മെറിൻഡയാകാൻ പണിപ്പാടാണ്..

0
253

മാതൃഭൂമി ന്യൂസിൽ Fire and Flame പംക്തിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കുറിപ്പ്.

കിരൺ എ ആർ

സകല പൊതുബോധങ്ങളോടും മുഖം തിരിച്ച്, ഉള്ളിലെ സഹജമായ അപകർഷതാബോധത്തെ തോൽപ്പിച്ച് തന്റെ പതിനെട്ട് വയസ്സിൽ തട്ടുകടയിൽ പൊറോട്ടയടിക്കാൻ നിൽക്കുമ്പോ, തനിക്ക് നേരെ വരുന്ന അവസാനിക്കാത്ത തുറിച്ചുനോട്ടങ്ങളെയും പരിഹാസങ്ങളെയും അശ്ലീലക്കമന്റുകളെയും ചെറുക്കണം. ഉച്ച വരെ നീളുന്ന ക്ലാസ്മുറിയിലെ പഠനത്തിനു ശേഷം, പുറത്തു പോകാനും ഒന്നിച്ചിരുന്ന് വർത്തമാനം പറയാനുമുള്ള കൂട്ടുകാരികളുടെ നിർബന്ധങ്ങളെ നിസ്സഹായതയോടെ കണ്ടില്ലെന്നു നടിക്കണം.

merinda-01
പെൺകുട്ടിയുടെ വിവാഹത്തെക്കുറിച്ചും, അച്ചടക്കത്തെക്കുറിച്ചും, ഭാവിജീവിതത്തെക്കുറിച്ചും, “മാന്യത” പോരാത്ത ജോലിയേക്കുറിച്ചും അടിക്കടി ഉപദേശിക്കാൻ വരുന്ന അഭ്യുദയകാംക്ഷികളെ അവരർഹിക്കുന്ന മറുപടികൾ കൊടുത്ത് ഒഴിവാക്കണം. ഒടുവിൽ പഠനവും പരീക്ഷയും ജോലിയുമടക്കം തനിക്കുള്ള സ്വപ്നങ്ങളത്രയും, വ്യവസ്ഥിതികളോട് തോൽക്കാൻ കൂട്ടാക്കാതെ പൊരുതി നേടണം..

മെറിൻഡയാകാൻ പണിപ്പാടാണ്..

മെറിൻഡയുടെ അമ്മയാകാൻ, അമ്മിണിയാകാൻ പക്ഷേ അതിലേറെ പണിപ്പാടാണ്‌..
ഭർത്താവ് ഉപേക്ഷിച്ച തന്റെ ജീവിതത്തെ സ്വാഭാവികമായും ഓഡിറ്റ് ചെയ്ത അതേ സമൂഹത്തിന്റെ മുന്നിൽ നിവർന്നുനിന്ന്, തട്ടുകടയിൽ തൊഴിലെടുക്കാൻ സ്വന്തം മകൾക്ക് ധൈര്യവും ആത്മവിശ്വാസവും നൽകണം..
പൊറോട്ടയടിക്കുന്ന പെണ്ണിനോട് അസഭ്യം പറയാൻ വരുന്നവരെ “തെറിക്കുത്തരം മുറിപ്പത്തല്” എന്ന കണക്കെ മറുപടികൾ കൊടുത്ത് പറഞ്ഞയക്കാൻ സ്വന്തം മകളെ പ്രാപ്തയാക്കണം. വിവാഹം ഒന്നിനും ഒരു പ്രതിവിധിയല്ലെന്നും അതൊരു നിർബന്ധമല്ലെന്നും, നമ്മൾ ജീവിക്കേണ്ടത് നമ്മുടെ ഇഷ്ടത്തിനാണെന്നും, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ കണ്ണുംപൂട്ടി അനുസരിക്കാൻ താൻ ബാധ്യസ്ഥയല്ലെന്നും മനസ്സിലാക്കാൻ കഴിയുന്ന വണ്ണം ഒരു പെൺകുട്ടിയുടെ മനസ്സ് രൂപപ്പെടുത്തിയെടുക്കണം.

merinda-ammini

അവളുടെ സ്വപ്നങ്ങളിലേക്ക് നടക്കാനുള്ള വെളിച്ചമായി മാറണം..
അന്നും ഇന്നും പാട്രിയാർക്കിയലായ, പെണ്ണിന്റെ തെരഞ്ഞെടുപ്പുകൾക്ക് ഓഡിറ്റിങ് വളരെ “സ്വാഭാവികമായ” മലയാളിസമൂഹത്തിൽ, മെറിൻഡയാകുന്നതിനേക്കാൾ വലിയ ബുദ്ധിമുട്ടാണ് അമ്മിണിയാകാൻ. അതൊരു അവസാനമില്ലാത്ത പോരാട്ടമാണ്. ഒറ്റയ്ക്കും മകൾക്കൊപ്പവും നിന്ന് നടത്തേണ്ട എണ്ണമറ്റ പ്രതിരോധമാണ്.
അമ്മയും മകളും അഭിമാനമാണ്. ❤️

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

LEAVE A REPLY

Please enter your comment!
Please enter your name here