പാർവതിയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി

0
248
paarvathi-sreekumaran-thambi

“അമ്മ” എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം, ഒരുപക്ഷേ, ഭൗതിക നഷ്ടങ്ങൾ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്. ഒട്ടും അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ “എക്സ്ട്രാനടന്റെ “കളിതമാശ”യായി വേണമെങ്കിൽ പാർവതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. “അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിക്കു കുട പിടിക്കും ” എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിർത്തിയതാണ് പാർവ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാർവ്വതി എന്ന് “ചാർളി, എന്ന് നിന്റെ മൊയ്തീൻ, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാർവ്വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാൻ കഴിയും. ഷീല, ശാരദ, കെ.ആർ.വിജയ, ലക്ഷ്മി, ശ്രീവിദ്യ, ജയഭാരതി, സീമ, നന്ദിത ബോസ്, പൂർണ്ണിമ ജയറാം, ഉർവ്വശി, മേനക, രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാൻ. സ്ത്രീവിമോചനം വിഷയമാക്കി “മോഹിനിയാട്ടം ” എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിർമ്മിച്ച സംവിധായകനുമാണ്. പാർവ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാൻ മാനിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാരൻ തമ്പി തന്റെ നിലപാട് അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here