കവിത
ഡോ. സോയ ജോസഫ്
രക്തസാക്ഷി
‘അത്രമേൽ ആഗ്രഹിച്ചിട്ടും
നിന്നോട് മിണ്ടാതിരിക്കുന്ന
ഞാനൊരു
വിപ്ലവകാരി തന്നെയാണ് .
അത്രമേൽ സ്നേഹിച്ചിട്ടും
നിന്നിലേക്ക് എത്തിപ്പെടാൻ
കഴിയാത്ത ഞാൻ
ഒരു രക്തസാക്ഷി
കൂടിയാകുന്നു.
വിരഹവിഷം
അതിശക്തമായി പ്രണയം
തോന്നിയപ്പോൾ
വരാൻ പോകുന്ന
വസന്തമോർത്ത്
ഹൃദയ ഭിത്തികൾ
ചുവന്നിരുന്നു.
പിന്നെന്തിനാണ്
ഇത്ര പൊടുന്നനെ
വിരഹവിഷം കുടിച്ച്
നീലിച്ചുപോയതെന്ന് ഹൃദയം?
ഓർമമണം
അലക്കി
വെയിലത്ത്
ഉണക്കിയെടുക്കുന്ന
കുപ്പായം പോലെയാണ്
നിന്റെ ഓർമകൾ.
പഴകും തോറും
ഇഴയടുപ്പം കൂട്ടിയും
ദേഹത്തോട് ചേർന്നും
വെയിൽ മണം
പടർത്തിയും
ഒട്ടുമേ പുതുമ ചോർന്നില്ലെന്ന്
സാക്ഷ്യപ്പെടുത്തി
കൊണ്ടേയിരിക്കും.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.