ജുബൈര്‍ കേവീസ്
മംഗള- ലക്ഷദ്വീപ് ട്രെയിനിലൂടെയുള്ള എത്രാമത്തെ യാത്രയാണിതെന്ന് ഒരു നിശ്ചയവുമില്ല. അത്രയധികം യാത്ര ചെയ്തിട്ടുണ്ട് ഈ തീവണ്ടിയില്‍. കേരളത്തില്‍ നിന്ന് തലസ്ഥാനമായ ഡൽഹിയിലേക്ക് ദിവസേന രണ്ട് ട്രെയിനുകളാണ് ഇന്ന് നിലവിലുള്ളത്. തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെട്ട് ഒറ്റപ്പാലം, കാട്പ്പാടി വഴി ന്യൂഡെൽഹിയിലേക്കുള്ള കേരള എക്സ്പ്രസും എറണാംകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് ഡൽഹിയിലെ ഹസ്റത്ത് നിസാമുദ്ധീന്‍ സ്റ്റേഷന്‍ വരെയുള്ള മംഗള- ലക്ഷദ്വീപ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനും എത്രയോ വര്‍ഷങ്ങളായി ഓടിക്കൊണ്ടേയിരിക്കുന്നു.
പണ്ട് മുതല്‍ തന്നെ മലബാറുകാരുടെ പ്രധാന ആശ്രയം മംഗള തന്നെയാണ്. 1998 ല്‍ കൊങ്കണ്‍ റെയില്‍വേ ലൈന്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് മംഗള പുറപ്പെട്ടിരുന്നത് മംഗലാപുരത്ത് നിന്നായിരുന്നെത്രെ. ഷൊര്‍ണ്ണൂര്‍ വഴി തമിഴ്നാടും ആന്ധ്രയും താണ്ടി മഹാരാഷ്ട്രയും മധ്യപ്രദേശും ഉത്തര്‍പ്രദേശും കടന്ന് തലസ്ഥാനത്തേക്ക് പഴയ കല്‍ക്കരി ട്രെയിന്‍ ഓടിയിരുന്ന കാലം എനിക്കൊന്നും ഓര്‍മ്മയില്‍ പോലുമില്ല.
കൊങ്കണ്‍ പാത ആരംഭിച്ചതിന് ശേഷമാണ് മംഗള തീവണ്ടി കൊങ്കണ്‍ റൂട്ട് വഴി എറണാംകുളം വരെ നീട്ടുന്നത്. കൊങ്കണിലെ ഏറ്റവും നീളം കൂടിയ (6 കിലോമീറ്റര്‍) കര്‍ബൂഡ് ടണലുമടങ്ങി ചെറുതും വലുതുമായ 91 ടണലുകളും പല വലുപ്പത്തിലും നീളത്തിലുമുള്ള 2000 ത്തിലധികം പാലങ്ങളും കടന്ന് 20 വര്‍ഷമായി മംഗള- ലക്ഷദ്വീപ് ട്രെയിന്‍ 2760 കിലോമീറ്ററോളം 48 മണിക്കൂര്‍ ഓരോ യാത്രയിലും ഓടിത്തീര്‍ക്കുന്നു. ഇന്ത്യയിലോടുന്ന ദിവസേനയുള്ള ട്രെയിനുകളില്‍ ഏറ്റവും ദൂരം ഓടിത്തീര്‍ക്കുന്ന ട്രെയിനുകളില്‍ രണ്ടാം സ്ഥാനമാണ് ഈ തീവണ്ടിക്ക്. ഡല്‍ഹിയില്‍ നിന്ന് കേരളം വരെയുള്ള കേരള എക്സ്പ്രസ്സാണ് ഒന്നാം സ്ഥാനത്തുള്ളത്.
2007 ന് ശേഷമാണ് എന്‍റെ ട്രെയിന്‍ യാത്ര സജീവമാകുന്നത്. അന്ന് മുതല്‍ കേട്ട് തുടങ്ങുന്ന പേരാണ് മംഗള എന്നത്. വളരെ അടുത്താണ് ഈ തീവണ്ടിക്ക് ആ പേരിട്ടതിന് പിന്നിലെ കാരണമറിയാന്‍ കഴിഞ്ഞത്. കൊങ്കണ്‍ പാത നിര്‍മ്മാണത്തിന് മുന്‍പ് ഈ തീവണ്ടി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് തുടങ്ങുന്ന കാലത്ത് തന്നെയാണ് ഈ പേര് നല്‍കുന്നത്. മംഗലാപുരത്തെ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠഷയാണ് മംഗളദേവി. അവരുടെ പേര് നല്‍കിക്കൊണ്ടാണ് ട്രെയിന്‍ അന്ന് മുതല്‍ തന്നെ ഓടിത്തുടങ്ങുന്നത്.
ഏത് ഉറക്കത്തിലായാലും മംഗള തീവണ്ടിയുടെ നമ്പർ ആര് ചോദിച്ചാലും 12617/12618 എന്നാണെന്ന് വിളിച്ച് പറയുമെന്ന് അടുത്ത സുഹൃത്തായ സുഗു പറയാറുണ്ടായിരുന്നു. എന്നേക്കാള്‍ അത്രമേല്‍ ബന്ധമുണ്ട് സുഗുവിന് ഈ തീവണ്ടിയുമായി. അങ്ങനെ നിരവധി ആളുകളുടെ പ്രധാന യാത്രാവണ്ടിയാണ് മംഗള.
അന്തര്‍ സംസ്ഥാന യാത്രയില്‍ ഞാനേറെയും യാത്ര ചെയ്തതും കൊങ്കണിലൂടെ മംഗളയിലാണ്. ആദ്യമായി കൊങ്കണിലൂടെയുള്ള യാത്ര ആരംഭിക്കുന്നതും മംഗളയിലാണെന്നതാണ് മറ്റൊരു വ്യത്യസ്ഥത. ആദ്യ യാത്രയില്‍ നേരം പുലര്‍ന്ന് ആദ്യം പാസ്സ് ചെയ്ത തുരങ്കത്തില്‍ തുടങ്ങി ഓരോ തുരങ്കങ്ങളിലൂടെയും ട്രെയിന്‍ ഓടുമ്പോൾ ഞാനും സുഹൃത്തുക്കളും എത്രയോ തവണ കൂകിത്തീര്‍ത്തെന്നത് ഒരനുഭവമായിരുന്നു.
വൈകുന്നേരങ്ങളില്‍ നാട്ടില്‍ന്ന് പുറപ്പെട്ടാല്‍ നേരം പുലരുമ്പോൾ കൊങ്കണിലൂടെ ഈ തീവണ്ടി ഓരോ യാത്രയിലും വ്യത്യസ്ഥ കാഴ്ചകളെയാണ് സമ്മാനിക്കുന്നത്. മഴക്കാലമാണെങ്കില്‍ സജീവമാകുന്ന വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകുന്ന അരുവികളും തോടുകളും പുഴകളുമായി കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ മാറിമറയും.
പുതിയ കാഴ്ചകളും യാത്രാനുഭവങ്ങളും തേടി മംഗള ട്രെയിന്‍ യാത്ര തുടരുകയാണ്…
ജുബൈറിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്