തിരുവനന്തപുരം: മാതൃഭൂമി ബുക്‌സിന്റെ പുതിയ ഷോറൂം ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലത്ത് തന്നെ മാതൃഭൂമിയിലെ അന്നത്തെ പ്രമുഖരുമായി ഏറെ അടുപ്പിച്ചത് അച്ഛനാണെന്നു ശശി തരൂര്‍ പറഞ്ഞു. അങ്ങനെ ചെറുപ്പത്തില്‍ എം.ടി. വാസുദേവന്‍നായരെക്കണ്ടു സംസാരിക്കാനുമായി. മാതൃഭൂമി എക്കാലത്തും സാഹിത്യത്തിന് ഊന്നല്‍ നല്‍കുന്നതില്‍ തനിക്ക് എഴുത്തുകാരനെന്ന നിലയില്‍ സന്തോഷമുണ്ട്. പുസ്തകചര്‍ച്ചയ്ക്കായി ഷോറൂമില്‍ ഒരു ഹാള്‍ കൂടി ഉണ്ടെന്നതില്‍ അതിലേറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു നഗരത്തില്‍ എത്ര പുസ്തകശാലകളുണ്ട് എന്നതിലാണ് അതിന്റെ സാംസ്‌കാരിക ഔന്നത്യം വെളിപ്പെടുന്നതെന്ന് പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ ചൂണ്ടിക്കാട്ടി. ഇടയ്‌ക്കൊന്നു മങ്ങിയ വായന തിരിച്ചുവരുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനുവേണ്ട നടപടികള്‍ കോര്‍പ്പറേഷന്‍ നടപ്പാക്കിവരുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ മേയര്‍ വി.കെ.പ്രശാന്ത് പറഞ്ഞു. മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാര്‍, സര്‍ക്കുലേഷന്‍ ഹെഡ് ആനന്ദ് മാത്യു, തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്‍.മുരളി എന്നിവര്‍ സംസാരിച്ചു.
പുളിമൂട് ഗവണ്‍മെന്റ് പ്രസ് റോഡില്‍ നാസ് ബില്‍ഡിങ്ങിന് എതിര്‍വശത്താണ് പുതിയ പുസ്തകശാല. മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് പുതിയ ഷോറൂമിലുള്ളത്. മാതൃഭൂമിക്ക് പുറമേ ഡി.സി. ബുക്‌സ്, തൃശ്ശൂര്‍ കറന്റ്, ഗ്രീന്‍ ബുക്‌സ്, ഒലിവ്, ചിന്ത, പൂര്‍ണ്ണ, കൈരളി, ഭാഷാ ഇന്‍സ്റ്റിട്യൂട്ട്, കേരള സാഹിത്യ അക്കാദമി, ശാസ്ത്ര സാഹിത്യ പരിഷത്ത്, എന്‍.ബി.എസ്, വിദ്യാരംഭം എന്നിവരുടെയും ഇംഗ്ലീഷില്‍ പെന്‍ഗ്വിന്‍ ബുക്‌സ്, ഹാര്‍പ്പര്‍ കോളിന്‍സ്, ബ്ലുംസ് ബെറി, ഹാഷെറ്റ്, ഡ്രീംലാന്‍ഡ്, പാരഗണ്‍, പാന്‍ മാക്മില്ലന്‍, കേംബ്രിജ്, ഓക്‌സ്ഫഡ് തുടങ്ങിയ പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങള്‍ ഷോറൂമില്‍ നിന്നു ലഭിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 14 വരെ പുസ്തകോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രത്യേക വിലക്കിഴിവുമുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് രവിമേനോന്റെ ‘പാട്ടുവഴിയോരത്ത്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും നടക്കും. ഗായകന്‍ ജി.വേണുഗോപാല്‍, രാജശ്രീ വാര്യര്‍ എന്നിവര്‍ പങ്കെടുക്കും