ജീവന്‍ തുടിക്കുന്ന ശില്‍പങ്ങള്‍ ബാക്കിയാക്കി മഹേഷ്‌ മടങ്ങി

0
745

തലശ്ശേരി: ജീവന്‍ തുടിക്കുന്ന ആ ശില്‍പങ്ങള്‍ ഇവിടെയെന്നുമുണ്ടാവും. ശില്‍പിക്ക് ജീവന്‍ ഇല്ലെങ്കിലും. യുവ ശില്‍പി മഹേഷ്‌ കുഞ്ഞിമംഗലം പക്ഷെ, ഇനി ശില്‍പങ്ങള്‍ക്ക് മുന്നില്‍ ഇരുന്ന് കൊത്തുപണികള്‍ ചെയ്യില്ല. എങ്കിലും, ജീവിക്കുമെന്നും കലാ ആസ്വാദകാരുടെ ഹൃദയങ്ങളില്‍.

ചൊക്ലി നിടുബ്രം മുച്ചിലോട്ട് കാവ്‌ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ ലോറിയിലെ ജനറേറ്ററില്‍ നിന്ന് ഷോക്കേറ്റ് പ്രമുഖ ക്ഷേത്രശില്‍പി മഹേഷ്‌ കുഞ്ഞിമംഗലം അന്തരിച്ചു. മഹേഷിന്റെ ക്ഷേത്ര ശില്‍പങ്ങള്‍, ദശാവതാര ശില്‍പങ്ങള്‍, ക്ഷേത്രകവാടങ്ങള്‍, ഭണ്ടാരങ്ങള്‍ തുടങ്ങിയവ ഏറെ പ്രസിദ്ധമാണ്. അദ്ദേഹം പഠിച്ച കുഞ്ഞിമംഗലം യു.പി സ്കൂളില്‍ നിര്‍മിച്ച രവീന്ദ്രനാഥ്‌ ടാഗോറിന്റെ പ്രതിമ, സി.ഐ.ടിയു അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച കരിവള്ളൂര്‍ സമര ചരിത്രം തുടങ്ങിയവ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഉത്സവത്തിന്റെ ഘോഷയാത്രയില്‍ മഹേഷ്‌ തയ്യാറാക്കിയ നിശ്ചല ദൃശ്യം അവതരിപ്പിക്കുകയായിരുന്നു. ലോറിയില്‍ ആയിരുന്നു ദൃശ്യം അവതരിപ്പിച്ചത്. അതിനിടെയാണ് ലോറിയില്‍ നിന്നുള്ള ജനറേറ്ററില്‍ നിന്ന് ഷോക്ക് അടിച്ചത്. ഉടന്‍ തന്നെ പള്ളൂര്‍ ഗവ: ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശികളായ ജനാര്‍ദനന്റെയും ശാന്തയുടെയും മകനാണ്. 34 വയസ്സായിരുന്നു. ഭാര്യ: രജിന. മകള്‍: അമേഘ. സഹോദരങ്ങള്‍: യുഗേഷ്,ഗഗേഷ്

“…ഇനിയൊരു ശില്പവും ഈ കരവിരുതിൽ വിരിയുകയില്ല. വിരിഞ്ഞതെല്ലാം തേൻ കിനിയിയുന്നവ. മഹേഷ് (ശില്പി) കണ്ണീരോടെ വിട…..”

മഹേഷിന്റെ സുഹൃത്ത്  കല്ലുവാതുക്കൽ ആർ അശോകൻ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍.

മഹേഷിന്റെ ഫേസ്ബുക്ക് വാളില്‍ ( https://www.facebook.com/mahesh.kunchimangalam ) നിരവധി പേരാണ് സങ്കടം പങ്കുവെക്കാന്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here