കവിത
നൈൽ
മരിച്ചത് പോൽ മരച്ച കണ്ണുകൾ ആയിരുന്നെന്റെ കാമുകിയ്ക്ക്.
ചുംബിക്കുമ്പോൾ ഭിത്തിപ്പുറത്തും ജാലകങ്ങൾക്കപ്പുറത്തേക്കും
ഹതാശമായി അവൾ കണ്ണുകൾ നട്ടു.
ഒഴിഞ്ഞ കല്ലറകൾപോൽ
കണ്ണുകളിൽ മുത്തിയും
തണുത്തുറഞ്ഞ ഐസ് കല്ല് പോൽ
കൈപ്പത്തികളെ ഉഴിഞ്ഞും
വിളറിയ ഉൾ പാദങ്ങളെ തഴുകി തിരുമ്മിയും ഞാനവളെ പ്രേമിച്ചു.
വെളുത്ത കിടക്കവിരിമേൽ അവൾ മലർന്നുറങ്ങി,
വിരലുകൾ കോർത്ത് നെഞ്ചിന്മേൽ വച്ചും
മങ്ങി എരിയും മെഴുകുതിരിത്തുണ്ടു പോൽ
പ്രശാന്തമൊരു പുഞ്ചിരി പാതി അണഞ്ഞത് ചുണ്ടിന്മേൽ തങ്ങിയും.
നെറ്റിമേൽ മുത്തുമ്പോൾ
അവൾ ഉണരുന്നു.
മറ്റൊരു ലോകത്തു നിന്നോ
മറ്റൊരു കാലത്തു നിന്നെന്നോ മട്ട് ,
എന്നെ കണ്ടില്ലെന്ന മട്ട്,
വിരലുകൾക്കിട ഞാൻ വച്ച
മഞ്ഞ റോസ് തണ്ടിൽ നിന്നടർന്നു
കീഴെ ഉരുണ്ടത്
കണ്ടില്ലെന്ന മട്ട്.
ഗൗണിന്റെ വെണ്ണ വെണ്മചിറകുകൾ ഒതുക്കി വച്ച്
വൈരക്കല്ലു ടിയാര ഊരി നീക്കി
വശത്തേക്ക് ചരിഞ്ഞെന്റെ ഹൃദയത്തിൽ
തരിശൊരിടം കുഴിമാടത്തിൽ അവൾ മയങ്ങുന്നു.
അവളുറങ്ങുമ്പോൾ അവൾക്ക് ചുറ്റും ലില്ലികൾ ജമന്തികൾ
വാടാ മല്ലികൾ ഞാൻ നട്ടു.
പെയ്തു പോയ മഴക്കാലങ്ങളിൽ കാട് വളർന്ന പൂന്തോട്ട സ്‌മൃതികളിൽ
പൂ മണത്ത് കാ മണത്ത് ചെല്ലുമ്പോൾ ഞാൻ ഉറപ്പിച്ചു.
ഉണർത്തേണ്ടതില്ല
ഉറങ്ങട്ടെ.
ഉറങ്ങുമ്പോൾ അവൾ എന്റെ കുഴിമാടത്തിൽ ആണ്.
ഉണരുമ്പോൾ,
ഉണരുമ്പോൾ ഒരു പക്ഷെ അവൾ നടന്നെണീറ്റു പോകും.
വിരലുകളിൽ തിരുകി ഞാൻ വച്ച മഞ്ഞ റോസ് വലിച്ചെറിഞ്ഞു കൊണ്ട്
കണ്ണുകൾ വിദൂരങ്ങളിലേക്ക് തുറിച്ചു പിടിച്ചു കൊണ്ട്
അവൾ നടന്നകലും.
വെണ്മയാർന്ന ഗൗൺ ചെളിയിലൂടിഴച്ചു കൊണ്ട്,
പൂവുകൾ ചവിട്ടി മെതിച്ചു കൊണ്ട്,
ഇലകളെ ഞെരിച്ചു കൊണ്ട്.
ഉണർത്തേണ്ടതില്ലിവളെ.
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
കവിക്ക് ഉമ്മ.