മധു മടപ്പള്ളിയെ അനുസ്മരിച്ചു സ്നേഹിതർ

0
752

ഇന്നലെ അന്തരിച്ച കലാകാരൻ മധു മടപ്പള്ളിയെ സ്നേഹിതർ അനുസ്മരിക്കുന്നു

ടി.കെ. ഉമ്മർ

ചിത്രകലാധ്യാപകർ എന്നു പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്ന പേര് നിന്റെതാണ്. മധു എന്ന മധു മടപ്പള്ളിയുടേത്. സ്റ്റോറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഉച്ചക്കഞ്ഞിയുടെ കണക്കു സൂക്ഷിക്കാനോ മാത്രം സ്കൂളിൽ നിയമിക്കപ്പെട്ടവനല്ല താൻ എന്ന പൂർണ ബോധ്യമുണ്ടായിരുന്നു നിനക്ക്. വരയ്ക്കാൻ അഭിരുചിയുണ്ടായിരുന്നവരെ നീ കണ്ടെത്തി. മറ്റുള്ളവർക്ക് ചിത്രകല എങ്ങിനെ ആസ്വദിക്കണം എന്നു പരിശീലിപ്പിച്ചു. കൊല്ലപ്പരീക്ഷയ്ക്കു തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ സയൻസ് അധ്യാപകൻ ഡ്രോയിത്തിന്റെ പീരിയഡ് തനിക്കു വേണമെന്നു പറഞ്ഞപ്പോൾ മാഷേ, ചിത്രകലയും സയൻസുപോലെ പ്രധാനപ്പെട്ടതാണെന്ന് നീ ഉറപ്പിച്ചു പറഞ്ഞു. ഇതൊരു ഗൗരവമുള്ള വിഷയമാണെന്ന് കുട്ടികളും തിരിച്ചറിഞ്ഞു. പുണിഞ്ചിത്തായയെയും മറ്റനേകം ചിത്രകാരന്മാരെയും വരുത്തി സ്കൂളിൽ ചിത്രരചനാ ക്യാമ്പ് ആഘോഷമായി നടത്തി. സ്കൂളിന്റെ അച്ചടക്കം പൊളിച്ച് കുട്ടികൾ രണ്ടു ദിനം നിറങ്ങളുടെ ലോകത്ത് തിമിർത്തു. നമ്മൾ ചിന്തകളും വികാരങ്ങളും സ്വപ്നങ്ങളും സന്തോഷങ്ങളും പങ്കിട്ടു. ഇണക്കത്തോടൊപ്പം ചിലപ്പോൾ പിണങ്ങി. ചില രാത്രികളിൽ സൗഹൃദം ആഘോഷമാക്കി. സ്ഥലം മാറ്റം നമ്മെ രണ്ടു വഴിക്കയച്ചു. കൂടിക്കാഴ്ചകൾ അപൂർവ്വമായി. എപ്പോൾ കാണുമ്പോഴും ഉമ്മർർർർർ എന്ന് ർ ന് ബലം കൊടുത്തു നീ വിളിച്ചു. നിന്റെ മരവിച്ച ശരീരത്തിനരികിൽ ഇന്നു വൈകുന്നേരം ഞാൻ നിന്നു. നിന്റെ മുഖത്ത് ആളെ സുയിപ്പാക്കുന്ന അതേ പുഞ്ചിരി. അത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. അതേ പുഞ്ചിരിയോടെ നീ ചിതയിലേക്കെടുക്കപ്പെട്ടു. നിന്റെ ആഗ്രഹത്തിനനുസരിച്ച് നിന്റെ പെൺകുട്ടികൾ നിന്റെ ചിതയ്ക്ക് തീ കൊളുത്തി. സൗഹൃദങ്ങളുടെ ചില കണ്ണികൾ അറ്റു പോവുകയാണ്. സുഹൃത്തേ വിട….

വി ടി മുരളി

മധുവിനെ കുട്ടിക്കാലം മുതലറിയാം.ചിത്രകലയിലും അഭിനയത്തിലും നേരത്തെ തന്നെ മിടുക്കനായിരുന്നു.. പി.എം.താജിന്റെ ഉത്രംതിരുനാളിന്റെ കൽപനപോലെ എന്ന നാടകത്തിൽ പ്രധാന വേഷം ചെയ്തത്‌ മധുവായിരുന്നു.
ആ നാടകം സ്റ്റേറ്റ്‌ നാടക മൽസരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞങ്ങൾക്കെല്ലാം വലിയ പ്രതീക്ഷയുണ്ടായിരുന്നു.മധുവിനു നല്ല നടനുള്ള അവാർഡ്‌ കിട്ടുമെന്നു തന്നെ നാടകം കണ്ടവരെല്ലാം പ്രതീക്ഷിച്ചു..മധുവിനെന്നല്ല നാടകത്തിനും ഒരംഗീകാരവും ലഭിച്ചില്ല..മധുവിന്റെയും ഞങ്ങളുടേയും നിർഭാഗ്യം എന്നേ പറയാൻ കഴിയൂ.
രണ്ടു തവണ നാടക ജൂറിയിൽ ഞാൻ അംഗമായിട്ടുണ്ട്‌..ഉത്രം തിരുനാൾ പോലെ ഒരു പ്രമേയം ഞാൻ കണ്ട 20 നാടകങ്ങൾക്കുമില്ലായിരുന്നു….

മധുവിനെക്കുറിച്ചോർക്കാൻ ഒരുപാടുണ്ട്‌…..

എന്റെ അനുജനാണവൻ..
ആദരാഞ്ജലികൾ

LEAVE A REPLY

Please enter your comment!
Please enter your name here