സിനിമാഗാനരചനയിലെ സൗന്ദര്യം അതിലെ സ്വാതന്ത്ര്യമില്ലായ്മയാണ് – ബിജിപാൽ

0
817
bijipal
bijipal
bijipal

പല്ലന: എഴുത്തിന് സ്വാതന്ത്ര്യമില്ലെന്നതാണ് സിനിമാപ്പാട്ടുകളുടെ സൗന്ദര്യമെന്ന് സംഗീതസംവിധായകൻ ബിജിപാൽ പറഞ്ഞു. പല്ലന കുമാരകോടിയിൽ ചലച്ചിത്രഗാനരചനാശിൽപശാലയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകൻ, കഥ, സന്ദർഭം തുടങ്ങി കെട്ടുപാടുകൾക്കിടയിൽ നിന്നാണ് ചലച്ചിത്രഗാനങ്ങൾ പിറക്കുന്നത്. കവിതകളിൽ സർഗാത്മകതയ്ക്ക് ഇടമുണ്ട്. കവിയെ ആരും തടയില്ല തടയാൻ കഴിയുകയുമില്ല. എന്തെഴുതണം എങ്ങനെ വേണമെന്നതെല്ലാം കവിയുടെ സ്വാതന്ത്ര്യമാണ്. സിനിമയിൽ അതിന് കഴിയില്ല. കഥയോട് നീതി പുലർത്തിയെ സിനിമയിലെ പാട്ടിന് നിലനിൽപുള്ളൂ. 

പാട്ട് കഥക്കൊപ്പം നിൽക്കുന്നതാവണം.  കഥ പറച്ചിലിൻറെ താളത്തിലേ പാട്ടു പാടുള്ളൂ. അവിടെ പാട്ടെഴുത്തുകാരനു മാത്രമായി സ്വാതന്ത്ര്യമുണ്ടാവില്ല. ഈ സ്വാതന്ത്ര്യമില്ലായ്മയിൽ നിന്നാണ് ലോകം കൊണ്ടാടുന്ന പാട്ടുകൾ ഉണ്ടാവുന്നത്. പ്രണയസങ്കൽപങ്ങളും വിരഹവും മാതൃത്വവും മഴയും പുഴയും തുടങ്ങി സിനിമാപ്പാട്ടുകളിൽ ഇടം നേടാത്തതൊന്നുമില്ലെന്നു പറയാം.

ഈണമിട്ട് പാട്ടെഴുതണമെന്ന് നിർബന്ധമില്ല. പാട്ടെഴുതി ഈണമിട്ടാലും മതി. പക്ഷേ പാട്ടു പിറന്നശേഷം ആദ്യമുണ്ടായത് വരികളാണോ ഈണമാണോ എന്നൊന്നും ചിന്തിക്കേണ്ടതില്ല. ഈണവും വരികളും ചേർന്നുള്ള പാട്ടിനെപ്പറ്റിയാവണം തുടർന്നുള്ള ചർച്ച. 

ചലച്ചിത്രഗാനരചനാശിൽപശാലയിൽ 56 പേരാണ് പങ്കെടുത്തത്. ബിജിപാൽ നേരത്തെ നൽകിയ ഈണത്തിനനുസരിച്ച്  പാട്ടെഴുതാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ നിന്നും മൂന്നു പേരുടെ പാട്ടുകൾ തെരഞ്ഞെടുത്തു.

കായംകുളം എം.എസ്.എം കോളേജ് വിദ്യാർത്ഥി സന്ദീപ് സുധയാണ് ഒന്നാമനായത്. കോഴിക്കോട് വെങ്ങളം സ്വദേശി സൂര്യസുകൃതം രണ്ടാം സ്ഥാനവും, കോഴിക്കോട് കക്കട്ടിൽ സ്വദേശി ഇ.പി. രാജീവൻ മൂന്നാം സ്ഥാനവും നേടി. ഇവരെ മാക്ടയുടെ പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

സന്ദീപ് സുധയുടെ ഗാനം  ബിജിപാലിൻറെ സംഗീതത്തിൽ ദേവാനന്ദ് ദിവ്യ എസ് മേനോൻ എന്നിവർ ചേർന്ന് പാടി.

സമാപനസമ്മേളനത്തിൽ സംവിധായകൻ സുന്ദർദാസ് അദ്ധ്യക്ഷനായി കുമാരനാശാൻ സ്മാരകസമിതി ചെയർമാൻ രാജീവ് ആലുങ്കൽ, സെക്രട്ടറി പ്രൊ. കെ.ഖാൻ, ദേവദാസ് ചിങ്ങോലി, സന്തോഷ് വർമ്മ, മാക്ട സെക്രട്ടറി ഷാജൂൺ കാര്യാൽ, ഷാജി പാണ്ഡവത്ത്, രാമപുരം ചന്ദ്രബാബു തുടങ്ങിയവർ പ്രസംഗിച്ചു. മലയാളം സിനി ടെക്നിഷ്യൻസ് അസോസിയേഷൻ (മാക്ട), പല്ലന കുമാരനാശാൻ സ്മാരകസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here