നിധിന്‍ വി.എന്‍.
ജീവിതം മുഴുവന്‍ പോരാട്ടമാക്കിയ എഴുത്തുകാരിയാണ് മഹാശ്വേതാ ദേവി. സാഹിത്യപ്രവര്‍ത്തനവും, സാമൂഹ്യപ്രവര്‍ത്തനവും ഒന്ന് തന്നെയാണ് എന്ന് അവര്‍ തെളിയിച്ചു. ദന്തഗോപുരങ്ങളിലിരുന്ന് ആദിവാസികള്‍ക്കുവേണ്ടി കണ്ണീരൊഴുക്കുകയായിരുന്നില്ല അവര്‍, മറിച്ച് അവരിലൊരാളായി അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച് അവകാശ ബോധമുള്ള മനുഷ്യരാക്കി മാറ്റുകയായിരുന്നു.
1926-ൽ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ സാഹിത്യ പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച മഹാശ്വേതാ ദേവി, രാജാറാം മോഹന്‍ റോയുടെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ അനാചാരത്തിനെതിരെയും ആധുനിക വിദ്യാഭ്യാസത്തിനനുകൂലമായും പോരാടിയ ദമ്പതിമാരുടെ ചെറുമകള്‍ കൂടിയായിരുന്നു. ജുബൻശ്വ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട പ്രശസ്ത കവിയും നോവലിസ്റ്റുമായിരുന്ന മനിഷ് ഘടക് ആണ് പിതാവ്. ചേരിയിലുള്ളവരുടെ ജീവിതങ്ങളെ കുറിച്ചെഴുതിയ സാഹിത്യകാരന്‍ കൂടിയായ അച്ഛന്‍ അവരെ സ്വാധീനിച്ചിരുന്നു. അമ്മ, ധരിത്രി ഘടക്ക് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും ആയിരുന്നു.
ഇന്ത്യ-പാക് വിഭജനത്തെ തുടർന്ന്‍ പശ്ചിമബംഗാളിലേക്ക് കുടിയേറുകയും, ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കുകയും ചെയ്ത മഹാശ്വേതാ ദേവി, കൊല്‍ക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. അധ്യാപികയായും, പത്രപ്രവര്‍ത്തകയായും പോരാട്ടം തുടര്‍ന്നു. ദേവിയുടെ പ്രശസ്തമായ കൃതികളിൽ പലതും പശ്ചിമബംഗാളിലെ ആദിവാസികൾ, സ്ത്രീകൾ, ദളിതർ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കിയുള്ളവയാണ്. ഭാഷയെ ആയുധമാക്കിയ എഴുത്തുകാരിയായിരുന്നു മഹാശ്വേതാ ദേവി. ഹസാര്‍ ചുരാഷിര്‍ മാ, ആരണ്യേര്‍ അധികാര്‍, അഗ്നിഗര്‍ഭ, മൂര്‍ത്തി തുടങ്ങിയവയാണ് അവരുടെ പ്രധാനകൃതികള്‍. പാവങ്ങള്‍ക്ക് നേരെ തിരിയുന്ന അനീതിയുടെ ശിഖരങ്ങള്‍ അറുത്തു മാറ്റാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന മഹാശ്വേതാ ദേവി 2016 ജൂലൈ 28-ന് അന്തരിച്ചു.
1979-ല്‍ ‘ആരണ്യേര്‍ അധികാര്‍’ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അവാര്‍ഡ്, 1986-ല്‍ പത്മശ്രീ, 1996-ല്‍ ജ്ഞാനപീഠം, 1997-ല്‍ മാഗ്സാസേ അവാര്‍ഡ്, 2006-ല്‍ പത്മവിഭൂഷന്‍ എന്നിവ മഹാശ്വേതാ ദേവിയെ തേടിയെത്തി.
[…] കൊംകാലി ( 1940-2015 ) സുനിതി സോളമൻ (1940 -2015) മഹാശ്വേതാ ദേവി (1926 -2016 ) ജോഹാൻ ബാക്സ് (1685 -1750) ആൾവാർ […]