കണ്ണൂർ : സാംസ്ക്കാരിക പൈതൃകം നെഞ്ചേറ്റുന്ന നാടാണ് മലബാർ. സംസ്ക്കാരത്തിന്റെ ഉണർവിനും ഉയിർപ്പിനുമൊപ്പം ഇന്നലകളിലെ നല്ല നാളുകൾ കാത്തുസൂക്ഷിക്കുന്ന മണ്ണ്. ജനാധിപത്യ ജാഗ്രതയോടൊപ്പം ഇവയൊക്കെയും കാത്തുസൂക്ഷിക്കുകയാണ് മലബാർ സാംസ്ക്കാരിക പൈതൃകോത്സവത്തിന്റെ ലക്ഷ്യം.
ലോകത്തെ വിഴുങ്ങുന്ന അസഹിഷ്ണുതയിൽ മാനവികതയുടെ വെളിച്ചം കാത്തുവയ്ക്കേണ്ടത് ഓരോ ജനതയുടെയും ഉത്തരവാദിത്വമാണ്. പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പിന്‍റെ നേതൃത്വത്തിൽ ഭാരത് ഭവന്റെയും, കേരള ഫോക്‌ലോർ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പൈതൃകോത്സവത്തിന്റെ ലക്ഷ്യവും ഇത് തന്നെ.
മാർച്ച് 24 മുതൽ 26 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 24 ന് വൈകിട്ട് 6 മണിക്ക് കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷണന്‍ നിർവ്വഹിക്കും. പുരാവസ്തു പ്രദർശന ഉദ്‌ഘാടനം ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവ്വഹിക്കും. കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംപി മാർ, എംഎൽഎ മാർ, മറ്റു ജനപ്രതിനിധികൾ, സാംസ്ക്കാരിക പ്രവർത്തകര്‍ എന്നിവര്‍ പങ്കെടുക്കും.