കവിത
ജയേഷ് വെളേരി
മരിച്ചവരുടെ കൂടെ നടന്നാണ്
ഞാനും ഇങ്ങനെയായത്
കൈ പിടിച്ച് നടത്തേണ്ട സമയത്ത്
ചുഴികളിൽ ചുറ്റി തിരിയുകയായിരുന്നു
കാലുറപ്പിക്കേണ്ട സമയത്ത്
ആകാശം വകഞ്ഞ്
പറക്കുകയായിരുന്നു
ആ യാത്രയിൽ വെച്ചാണ്
ഞാനവരെ കണ്ടുമുട്ടിയത്
അവിടെ വെച്ചാണ്
അവരെന്നോട്
ചൂഴ്ന്ന് പോയ കഥാ ശേഷിപ്പുകൾ
തേടുന്നതിനെ കുറിച്ച്
സംസാരിച്ചത്
ശേഷിപ്പുകളുടെ ഒരു ഭാഗം
എനിക്കു നൽകാമെന്നും പറഞ്ഞ്
തേടിയിറങ്ങിയിട്ട്
കാലമെത്ര കഴിഞ്ഞിരിക്കുന്നു
എണ്ണിയാലൊടുങ്ങാത്ത
ഭാണ്ഡങ്ങളിൽ നിറയെ
ഓരോ കഥകളുടെ കെട്ടുകളാണ്..
യുദ്ധങ്ങളുടെ, യാത്രകളുടെ
വഞ്ചനയുടെ
അടിമത്തത്തിന്റെ
മറന്നു പോയവയുടെ
ആരവങ്ങളുടെ കെട്ടുകൾ..
എന്റെ പങ്കും വാരിയിട്ട്
തിരികെ ഊളിയിട്ട്
മടങ്ങുമ്പോഴാണ്
ഞാനും മരിച്ചവരുടെ കൂട്ടത്തിലായത്…
…
Good lines
ചങ്ങായി????ഉയിർ