പ്രാദേശികമായ നിരവധി കഴിവുള്ള കലാകാരൻമാർ നമുക്കുണ്ട്. എന്നാൽ അവരെ അംഗീകരിക്കാനുള്ള മനസ്ഥിതി നമുക്കുണ്ടാവാറില്ല. ആ ചിന്താഗതി മാറ്റി അവരെ കൂടി അംഗീകരിക്കാനുള്ള അവസ്ഥയുണ്ടാകണമെന്ന് മന്ത്രി എ. കെ ബാലൻ. കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ഒട്ടേറെ കലാകാരന്മാരെ ഓർക്കാൻ സ്മാരകം പണിയാൻ അവസരമൊരുക്കിയിട്ടുണ്ട് .
പ്രേം നസീർ, സത്യൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, അക്ബർ കക്കട്ടിൽ, സാംബശിവൻ തുടങ്ങി നിരവധി പ്രതിഭകൾക്ക് സ്മാരകം പണിയാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. ചിലത് പൂർത്തീകരിച്ചു. സാംസ്ക്കാരിക വകുപ്പിന്റെ ധനസഹായത്തോടെ കോടഞ്ചേരി കൈരളി സാംസ്കാരിക വേദി ചാരിറ്റബിൾ സൊസൈറ്റി നിർമ്മിക്കുന്ന വെള്ളൂർ പി .രാഘവൻ സ്മാരക മന്ദിരശിലാസ്ഥാപന ഉദ്ഘാടനം കോടഞ്ചേരി ഗവ .ഐ ടി ഐ ക്ക് സമീപം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
ചില പ്രത്യേക വ്യക്തികൾക്ക് മാത്രം അവകാശപ്പെട്ടതെന്ന് കരുതിയ അവാർഡുകൾ താഴെക്കിടയിലുണ്ടായിരുന്ന കലാകാരൻമാർക്കും നൽകാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക കലാകാരൻമാർക്കിടയിലെ ജനകീയനായിരുന്നു വെള്ളൂർ പി രാഘവൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകിയിട്ടുണ്ട് .കൂടുതൽ തുക അനുവദിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ കലാ സാംസ്ക്കാരിക മേഖലകളിൽ അവാർഡ് ജേതാക്കളായവരെ ആദരിക്കൽ ചടങ്ങും ,കലാപരിപാടികളും അരങ്ങേറി.
എംഎൽ എ .ഇ.കെ വിജയൻ അധ്യക്ഷനായി .എം .സി നാരായണൻ നമ്പ്യാർ സ്വാഗതം പറഞ്ഞു .തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ, തൂണേരി പഞ്ചായത്ത് പ്രസിഡന്റ് കെ .പി .സി .തങ്ങൾ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി .പങ്കജം വാർഡ് മെമ്പർ എം എം രവി തുടങ്ങിയവർ പങ്കെടുത്തു.