന്‍റച്ഛനെന്‍റെയടുത്ത് വന്നു.. ആളൊഴിഞ്ഞ പൂരപ്പരമ്പുപോലെയായിരുന്നു മുറ്റം. പേപ്പറുകള്‍, പൊട്ടിയ പടക്കങ്ങള്‍, ഇരുന്നിടത്ത് വെച്ചിട്ടുപോയ ഗ്ലാസുകള്‍..
څനിങ്ങളുടെ ടീമിന് കപ്പു കിട്ടിയോ..چ
څഇല്ല..چ

എനിക്കതറിയാമായിരുന്നു. അവര്‍ തോറ്റ അന്നാണ് നമ്മുടെ ചുമരിലാരോ കാത്തിരിപ്പു കേന്ദ്രം എന്നെഴുതിവെച്ചത്. കയ്യക്ഷരം നോക്കി ആളെപ്പിടിച്ചതും കവലയില്‍ അടി കൂടിയതുമെല്ലാം അമ്മമ്മയും അറിഞ്ഞിരുന്നു.

څഇന്നാരാണ് തോറ്റത്..چ
കളിയെപ്പറ്റി അറിയാനൊന്നുമല്ല. ഒറ്റക്ക് വെറുതെയിരുന്നു മടുത്തതുകൊണ്ട് ഞാനോരോന്ന് ചോദിച്ചു.

വയസ്സറിയിച്ചതിന്‍റെ ആദ്യ ദിവസമെനിക്കോര്‍മ്മയുണ്ട്. പറമ്പിലെ എല്ലാ ചെടികളെയും ഞാനന്ന് തൊട്ടുതൊട്ടു നടന്നു. എല്ലാവരും സന്തോഷത്തോടെ കൂടെ നിന്നു. മാസങ്ങളും ആവര്‍ത്തനങ്ങളും എനിക്ക് മടുപ്പ് തോന്നി. ആദ്യമായി പുത്തിറങ്ങിയ എന്‍റെ മള്‍ബറിയെ ദൂരേന്ന് നോക്കിനില്‍ക്കാനേ എനിക്കായതൊള്ളൂ. പറമ്പിലേക്കിറങ്ങിയാല്‍ അരക്കെട്ടിലേക്ക് പാമ്പുകയറുമെന്ന് പറഞ്ഞതന്ന് അമ്മയായിരുന്നു.
പേടികളെക്കൊണ്ട് ചുറ്റുമതില്‍ കെട്ടിയാല്‍ മനുഷ്യനെ നിയന്ത്രിക്കാനാവുമെന്നതറിയാവുന്നവരായിരിക്കണം ഇതിനൊക്കെ പിന്നില്‍. എനിക്ക് പേടിക്കാതിരിക്കാന്‍ ഒരു കാരണവും കാണിക്കാതെ അവരിപ്പോഴും പിന്നാലെയുള്ളതുപോലെ.

څസിദാന് ചുവപ്പു കാര്‍ഡ് കിട്ടി, ഇറ്റലിക്ക് ലോകകപ്പ്چ
നിന്‍റച്ഛന്‍ പറഞ്ഞു.

പ്ലസ് വണ്ണിലേക്ക് ഞങ്ങളുടെ കൂടെ വന്നു ചേര്‍ന്ന റബാബ മെഹക് നല്ല ഫുട്ബോളറാണ്. അവള്‍ വന്നതിനു ശേഷം എനിക്കും പന്തുകളിയെപ്പറ്റി കുറച്ചൊക്കെ അറിയാം. അമ്മ പറയുന്ന കഥയില്‍ അച്ഛന്‍റെ പഴയ രൂപം സങ്കല്‍പ്പിച്ച് ഞാനങ്ങനെ കേട്ടുകിടന്നു. പത്തുവരെ ഖത്തറില്‍ പഠിച്ചതിന്‍റെ മാറ്റമുണ്ട് ഞാനുമവളും. വൈകുന്നേരമായാല്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കളിക്കാനവളുമിറങ്ങും.
ചുവപ്പു കാര്‍ഡ് കിട്ടിയാല്‍ പിന്നെ കളിക്കാന്‍ പാടില്ലയെന്നെനിക്കറിയാം.. പാതിരാക്ക് ഉറങ്ങാതെ കിടന്ന് അമ്മയും മകളും പന്തുകളിയെപ്പറ്റി സംസാരിച്ചിരിക്കുകയാണ്.

څഎന്തിന്چ
നിന്‍റച്ഛനോട് ഞാന്‍ ചോദിച്ചു.
څമറ്റരാസിയെ തലകൊണ്ടിടിച്ചിട്ടതിന്چ
څഅങ്ങനെയൊക്കെയുണ്ടാവുമോ..چ
څജയിക്കാന്‍ വേണ്ടിയല്ലേ.. അവരെന്തു ചെയ്യുംچ

കളി എന്നു പറഞ്ഞാല്‍ വെറും കളിയല്ലയെന്നും, അതിമനോഹര കാഴ്ച്ചയൊരുക്കുന്ന യുദ്ധമാണെന്നും ഞാനാലോചിച്ചു.

ഞാനേതായാലും കളി കാണാതിരുന്നത് നന്നായി. അടിപിടി കൂടുന്നതു കാണാനൊന്നും എനിക്കുവയ്യ. സിനിമയിലെപ്പോലെ അഭിനയിക്കുകയല്ലല്ലോ അവര്‍.
സിദാനെ കളിയാക്കിയാതിനാണ് പ്രശ്നങ്ങളുണ്ടായതെന്ന് അറിഞ്ഞു. രണ്ടു ടീമുകള്‍ രണ്ടു കളിക്കാരിലേക്ക് ചുരുങ്ങുന്നതിന് ലോകം മുഴുവന്‍ കാണികളായി.

څകളി കഴിഞ്ഞാല്‍ ഞാനീ ജഴ്സിയൂരിത്തരാം..چ
സിദാന്‍ പറഞ്ഞുവത്രെ.
څഅയ്യേ.. വെണമെന്നില്ല. പകരം നിന്‍റെ അനിയത്തിയെ തരാമോ..چ
മറ്റരാസിയുടെ ചോദ്യം.

അങ്ങനെ പറഞ്ഞോ.. ഞാന്‍ ചോദിച്ചു
അതെയെന്ന് നിന്‍റച്ഛന്‍ പറഞ്ഞു.

കളി ജയിക്കാന്‍ ഏതറ്റം വരെയും പോവാനുള്ള ഡിഫന്‍ററുടെ ബുദ്ധിയുപയോഗിച്ച് അയാല്‍ സിദാനെ ചലഞ്ച് ചെയ്തു, പ്രകോപനം.
ചുറ്റുമുള്ള പതിനായിരക്കണക്കിന് കാണികള്‍ അയാളുടെ കണ്ണിലില്ലാതെയായി. വീട്ടിലെ ഹാളിലിരുന്ന് പ്രിയപ്പെട്ടവര്‍ക്കൊപ്പം രാജ്യത്തിന്‍റെ കളി കാണുന്ന പെങ്ങളുടെ ചിരിമുഖം മാത്രം മനസ്സില്‍ തെളിഞ്ഞു. മൈതാനത്തിന്‍റെ ഒരു ഭാഗത്ത് പ്രദര്‍ശനത്തിനു വെച്ച സ്വര്‍ണ്ണക്കപ്പിനേക്കാള്‍ അവള്‍ക്ക് മാറ്റ്കുടുമെന്ന് അയാളറിഞ്ഞു.

څപീയാ..چ

എലികളോടുന്ന മുറിയില്‍ എന്നെ കിടത്തിയുറക്കിയ അതേ ആളാണ് സിദാനുവേണ്ടി സംസാരിക്കുന്നത്. ആണത്തവും പെങ്ങള്‍ സ്നേഹവും പറയുന്നത്..
അള്‍ജീരിയയിലെ കുടിയേറ്റക്കാലത്തിന്‍റെ ചവര്‍പ്പുള്ള ദിനരാത്രങ്ങളെ ഓര്‍ത്തു. ഒന്നുമല്ലാതെ നടന്ന കാലത്ത് കൂടെ നിന്നവരുടെ വിയര്‍പ്പിനെ അയാള്‍ തന്‍റെ ജഴ്സിയില്‍ കണ്ടു.
ഒരൊറ്റ ഹെഡര്‍.. മറ്റരാസിയുടെ നെഞ്ചത്തേക്ക്.

ആരവങ്ങളടങ്ങി മൂകമായൊരു മൈതാനത്ത് തലയുയര്‍ത്തിപ്പിടിച്ച് അയാള്‍ പുറത്തേക്ക് നടന്നു.
കഥ പറയുന്നത് അമ്മയാണെന്നത് ഞാന്‍ മറന്നു. എന്‍റെ മനസ്സില്‍ തലമൊട്ടയടിച്ചൊരാള്‍ മാത്രമായിരുന്നു.

ഇറ്റലിയാണ് ജയിച്ചതെന്ന് എനിക്കോര്‍മ്മയുണ്ട്. ക്വിസ്സിനു വേണ്ടി പഠിച്ചതായിരുന്നു. ബ്രസീല്‍, ഇറ്റലി, സ്പൈന്‍, ജര്‍മനി, പിന്നെ ഫ്രാന്‍സ്. അടുത്ത കളി നടക്കുന്നത് ഖത്തറിലാണെന്നും ഞാനങ്ങോട്ട് കളി കാണാന്‍ പോവുമെന്നും റബാബ പറയാറുണ്ടായിരുന്നു.

ഞാനെണീറ്റു നിന്നു. വയറ്റത്തു പിടിച്ച കുപ്പിയിലെ വെള്ളം തണുത്തിട്ടുണ്ട്. വേദന ഞാന്‍ മറന്നു. കൂടെ നില്‍ക്കാന്‍ പോലും ആരുമില്ലാതെ, ഒറ്റക്കനുഭവിച്ച കഥ പറഞ്ഞ അമ്മ ഉറങ്ങാന്‍ കിടന്നു.ഞാന്‍ വാതിലിനു പുറത്തേക്ക് കടന്നു. എനിക്കു ചുറ്റും കാണികളും ആരവങ്ങളുമുണ്ട്. ദുഖങ്ങളും വേദനകളും അടിഞ്ഞുകിടന്ന് പാറപോലെയുറച്ചുവരുന്ന മനസ്സ്. എനിക്കു മുന്നില്‍ മറ്റരാസിയുടെ രൂപം. നാലടി നടന്നുവന്ന് ഞാനയാളുടെ നെഞ്ചിലേക്കിടിച്ചു. പിന്നെ വലതു കൈ ഉയര്‍ത്തിപ്പിടിച്ച് അച്ഛന്‍റെ മുറിക്കു നേരെ തിരിഞ്ഞുനിന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here