സാംസ്കാരികം
വിഷ്ണു വിജയൻ
തമിഴ് സാഹിത്യത്തിലെ അഞ്ച് മഹാ കാവ്യങ്ങളില്‍ ഒന്നായ ഇളങ്കോ അടികള്‍ എഴുതിയ ചിലപ്പതികാരത്തിലെ കേന്ദ്ര കഥാപാത്രമായ കണ്ണകിയുമായി ബന്ധപ്പെട്ട 1000 ന് മുകളില്‍ വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് ഇന്നത്തെ തേക്കടി പെരിയാര്‍ കടുവാ സങ്കേതത്തിന് 12 കിലോമീറ്റര്‍ ഉള്ളിലുള്ള മംഗളാദേവി ക്ഷേത്രം.
5270 വരികളുള്ള ചിലപ്പതികാര കാവ്യം മൂന്ന് കാണ്ഡങ്ങളായാണ് തിരിച്ചിരിക്കുന്നത്. ചോള തലസ്ഥാനമായ പുകാര്‍,പാണ്ഡ്യ തലസ്ഥാനമായ മധുര, ചേര തലസ്ഥാനമായ വഞ്ചി എന്നീ പേരുകളാണ് കാണ്ഡങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
കഥാ പശ്ചാത്തലവും ഈ മൂന്ന് നഗരങ്ങളാണ്. സമ്പന്ന കുടുംബങ്ങളിലെ കോവലനും കണ്ണകിയും വിവാഹിതരാകുന്നു അതിനുശേഷം കുറെക്കാലം കോവലന്‍ മാധവി എന്ന നര്‍ത്തകിയില്‍ അനുരക്തനായി സമ്പത്തുമുഴുവന്‍ നഷ്ടപ്പെടുത്തുന്നു. പിന്നീട് പശ്ചാത്താപഭരിതനായി കണ്ണകിയുമൊത്ത് പുകാര്‍ നഗരം ഉപേക്ഷിച്ച് മധുരയിലേക്ക് പോകുന്നു. അവിടെവെച്ച് ഉപജീവനാര്‍ത്ഥം കണ്ണകിയുടെ വിലയേറിയ ഒരു ചിലമ്പ് വില്‍ക്കാന്‍ തെരുവിലേക്ക് പോകുന്നു.റാണിയുടെ നഷ്ടപ്പെട്ട ചിലമ്പാണതെന്ന് ധരിച്ച് രാജകിങ്കരന്‍മാര്‍ രാജാവിന്‍റെ നിര്‍ദേശപ്രകാരം കോവലനെ വധിച്ച് ചിലമ്പ് കൈവശപ്പെടുത്തുന്നു.
വിവരം അറിഞ്ഞ് കണ്ണകി അഗ്നിദേവനെ പ്രാര്‍ത്ഥിച്ച് രാജാവിന്‍റെ പട്ടണം അഗ്നിക്കിരയാക്കി പതിനാലാം ദിവസം തിരിച്ചെങ്കൂന്നു മലയില്‍ നിന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതോടെ മധുര കാണ്ഡം അവസാനിക്കുന്നു. (അതിനുശേഷമുള്ള വഞ്ചി കാണ്ഡം പിന്നീട് ചേര്‍ത്തതാണെന്ന് പറയപ്പെടുന്നു).
ഇതിലെ കണ്ണകിയുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ പെരിയാര്‍ റിസർവ് ഫോറസ്റ്റിൽ നിലകൊള്ളുന്ന പുരാതന ക്ഷേത്രമാണ്, മംഗളാദേവി ക്ഷേത്രം.
പാണ്ഡ്യ രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണെന്നും ചേര രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണെന്നുമുള്ള അഭിപ്രായങ്ങളും വിശ്വാസങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നു.
ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് ബൃഹത്തായ കല്ലുകളാണ് അക്കാലത്ത് നിലനിന്നിരുന്ന മധുരയിലേതിന് സമാനമായ കൊത്തുപണികളും കല്ലുകളില്‍ കാണാന്‍ കഴിയും.
പെരിയാര്‍ കടുവാ സങ്കേതത്തിനും തമിഴ്നാടിനും അതിര്‍ത്തിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ ക്ഷേത്രത്തിൽ പ്രവേശന അനുമതിയുള്ളൂ.
തേനി – ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ കര്‍ശ്ശന നിയന്ത്രണത്തിലാണ് ഏപ്രില്‍ മെയ് മാസത്തിനിടയില്‍ ഇവിടെ ചിത്രാപൌര്‍ണ്ണമി ഉത്സവം നടക്കാറ്. പതിനായിരക്കണക്കിന് ഭക്തരും, സഞ്ചാരികളുമാണ് രണ്ട് സംസ്ഥാനത്ത് നിന്നും എത്തുന്നത്.
കുമളിയില്‍നിന്നും വന പാതയിലൂടെ 12 കിലോമീറ്റര്‍ യാത്ര ആ ദിവസങ്ങളിൽ ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്ന ജീപ്പിലൊ, കാല്‍ നടയായൊ പോകാവുന്നതാണ്.
പശ്ചിമഘട്ടത്തിലെ മനോഹാരിതയും, വന്യതയും, പ്രക്യതി ഭംഗിയും ആസ്വദിക്കാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരം കൂടിയാണ് മംഗളാദേവി ചിത്രാപൗര്‍ണ്ണമി ഉല്‍സവം.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.