മലയാളം : പഠിക്കാത്തവർ പഠിപ്പിക്കണോ ?

1
573
Nissul Raj

ലേഖനം
നിസ്തുൽ രാജ്

നവംബര്‍ ആദ്യവാരം മാതൃഭാഷാവാരമായി കേരളത്തിലെ ഔദ്യോഗിക വൃത്തങ്ങളില്‍ ആചരിച്ചുവരികയാണല്ലോ. ഇതേ സന്ദര്‍ഭത്തിലാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ മാതൃഭാഷാവാരത്തെ പ്രതിഷേധവാരമായി ഏറ്റെടുത്തുകൊണ്ട് സെക്രട്ടേറിയറ്റ് പടിക്കലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം, യുവകലാസാഹിതി, ഗ്രന്ഥശാലാസംഘം മുതലായ പുരോഗമനപ്രസ്ഥാനങ്ങളെല്ലാം തന്നെ ഈ പ്രതിഷേധത്തില്‍ കണ്ണിചേര്‍ന്നിരിക്കുന്നു.
ഉദ്യോഗസ്ഥതലത്തിലുള്ള ‘ആചരിക്കലുകള്‍’ മലയാളത്തിന്റെ സമകാലിക ജീവിതത്തിലും ഭാവിജീവിതത്തിലും പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് സഹായകമാവുന്ന തരത്തില്‍ വളര്‍ന്നിരുന്നുവെങ്കില്‍ ഇത്തരമൊരു പ്രതിഷേധം അപ്രസക്തമാവുമായിരുന്നു. എന്നാല്‍ അതല്ല സ്ഥിതി. കേവലമായ ആചരണങ്ങള്‍ കൊണ്ടും കസവുമുണ്ടുകളുടെ അലങ്കാരങ്ങള്‍ കൊണ്ടും മാതൃഭാഷാവാരം എല്ലാ തവണത്തേയും പോലെ അനുഷ്ഠാനപരമായ ഒരു യാന്ത്രികതയില്‍ അവസാനിക്കുന്നു എന്നതാണ് ഇത്തരമൊരു പ്രതിഷേധത്തെ അനിവാര്യമാക്കുന്നത്. ഭാഷയുടെ സജീവതയും ദൃശ്യതയും പൊതുമണ്ഡലത്തില്‍ ഉറപ്പിക്കാതെ എത്ര ഭരണഭാഷാ പ്രതിജ്ഞ കൈക്കൊണ്ടിട്ടും കാര്യമില്ല എന്ന വസ്തുത കാണാതിരുന്നു കൂടാ. ഇതു തെളിയിക്കുന്ന, അടിസ്ഥാനപരമായ ഒരു സംഗതിയിലാണ് ഈ പ്രതിഷേധത്തിന്റെ ഊന്നല്‍. നമ്മുടെ പ്രൈമറി വിദ്യാഭ്യാസ മേഖലയില്‍, പത്താം തരം വരെ ഒരു ക്ലാസ്സിലും മലയാളം പഠിക്കാത്ത ആളുകള്‍ മലയാളം പഠിക്കാനും മലയാളത്തിലൂടെ പഠിപ്പിക്കാനും നിയോഗിക്കപ്പെടുകയാണ്. ഈ പ്രശ്നമാണ് ഐക്യമലയാള പ്രസ്ഥാനം ഈ പ്രതിഷേധത്തിലൂടെ ഉയര്‍ത്തിക്കാണിക്കുന്നത്. ഇത്തരമൊരവസ്ഥ പ്രത്യക്ഷത്തില്‍ തന്നെ അതിവിചിത്രവും സൂക്ഷ്മമായ ഒരാലോചനയില്‍ അത്യധികം ദുരന്താത്മകവുമാണെന്നു കാണാം. പത്താം തരം വരെ ഒരു ക്ലാസിലും മലയാളം പഠിക്കാതിരുന്ന ഒരാള്‍ പെട്ടെന്നൊരു സന്ദര്‍ഭത്തില്‍ പ്രൈമറി ക്ലാസ്സുകളില്‍ മലയാളം പഠിപ്പിക്കാനും ശാസ്ത്രവും സാമൂഹ്യശാസ്ത്രവുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മലയാളത്തിലൂടെ പഠിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലെത്തുന്നു. ഇവിടെ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ മലയാളം പ്രസ്തുത അധ്യാപികയില്‍/അധ്യാപകനില്‍ ഉറച്ചുകഴിഞ്ഞിരിക്കുമെന്നും അതിനാല്‍ ഇങ്ങനെ പഠിപ്പിക്കേണ്ടി വന്നാല്‍ പ്രശ്നമില്ല എന്നുമുള്ള വാദം ഈ സന്ദര്‍ഭത്തില്‍ തീര്‍ത്തും അബദ്ധമാണ്. ഭാഷ പഠിപ്പിക്കുന്നതും ഭാഷയിലൂടെ പഠിപ്പിക്കുന്നതും കേവലമായ ഭാഷണത്തില്‍ നിന്നു വ്യത്യസ്തമായി പല തരം സൂക്ഷ്മതകള്‍ ആവശ്യമായി വരുന്ന പ്രക്രിയകളാണ് എന്നതാണ് കാരണം. അതിനാല്‍ പത്താം തരം വരെയെങ്കിലും മലയാളം ഒരു വിഷയമായി പഠിച്ചിരിക്കണം എന്നത് പ്രൈമറി തലത്തില്‍ പഠിപ്പിക്കാനുള്ള മുന്നുപാധിയാണ്. ഇത് മനസ്സിലാക്കിക്കൊണ്ടാണ്, മലയാളം ഒരു വിഷയമായി ഹൈസ്കൂള്‍ തലം വരെ പഠിക്കാത്തവര്‍ക്ക് പ്രൈമറി സ്കൂളില്‍ പഠിപ്പിക്കാന്‍ കഴിയില്ല എന്ന് 1959 മുതല്‍ കെ.ഇ.ആറില്‍(കേരള വി‍ദ്യാഭ്യാസ ചട്ടം) വ്യവസ്ഥ വന്നത്. ഇതില്‍ വെള്ളം ചേര്‍ത്തുകൊണ്ട് രൂപപ്പെടുത്തിയ ഉത്തരവിന്റെ ഒരു സംക്ഷിപ്തചരിത്രം ഈ പ്രതിഷേധത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖയില്‍ നിന്ന് ഇവിടെ ഉദ്ധരിക്കുന്നു.
“2011 ലെ ഒന്നാം ഭാഷാ ഉത്തരവ് വന്നതോടുകൂടി കേരളത്തിലെ എല്ലാത്തരം സ്കൂളുകളിലും മലയാളം ഒരു വിഷയമായി പഠിക്കണം എന്നുണ്ട്. 2017 ലെ പഠനനിയമം ഇതിനെ നിയമപരമായി ഉറപ്പിച്ചു. കേരളത്തിലെ സ്കൂളുകളില്‍ ഇപ്പോഴും ഇത് പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല എന്ന വസ്തുത ഒരു ഭാഷാസമൂഹം എന്ന നിലയില്‍ നമുക്ക് അപമാനകരമാണ്. സംസ്ഥാന സര്‍ക്കാര്‍ സമീപകാലത്തു പാസാക്കിയ നിയമവും ഉത്തരവുകളുമാണ് ഉദ്യോഗസ്ഥതലത്തിലുള്ള തുടര്‍നടപടികളുടെ അഭാവത്താല്‍ പൂര്‍ണ്ണമായി നടപ്പാകാതെയിരിക്കുന്നത്. കേരളത്തിലെ ഓറിയന്റല്‍ സ്കൂളുകളിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റു ബോര്‍‍ഡുകള്‍ എന്നിവിടങ്ങളിലും ഉത്തരവു പ്രകാരം മലയാള പഠനം നിര്‍ബന്ധമാണ്. പലതരം തുടര്‍ ഉത്തരവുകള്‍ ഉണ്ടായെങ്കിലും ഇതൊന്നും പാലിക്കപ്പെടുകയോ പരിശോധിക്കപ്പെടുകയോ ചെയ്യുന്നില്ല.

ഈ ഘട്ടത്തിലാണ് 2018 ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവുപ്രകാരം (സ.ഉ.(കൈ)നം.67/2018/പൊവിവ തീയതി 22/05/2018) പ്രൈമറി നിയമനത്തിന് സ്കൂള്‍ തലത്തില്‍ മലയാളം പഠിച്ചിരിക്കണമെന്ന നിബന്ധന എടുത്തുകളയുന്നത്. അതായത് ഒന്നാം ഭാഷാ ഉത്തരവും നിയമവും പാലിച്ചാല്‍ കേരളത്തില്‍ സ്കൂള്‍ തലത്തില്‍ മലയാളം പഠിക്കാത്ത ഒരൊറ്റയാളും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അതു നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നു മാത്രമല്ല, അക്കാര്യത്തെ അട്ടിമറിക്കാന്‍ നിലവിലുള്ള പ്രൈമറി അധ്യാപക യോഗ്യതകളില്‍ മാറ്റം വരുത്തി മലയാളപഠനനിയമത്തിന്റെയും ഒന്നാം ഭാഷാ ഉത്തരവിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങളെയൊന്നാകെ അപ്രസക്തമാക്കുകയും ചെയ്തിരിക്കുന്നു. സ്കൂളില്‍ ഒരു തലത്തിലും മലയാളം പഠിക്കാത്തവര്‍ക്ക് നമ്മുടെ എല്‍.പി,യു.പി സ്കൂളുകളില്‍ മലയാളത്തില്‍ പഠിപ്പിക്കാനും മലയാളം പഠിപ്പിക്കാനും നിയമനം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ചുരുക്കം. ഇങ്ങനെ പലരും ജോലിയില്‍ പ്രവേശിക്കുകയും തങ്ങള്‍ക്ക് മലയാളം പഠിപ്പിക്കാനാവില്ല എന്നു പറയുകയും കോടതിവ്യവഹാരങ്ങളിലേക്കു വരെ ഇക്കാര്യം എത്തുകയും ചെയ്തിട്ടുണ്ട്. മലയാളം മാധ്യമ പ്രൈമറി അധ്യാപകര്‍ എന്നതാണ് ഇവരുടെ തസ്തിക എന്നതും ഓര്‍ക്കണം.”
ഇത്രയും പശ്ചാത്തലവിവരങ്ങള്‍ വെച്ച് ഈ അവസ്ഥയെ നോക്കിക്കാണുമ്പോള്‍ മുന്‍പു സൂചിപ്പിച്ച ദുരന്താവസ്ഥയുടെ ആഴം വ്യക്തമാവും. സാമൂഹികമായ ജാഗ്രതകളൊന്നും പുലര്‍ത്താതെ, കേരളത്തിന്റെ അടിപ്പടരുകളില്‍ നിന്ന് വേറിട്ട ഒരു വിതാനത്തിലാണ് തങ്ങളുടെ ഓഫീസും അധികാര കസേരകളുമിരിക്കുന്നത് എന്ന മിഥ്യാബോധത്താല്‍ അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക് ഫയല്‍ നാടകള്‍ കൊരുത്ത് മലയാളത്തെ നിര്‍ജ്ജീവമാക്കാന്‍ യത്നിക്കുന്ന ചില തരം ഉദ്യോഗസ്ഥവൃന്ദങ്ങളാണ് ഇവിടെ പ്രതിസ്ഥാനത്ത്. ഇതോടൊപ്പം മലയാളം നേരിടുന്ന അടിസ്ഥാനപരമായ ഇത്തരം പ്രശ്നങ്ങളിന്മേലുള്ള പ്രതികരണങ്ങളെയെല്ലാം ഭാഷാമൌലികവാദം എന്ന ഒറ്റയച്ചില്‍ രേഖപ്പെടുത്താനുള്ള വ്യഗ്രതയെയും ഈ സന്ദര്‍ഭത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. മലയാളത്തിന്റെ ചരിത്രത്തില്‍ സൂക്ഷ്മമായ ഭാഷാസമരങ്ങള്‍ ആരംഭിച്ചത് ഇന്നോ ഇന്നലെയോ അല്ല. നവോത്ഥാനത്തിന്റെയും വിവിധ തരം സാമൂഹ്യ പരിഷ്കരണശ്രമങ്ങളുടെയും പശ്ചാത്തലമായി ഭാഷയെ നിരന്തരം ജനാധിപത്യപരമായി പുതുക്കിയെടുക്കാനുള്ള ശ്രമങ്ങള്‍‍ സജീവമായിരുന്നു എന്ന തിരിച്ചറിവുകൂടിയാണ് പുതിയ ഭാഷാപഠനങ്ങളുടെ അടിസ്ഥാനം. കേവല ഭാഷാപണ്ഡിതര്‍ മാത്രമായി നാം ചുമരില്‍ തൂക്കിയ പലരും ‘നാട്ടുഭാഷ’ എന്ന നിലയിലുള്ള മലയാളത്തിന്റെ സ്വാധികാരത്തിനും വിജ്ഞാനപദവിക്കും വേണ്ടി സൂക്ഷ്മമായി ഇടപെട്ടവരാണെന്ന തിരിച്ചറിവും ഇന്നു നമുക്കുണ്ട്. ഈ സൂക്ഷ്മ സമരത്തിന്റെ ഗുണഫലങ്ങളാണ് ഇന്നത്തെ നിലയിലുള്ള മലയാളത്തെ രൂപപ്പെടുത്തിയത് എന്ന് തിരിച്ചറിഞ്ഞാല്‍, എത്രയെല്ലാം പരിമിതികള്‍ ചൂണ്ടിക്കാണിക്കാനുണ്ടായാലും നിരന്തരമായ ഇടപെടലുകള്‍ കൊണ്ട് പുതുക്കിയെടുക്കാവുന്ന ഒരു മണ്ഡലമാണ് ഭാഷയുടേതെന്ന അറിവുറച്ചാല്‍, സമകാലികമായ ഇത്തരം സമരങ്ങളുടെയും സങ്കല്പനപരമായ അടിത്തറ ഇത്തരത്തില്‍ ചരിത്രപരമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
മലയാളത്തെ പടിപടിയായി വിദ്യാഭ്യാസത്തില്‍ നിന്നു വകഞ്ഞുമാറ്റാനായി രൂപപ്പെടുത്തിയ ഉത്തരവുകള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് ഇപ്പോഴത്തെ വിഷയം. ഇത്, ഭാഷാസമൂഹം എന്ന നിലയില്‍ രൂപപ്പെടുത്തിയ, ആധുനിക മതേതര സമൂഹ സങ്കല്പത്തിന്റെ അടിത്തറ കേരളത്തില്‍ തകരാതിരിക്കാനുള്ളതാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

1 COMMENT

  1. നിസ്തുൽരാജ് വളെര കൃത്യമായി കാര്യം പറഞ്ഞു. കേരളവും കേരള സർക്കാരും കേരളീയരും ലജ്ജിക്കേണ്ട വിഷയമാണിത്. പല്ലും ചൊല്ലുമുറയ്ക്കാത്ത , പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എത്ര നിരുത്തരവാദപരമായാണ് നാം െ െക യാ ളുന്നത്?

LEAVE A REPLY

Please enter your comment!
Please enter your name here