എന്റെ കാലവർഷങ്ങൾ

0
308
ente-kalavarshangal-sanal-haridas-wp

ഓർമ്മക്കുറിപ്പുകൾ

സനൽ ഹരിദാസ്

കർക്കിടകം കുത്തിയൊഴുകുന്ന വൈകുന്നേരങ്ങളിൽ പെയ്ത്തുത്സവത്തെ കണ്ണിലേക്കും മനസ്സിലേക്കും ആവാഹിച്ച് വീടിനു പുറകിലെ കുഞ്ഞുമ്മറത്തിരിക്കുമ്പോൾ അകന്നു നിന്നും കേൾക്കുമായിരുന്ന നീട്ടിയുള്ള ഒരു പറച്ചിലിൽ നിന്നുമാണ് എന്റെ മഴയോർമകൾ മുളക്കുന്നത്.

“കാട്ടാനേം കരടീം ഒലിച്ചു വരുന്ന മഴ്യാ പൊന്നൂട്ടാ.. നീയിങ്ങ്ട് കേറിപ്പോരേ” ന്ന്, ആ നീണ്ട ഇരിപ്പുകളിലൊക്കെയും അമ്മ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഞാനാകട്ടെ, മഴയിൽ ഒഴുകിവരുന്ന കാടിനേയും പ്രതീക്ഷിച്ച് പിന്നെയും ഏറെ നേരം അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു. മൃഗശാല കാണാത്ത കുഞ്ഞിന്റെ കൗതുകം ഭയങ്ങളെ അതിലംഘിക്കുകയായിരുന്നിരിക്കാം. ചെടികൾ നടാൻ ഇഷ്ടമുള്ള ഒരു കുട്ടിയായിരുന്നു ഞാനന്ന്. ഇലയോ കായോ പൂവോ കാഴ്ചക്കു ഭംഗി തോന്നിയാൽ, അവയുടെ കമ്പൊടിച്ച് പറമ്പിലെ എനിക്കനുവദിക്കപ്പെട്ട ഇടങ്ങളിൽ ഞാൻ നട്ടുപോന്നു (എല്ലാ ചെടികളും കമ്പ് കുത്തിയാൽ മുളക്കും എന്ന എന്റെ വിശ്വാസത്തെ മുതിർച്ചയുടെ തിരുത്തലുകൾക്കൊന്നും തളർത്താനായിരുന്നില്ല)

നട്ടു വച്ചവയെല്ലാം ദിവസം തോറും പറിച്ച്, വേര് പിടിച്ചിട്ടുണ്ടോ എന്ന് നോക്കുന്ന ദിനചര്യയാൽ ഞാൻ പ്രകടമാക്കിക്കൊണ്ടിരുന്ന അക്ഷമയുടെ തീവ്രത ‘വിത്തുഗുണ’ത്തിന്റെ ആദി രൂപങ്ങളിൽ ഒന്നായി അന്ന് വലയിരുത്തപ്പെടുകയും ചെയ്തു. (കാലമേറെക്കഴിഞ്ഞ് കൗമാരത്തിൽ പങ്കു കൊണ്ടൊരു പരിസ്ഥിതി സംവാദ യാത്രയിൽ, “ഇടമുറിയാമഴ പെയ്യും നമ്മുടെ ഇടവപ്പാതികളെവിടെപ്പോയ്” എന്ന് കൂട്ടമായ് പാടവേ എന്റെ ഓർമകൾ ഭൂത-വർത്തമാനങ്ങളിൽ അമ്പസ്താനി കളിച്ചു)

അമ്മാമയുടെ മടിയിലിരുന്ന് മഴയേക്കാൾ ഉച്ചത്തിൽ പാടിപ്പടിച്ച നാമജപങ്ങളിലാണ് ഞാനാദ്യമായി നിർത്ഥകതയുടെ കാവ്യമൊഴി കേൾക്കുന്നത്. “ശിവശംഭോ ശംഭോ.. ശിവ ശംഭോ ശംഭോ” എന്നു തുടങ്ങി, “ഈ നരകത്തീന്നെന്നെ… കരകേറ്റീടണേ..” എന്നവസാനിക്കുന്ന ആ വരികളും അന്തരീക്ഷത്തിലെ ഭസ്മഗന്ധവും പിൽക്കാല കാലവർഷങ്ങളിലെ ഏകാന്ത മാത്രകളിലെല്ലാം എന്നെ പിൻതുടർന്നു പോന്നു.

അന്നത്തെ ജപങ്ങൾക്കൊടുവിൽ ആരും കാണാതെ മച്ചിൽ കയറി; തൊട്ടുപോകരുതെന്ന കർശന ശാസനകളെ ലംഘിച്ച്; കുലദൈവത്തിന്റെ വെങ്കല വിഗ്രഹത്തെ എടുത്തുയർത്തി ഞാനന്ന് പറഞ്ഞതെന്താകും? മനുഷ്യരോടൊഴികെ സകലതിനോടും ഞാനന്നാവശ്യപ്പെട്ട അതേ കാര്യമാകാം. “നീ ഇന്നെ മാത്രം ഇഷ്ടപ്പെടോ.. ഞാനും നിന്നെ മാത്രം ഇഷ്ടപ്പെടാം.. ” എന്ന്.

മഴക്കാലമായാൽ ചാക്കുകണക്കിന് പച്ചത്തവളകളായിരുന്നു നാട്ടിൽ പണ്ട് പിടികൂടപ്പെട്ടിരുന്നത്. പെട്രോമാക്സ് വെളിച്ചവുമായി രാത്രി വരമ്പിൽ തമ്പടിച്ചിരുന്ന അനേകം മനുഷ്യർ. അതൊന്നും അടുത്തു കാണാൻ പക്ഷേ അന്ന് കഴിഞ്ഞിട്ടില്ല. പിന്നീട് അധ്യാപന കാലത്ത് പത്മരാജന്റെ “ഒരിടത്തൊരു ഫയൽവാൻ” ക്ലാസ്സെടുക്കേണ്ടതായി വന്നപ്പോൾ ആ സിനിമയും കാണുകയുണ്ടായി.
അതിൽ അരിഞ്ഞു തള്ളുന്നതായിക്കണ്ട തവളത്തലകൾ എന്നെയന്ന് ഓക്കാനത്തോളമെത്തിച്ചു.

ഏറെക്കഴിഞ്ഞ്, മറ്റേതോ വർഷക്കാലത്താണ് പാടത്ത് വന്നു വീണ ചെറിയൊരു പാരച്യൂട്ട് മാതൃകയുമായി അച്ഛൻ വീട്ടിലെത്തുന്നത്. (അന്ന് ഉദ്ഘാടനം കഴിഞ്ഞ ലുലു കൺവെൻഷൻ സെന്ററിൽ നിന്ന് പറത്തിവിട്ട അനേകമെണ്ണത്തിൽ ഒന്നായിരുന്നു അത്) “ഇതിന്റെ ചോട്ടിലിങ്ങനെ പിടിച്ചിട്ട് റോട്ടമ്മക്കൂടെ ഓട്യോക്യേ, വിരയണ് കാണാം” പറയാൻ വാക്കുകളില്ലാതെ; പെരുകുന്നതും ദുഷിച്ചതുമായ ആകാംക്ഷയോടെ ഞാൻ തരിച്ചു നിന്നു

“നെനക്ക് പോരായ്യ്യാലേ.. അപ്പറത്തെ സെൽവിനായിരുന്നെങ്കെ ഇപ്പൊ പത്ത് വട്ടം ഓടിയേനെ” ബാല്യം പതിവിലും നേരത്തെ തോരുകയായിരുന്നു.അച്ഛനെപ്പോലെ ഞാനും അതറിഞ്ഞില്ല. അസഹ്യവും രഹസ്യവുമായി അതിനെ അനുഭവിക്കുക മാത്രം ചെയ്തു.

google-play-logo

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here