ആലപ്പുഴ : ശരിയായ ജീവിതപാഠം പകര്‍ന്നുനല്‍കി ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ക്യാമ്പ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. ‘മഴവില്ല്’ എന്നുപേരിട്ട ക്യാമ്പ് ഏഴ് വര്‍ണങ്ങള്‍ ആസ്പദമാക്കിയുള്ള വ്യത്യസ്ത വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്‍കി. ആത്മവിശ്വാസം ആദ്യപാഠം, ശരിയായ ജീവിതം, ശരിയായ ലക്ഷ്യം, ആശയവിനിമയവും മൂല്യവല്‍ക്കരണവും, ഭാവി വിഭാവനം അഭിരുചി തിരിച്ചറിഞ്ഞ്, ലഹരികള്‍ക്ക് വിട; ജീവിതമാകട്ടെ ലഹരി, എന്നിലെ നേതാവിനെ കണ്ടെത്താം, വളര്‍ത്താം, പരിഹാസങ്ങള്‍ ഇതിഹാസമാകുമ്പോള്‍ എന്നിവയായിരുന്നു വിഷയങ്ങള്‍.
ബീച്ചിലുള്ള ശിശുവികാസ് ഭവനില്‍ ആരംഭിച്ച ക്യാമ്പ് കലക്ടര്‍ ടി വി അനുപമ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് പി ദീപക് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. ജലജാചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജനകീയ ഭക്ഷണശാലയില്‍ മന്ത്രി ടി എം തോമസ് ഐസക്കിനോടൊപ്പം കുട്ടികള്‍ ഭക്ഷണംകഴിച്ചു. കുട്ടികളുമായി അദ്ദേഹം സംവദിച്ചു. സമാപനദിവസം കലക്ടര്‍ ടി വി അനുപമ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രൊഫ. മാത്യു കണമല, അഭിലാഷ് ജോസഫ്, അനീഷ് മോഹന്‍, സച്ചിന്‍, റീന, സുധീഷ്, പി എം ഷാജി, ശിവകുമാര്‍, അഡ്വ. സീമ, ശ്രീദേവി എന്നിവര്‍ ക്ളാസ് നയിച്ചു. അഡ്വ. ജലജാചന്ദ്രന്‍, കെ പി പ്രതാപന്‍, എന്‍ പവിത്രന്‍, സി എന്‍ എന്‍ നമ്പി, പ്രദീപ്കുമാര്‍, എ എന്‍ പുരം ശിവകുമാര്‍, നാസര്‍ ദിര്‍ഹം, നസീര്‍ പുന്നയ്ക്കല്‍, മോളി സുഗുണാനന്ദന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു