മുലയില്ലാത്തവൾ

0
466

കവിത
പ്രഭ ശിവ

ഒരുവളുടെ
കേടുവന്ന മുലകൾ
മുറിച്ചു മാറ്റുമ്പോൾ
കാറ്റിലും പ്രളയത്തിലുമകപ്പെട്ട്
ഒരു മരം കടപുഴകി വീഴുന്നതു പോലെ
തോന്നും.
വിഷാദ സമുദ്രങ്ങളുടെ
അലയാഴികളിൽ
ഉരുണ്ടു കൂടുന്നതായും,
നിശബ്ദതയ്ക്ക്
കാതോർത്തു കൊണ്ട്
കോശങ്ങളുടെ
രക്തക്കുഴലുകളിൽ
ശ്വാസ വേഗങ്ങൾ
കിതച്ചു തളരുന്നതായും തോന്നും.
ഉന്മാദങ്ങളിലേക്ക്
നടന്നുകയറാനാവില്ലല്ലോ
എന്ന ആശങ്കയാൽ
ലോകം മുഴുവനും
അപരിചിതമായ നഗരങ്ങളിൽ
നിലതെറ്റി വീഴുന്നതായി തോന്നും.
വിറയ്ക്കുന്ന ചുണ്ടുകളോടെ
അകമഴിഞ്ഞു സ്നേഹിച്ചൊരാൾ
രതി ദാഹത്തോടെ
ഇരുട്ടിന്റെ കുളത്തിലേക്ക്
മുങ്ങാങ്കുഴിയിടുന്നതായും.
മോഹങ്ങൾ ചുരത്തുന്ന
മുന്തിരിവള്ളികൾക്കായി
തിരയുന്നതായും തോന്നും.
ഉടലുകൾ
വിരസതയുടെ കൊത്തേറ്റ്
അതിദാരുണമായി
പിടഞ്ഞ് പിന്മാറിയതായും
ആൾ താമസമില്ലാത്ത വീടുകളെ
മതിൽ കെട്ടി തടഞ്ഞു നിറുത്തുന്നതായും
തോന്നും.
ഹൃദയത്തിൽ തൊടാതെ
ശരീരങ്ങളെ മാത്രം
ആഗ്രഹിക്കുന്നവർക്കിടയിലൂടെ
ഇടി വെട്ടലേറ്റ് കരിഞ്ഞുണങ്ങിയ
ഒരു ശലഭം വൈകൃതങ്ങളൂടെ
ആഴങ്ങളിലേക്ക്
എരിഞ്ഞടങ്ങിയതായും തോന്നും.

prabha siva

പ്രഭ ശിവ
ബാംഗ്ലൂരിൽ താമസിക്കുന്നു.
ചില കവിതാസമാഹാരങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും കവിതകൾ അച്ചടിച്ചു വന്നിട്ടുണ്ട്.
ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here