കവിത
മൃദുൽ വി എം
നല്ലുരുണ്ട ശർക്കരയുണ്ട
ചെത്തിയടർത്തി
തുമ്പിയും കാലും
ചെവിയും വാലും
കുറുകണ്ണും മിനുക്കി
മധുരശില്പമുണ്ടാക്കി
വെക്കുന്നൊരു പെൺകുട്ടി
പുഴയ്ക്കിക്കരെ
ഏറെക്കുറെ
അദൃശ്യയായി താമസിക്കുന്ന
കഥയെനിക്കറിയാം..
പുഴയ്ക്കക്കരെ കറുംകാട്!
പുകമഞ്ഞ് പാളികൾ വലിച്ചിട്ട്
കാഴ്ച്ചയിൽ നിന്നു
മറഞ്ഞ് ജീവിക്കുന്നോണ്ട്
ഒരു ശർക്കരയുണ്ട കിട്ടാൻ
അവള് നല്ലോണം കഷ്ടപ്പെട്ടിരുന്നു…
കറുത്ത, മിനുസമുള്ള
ഉറച്ച, മധുരമുള്ള
ശർക്കരയുണ്ടകൾ
അവൾക്കെത്തിച്ചു കൊടുക്കുന്നത്,
ആരാണെന്ന്
ഈ കഥ പറഞ്ഞു തന്നയാൾക്ക് അറിയില്ല!
പറ്റുമ്പോഴൊക്കെയും
അവൾ,
മധുരിക്കുന്ന
പെണ്ണാനകളെ
ഉണ്ടാക്കിയിരുന്നതായാണ്
അയാളും കേട്ടിരുന്നത്…
അതിശയമതല്ല,
ഉറുമ്പുകൂട്ടം വന്നു പൊതിയുംമുൻപ്
അവളാ ആനയുടെ
മസ്തകത്തിൽ മാത്രം
ഒന്ന് നക്കി നോക്കി
പുഴയിലേക്കിറക്കി വച്ച്
“നീയെറങ്ങി പൊയ്ക്കോ”
എന്ന് പറഞ്ഞിരുന്നു!
അതു കേട്ടതും…
പുഴയിറങ്ങിയ ആന
ഒന്ന് തിരിഞ്ഞു നോക്കി
ഒറ്റ പോക്കാണ്…
നനഞ്ഞിടത്തൊക്കെ
അതിനു വലിപ്പം വച്ചു വരും..
മീനുകളെത്തൊട്ട്
അത് ചിന്നംവിളിക്കും…
ഇറയത്തിരുന്നാൽ
അവൾക്കത് കാണാം..
ഇത്ര ഭംഗിയായി
ആരാണവളെ
പെണ്ണാനകളെയുണ്ടാക്കാൻ
പഠിപ്പിച്ചതെന്ന്,
അവൾ അദൃശ്യയായിരിക്കുന്ന
ഈ ഇറയത്തിരുന്ന്
ഓർത്തതും,
വലിച്ചിട്ട പോലെ
ഒരു കോട വന്ന്
പുഴയെത്തന്നെ മൂടിക്കളയുന്നു!

…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.