ഉമ്മയും മോളും പരത്തുന്ന നിലാച്ചിരിയുടെ കഥ

0
580

ലോക മാതൃദിനം

ഷാദിയ പി.കെ

കഴിഞ്ഞ 19 വർഷമായി ന്റെ ഉമ്മവേഷം കെട്ടുന്നൊരു പെണ്ണുണ്ട്. നിറയെ ചിരിയുള്ള നിലാവ് പോലൊരു പെണ്ണ്. തന്റെ 22 മത്തെ വയസ്സിൽ മൂന്നാമത്തെ കുഞ്ഞായി എന്നെ പെറ്റു പോറ്റിയവൾ… അഞ്ചാം മാസത്തിൽ വയറ്റിലെ കുഞ്ഞ് വളർച്ചയെത്താതെ ജനിക്കാൻ പോകുന്നതറിഞ്ഞിട്ടും അലറി വിളിക്കാതെ സധൈര്യം വിധിയെ ചിരിച്ചു കൊണ്ട് നേരിട്ടവൾ… അസുഖത്തെ തുടർന്നുണ്ടായ രോഗബാധയാൽ എന്നെ പുറത്തെടുത്തിട്ടും വളർച്ച പൂർത്തീകരിക്കാൻ രണ്ടാമതും ഉദരത്തിൽ പേറിയവൾ. എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തി പത്താം ദിവസം സ്റ്റിച്ചുക്കൾ പൊട്ടിച്ച് വീണ്ടും ഞാൻ ഭൂമിയെ പുൽകീട്ടും വെറുക്കാതെ, ശപിക്കാതെ എന്നെ നെഞ്ചോടണച്ചവൾ… ഇപ്പോഴും എനിക്കായ് കിതക്കുന്നൊരു ഖൽബ് പേറുന്നവള്…

ഷാദിയ പി.കെ

ന്റെ വല്ലിമ്മാന്റെ ഭാഷേൽ പറയാണേങ്കിൽ ഓന്തിൻ കുഞ്ഞു പോലൊന്നായിരുന്നെത്രെ ഞാൻ. പൊതിഞ്ഞു സൂക്ഷിച്ചാൽ അതിനിടയിൽ ഞാനുണ്ടോ എന്നറിയാൻ തുണി നീക്കി തുറന്നു നോക്കേണ്ട അത്രയും മെലിഞ്ഞത്. ഇരു ചെവികളും ഇല്ലാതെ മെഡിക്കൽ പ്രദർശനത്തിൽ കാണുന്ന കുപ്പിയിലിട്ടു വെക്കുന്ന കുഞ്ഞ് ഇതിനെക്കാൾ ആരോഗ്യം തോന്നിക്കുമായിരുന്നെത്രെ. ഒരിക്കൽ കുളിപ്പിക്കുന്നതിനിടയിൽ കഞ്ഞി പാട പോലെ എന്തോ കയ്യിൽ തടഞ്ഞു പതിയെ പൊളിച്ചു നോക്കുമ്പോ അതെന്റെ ചെവിയായിരുന്നെത്രെ. കരയാനും കമിഴ്ന്നു വീഴാനും കഴുത്തുറക്കാനുമടക്കം സകലതും വൈകീട്ടും എന്റുമ്മ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞല്ലോ എന്തു ക്ഷമയാണവൾക്ക്…

കീറീട്ട് തുന്നി കൂട്ടിയ ചാക്ക് വീർത്തതു പോലെയാണെന്റെ ഉമ്മാന്റെ വയറിപ്പോഴും. വെളുത്ത് മെലിഞ്ഞ്… ചിരിച്ചാൽ നുണക്കുഴിയുള്ള പല്ലു കാട്ടി ചിരിച്ചാൽ അതിലേറെ മൊഞ്ചുള്ള, പാല് പോലെ വെളുത്തൊരു പെണ്ണായിരുന്നെന്റെ ഉമ്മ. കുഞ്ഞ് കറുത്താലും മെലിഞ്ഞാലും വിഷമിക്കുന്ന കൊന്നു കളയാൻ പോലും മടിയില്ലാത്ത അമ്മമാരുള്ള ലോകത്തിലെ തന്നെ ഒരുത്തിയെയാണ് ഞാനീ വിധമാക്കുന്നത്, അവൾക്കാണ് എന്നെ പോലെ ഒരു കുഞ്ഞിനെ കിട്ടുന്നത്…

എന്നിട്ടും കാലം വീണ്ടുമുരുണ്ടു. വിഷുവും വർഷവും വന്നും പോയുമിരുന്നു. നടക്കാത്ത കുഞ്ഞിനെയും കൊണ്ട് അവളാശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് ഓടി. കാലെടുത്തു വെക്കാത്ത എന്റെ കാലുകൾ ഓരോന്നായി നീക്കി വെച്ചു നടന്നു തുടങ്ങിയപ്പോൾ ഭയം കൊണ്ട് ഉമ്മയിലെക്ക് ചുരുങ്ങുമ്പോൾ മുട്ടോളം കുനിഞ്ഞ് കൈ വട്ടത്തിൽ ചുറ്റി വെച്ച് അവളും എന്റെ കൂടെ പിച്ച വെച്ചു. അങ്ങനെ എത്ര കാലം… മുഷിപ്പു കലരാതിരിക്കാൻ കഥ മധുരം കാതിലിറ്റിച്ചു ആ മധുരവും പേറിയാണല്ലോ പെണ്ണെ ഈ ദൂരമത്രയും ഓടിയത്.

കുഞ്ഞാവ രണ്ടടി നടന്നു ട്ടോ എന്ന് നാട്ടിലെക്ക് ആശുപത്രിയിൽ നിന്ന് വിളിച്ച് പറയാൻ വേണ്ടി മാത്രം അവളെത്ര നോവ് തിന്നിരിക്കണം. പൊടിക്കുഞ്ഞുങ്ങളായ മറ്റു രണ്ടു പേരേ നാട്ടിൽ വിട്ട് പോരുമ്പോൾ ആ നെഞ്ചെത്ര കലങ്ങിയിരിക്കണം.

ഒന്നാം ക്ലാസു മുതൽ ഏഴു വരെ മുടങ്ങാതെ എന്നോടൊപ്പം സ്ക്കൂളിൽ ഹാജർ വെച്ചവളാണ്. ( സാധാരണ സ്കൂൾ ആയിരുന്നിട്ടു പോലും ) സ്കൂളിലെ ഫെസ്റ്റ് തിരക്കുകളിൽ ഞാൻ ഒറ്റപ്പെടുമെന്ന് ഭയന്നു മാത്രം എത്ര പരിപാടികളിലാണ് നിങ്ങള് സജീവ സാന്നിധ്യമായത്. മൈക്ക് കണ്ടാൽ വിറക്കുന്ന നിങ്ങൾ എത്ര വേദികളിലാണ് എന്റെ കരുത്തായത്. പലയിടത്തും കരഞ്ഞും പതറിയും വാക്കിടറിയും ഇറങ്ങി വരുമ്പോൾ നീ അടി പൊളിയാക്കിയല്ലോ എന്ന് പറയാൻ മാത്രം ഓടി വന്നവള്…. ഇന്നിതാ ഉമ്മാന്റെ മോള് കാശു വാങ്ങി സെഷൻ ചെയ്യുന്ന മോട്ടിവേഷണൽ സ്പീക്കറാണ്. ഇങ്ങളല്ലാതെ ആരാണ് ഇത്രയും ക്ഷമയോടെ ഓരോ ഫലങ്ങളെയും കാത്തിരിക്കുന്നത്.

ഇടക്ക് ഉമ്മാന്റെ കുഞ്ഞ് കിടന്ന് പോയതോർക്കുന്നുണ്ടോ, പ്രസവിച്ച് കയ്യിൽ കിട്ടിയ കുഞ്ഞിനെ പോലെ കിടന്നയിടത്ത് മലമൂത്രാദികൾ ഒഴുക്കിവിടുന്ന, രാത്രിയോ പകലെന്നോ ഇല്ലാതെ ഉറങ്ങാതിരിക്കുന്ന, കട്ടിലിനറ്റത്ത് ആരെങ്കിലുമൊന്നിരുന്നാൽ പോലും വാവിട്ടു കരഞ്ഞിരുന്ന ഉമ്മാന്റെ മോള്

അന്നും ഉറങ്ങാതെ ഊട്ടിയതും ധൈര്യമായതും നിങ്ങളായിരുന്നല്ലോ… തനിയെ ഞെട്ടിക്കൊണ്ടിരിക്കുന്ന എനിക്ക് വേണ്ടി കാൽ മുട്ടിൽ കൈയ്യമർത്തി വെച്ച് നിങ്ങളെത്ര രാത്രികളെയാണ് കൊന്നു കളഞ്ഞത്. പഴയതിനെക്കാൾ പാട് പെട്ടല്ലെ നിങ്ങളെന്നെ വീണ്ടും നടത്തിച്ചത്. കഴിയില്ലുമ്മാ ഇനിക്ക് നടക്കണ്ടാന്ന് പറഞ്ഞപ്പോ ഇതാ രണ്ടടി കൂടിയെന്ന് പറഞ്ഞ് കരുത്തായത്.

ഉമ്മ വളർത്തിയ ഉമ്മാന്റെ മോളോട് പലരും ചോദിക്കാറുണ്ട് ഇൻസ്പിരേഷൻ ആരാണെന്ന്. സകലതും ഇൻസ്പയർ ചെയ്യാറുണ്ടെങ്കിലും അവരെല്ലാം ഇന്ന് കാണുന്ന ഷാദിയിലേക്ക് വിദൂര പ്രതീക്ഷ പോലുമില്ലാതിരുന്നിട്ടും സകല തളർത്തലുകളെയും എതിർത്ത് വളർത്താൻ തീരുമാനിച്ച ഉമ്മയും ഉപ്പയുമല്ലാതെ ആരാണ് എനിക്ക് ധൈര്യമാവുക. എനിക്ക് പോലും പ്രതീക്ഷയില്ലാത്തിടങ്ങളിൽ അവൾ അവളെ നൽകി ജീവിതവും സകല ചൂരുകളുമിറ്റിച്ച് ശ്രമിക്കുകയായിരുന്നല്ലോ ഇപ്പോഴും പരിശ്രമിക്കുകയാണല്ലോ…

ഇന്നെന്നെ ആരാധിക്കുന്ന, സ്നേഹിക്കുന്ന സകല മനുഷ്യർക്കും ഇഷ്ട്ടപ്പെടാനും കൂടെ നിർത്താനും കാരണങ്ങളുണ്ട് അന്ന് നിങ്ങളെന്നെ ചേർത്ത് വെക്കുമ്പോ ജീവിതവും സ്വപ്നങ്ങളും സുഖങ്ങളും സകലതും നഷ്ടമാവുകയായിരിരുന്നല്ലോ… എന്നിട്ടും നിങ്ങളെങ്ങനെയാ നിറഞ്ഞു ചിരിക്കുന്നത്, കരളു പകുത്ത് സ്നേഹിക്കുന്നത്… ഒരിക്കലും കരഞ്ഞു കണ്ടില്ലല്ലോ ഞങ്ങളാരും ഇടി വെട്ട് പോലെ നാഥൻ തന്ന എല്ലാ പരീക്ഷണ ക്കാലങ്ങളെയും നിങ്ങളെത്ര മധുരമായാണ് കുടിച്ചു വറ്റിച്ചത് ഒന്നും നേടിയില്ലെങ്കിലും, സ്വപ്നം കണ്ട പോലെ ടീച്ചറായില്ലെങ്കിലും നിറയെ വായിക്കാൻ പറ്റിയില്ലെങ്കിലും ഒന്നുമായില്ലെങ്കിലും നിങ്ങള് ഒരു ഭിന്നശേഷിക്കാരിയുടെ ഉമ്മയാണല്ലോ എന്റെ കരുത്താണല്ലോ… ആർക്കൊക്കെയോ മാതൃകയാണല്ലോ… നിലാവാണല്ലോ ന്റമ്മാക്ക് ഖൽബീന്ന് ഉമ്മ ദിനാശംസകൾ… ഇനിയുമിനിയും എന്റെതായിരിക്ക്.

(ഇത് എന്റുമ്മാനെ കുറിച്ച് മാത്രമല്ല തന്റെ കുഞ്ഞിന്റെ കുഞ്ഞു മാറ്റങ്ങൾക്ക് വേണ്ടി കാലങ്ങളോളം പരിശ്രമിക്കുന്ന അമ്മമാരെ കുറിച്ചാണ് എന്റെ പോരാളികളെ കുറിച്ചാണ് . നല്ല പാതി തളരാതിരിക്കാൻ കരുത്തായ ഉപ്പമാരും സ്നേഹവും പരിലാളനകളും ഏൽക്കാതെ വളരേണ്ടി വന്ന സഹോദരന്മാരും ഇതേ സ്നേഹത്തിന്റെ മറ്റ് രൂപങ്ങളാണ്)

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here