കവിത
അഹ്മദ് മുഈനുദ്ദീൻ
കുറ്റവാളിയെപ്പോലെ
സുഹേഷ് പാർക്കിലെത്തി
മത്സ്യകന്യകയുടെ
നിഴൽ വീണ കൽബെഞ്ചിൽ
ഒട്ടുമാവായി രണ്ട് പേർ
പുൽമെത്തയിൽ
കുടചൂടിയുറഞ്ഞുപോയിട്ടുണ്ട്
വേറെ രണ്ട് പേർ
ബദാം മരച്ചുവട്ടിൽ
സുദീർഘ ചുംബനത്താൽ
ഒറ്റക്കൽശില്പമായിത്തീർന്ന വരെ കണ്ട പൊറുതികേടിലാണ്
അവളെ വീണ്ടും വിളിച്ചത്
കൽപ്പടവിൽ
ഇരുമ്പ് ബെഞ്ചിൽ
ആൽത്തറയിൽ
തൂക്കിയിട്ട നിശ്ചലദൃശ്യങ്ങളായി
പ്രണയികൾ
ഒരാൾക്ക് മാത്രമായുള്ള
ഒറ്റയിരിപ്പിടവുമില്ലിവിടെ
ഒറ്റയല്ലയാരും.
വിളികേട്ടില്ല
കാഴ്ചയുടെ ആനന്ദം
തുറന്നു പറയാത്തതിൻ്റെ പ്രതിഷേധം
തീർന്നിട്ടില്ലിത് വരെ.
വാട്ട്സാപ്പിൽ അവനെഴുതി
മത്സ്യകന്യകയുടെ
മുലക്കണ്ണോളം വലുപ്പമേ
നിൻ്റെ മുലകൾക്കുള്ളൂവെങ്കിലും
മുലമുനയെൻ്റെ നെഞ്ച് പിളർത്തിയിരിക്കുന്നു.
മത്സ്യകന്യകയുടെ വാലിലും
തുടയിലും കയറി
ഫോട്ടൊയെടുക്കുന്നവരുടെ
തിരക്ക്
ഒന്നൊഴിഞ്ഞ് വേണം
എനിക്കൊരു
സെൽഫിയെടുക്കാൻ.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.